എപ്പോഴാണ് നമ്മുടെ ശ്വാസം വായുവായി മാറുന്നത്? ചോദ്യം നിസാരമായി തോന്നാം.
അമേരിക്കയിലെ പ്രശസ്തമായ സ്റ്റാന്‍ഫഡ് യൂണിവേഴ്സിറ്റിയില്‍ 36-ാം വയസ്സില്‍ ന്യൂറോ സര്‍ജറിയിലും മസ്തിഷ്ക ഗവേഷണത്തിലും ദേശീയ പുരസ്കാരം നേടിയ യുവഡോക്ടര്‍ പോള്‍ കലാനിധി, മാരകമായ ശ്വാസകോശ ക്യാന്‍സര്‍ മൂലം മരിക്കുന്നതിന് തൊട്ടുമുമ്പ് എഴുതിയ പുസ്തകത്തിന്‍റെ ശീര്‍ഷകമാണ് “ശ്വാസം വായുവായി തീരുമ്പോള്‍” (ണവലി ആൃലമവേ ആലരീാലെ അശൃ). പതിനാറാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ ജീവിച്ചിരുന്ന കവി ബ്രൂക്ക് ഗ്രെവിലിന്‍റെ കവിതയില്‍ നിന്നാണ് കലാനിധി ഉദ്ധരിച്ചിരിക്കുന്നത്.
മൃത്യുവിന്‍റെ ആഴങ്ങളിലേക്ക് ദൃതഗതിയില്‍ മുങ്ങിക്കൊണ്ടിരുന്ന തന്‍റെ ദുര്‍ബലമായ ജീവന്‍റെ നേരിയ തുമ്പില്‍ പിടിച്ചുകിടന്നുകൊണ്ടാണ് ഡോ. കലാനിധി തന്‍റെ മര്‍ത്യതയെക്കുറിച്ച് മനനം ചെയ്യുന്നത്.
അമേരിക്കയില്‍ ഡോക്ടര്‍മാരായ തമിഴ് ദമ്പതിമാര്‍ക്ക് ജനിച്ച പോള്‍, സ്റ്റാന്‍ഫഡില്‍ ഇംഗ്ലീഷ് സാഹിത്യവും ബയോളജിയും പഠിച്ച് ഉന്നത ബിരുദവും നേടി. പിന്നെ ഇംഗ്ലണ്ടിലെ കേംബ്രിഡ്ജില്‍ ഫിലോസഫിയും, വൈദ്യശാസ്ത്ര ചരിത്രവും പഠിച്ചു. അതിനുശേഷം യേല്‍ യൂണിവേഴ്സിറ്റിയില്‍ മെഡിസിനും അതിനുശേഷം സ്റ്റാന്‍ഫഡില്‍ ഏഴു വര്‍ഷത്തെ ന്യൂറോ സര്‍ജറി പരിശീലനവും നടത്തി. പരിശീലനം തീരുന്നതിന് മുമ്പുതന്നെ ദേശീയ പുരസ്കാരം നേടിയ കലാനിധിക്ക് അമേരിക്കയിലെ സ്റ്റാന്‍ഫഡ് ഉള്‍പ്പെടെയുള്ള യൂണിവേഴ്സിറ്റികളില്‍ നിന്നും ഉന്നത ഗവേഷണകേന്ദ്രങ്ങളില്‍ നിന്നും കനത്ത ശമ്പളത്തോടെ ജോലിക്ക് ക്ഷണം ലഭിച്ചു തുടങ്ങി. സാഹിത്യത്തിലും ഫിലോസഫിയിലും അതുപോലെതന്നെ വൈദ്യശാസ്ത്രത്തിലും ആഴമായ താല്പര്യമുണ്ടായിരുന്ന പോള്‍ തന്‍റെ ശോഭനമായ ഭാവി ആസൂത്രണം ചെയ്തു തുടങ്ങി. അടുത്ത 20 വര്‍ഷങ്ങള്‍ ന്യൂറോ സര്‍ജറിയും മസ്തിഷ്ക ഗവേഷണവും പിന്നെ ഒരു 20 വര്‍ഷങ്ങള്‍ എഴുത്തും യാത്രയും.
അതിനോടകം മെഡിക്കല്‍ സ്കൂളില്‍ തന്‍റെ സഹപാഠിനിയായിരുന്ന ലൂസിയുമായി വിവാഹവും നടത്തിയിരുന്നു. രണ്ടു പേര്‍ക്കും റസിഡന്‍സി പരിശീലനത്തിന്‍റെ അതിക്ലേശകരമായ ചുമതലകളും രാപകലില്ലാത്ത ആശുപത്രി ഡ്യൂട്ടിയും തുടര്‍പഠനങ്ങളും. മസ്തിഷ്ക ശസ്ത്രക്രിയയോടും ഗവേഷണത്തോടുമുള്ള പോളിന്‍റെ സമ്പൂര്‍ണ്ണ സമര്‍പ്പണം ഇവരുടെ വിവാഹജീവിതത്തില്‍ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തി തുടങ്ങി. ഡോക്ടറായി ഉപരിപരിശീലനം നേടുകയായിരുന്നെങ്കിലും സ്വസ്ഥമായ കുടുംബജീവിതം കൂടി സ്വപ്നം കണ്ടിരുന്ന അമേരിക്കന്‍ യുവതി ലൂസി തന്‍റെ ഇച്ഛാഭംഗം സൂചിപ്പിക്കാനും തുടങ്ങി. പോളിനെ അയാളുടെ പണിക്ക് വിട്ട് വേറിട്ടു പോയാലോ എന്നുവരെ ഉറക്കെ ചിന്തിച്ചു തുടങ്ങി. രണ്ടുപേരും റസിഡന്‍സിയുടെ അന്ത്യദിനങ്ങളിലാണ്. അപ്പോഴാണ് മാസങ്ങളായി തനിക്ക് അനുഭവപ്പെട്ടിരുന്ന നടുവേദനയ്ക്കും ചുമയ്ക്കും ശരീരത്തിന്‍റെ ഭാരം കുറയലിനും കാരണം തേടി പോള്‍ സി.റ്റി. സ്കാനിന് വിധേയപ്പെടുന്നത്. സ്കാന്‍ ചിത്രം കണ്ട ഡോക്ടര്‍മാരായ പോളും ലൂസിയും കനത്ത നിശബ്ദതയില്‍ മരവിച്ചിരുന്നു. പോളിന്‍റെ ശ്വാസകോശങ്ങള്‍ നിറയെ ക്യാന്‍സര്‍ കുരുക്കള്‍. തന്‍റെ പ്രതിഭയുടെയും പ്രതിബദ്ധതയുടെയും മസ്തിഷ്ക ശസ്ത്രക്രിയ വൈവിധ്യത്തിന്‍റെയും വെളുത്ത കോട്ടിട്ട് ജ്വലിച്ചുനിന്ന യുവ ഡോക്ടര്‍ രോഗിയുടെ പൈജാമയിട്ട് ആശുപത്രി കിടക്കയിലായി.
തനിക്ക് മുമ്പില്‍ നിരവധി വഴികള്‍ തുറന്നുകിട്ടിയ അസാമാന്യ പ്രതിഭയായിരുന്ന പോള്‍ കലാനിധി എന്തിനാണ് അതിക്ലേശകരമായ ന്യൂറോസര്‍ജറി തന്നെ തിരഞ്ഞെടുത്തത് എന്ന ചോദ്യത്തിന്, താനൊരു മഹാസമസ്യക്ക് ഉത്തരം തേടുകയായിരുന്നു എന്നാണ് അദ്ദേഹത്തിന്‍റെ ഉത്തരം. വൈദ്യശാസ്ത്ര പരിശീലനം ഏറ്റെടുത്തതിന്‍റെ ലക്ഷ്യം “മൃത്യുവിനെ പിന്തുടര്‍ന്ന് പിടിച്ച്, അതിന്‍റെ മുഖംമൂടി വലിച്ചുകീറി, കണ്ണിമയ്ക്കാതെ നിന്ന് അതിനെ കണ്ണില്‍ കണ്ണില്‍ നോക്കാനാണ്. … തലച്ചോറിന്‍റെയും ബോധത്തിന്‍റെയും ഇഴകള്‍ തമ്മില്‍ കൂട്ടിപ്പിരിച്ചിരിക്കുന്നതുപോലെ തന്നെ അവിടെ മരണത്തിന്‍റെയും ജീവന്‍റെയും ഇഴകളും തമ്മില്‍ ചേര്‍ത്തു മെടഞ്ഞിരിക്കുന്നതുകൊണ്ടാണ് മസ്തിഷ്ക ശസ്ത്രക്രിയ എന്നെ ആകര്‍ഷിച്ചത്.” ഇവ രണ്ടിലും ഇടയില്‍ ജീവിതം നയിക്കാന്‍ തീരുമാനമെടുത്തത് സഹജീവികളോടുള്ള സഹാനുഭൂതികൊണ്ട് മാത്രമല്ല തന്‍റെ തന്നെ ജീവന്‍റെയും അസ്തിത്വത്തിന്‍റെയും രഹസ്യങ്ങളിലേയ്ക്ക് ഉള്‍ക്കാഴ്ച കിട്ടിയേക്കും എന്ന ചിന്തകൊണ്ടു കൂടിയാണ്. തന്‍റെ മെഡിക്കല്‍ ജോലിയില്‍ ജീവനും മരണവും തമ്മിലുള്ള സമരത്തിന് നിരന്തരം സാക്ഷിയാവുന്നത് തന്‍റെ സ്വന്തം വേദനാപൂര്‍വ്വമായ അര്‍ത്ഥാന്വേഷണത്തെ ഊതിതെളിച്ചുകൊണ്ടിരുന്നു.
തലച്ചോറില്‍ ഗുരുതരമായ ക്ഷതമേറ്റ നൂറുകണക്കിന് കേസുകള്‍ വിദഗ്ദ്ധമായി കൈകാര്യം ചെയ്തപ്പോള്‍ മനസ്സിലായി അത്തരം നിമിഷങ്ങളുടെ തീവ്രത മൂലം ജീവനെക്കുറിച്ചും മരണത്തെക്കുറിച്ചുമുള്ള അന്വേഷണത്തില്‍ താന്‍ അന്ധനായി തീരുന്നു. നക്ഷത്രവിജ്ഞാനീയം പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സൂര്യന്‍ എന്ന നക്ഷത്രത്തെ നേരിട്ടു നോക്കിയാല്‍ എന്താണ് ഉണ്ടാവുക, അതേ അനുഭവമാണ് കലാനിധിക്കും ഉണ്ടായത്. താന്‍ പ്രതീക്ഷിച്ച അതീന്ദ്രിയമായ ഉള്‍ക്കാഴ്ചയ്ക്ക് പകരം അവയുടെ ചിരപരിചിതത്വത്തില്‍ ഇണങ്ങി പോകുവാന്‍ മാത്രമേ കഴിഞ്ഞുള്ളു. രക്തത്തിന്‍റെ കുളത്തില്‍ വീണാലും നീന്തികയറാനാണല്ലോ നമ്മുടെ സഹജവാസന.
ശരീരത്തിലെ മറ്റേതെങ്കിലും ഭാഗത്തു നടത്തുന്ന ശസ്ത്രക്രിയകളില്‍ നിന്ന് വ്യത്യസ്തമാണ് തലച്ചോറിലേത്. അവിടെ നടത്തുന്ന ഗൗരവമായ ഇടപെടലുകള്‍ ഒരുപക്ഷേ ഒരാളിന്‍റെ ആത്മബോധത്തെ മാറ്റിയേക്കാം. താന്‍ ആരാണെന്ന് ഓരോ വ്യക്തിക്കുമുള്ള സങ്കല്‍പ്പത്തിന് ഭൗതികമായ ചില അടിസ്ഥാനങ്ങള്‍ അയാളുടെ തലച്ചോറിലെ ന്യൂറോണ്‍ കോശങ്ങളിലും അവയുടെ വിന്യസന ക്രമങ്ങളിലും പരസ്പര ബന്ധങ്ങളിലുമുണ്ട്. കോപം, സ്നേഹം, അസൂയ, കാമം, സന്തോഷം, ദയ, വാത്സല്യം, പരോപകാരം, ത്യാഗബോധം തുടങ്ങിയ എല്ലാ മാനുഷിക വികാരങ്ങള്‍ക്കും അവിടെ ഇരിപ്പിടങ്ങളുണ്ട്.
ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധത്തിന്‍റെ അതിസൂക്ഷ്മമായ അടരുകളില്‍ കലാനിധിയുടെ ശ്രദ്ധ എപ്പോഴും പതിഞ്ഞിരുന്നു. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഈ ബന്ധത്തെ മനസ്സിലാക്കാന്‍ ഒരു ഡോക്ടറെന്ന നിലയില്‍ മാത്രമേ ആദ്യകാലത്ത് തനിക്ക് കഴിയുമായിരുന്നുള്ളു. താന്‍ രോഗികളെ ചികിത്സിച്ചുകൊണ്ടിരുന്ന അതേ സ്ഥാപനത്തില്‍, അതേ മുറിയില്‍ ഒരു ക്യാന്‍സര്‍ രോഗിയായി കഴിഞ്ഞപ്പോള്‍ അതിന്‍റെ മറുവശവും മനസ്സിലായെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഈ അറിവിന്‍റെ ഉള്‍ക്കഴ്ചകള്‍ വെച്ചുകൊണ്ട് വൈദ്യശാസ്ത്ര സങ്കല്‍പ്പങ്ങളെ തിരുത്തിയെഴുതാന്‍ കലാനിധി ആഗ്രഹിച്ചു. സഹാനുഭൂതി എന്ന പഴയ വാക്ക് യഥാര്‍ത്ഥത്തില്‍ സഹാനുഭവമാണെന്ന് വ്യക്തമായി. ജമശേലിേ എന്ന ഇംഗ്ലീഷ് വാക്കിന്‍റെ അടിസ്ഥാനാര്‍ത്ഥം ‘കഠിനമായ ക്ലേശങ്ങളെ യാതൊരു പരാതിയും കൂടാതെ സഹിക്കുന്നയാള്‍’ എന്നാണ് എന്ന് കലാനിധി എടുത്തു പറയുന്നു. ഒരാള്‍ക്ക് മാരകമായ ക്യാന്‍സര്‍ ബാധിച്ചിരിക്കുന്നുവെന്നും ആറു മാസത്തെ ജീവിതമേ അയാള്‍ക്കുള്ളുവെന്നും അറിയിക്കുമ്പോള്‍, ഘനീഭവിച്ച ഒരു നിശ്ശബ്ദതയാണ് മിക്ക രോഗികളുടെയും പ്രതികരണം. അപ്പോള്‍ ആ രോഗിയുടെ കൈ തന്‍റെ കൈയില്‍ ചേര്‍ത്തു പിടിക്കുകയാണ് ആശയവിനിമയത്തിനുള്ള ഏക മാര്‍ഗ്ഗമെന്ന് കലാനിധി. ഈ നിശ്ശബ്ദനിമിഷങ്ങളിലൂടെ, സ്നേഹത്തിന്‍റെ ഊഷ്മളമായ സ്പര്‍ശസാന്ത്വനത്തിലൂടെ രോഗിയായ യുവ ഡോക്ടറും കടന്നുപോയി.
രോഗിയോടുള്ള ത്യാഗപൂര്‍ണ്ണമായ പ്രതിബദ്ധതയായിരുന്നു ഡോ. കലാനിധിയുടെ പരിശീലനകാലത്തെ ധാര്‍മ്മികതയുടെ ചരട്. സാങ്കേതികമായി താന്‍ നേടുന്ന മസ്തിഷ്ക ശാസ്ത്ര വൈദഗ്ദ്ധ്യം തന്‍റെ നേട്ടത്തിനു വേണ്ടിയല്ല, രോഗികളുടെ സൗഖ്യത്തിനും ആശ്വാസത്തിനും വേണ്ടിയാണ് എന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. അതുകൊണ്ട് വൈദ്യശാസ്ത്രത്തിലെ സാങ്കേതിക ജ്ഞാനം വര്‍ദ്ധിപ്പിക്കേണ്ടത് ഒരു ധാര്‍മ്മിക ദൗത്യമായിരുന്നു അദ്ദേഹത്തിന്.
എന്താണ് ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നത് എന്ന ചോദ്യമാണ് അദ്ദേഹം എന്നും വേദനാപൂര്‍വ്വം ചോദിച്ചിരുന്നത്. അവസാനത്തെ മാസങ്ങളില്‍ ദ്രുതഗതിയില്‍ ഈ പുസ്തകമെഴുതുമ്പോഴും ആ ചോദ്യം അതിന്‍റെ എല്ലാ തീവ്രതയോടും കൂടി വീണ്ടും വീണ്ടും അദ്ദേഹത്തിന്‍റെ മനസ്സില്‍ മുഴങ്ങിക്കൊണ്ടിരുന്നു.
തന്‍റെ നാളുകള്‍ എണ്ണപ്പെട്ടു എന്നറിഞ്ഞശേഷമാണ് തങ്ങള്‍ക്ക് ഒരു കുട്ടിയെ ഉടന്‍ വേണമെന്ന് കലാനിധിയും ഭാര്യ ലൂസിയും ആഗ്രഹിച്ചത്. റസിഡന്‍സി പരിശീലനമൊക്കെ കഴിഞ്ഞ് മതി കുട്ടി എന്നാണ് നേരത്തേ ചിന്തിച്ചിരുന്നത്. കീമോതെറാപ്പിയിലെ അതിശക്തമായ രാസൗഷധങ്ങള്‍ ബീജത്തെ ഏതെങ്കിലുംതരത്തില്‍ ബാധിച്ചേക്കുമോ എന്ന ഭയം വിദഗ്ദ്ധ ഡോക്ടര്‍മാരായിരുന്ന രണ്ടുപേര്‍ക്കും ഉണ്ടായി. അതുകൊണ്ട് ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് കൃത്രിമ ബീജസങ്കലനത്തിനായി അവര്‍ ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ പോകുന്നുണ്ട്.
ഒന്നിലേറെ ഭ്രൂണങ്ങള്‍ ഉണ്ടാകുമെന്നും കുറെ ഭ്രൂണങ്ങളെ നശിപ്പിച്ചെങ്കിലേ ഒരെണ്ണത്തിനു ജീവിക്കാനാവൂ എന്ന അറിവ് പോളിനെ വളരെ ദുഃഖിപ്പിക്കുന്നുണ്ട്. സ്വന്തം അനുഭവത്തിലും താന്‍ പഠിക്കുന്ന ജീവശാസ്ത്രത്തിലും എന്താണ് മരണത്തിന്‍റെ അര്‍ത്ഥം എന്ന ചോദ്യം കലാനിധിയെ എപ്പോഴും പിന്തുടര്‍ന്നു. മൃത്യുവിന്‍റെ ഈ ഇരട്ട സമസ്യകള്‍ക്ക് സാക്ഷ്യം വഹിക്കാനാണ് താന്‍ മെഡിസിന്‍ പഠനം തുടര്‍ന്നതെന്ന് അദ്ദേഹം രേഖപ്പെടുത്തുന്നു.
ക്ലിനിക്കല്‍ പരിശീലനകാലത്ത് ആദ്യം കിട്ടിയ ചുമതല പ്രസവ വാര്‍ഡിലായിരുന്നു. കഷ്ടിച്ച് 24 ആഴ്ചകള്‍ മാത്രം ഗര്‍ഭപാത്രത്തില്‍ കഴിഞ്ഞ ഇരട്ടക്കുട്ടികളുടെ ജനനം. സീനിയറിന്‍റെ സഹായത്തോടെ പ്രസവമെടുത്തു. കുട്ടികളെ ഇന്‍ക്യുബേറ്ററിലേക്കു മാറ്റി. പിറ്റേ രാത്രിയില്‍ സ്വന്തമായിത്തന്നെ ഒരു പ്രസവമെടുത്തു. കുഴപ്പമൊന്നും കൂടാതെ ഒരാണ്‍കുട്ടി. പുറത്തു ആകാംക്ഷയോടെ കാത്തുനിന്നിരുന്ന കുടുംബാംഗങ്ങളോട് സന്തോഷവാര്‍ത്ത അറിയിച്ചപ്പോള്‍, പര്‍വ്വതങ്ങളില്‍ നിന്നിറങ്ങിവന്ന് വിജയവാര്‍ത്ത അറിയിക്കുന്ന പ്രവാചകന്‍റെ ഭാവമായിരുന്നു തനിക്കെന്ന് കലാനിധി. തിരിച്ച് മുറിയിലെത്തി തലേദിവസത്തെ ഇരട്ടകുട്ടികളുടെ കാര്യം തിരക്കി. ഒരു കുട്ടി മരിച്ചു കഴിഞ്ഞിരുന്നു. മറ്റേത് മരണത്തോടടുക്കുന്നു. “ഞാന്‍ സാക്ഷ്യം വഹിച്ച ആദ്യത്തെ ജനനം ആദ്യത്തെ മരണവുമായിരുന്നു.” ജനിച്ചു തുടങ്ങുന്ന ശിശുവിനെ ജീവിതത്തിലേക്കു വലിച്ചെടുക്കുന്ന അതേ ചവണകൊണ്ടുതന്നെ ജീവനു ശവക്കുഴി തോണ്ടുന്ന ഡോക്ടറാണ് താനെന്നാണ് തോന്നിയത്. സാമുവല്‍ ബയറ്റിന്‍റെ വാക്യങ്ങളാണ് യുവഡോക്ടറുടെ മനസ്സില്‍ വന്നത്. ഒരു ദിവസം നാം ജനിച്ചു. ഒരു ദിവസം നാം മരിക്കും. ഒരേ ദിവസം. ഒരേ നിമിഷം. ശവക്കുഴിയുടെ മുകളില്‍ കാലുകള്‍ കവച്ചുനിന്ന് അവര്‍ പ്രസവിക്കുന്നു. ഒരു നിമിഷം വെളിച്ചം. പിന്നെ വീണ്ടും രാത്രി.
രോഗികളോടുള്ള ഉത്തരവാദിത്തം ഡോ. കലാനിധിയെ എപ്പോഴും ജാഗരൂകനാക്കി നിര്‍ത്തി. രോഗിയെന്നാല്‍ കുറെ പേപ്പര്‍ വര്‍ക്ക് എന്നതായിരുന്നു സഹപ്രവര്‍ത്തകരായ പല ഡോക്ടര്‍മാരുടെയും നിലപാട്. അവസാനം രോഗിയും ചികിത്സയും ഒരു കടലാസ് കൂനയായി അവശേഷിക്കുന്നു. രോഗി ഡോക്ടര്‍ക്ക് ഒരു ‘കേസ്’ ആണ്. ഇതിനെതിരെ ഓരോ രോഗിയുടെയും തനിമ കാണാനും, അയാളുടെ സ്വത്വബോധത്തെ ബഹുമാനിക്കാനും രോഗിയെ അനേകം കേസുകളില്‍ ഒന്നായി ഒതുക്കാതിരിക്കുവാനുമുള്ള ശ്രമമായിരുന്നു അദ്ദേഹത്തിന്‍റേത്.
ഗുരുതരമായ അപകടങ്ങളില്‍ തലച്ചോര്‍ തകര്‍ന്ന് കൊണ്ടുവരുന്ന രോഗികള്‍, ആത്മഹത്യാശ്രമം നടത്തി തലച്ചോറിന് ക്ഷതമേറ്റവര്‍, തലച്ചോറിലെ ക്യാന്‍സറുമായി വരുന്നവര്‍, നട്ടെല്ലും നാഡീവ്യൂഹവും തകര്‍ന്ന് എത്തുന്നവര്‍ – ഈ രോഗികളെല്ലാം കഠിനമായ ധാര്‍മ്മിക പ്രതിസന്ധിയാണ് അദ്ദേഹത്തിന് നല്‍കിയത്. ബോധമറ്റ്, നിരവധി ട്യൂബുകളിലും വയറുകളിലും കുരുങ്ങിക്കിടക്കുന്ന രോഗിയ്ക്ക് എന്തു ഭാവിയാണ് താന്‍ നല്‍കേണ്ടത്. പുറത്തു കണ്ണീരില്‍ കുളിച്ച് കാത്തുനില്‍ക്കുന്ന ബന്ധുമിത്രാദികളോടു എന്ത് സന്ദേശമാണ് തനിക്ക് നല്‍കാനാവുക? ജീവന്‍ നിലനിര്‍ത്താനായാല്‍ തന്നെ, വാടിയ ചേമ്പിന്‍താളുപോലെ, തിരിച്ചറിവും ഓര്‍മ്മയും, വാക്കുകളുമില്ലാതെ വര്‍ഷങ്ങളോളം കിടക്കുന്ന ഒരാളിനെയാണോ തന്‍റെ വൈദഗ്ദ്ധ്യം കൊണ്ട് അവര്‍ക്ക് തിരിച്ചുകൊടുക്കാനാവുക? “ഇത്തരം നിമിഷങ്ങളില്‍, ഞാന്‍ പലപ്പോഴും ചെയ്തിരുന്നതുപോലെ മൃത്യുവിന്‍റെ ശത്രുവായിട്ടല്ല, അതിന്‍റെ അംബാസഡറായിട്ടാണ് പ്രവര്‍ത്തിച്ചത്.”
“എന്‍റെ യൗവ്വനത്തില്‍ എനിക്കു കുറച്ചുകൂടി നല്ല മതബോധമുണ്ടായിരുന്നെങ്കില്‍, ഡോക്ടറാകാതെ ഞാനൊരു വൈദികനായേനെ, കാരണം, ആ നിമിഷങ്ങളില്‍ ഞാന്‍ സ്വയം അന്വേഷിച്ചുകൊണ്ടിരുന്നത് ഒരു ആത്മീയ ശുശ്രൂഷകന്‍റെ റോളായിരുന്നു.”
ബോധത്തോടെ മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വരുന്ന രോഗിയുടെ ആഗ്രഹങ്ങളും ഭാവിയില്‍ അയാള്‍ക്കര്‍ത്ഥം നല്‍കുന്ന കാര്യങ്ങളെക്കുറിച്ചും ഡോക്ടര്‍ കലാനിധി വിശദമായി അന്വേഷിക്കുമായിരുന്നു. തലച്ചോറിന്‍റെ ചില ഭാഗങ്ങള്‍ ഒരളവില്‍ അസ്പര്‍ശ്യവും അതിവിശുദ്ധവുമാണെന്ന് കലാനിധി വിശ്വസിച്ചു. ഉദാഹരണമായി, ഒരാളില്‍ ഭാഷയെ നിയന്ത്രിക്കുന്ന മേഖല. അനുപേക്ഷണീയമായ ഓപ്പറേഷനുകളില്‍ ചിലപ്പോള്‍ രണ്ടിലൊന്നു തീരുമാനിക്കേണ്ടി വരും. ട്യൂമര്‍ പൂര്‍ണ്ണമായി നീക്കിയാല്‍ ഭാഷാശേഷി നഷ്ടപ്പെടും. ഭാഷാശേഷി നിലനിര്‍ത്തിയാല്‍ ട്യൂമര്‍ അവശേഷിക്കും. ഇത്തരം പ്രതിസന്ധികളില്‍, രോഗിയുടെ തന്നെ താല്‍പ്പര്യത്തിനാണ് മുന്‍ഗണന കൊടുത്തിരുന്നത്. ഭാഷ തിരിച്ചറിയാനാവാതെയും പറയാനോ കേള്‍ക്കാനോ വയ്യാതെയും ജീവിക്കുന്നതിനേക്കാള്‍ മരണമാണ് നന്നെന്ന് വിചാരിക്കുന്ന രോഗികള്‍ കാണും.
ന്യൂറോ മോഡുലേഷന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട മസ്തിഷ്ക ഗവേഷണത്തിലാണ് പോള്‍ കലാനിധി തന്‍റെ ഗവേഷണ ചാതുര്യം പ്രത്യേകം പ്രകടിപ്പിച്ചത്. അപകടം മൂലമോ സര്‍ജറി മൂലമോ ഭാഷ ഉപയോഗിക്കാന്‍ കഴിയാത്ത ഒരാള്‍, ബാഹ്യലോകത്തിനു നല്‍കുന്ന സന്ദേശം മനസ്സിലാക്കുന്നതു സംബന്ധിച്ച് ധാരാളം ഫലപ്രദമായ ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ തിരിച്ച്, അങ്ങോട്ടു സന്ദേശങ്ങള്‍ നല്‍കാന്‍ എങ്ങനെ സാധിക്കുമെന്നതായിരുന്നു അദ്ദേഹത്തെ സംബന്ധിച്ച പ്രധാന ചോദ്യം.
ആദ്യമൊക്കെ കീമോതെറാപ്പി ചെയ്യാതെ ഒരു ടാബ്ലെറ്റ് കഴിക്കാനാണ് സഹപ്രവര്‍ത്തകയായിരുന്ന ക്യാന്‍സര്‍ ചികിത്സക നിര്‍ദ്ദേശിച്ചത്. കാരണം തനിക്ക് ശസ്ത്രക്രിയ തുടരണം എന്നത് വലിയ ആഗ്രഹമായിരുന്നു. ശരീരം തീരെ അവശമാകുന്നതുവരെ കലാനിധി സാധാരണമെന്നപോലെ വിദഗ്ദ്ധമായ മസ്തിഷ്ക ശസ്ത്രക്രിയകള്‍ നടത്തുമായിരുന്നു. ‘സമയത്തെക്കുറിച്ചുള്ള ബോധമാണ് വിരസത’ എന്ന് പ്രശസ്ത ജര്‍മ്മന്‍ ദാര്‍ശനികനായിരുന്ന ഹൈഡഗ്ഗര്‍ പറഞ്ഞത് രോഗിയായ ഡോക്ടര്‍ ഓര്‍ത്തുകൊണ്ടിരുന്നു. ഓപ്പറേഷന്‍ തീയേറ്ററില്‍ കയറിയാല്‍ പിന്നെ സമയബോധം നഷ്ടപ്പെട്ടിരുന്നു. അതുപോലെ വിരസതയും ക്യാന്‍സറിന്‍റെ വേദനയും ഭാവിയെക്കുറിച്ചുള്ള ആകുലതയും എല്ലാം. ദിവസവും ശസ്ത്രക്രിയ ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്‍റെ സര്‍വ്വവേദനാ സംഹാരി. എങ്കിലും തിയേറ്ററില്‍ നിന്നിറങ്ങിയാല്‍ തീര്‍ത്തും പരിക്ഷീണനാകുന്നതുകൊണ്ട് രോഗിയുടെ പിന്നീടുള്ള മേല്‍നോട്ടവും അടിയന്തിര ഡ്യൂട്ടികളും വാര്‍ഡ് സന്ദര്‍ശനവും മറ്റുള്ളവരെ ഏല്പിച്ചു. ദിവസം ഒരു ഓപ്പറേഷന്‍ മാത്രം എന്ന രീതിയാവുകയും ചെയ്തു. രോഗം മൂര്‍ച്ഛിച്ചപ്പോള്‍ കീമോതെറാപ്പി അനുപേക്ഷണീയമായി.
രാസചികിത്സയുടെ ഫലമായി തന്‍റെ ശരീരത്തില്‍ സുന്ദരമെന്നു കരുതിയിരുന്ന അവയവങ്ങളൊക്കെ വരണ്ടു തുടങ്ങിയെന്ന് കലാനിധി അറിഞ്ഞു. വെള്ളക്കാരിയായ ലൂസി തന്‍റെ ഭര്‍ത്താവിന്‍റെ (കറുത്തു) മിനുസമുള്ള ചര്‍മ്മസൗന്ദര്യത്തെക്കുറിച്ച് അഭിനന്ദനപൂര്‍വ്വം പലപ്പോഴും പറഞ്ഞിരുന്നത് ഓര്‍ത്തു. പക്ഷേ ഇപ്പോള്‍ ജീവനാണ് പ്രധാനം. ബോധം നഷ്ടപ്പെട്ട ശരീരത്തെക്കാള്‍, വിരൂപമായ ശരീരമാണ് തനിക്ക് കാര്യം എന്നദ്ദേഹം പറയുന്നുണ്ട്. കാത്തുകാത്തിരുന്ന കുട്ടി ജനിച്ചപ്പോള്‍ പ്രസവമുറിയില്‍ പോള്‍ തണുത്തുവിറച്ച് കട്ടിയേറിയ പുതപ്പുകള്‍ക്കുള്ളില്‍ നിന്ന് തന്‍റെ വരണ്ട കൈകള്‍ നീട്ടി ലൂസിയുടെ കൈയില്‍ പിടിച്ചിരുന്നു. കുട്ടിയുടെ ജനനം പോളിന് വലിയ ആത്മവിശ്വാസവും സന്തോഷവും നല്‍കി. കുട്ടിയെ തന്‍റെ ശരീരത്തോട് ചേര്‍ത്തുപിടിച്ച് താലോലിക്കാന്‍ കഴിഞ്ഞതോടൊപ്പം, ജീവിതത്തില്‍ അര്‍ത്ഥം നല്‍കുന്ന ഘടകമെന്താണെന്നുള്ള പഴയ ആലോചന വീണ്ടും തീവ്രമായി. താന്‍ വിശ്വാസമര്‍പ്പിച്ചിരുന്ന ശാസ്ത്രത്തിന്‍റെ അടിസ്ഥാനസങ്കല്‍പ്പങ്ങളെ ചോദ്യം ചെയ്ത് ജീവിതത്തിന് അര്‍ത്ഥം നല്‍കാന്‍ ഒരിക്കലും ശാസ്ത്രത്തിനാവില്ല എന്ന ചിന്തയിലേക്കാണ് കലാനിധി കടന്നത്.
തന്‍റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന ബോധ്യത്തില്‍ തിരക്കിട്ടാണ് ഈ പുസ്തകമെഴുതിയത്. അത് തീര്‍ക്കുന്നതിനു മുമ്പ് അദ്ദേഹം തിരോഭവിക്കുകയും ചെയ്തു. ഇതിന് അവതാരികയെഴുതിയത് പ്രസിദ്ധനായ ഇന്ത്യന്‍-അമേരിക്കന്‍ ഡോക്ടറും എഴുത്തുകാരനുമായ ഏബ്രഹാം വര്‍ഗീസാണ്. ലൂസിയുടെ ഹൃദയസ്പര്‍ശിയായ ഒരു പിന്‍കുറിപ്പുണ്ട്. തകര്‍ന്നുപോയേക്കാവുന്ന ഒരു ദാമ്പത്യബന്ധത്തെ എങ്ങനെ പരോക്ഷമായി പോളിന്‍റെ ക്യാന്‍സര്‍ രോഗം സഹായിച്ചു എന്നു രണ്ടുപേര്‍ക്കും ബോധ്യമായിരുന്നു.
പോളിന്‍റെ മാതാപിതാക്കളും സഹോദരന്മാരും മറ്റു സ്നേഹിതരുമെല്ലാം അടങ്ങിയ വലിയൊരു കുടുംബവലയം പോളിന്‍റെ അന്ത്യനാളുകളെ സ്നേഹമസൃണമാക്കി. ശ്വാസകോശങ്ങളില്‍ മുഴുവന്‍ ക്യാന്‍സര്‍ കുരുക്കള്‍ നിറഞ്ഞതോടെ പോളിനെ വെന്‍റിലേറ്ററിലേക്കു മാറ്റി. അപ്പോഴും താന്‍ ആഗ്രഹിച്ചതുപോലെ ബോധം സദാ ജാഗ്രത്തായി തുടര്‍ന്നു. ഒരു നിമിഷം തന്‍റെ യാത്രയില്‍ ഇനി ഇവിടെ അര്‍ത്ഥം നല്‍കാനൊന്നുമില്ലെന്ന് മനസ്സിലാക്കിയ പോള്‍ പറഞ്ഞു. ‘ഞാന്‍ റെഡിയാണ്.’
തന്‍റെ മകള്‍ക്കുവേണ്ടി പോള്‍ കലാനിധി ഇങ്ങനെ എഴുതി,
‘ഭാവിയില്‍ എന്നെങ്കിലും നിനക്ക് നിന്‍റെ ജീവിതത്തിലെ നിര്‍ണ്ണായകമായ നിമിഷങ്ങളെക്കുറിച്ച് പറയേണ്ടിവന്നാല്‍ ഒരു കാര്യം അവഗണിക്കരുത്: അതായത് മരിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യന്‍റെ ദിനങ്ങളെ പൂര്‍ണ്ണ സംതൃപ്തമായ സന്തോഷംകൊണ്ടു നീ നിറച്ചു; എന്‍റെ മുന്‍ വര്‍ഷങ്ങളില്‍ ഒരിക്കലും ഞാന്‍ അറിയാതിരുന്ന ഒരു സന്തോഷം, കൂടുതല്‍ കൂടുതല്‍ കിട്ടണമെന്ന് ഒരിക്കലും ആശിക്കാതെ, സ്വസ്ഥമായ സംതൃപ്തിയിലെത്തിയ ഒരു സന്തോഷം. ഈ സമയത്താണ്, ഈ നിമിഷത്തില്‍ അതൊരു മഹാ വലിയ കാര്യമാണ്.’
പോളിന്‍റെ മരണശേഷം ലൂസി തന്‍റെ മകള്‍ക്ക് ഭാവിയില്‍ വായിക്കാന്‍വേണ്ടി എഴുതി: ‘സാധാരണഗതിയില്‍ ഒരാള്‍ മരിക്കുമ്പോള്‍ അയാളുടെ വീട്ടുകാരും സ്നേഹിതരുമൊക്കെ പല നല്ല കാര്യങ്ങളും പരേതനെക്കുറിച്ച് പറയും. എന്നാല്‍ നിന്‍റെ പിതാവിനെക്കുറിച്ച് ഇപ്പോള്‍ ആളുകള്‍ പറയുന്ന നല്ല വാക്കുകളെല്ലാം നൂറു ശതമാനം വാസ്തവമാണ്. ഞാന്‍ അദ്ദേഹത്തിന്‍റെ ഭാര്യയും സാക്ഷിയുമാണ്.’