ജിജി തോംസണിനെ പുറത്താക്കി

jiji_thomson_1

തിരുവനന്തപുരം: സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മുന്‍ ചീഫ്‌സെക്രട്ടറി ജിജിതോംസണിനെ പുറത്താക്കി.

വിദേശത്ത് സ്വകാര്യസന്ദര്‍ശനത്തിനിടെയാണ് ജിജിയുടെ സേവനം അവസാനിപ്പിച്ച് വ്യവസായവകുപ്പ് ഉത്തരവിറക്കിയത്. വ്യവസായവകുപ്പ് അഡി.ചീഫ്‌സെക്രട്ടറിയായിരുന്ന പി.എച്ച്.കുര്യന് ചെയര്‍മാന്റെ ചുമതല കൈമാറിയാണ് ഉത്തരവ്.

കുര്യനെ റവന്യൂ അഡി.ചീഫ്‌സെക്രട്ടറിയായി നിയമിച്ചതിനാല്‍ പകരമെത്തിയ പോള്‍ ആന്റണിക്ക് ചെയര്‍മാന്റെ ചുമതല ലഭിക്കും.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഉപദേശകനായി കാബിനറ്റ് റാങ്കോടെ നിയോഗിക്കപ്പെട്ടിരുന്ന ജിജിതോംസണ്‍, പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ ഉപദേശക സ്ഥാനം രാജിവച്ചിരുന്നെങ്കിലും വ്യവസായവികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് തുടരുകയായിരുന്നു.

തിരുവനന്തപുരത്തെ കെ.എസ്.ഐ.ഡി.സിയുടെ ആയൂര്‍വേദ വില്ലേജ് അടക്കമുള്ള പദ്ധതികളുമായി മുന്നോട്ടുപോകാന്‍ അനുവദിക്കണമെന്ന് ജിജിതോംസണ്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

2015 ജൂണിലാണ് ജിജിതോംസണ്‍ ചെയര്‍മാനായത്. തന്നെ തുടരാന്‍ അനുവദിക്കണമെന്ന് വ്യവസായമന്ത്രി ഇ.പി.ജയരാജനോട് ജിജിതോംസണ്‍ അപേക്ഷിച്ചിരുന്നു.

എന്നാല്‍ ജിജിയുടെ അപേക്ഷ പരിഗണിക്കാതെ ഉടനടി പുറത്താക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുകയായിരുന്നു.