വിശക്കുന്നവർക്കായി അക്ഷയപാത്രം തുറന്ന് സെന്റ് തോമസ് ദേവാലയം

dubai_church_food_atm

ദുബായ് ∙ വിശക്കുന്നവർക്കു ഭക്ഷണം പകർന്നു നൽകി കാരുണ്യത്തിന്റെ ഉത്തമമാതൃകയായി ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് ദേവാലയം. വിശന്നുവലയുന്ന ഏവർക്കും ഇവിടെ വരാം, പള്ളിയങ്കണത്തിലെ ഫ്രിജിൽ നിന്നു സ്വാതന്ത്ര്യത്തോടെ ഭക്ഷണം കഴിച്ചു മടങ്ങാം. റമസാനിൽ തുടങ്ങിയ കാരുണ്യദൗത്യമാണ് ഈ ദേവാലയം മുടക്കമില്ലാതെ തുടരുന്നത്. ജാതിമതഭേദമെന്യേ ആർക്കും ഇവിടെ കടന്നുവരാം. കാത്തുവച്ചിരിക്കുന്ന ഭക്ഷണം കഴിച്ച് ഓരോരുത്തരും മടങ്ങുമ്പോൾ അടുത്തതായി എത്തുന്നവർക്കു വേണ്ടി സ്‌നേഹത്തിന്റെ കുളിരുള്ള കലവറ നിറഞ്ഞുകൊണ്ടിരിക്കും.

വെള്ളം, ജൂസ്, മോര്, പഴവർഗങ്ങൾ തുടങ്ങിയവയാണ് ഫ്രിജിലുള്ളത്. മറ്റു ഭക്ഷണം കരുതിയാൽ ചൂടാക്കാനും മറ്റുമുള്ള പ്രായോഗിക ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനാണ് പഴങ്ങളാക്കിയത്. ആപ്പിൾ, ഓറഞ്ച്, മാമ്പഴം ഉൾപ്പെടെയുള്ളവ തീരുന്നതിനനുസരിച്ച് ഫ്രിജിൽ നിറയുന്നു. വ്യക്‌തികളുടെയും സ്‌ഥാപനങ്ങളുടെയും സഹകരണവും ഇതിലുണ്ട്.

വിസിറ്റ് വീസയിലെത്തി ജോലിതേടി അലയുന്നവർ ഉൾപ്പെടെയുള്ളവർ ഭക്ഷണമില്ലാതെ കഷ്‌ടപ്പെടുന്നതു മനസ്സിലായതോടെയാണ് ദൗത്യത്തിന് പള്ളി വികാരിയുടെയും സഹവികാരിയുടെയും നേതൃത്വത്തിൽ തുടക്കമായത്. ഇന്ത്യക്കാർക്കു പുറമേ ഇതരരാജ്യങ്ങളിൽ നിന്നുള്ളവരും വിശപ്പകറ്റുന്നതിന് ഇവിടെയെത്തുന്നു. ഈ കാരുണ്യദൗത്യം തുടങ്ങിയശേഷം ഇതുവരെ തടസ്സമുണ്ടായിട്ടില്ല. നൂറുകണക്കിനുപേർക്ക് ആശ്വാസമാകുന്ന ഈ പദ്ധതി തുടരണമെന്നാണ് ഇടവകക്കാരുടെ ആഗ്രഹം.

വിശക്കുന്നവർക്കു നൽകാൻ വീടുകളിൽ നിന്ന് ഭക്ഷണപ്പൊതികൾ എത്തിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. റമസാൻ നോമ്പുകാലത്ത് ഇഷ്‌ടംപോലെ ഭക്ഷണം കിട്ടുമെങ്കിലും പിന്നീട് ബുദ്ധിമുട്ടുന്ന സാഹചര്യമാണ് പലർക്കുമുള്ളത്. ആത്മാഭിമാനം മൂലം പരിചയക്കാരോടു പോലും ഇക്കാര്യം പറയാറുമില്ല. എല്ലാവിഭാഗക്കാർക്കും ഒരുനേരമെങ്കിലും വിശപ്പടക്കാനുള്ള ഭക്ഷണം നൽകുകയെന്ന ദൗത്യത്തിന്റെ വലിയ ലക്ഷ്യം കൂടുതൽ പേർക്കു പ്രചോദനമാകുമെന്ന പ്രതീക്ഷയിലാണ് പള്ളി അധികൃതർ.