പെസഹാ ദിനത്തിൽ സ്ത്രീകൾക്കൊപ്പം മുസ്ലിം-ഹിന്ദു അഭയാർത്ഥികളുടെയും കാൽകഴുകി ചുംബിച്ച് ഫ്രാൻസിസ് മാർപ്പാപ്പ; പുതുചരിത്രം കുറിച്ച് ലോകനായകൻ
റോം: പെസഹാദിനത്തിൽ സ്ത്രീകളുടെ കാൽകഴുകണമെന്ന ഫ്രാൻസിസ് മാർപാപ്പയുടെ നിർദേശമായിരുന്നു ഈ പെസഹാദിനം വരെ ലോകം ചർച്ച ചെയ്തു കൊണ്ടിരുന്നത്. എന്നാൽ, സ്ത്രീകൾക്കൊപ്പം മുസ്ലിം-ഹിന്ദു അഭയാർത്ഥികളുടെയും കാൽകഴുകി ചുംബിച്ചാണ് ഈ പെസഹാദിനത്തിൽ പാപ്പ മാതൃകയായത്. നമ്മളെല്ലാവരും ഒരേ ദൈവത്തിന്റെ മക്കളാണെന്നു മാർപ്പാപ്പ പ്രഖ്യാപിക്കുകയും ചെയ്തു. ബ്രസൽസിലെ ഭീകരാക്രമണത്തിനു ശേഷം മുസ്ലിം വിരുദ്ധ വികാരം രൂക്ഷമായ പശ്ചാത്തലത്തിലാണ് മാർപ്പാപ്പ മുസ്ലിം-ഹിന്ദു അഭയാർത്ഥികളുടെ കാൽകഴുകി ചുംബിച്ചത്.
സ്ത്രീകളുൾപ്പെടെ 12 പേരുടെ പാദങ്ങളാണ് റോമിൽ പെസഹാ ആചരണങ്ങളുടെ ഭാഗമായി ഫ്രാൻസിസ് മാർപാപ്പ കഴുകിയത്. ശുശ്രൂഷയ്ക്കായി തെരഞ്ഞെടുത്ത 12 പേരിൽ ഹിന്ദുക്കളും മുസ്ലീങ്ങളും ഉൾപ്പടെ ഇതര മതവിഭാഗങ്ങളിൽ പെട്ടവരുമുണ്ട്. കാൽ കഴുകിയവരിൽ ഒരാൾ ഇന്ത്യക്കാരനാണ്. റോമിനു സമീപമുള്ള കാസനുവോ ഡി പോർട്ടോയിലെ അഭയാർത്ഥി കേന്ദ്രത്തിലെത്തിയാണ് പാപ്പ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകിയത്. അഭയാർത്ഥികളിൽ അധികവും മുസ്ലീങ്ങളും ക്രിസ്ത്യാനികളുമാണ്. ക്രിസ്ത്യാനികളിൽ തന്നെ കോപ്റ്റിക്, പ്രൊട്ടസ്റ്റന്റ് വിശ്വാസികളാണ് ഭൂരിപക്ഷവും. പോപ്പിന്റെ കാൽകഴുകൽ ശുശ്രൂഷയിൽ പങ്കെടുത്ത നാലുപേർ നൈജീരിയയിൽ നിന്നുള്ള കാത്തോലിക്ക യുവാക്കളാണ്. കാൽ കഴുകിയവരിൽ എറിട്രിയയിൽ നിന്നുള്ള മൂന്ന് കോപ്റ്റിക് യുവതികൾ, മൂന്ന് മുസ്ലീം യുവാക്കൾ, ഹിന്ദു വിഭാഗത്തിൽപെട്ട ഇന്ത്യക്കാരൻ എന്നിവരുമുണ്ട്. 11 അന്തേവാസികൾക്കൊപ്പം ഒരു ജീവനക്കാരിയുടെയും പാദങ്ങൾ മാർപാപ്പ കഴുകി ചുംബിച്ചു.
നമുക്ക് പല സംസ്‌കാരങ്ങളും മതങ്ങളും നമ്മുടെ ചുറ്റും ഉണ്ട്. പക്ഷേ, നമ്മൾ എല്ലാവരും സഹോദരങ്ങളാണ്. സമാധാനത്തോടെ ജീവിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്ന് ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു. മാർപാപ്പ തങ്ങളുടെ മുന്നിൽ മുട്ടുകുത്തിയിരുന്നു തങ്ങളുടെ കാൽകഴുകി ചുംബിച്ചപ്പോൾ അഭയാർത്ഥികൾ പൊട്ടിക്കരഞ്ഞു. സ്വാഗതം എന്നെഴുതിയ ബാനർ ഉയർത്തിയാണ് അഭയാർത്ഥികൾ മാർപാപ്പയെ സ്വാഗതം ചെയ്തത്.
വ്യത്യസ്ത ഭാഷകളിൽ എഴുതിയ ബാനറുകൾ ഉയർത്തി പാപ്പയെ സ്വാഗതം ചെയ്തു. 892 അഭയാർത്ഥികളാണ് ക്യാംപിൽ ഉണ്ടായിരുന്നത്. എന്നാൽ, ഇതിൽ ഒരുവിഭാഗം മാത്രമാണ് പരിപാടിയിൽ പങ്കെടുത്തത്. മിക്ക സീറ്റുകളും ഒഴിഞ്ഞു കിടക്കുകയായിരുന്നു. പരിപാടിയിൽ പങ്കെടുക്കാനായി പുറത്തേക്കുവന്ന എല്ലാവർക്കും പ്രത്യേകം ആശംസകൾ ലഭിച്ചു. കാൽകഴുകൽ പരിപാടിക്കു ശേഷം ഓരോരുത്തരെയും പാപ്പ പ്രത്യേകം ആശ്ലേഷിക്കുകയും ചെയ്തു.