കുവൈറ്റ് മഹാഇടവകയുടെ കാൽ-കഴുകൽ ശുശ്രൂഷകൾക്ക് ഡോ. മാർ തിമോത്തിയോസ് മെത്രാപ്പോലിത്താ മുഖ്യകാർമ്മികത്വം വഹിച്ചു
കുവൈറ്റ് : അന്ത്യഅത്താഴവിരുന്നിന്റെ സ്മരണയെ പുതുക്കുന്ന പെസഹയോടനുബന്ധിച്ച് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാഇടവകയിൽ നടന്ന കാൽകഴുകൽ ശുശ്രൂഷകൾക്ക് മലങ്കര സഭയുടെ യു.കെ.-യൂറോപ്പ്- ആഫ്രിക്ക ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലിത്താ നേതൃത്വം നൽകി.
പെസഹായ്ക്ക് മുന്നോടിയായി ക്രിസ്തു, തന്റെ മേലങ്കി അഴിച്ചു അരകെട്ടി കൊണ്ട് ശിഷ്യൻമാരുടെ പാദങ്ങൾ കഴുകി ചുംബിച്ച്, എളിമ കാട്ടിയതിനെ അനുസ്മരിച്ചുകൊണ്ട്, മാർച്ച് 24-നു വൈകിട്ട് 3.30-ന് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ നടന്ന ശുശ്രൂഷയിൽ ഇടവക വികാരി ഫാ. രാജു തോമസ്, സഹവികാരി ഫാ. റെജി സി. വർഗ്ഗീസ് എന്നിവർ സഹകാർമ്മികത്വം വഹിച്ചു. കൂടാതെ സെന്റ് ബാസിൽ ഓർത്തഡോക്സ് ഇടവക വികാരി ഫാ. ഷാജി പി. ജോഷ്വാ, സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ. സഞ്ചു ജോൺ, കുവൈറ്റിലെ ഓർത്തഡോക്സ് ഇടവകകളിൽ സന്ദർശനത്തിയ ഫാ. ഫിലിപ്പ് തരകൻ, ഫാ. അജി കെ. തോമസ് എന്നീ വൈദീകരും പങ്കെടുത്തു.