കുവൈറ്റ് : മനുഷ്യപാപങ്ങൾക്ക് മോചനം നൽകി കാൽവറിയിൽ സ്വയം യാഗമായിത്തീർന്ന ക്രിസ്തുവിന്റെ പുതിയനിയമ സ്ഥാപനത്തിന്റെ ഓർമ്മ പുതുക്കുന്ന പെസഹായുടെ ദിവ്യ സ്മരണ പുതുക്കി സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവക പെസഹാ പ്പെരുന്നാൾ ആചരിച്ചു.
പെസഹായുടെ പ്രത്യേകമായ ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ യു.കെ.-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലിത്താ മുഖ്യകാർമ്മികത്വം വഹിച്ചു. മാർച്ച് 23 ബുധനാഴ്ച്ച വൈകിട്ട് അബ്ബാസിയ ഇന്ത്യൻ സെന്റ്രൽ സ്ക്കൂളിൽ നടന്ന ശുശ്രൂഷകൾക്ക് വികാരി ഫാ. രാജു തോമസ്, സഹവികാരി ഫാ. റെജി സി. വർഗ്ഗീസ് എന്നിവർ സഹകാർമ്മികത്വം വഹിച്ചു. സാൽമിയ സെന്റ് മേരീസ് ചാപ്പലിൽ നടന്ന ശുശ്രൂഷകൾക്ക് ഫാ. അജി കെ. തോമസ് നേതൃത്വം നൽകി. സിറ്റി നാഷണൽ ഇവാഞ്ചലി ക്കൽ ചർച്ചിൽ 24-ാം തീയതി വ്യാഴാഴ്ച്ച വെളുപ്പിന് 1.30-ന് നടന്ന ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. രാജു തോമസ് നേതൃത്വം നൽകി. പെസഹായുടെ ഭാഗമായി ഇടവകാംഗങ്ങളുടെ ഭവനങ്ങളിൽ തയ്യാറാക്കിയ പുളിപ്പില്ലാത്ത അപ്പം നേർച്ചയായി വിതരണം ചെയ്യുകയുണ്ടായി.