വചനിപ്പു പെരുന്നാളും ദുഃഖവെള്ളിയും PDF File
വചനിപ്പു പെരുന്നാളും ദുഃഖവെള്ളിയും
ഡോ. എം. കുര്യന്‍ തോമസ്
ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ രണ്ടമതും അവസാനവുമായി 2016-ല്‍ വചനിപ്പു പെരുന്നാളും വലിയ വെള്ളിയാഴ്ചയും ഒരുമിച്ചു വരികയാണ്. വലിയ നോയമ്പില്‍ ശനി, ഞായര്‍ ഒഴികെ വി. കുര്‍ബാന അര്‍പ്പിക്കാന്‍ പാടില്ല എന്ന നിയമം ഒരു വശത്തും, വചനിപ്പു പെരുന്നാള്‍ വലിയ വെള്ളിയാഴ്ച അടക്കം ഏതു ദിവസം വന്നാലും വി. കുര്‍ബാന അര്‍പ്പിക്കണമെന്ന നിയമം മറുവശത്തും ഉള്ള വൈരുദ്ധ്യപരമായ പാരമ്പര്യമാണ് സുറിയാനി സഭയ്ക്കുള്ളത്. ഈ പശ്ചാത്തലത്തില്‍ മലങ്കര സഭ ഇത്തരം സാഹചര്യങ്ങളില് എടുത്തിരുന്ന നിലപാടുകളുടെ ചരിത്രം പരിശോധിക്കാം.
പതിനെട്ടാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തിലാണ് പാശ്ചാത്യ സുറിയാനി – അന്ത്യോഖ്യന്‍ ക്രമങ്ങള്‍ക്ക് മലങ്കരയില്‍ പ്രചാരം സിദ്ധിക്കുന്നത്. 1809 ചിങ്ങം 1-ന് കണ്ടനാട് പടിയോലയിലെ … നമസ്കാരവും, കുറുബാനയും, മാമൊദിസായും, പെങ്കെട്ടും, യല്‍ദായും, ദെനഹായും, ഒശാനയും, ദുഖവെള്ളിയാഴ്ചയും, ക്യെംന്തായും, പെന്തിക്കുസ്തിയും – യാക്കൊബായ സുറിയാനിക്കാരുടെ ക്രമത്തി നടന്നുകൊള്‍കയും … എന്ന പന്ത്രണ്ടാമത് നിശ്ചയപ്രകാരമാണ് അവ സഭയില്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. പക്ഷേ 1875-77-ലെ പത്രോസ് ത്രിതീയന്‍ പാത്രിയര്‍ക്കീസിന്‍റെ പര്യടനം, സുറിയാനി അച്ചടി പാമ്പാക്കുടെ ആരംഭിച്ചത് എന്നിവയാണ് മലങ്കര സഭയുടെ ആരാധനക്രമങ്ങളെ ഏകീകരിച്ചത്. എങ്കിലും അവയുടെ പ്രചരണത്തില്‍ ഏറ്റവും അധികം സ്വാധീനം ചെലുത്തിയത് മാര്‍ ബസേലിയോസ് ശക്രള്ളാ മഫ്രിയാനായോടൊപ്പം വന്ന ചെങ്ങന്നൂര്‍ കബറടങ്ങിയ മാര്‍ ഈവാനിയോസ് യൂഹാനോന്‍ എപ്പിസ്ക്കോപ്പായും, മുളന്തുരുത്തിയില്‍ കബറടങ്ങിയ മാര്‍ ഗ്രീഗോറിയോസ് യൂഹാനോന്‍ മെത്രാപ്പോലീത്തായും അവരുടെ ശിഷ്യഗണങ്ങളുമാണ്.
മാര്‍ ഈവാനിയോസ് യൂഹാനോന്‍ എപ്പിസ്ക്കോപ്പായുടെ ജീവിതകാലത്ത് 1871, 1782 എന്നീവര്‍ഷങ്ങളില്‍ വചനിപ്പു പെരുന്നാളും വലിയ വെള്ളിയാഴ്ചയും ഒരുമിച്ചു വന്നിരുന്നു. അന്നുണ്ടായ ആശയക്കുഴപ്പമാകാം 1797-ല്‍ എഴുതപ്പെട്ട ചാത്തന്നൂര്‍ പഞ്ചാംഗത്തില്‍ … (വലിയ നോയമ്പില്‍) വചനിപ്പു പെരുനാള്‍ക്കു കാലത്തെ ചൊല്ലാമെന്നും, ദുഖവെള്ളിയാഴിച്ച ഇപ്പെരുനാള്‍ വന്നു എങ്കില്‍ കാലത്തെ രഹസ്യത്തില്‍ കുറുവാന ചൊല്യേച്ചു ഉച്ചനമസ്കാരവും കുരിശു കുംപിടിലും കഴിക്കണമെന്നും, അല്ലാതെ നുയംപില്‍ കുറുവാന ചൊല്ലരുതെന്നും, യാബായക്കാറരായ നമ്മെ നമ്മുടെ ബാവാമ്മാരു പടിപ്പിച്ചതെ … എന്നു വ്യക്തമാക്കാന്‍ കാരണം. ചാത്തനൂര്‍ പള്ളി സ്ഥാപകന്‍ ഗീവര്‍ഗീസ് കത്തനാര്‍ മാര്‍ ഈവാനിയോസിന്‍റെ ശിഷ്യഗണത്തില്‍പ്പെട്ട ആളായിരുന്നു എന്ന വസ്തുത, പ്രസതുത പഞ്ചാംഗത്തിലെ ബാവാമ്മാരു എന്ന പ്രയോഗം മാര്‍ ഈവാനിയോസിനെയാണ് സൂചിപ്പിക്കുന്നത് എന്ന വ്യക്തമാക്കുന്നു.
പത്തൊമ്പതാം നൂറ്റാണ്ടില്‍ 1855, 1877 എന്നീ വര്‍ഷങ്ങളിലാണ് വചനിപ്പു പെരുന്നാളും വലിയ വെള്ളിയാഴ്ചയും ഒരുമിച്ചു വന്നത്. 1877-ല്‍ പ. പത്രോസ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് മലങ്കരയില്‍ ഉണ്ടായിരുന്നു. അദ്ദേഹം ഈ ദിവസം ആചരിച്ചതിനേപ്പറ്റി കരവട്ടുവീട്ടില്‍ മാര്‍ ശമവോന്‍ ദീവന്നാസ്യോസിന്‍റെ ദൃക്സാക്ഷി വിവരണം താഴെ പറയുംപ്രകാരമാണ്:
… ഇതിന്‍റെശെഷം, പിറ്റെ ദിവസി വെള്ളിആഴ്ച, 25-നു സുബറായുടെ പെരുന്നാള്‍ ആയിരുന്നതിനാല്‍ പെരുന്നാളിന്‍റെ അന്തിയുടെ നമസ്ക്കാരം നമസ്ക്കരിച്ചു. ആയ്തിനു കൗമ്മായും, കാദീശത്താലാഹായും, ഏവന്‍ഗെലിയോനു ശ്ളൊസൊയും, ബസമല്‍ക്കായും, ധൂപവും, കൈമുത്തും മറ്റും ഹാശായുടെ ഭാവം നീക്കി സകലതും ഉണ്ടായിരുന്നു. … പാതിരാത്രി ആയപ്പൊള്‍ എഴുനെറ്റ ഹാശാ നമസ്ക്കാരം മുഴുവന്‍ നമസ്ക്കരിച്ചു. ആയ്തു കഴിഞ്ഞശെഷം അപ്പൊള്‍തന്നെ പെരുന്നാളിന്‍റെ മയ്യിലിന്‍റെ നമസ്ക്കാരം തിടങ്ങി. അയ്തിന്നു ധൂപവുംമറ്റും മെല്‍ പറഞ്ഞതുപൊലെ ആയിരുന്നു. നമസ്ക്കാരത്തിന്‍റെ അവസാനത്തില്‍ മുറപ്രകാരം കുറുബാന ചൊല്ലി. കുറുബാനയ്ക്കു നുയമ്പില്ലാത്ത സമയം ഉളളതുപൊലെ ശ്ളൊമ്മൊയുംമറ്റും ഉണ്ടായിരുന്നു. നമസ്ക്കാരം കഴിഞ്ഞു കുറുബാനയ്ക്കു തിടങ്ങുമ്പോള്‍ ഏകദെശം നാലുനാഴിക പുലര്‍ന്നതായി തൊന്നുന്നൂ. അന്നു കുറുബാന ചൊല്ലിയത ഗ്രിഗൊറിയൊസു മെത്രപൊൗലീത്താ ആയിരുന്നു. കുറുബാന കഴിഞ്ഞ അന്നും, പെസഹാക്കും വിശുദ്ധ പിതാവും മെല്പട്ടക്കാരെ എല്ലാവരും ഭക്ഷണം കഴിച്ചു… ഉച്ചകഴിഞ്ഞശെഷം നമസ്ക്കാരത്തിനു ചെന്ന സമയം … അതിന്‍റെശെഷം നടുവില്‍ കക്കബസായുടെ സാദൃശ്യത്തില്‍ നാട്ടിയിരുന്നതിന്‍റെ പടിഞ്ഞാറെ വശത്തുനിന്നും ഉച്ചനമസ്ക്കാരം തുടങ്ങി. ആയ്തു കഴിഞ്ഞശെഷം വിശുദ്ധ പിതാവും ശെഷം മെത്രാമ്മാരും പട്ടക്കാര എല്ലാവരും മദുബഹായില്‍ പ്രവെശിച്ചു… പിതാവു മെല്‍പറഞ്ഞ ചുമന്ന പട്ടുതൂവാല കഴുത്തില്‍ കെട്ടി മെല്‍പറഞ്ഞ കുരിശു എടുത്ത് ശീലയൊടുകൂടെ വലത്തെ തൊളില്‍വച്ച. … പള്ളിയുടെ തെക്കെ വാതില്‍ കടന്നിറങ്ങി, പടിഞ്ഞാറെ വശത്തുകൂടെ പുറപ്പെട്ടു വടക്കെ വാതുക്കല്‍ കൂടി പള്ളിഅകത്തു പ്രവെശിച്ചു. നടുവിലേല്‍് നാട്ടീരുന്ന കക്കബസാ എന്നു പറയുന്ന കാലില്‍ നിവര്‍ത്തിവച്ചു. 9-ാം മണിയുടെ നമസ്ക്കാരവും സ്കീപ്പുസായുടെ ക്രമവും തിടങ്ങി. … ഇതേ രീതി തന്നെയാണ് കിഴക്കിന്‍റെ മഹാനായ കാതോലിക്കാ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ തന്‍റെ അപ്രകാശിത ക്രിയാസംഹിതയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇരുപതാം നൂറ്റാണ്ടില്‍ 1939, 1950 എന്നീ വര്‍ഷങ്ങളില്‍ ആണ് വചനിപ്പു പെരുന്നാളും വലിയ വെള്ളിയാഴ്ചയും ഒരുമിച്ചു വന്നത്. 1939-ല്‍ ഇതിന്‍റെ ക്രമീകരണത്തെപ്പറ്റി പ. ഇഗ്നാത്തിയോസ് അപ്രേം പ്രഥമന്‍ ബര്‍സൗം പാത്രിയര്‍ക്കീസും പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കായും പുറപ്പെടുവിച്ച കല്‍പ്പനകളില്‍ വൈജാത്യമുണ്ട്. പാത്രിയര്‍ക്കീസ് 1938-ല്‍ അയച്ച കല്പനയില്‍ … 1939-ല്‍ വരുന്ന പ്രകാരം ദു:ഖവെള്ളിയാഴ്ച വന്നാല്‍ പോലും പെരുന്നാള്‍ മുറയനുസരിച്ച് കാലത്തെ വി. കുര്‍ബ്ബാന അണയ്ക്കേണ്ടതാകുന്നു. എന്നാല്‍ ആ വലിയ ദിവസത്തെക്കുറിച്ചുള്ള ബഹുമാനത്തെപ്രതി നോമ്പിന്‍റെവ്രതം അഴിക്കുവാന്‍ പാടില്ലത്തതും, ദു:ഖവെള്ളിയാഴ്ചയുടെ ക്രമം ഉച്ചയ്ക്കും ഇരുപത്തിരണ്ടരക്കുമായി പതിവുപോലെ നിവര്‍ത്തിച്ചു കൊള്ളേണ്ടതും ആകുന്നു … എന്നു നിര്‍ദേശിക്കുന്നു. ഇത് പത്രോസ് ത്രിതീയന്‍റെ രീതിതന്നെയാണ്. 1939 കാതോലിക്കായുടെ കലപനയിലാകട്ടെ, … കൂടാതെ ഈ വര്‍ഷം ദുഃഖവെള്ളിയാഴ്ചയും വചനിപ്പു പെരുന്നാളും ഒരു ദിവസം വന്നിരിക്കുന്നതിനാല്‍, വെള്ളിയാഴ്ച രാവിലെ വി. കുര്‍ബ്ബാന അണയ്ക്കേണ്ടതാണ്. വ്യാഴാഴ്ച സന്ധ്യാനമസ്ക്കാരം മാറാനായ പെരുന്നാളിന്‍റേതും, സുത്താറാ ദുഃഖവെള്ളിയാഴ്ചയുടേതും കഴിക്കേണ്ടതാകുന്നു. രാത്രി ഒന്നാം കൗമ്മാ സൂബോറൊ (കന്യാസ്ത്രീ അമ്മയെ ഉദ്ദേശിച്ചുള്ളത്)യുടേയും, രണ്ടാം കൗമ്മാ ദുഃഖവെള്ളിയാഴ്ചയുടേയും, മൂന്നാം കൗമ്മാ ڇആന്നീദേڈ യുടെ തുടങ്ങി തുറൊദ്സീനൈ എന്ന അപേക്ഷവരെയും ചൊല്ലി, വി: കുര്‍ബ്ബാന അണയ്ക്കേണ്ടതാകുന്നു. വി. കുര്‍ബ്ബാനയ്ക്കുശേഷം ദുഃഖവെള്ളിയാഴ്ചുടെ ڇസപ്രൊڈ തുടങ്ങി എല്ലാ പ്രാര്‍ത്ഥനകളും, ശുശ്രൂഷകളും ക്രമമായി നടത്തിക്കൊള്ളുകയും വേണം… എന്നാണ് നിര്‍ദ്ദേശം. ആ മാതൃകയാണ് കാതോലിക്കാമാരായ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍, പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയന്‍ എന്നിവര്‍ പിന്തുടര്‍ന്നത്.
സഭയുടെ ജനകീയമുഖത്തെ ദയറാ പാരമ്പര്യം അട്ടിമറിച്ചതിന്‍റെ വ്യക്തമായ തെളിവാണ് ഈ വൈജാത്യങ്ങളും ആശയക്കുഴപ്പവും. അതുകൊണ്ടുതന്നെ നോമ്പിലെ വി. കുര്‍ബാന, വിവാഹകൂദാശ മുതലയവയോപ്പറ്റി പുനര്‍ചിന്തനവും ഗഹനമായ പഠനവും ആവശ്യമാണന്നാണ് ഈ വൈജാത്യങ്ങള്‍ സൂചിപ്പിക്കുന്നത്.
(മലങ്കര ഓര്‍ത്തഡോക്സ് റ്റി. വി. – 22 മാര്‍ച്ച് 2016)