മെത്രാന്‍കായലും ഹരിതരാഷ്‌ട്രീയവും

FrKMGeorge_06_28_2015_12-30-28

methran_kaya

നാനാര്‍ഥങ്ങള്‍

ഫാ. ഡോ. കെ.എം. ജോര്‍ജ്

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ തിയോളജിക്കല്‍ സെമിനാരിയുടെ പ്രിന്‍സിപ്പല്‍

കേരളത്തില്‍ ക്രൈസ്‌തവസഭകളിലെ മെത്രാന്മാര്‍ വെള്ളയോ ചുവപ്പോ കാവിയോ നിറങ്ങളുള്ള കുപ്പായങ്ങളാണ്‌ ധരിക്കുന്നത്‌. പച്ചളോഹക്കാര്‍ ആരെങ്കിലുമുള്ളതായി അറിവില്ല. എങ്കിലും ‘മെത്രാന്‍കായല്‍’ എന്നറിയപ്പെടുന്ന നാനൂറോളം ഏക്കര്‍വരുന്ന കുട്ടനാടന്‍ പാടശേഖരം അടുത്തകാലംവരെ ആണ്ടോടാണ്ട്‌ ഹൃദയഹാരിയായ പച്ചക്കുപ്പായമണിയുമായിരുന്നു. മിക്കവാറും കൃഷി നിലച്ചുപോയ ആ പാടങ്ങള്‍ പുതിയ വിവാദത്തിലൂടെ ഹരിതരാഷ്‌ട്രീയത്തിന്റെ ചില സാധ്യതകളിലേക്ക്‌ നമ്മെ നയിക്കുന്നു.
200 വര്‍ഷംമുമ്പ്‌ 1815 ല്‍ കോട്ടയത്ത്‌ പഠിത്തവീട്‌ കോട്ടയം കോളജ്‌ എന്നൊക്കെയുള്ള പേരില്‍ ആരംഭിച്ച പഴയ സെമിനാരിയിലെ വിദ്യാര്‍ഥികളുടെ ‘ഉണ്ടുതാമസ’ത്തിനുവേണ്ടി അന്നത്തെ മലങ്കര മെത്രാന്‍ 19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ഥത്തില്‍ സര്‍ക്കാരില്‍നിന്ന്‌ വാങ്ങിച്ച്‌ കൃഷി നടത്തിയ സ്‌ഥലമാണ്‌ മെത്രാന്‍കായല്‍ അഥവാ സെമിനാരികായല്‍. പിന്നെപ്പിന്നെ പാട്ടക്കാരിലൂടെ അത്‌ കൈമാറി, ബിസിനസുകാരുടെ കൈവശമായി.
ഇപ്പോള്‍ വന്‍കിട സ്വകാര്യകമ്പനിക്കാര്‍ക്ക്‌ ഈ നെല്‍പ്പാടം നികത്തി ടൂറിസ്‌റ്റ്കേന്ദ്രം പണിയാന്‍ സര്‍ക്കാര്‍ അനുവാദം കൊടുത്തുവെന്ന്‌ പറഞ്ഞാണല്ലോ വിവാദം. വയലുകളും തണ്ണീര്‍ത്തടങ്ങളും മനുഷ്യപോഷണത്തിന്‌ ആധാരമാണ്‌. അവയുടെ സ്വാഭാവികലക്ഷ്യത്തില്‍നിന്ന്‌ വ്യതിചലിച്ച്‌ അവ നികത്തി കോണ്‍ക്രീറ്റ്‌ കോട്ടകള്‍ കെട്ടാന്‍, ലാഭമോഹംപൂണ്ട ബിസിനസ്‌ സാമ്രാജ്യങ്ങള്‍ക്ക്‌ തീറെഴുതികൊടുക്കാന്‍, ഒരു സര്‍ക്കാരിനെയും കേരളത്തിലെ ജനങ്ങള്‍ അധികാരപ്പെടുത്തിയിട്ടില്ല എന്നതാണ്‌ വാസ്‌തവം. നമ്മുടെ കിഴക്കന്‍മലകളിലെ പരിസ്‌ഥിതി വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. പരിസ്‌ഥിതി ലോലമായത്‌ എവിടെയൊക്കെയാണെന്ന ചോദ്യമാണ്‌ ഉത്തരമില്ലാതെ നില്‍ക്കുന്നത്‌.
ഇപ്പോള്‍ ഇത്‌ പടിഞ്ഞാറന്‍കായല്‍പ്പരപ്പിലേക്കും പടരുകയാണ്‌. വാസ്‌തവത്തില്‍ നമ്മുടെ കൊച്ചുകേരളം മുഴുവന്‍ പരിസ്‌ഥിതിലോല പ്രദേശമാണെന്ന്‌ അല്‍പ്പം അതിശയോക്‌തിയോടെ പറയേണ്ടിവരും. അത്രയ്‌ക്കുണ്ട്‌, നമ്മുടെ രാഷ്‌ട്രീയ ബിസിനസ്‌ വൃത്തങ്ങളില്‍ പ്രകൃതിയോടുള്ള പുച്‌ഛവും ലാഭത്തോടുള്ള അത്യാര്‍ത്തിയും, ഇവിടെയണാണ്‌ ഒരു പുതിയ ഹരിതരാഷ്‌ട്രീയത്തിന്റെ പ്രസക്‌തി.
പശ്‌ചിമയൂറോപ്പിലെ ചെറിയ രാജ്യങ്ങളില്‍ 1970 കളില്‍ ഗ്രീന്‍പൊളിറ്റിക്‌സ് എന്ന ഹരിതരാഷ്‌ട്രീയത്തിന്റെ മുളകള്‍ പൊട്ടിത്തുടങ്ങി. രണ്ടാം ലോകയുദ്ധത്തിനുശേഷം ബഹുരാഷ്‌ട്ര കമ്പനികളും ആധുനികവല്‍ക്കരണത്തിന്റെ ശക്‌തമായ ബിസിനസ്‌ ലോബികളും വ്യവസായങ്ങളും സര്‍ക്കാരുകളും ചേര്‍ന്ന്‌ യൂറോപ്പില്‍ സൃഷ്‌ടിച്ച പരിസ്‌ഥിതിനാശത്തെ അതിഗൗരവമായി കണ്ടുകൊണ്ടാണ്‌ ഹരിതരാഷ്‌ട്രീയം ഉടലെടുത്തത്‌.
പ്രകൃതിയുടെ സംരക്ഷണം മാത്രമല്ല സാമൂഹികനീതി, അക്രമരാഹിത്യം, സാമൂഹികസൗഹൃദം, സമാധാനം, സ്‌ത്രീസമത്വം, അടിത്തറ ജനാധിപത്യം തുടങ്ങിയ മൂല്യങ്ങളെകൂടി മുന്‍നിര്‍ത്തിയുള്ള രാഷ്‌ട്രീയസംവിധാനമാണ്‌ ഹരിതരാഷ്‌ട്രീയക്കാര്‍ സ്വപ്‌നം കണ്ടത്‌. ക്രമേണ യൂറോപ്പില്‍നിന്ന്‌ പല രാജ്യങ്ങളിലേക്കും ഇത്‌ വ്യാപിക്കുകയും ജനാധിപത്യശൈലിയിലുള്ള തെരഞ്ഞെടുപ്പുകളില്‍ ഹരിതപാര്‍ട്ടികള്‍ പല സ്‌ഥലങ്ങളിലും സ്‌ഥാനാര്‍ഥികളെ നിര്‍ത്തി വിജയിപ്പിക്കുകയുംചെയ്‌തു.
യൂറോപ്യന്‍രാജ്യങ്ങളില്‍ പൊതുതെരഞ്ഞെടുപ്പുകളില്‍ രാഷ്‌ട്രീയപാര്‍ട്ടികള്‍ പരിസ്‌ഥിതിനയം വ്യക്‌തമാക്കുകയും ഭരണത്തില്‍വന്നാല്‍ അത്‌ നിറവേറ്റുകയും ചെയ്യണമെന്ന്‌ ജനങ്ങള്‍ ശഠിക്കുന്നുണ്ട്‌. കാവല്‍നായ്‌ക്കളെപ്പോലെ ഹരിതവര്‍ണത്തിന്റെ വകഭേദങ്ങളില്‍ രാഷ്‌ട്രീയപാര്‍ട്ടികളുമുണ്ട്‌.
വികസനവും പരിസ്‌ഥിതിയുടെ ഭദ്രതയുംതമ്മില്‍ ചേരാതെവരുകയും വികസനക്കാര്‍ പരിസ്‌ഥിതിയുടെ ആരോഗ്യത്തെ അവഗണിക്കുകയും ചെയ്‌തപ്പോളാണ്‌ ഹരിതരാഷ്‌ട്രീയം ഉയര്‍ന്നുവന്നത്‌. ലക്കും ലഗാനുമില്ലാതെ വികസനം മനുഷ്യപുരോഗതിയുടെ ഏക ലക്ഷണമായി ആഗോളതലത്തില്‍ കൊണ്ടാടപ്പെട്ടുകൊണ്ടിരിക്കയാണ്‌.
മിക്കവാറും എല്ലാ വികസനപദ്ധതികളും ഓരോതരത്തില്‍ ജൈവമണ്ഡലത്തെ നശിപ്പിക്കുകയോ വിഷലിപ്‌തമാക്കുകയോ ചെയ്യുന്നുണ്ട്‌ എന്ന്‌ എല്ലാവര്‍ക്കും അറിയാം. അതേസമയം നിരന്തരവികസനമില്ലാതെ ഇന്നത്തെ ഉപഭോഗസംസ്‌കാരം നിലനില്‍ക്കയില്ലെന്നും നമുക്കറിയാം.
അതുകൊണ്ട്‌ വിരുദ്ധധ്രുവങ്ങളിലേക്ക്‌ അകലുന്ന വികസനത്തെയും പരിസ്‌ഥിതിയെയും ഒരു നുകത്തില്‍ കെട്ടിനിറുത്താനാണ്‌ ഐക്യരാഷ്‌ട്ര സംഘടന അടുത്ത 15 വര്‍ഷത്തേക്ക്‌ സസ്‌റ്റെയ്‌നബിള്‍ ഡവലപ്‌മെന്റ്‌ എന്ന സുസ്‌ഥിരവികസന ലക്ഷ്യം പ്രഖ്യാപിച്ചിരിക്കുന്നത്‌. അന്താരാഷ്‌ട്ര ഉടമ്പടികളും ഒപ്പുവയ്‌ക്കലും ധാരാളമുണ്ടായിട്ടുണ്ടെങ്കിലും ആര്‍ത്തിപിടിച്ച ലോകം ലാഭവും സുഖവും തേടി വികസനത്തിന്‌ പുറകെ പോകുകയാണ്‌. ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാരും സംസ്‌ഥാന സര്‍ക്കാരുകളും ഉരുവിടുന്ന ഏക മന്ത്രവും അതാണല്ലോ. അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലെ ആദിവാസികളായ ഇറോക്വാഗോത്രത്തില്‍ ‘ഏഴാംതലമുറയുടെ തത്വം’ എന്നപേരില്‍ ഒരു പരമ്പരാഗതധാരണയുണ്ട്‌. ഇപ്പോള്‍ ജീവിക്കുന്നവര്‍ എടുക്കുന്ന ഏതു തീരുമാനവും ഭാവിയില്‍ വരാനിരിക്കുന്ന ഏഴാംതലമുറയുടെവരെ ക്ഷേമം കണക്കിലെടുത്തായിരിക്കണമെന്നാണതിന്റെ സാരം. ഐക്യരാഷ്‌ട്രസംഘടനയുടെ സുസ്‌ഥിര വികസനസങ്കല്‌പത്തിന്‌ ഈ പശ്‌ചാത്തലമുണ്ട്‌. വായുവും വെള്ളവും മണ്ണുമുള്‍പ്പെടെയുള്ള ഭൂമിയുടെ എല്ലാവിഭവശേഷികളും ഒരു തലമുറയുടെ മാത്രം അതിരുകടന്ന സുഖഭോഗത്തിനുവേണ്ടി ചൂഷണം ചെയ്യപ്പെടരുത്‌.
ഭാവിതലമുറകളെ കണക്കിലെടുത്ത്‌ പൊതുനന്മയ്‌ക്ക് ആവശ്യവും അനുപേക്ഷണീയവും പരിസ്‌ഥിതിക്ക്‌ ആരോഗ്യത്തോടെ തുടരാവുന്നതുമായ വികസനസംരംഭങ്ങളിലെ മനുഷ്യര്‍ ഇടപെടാവൂ എന്നാണതിന്റെ വിവക്ഷ.
അന്നന്നത്തെ അന്നം നല്‍കുന്ന നെല്‍പ്പാടങ്ങളും ജലജൈവസമ്പത്തിന്റെ ഈറ്റില്ലമായ തണ്ണീര്‍ത്തടങ്ങളും നികത്തി വികസനത്തിന്റെ പേരില്‍ കോണ്‍ക്രീറ്റ്‌ ഭീകരതകള്‍ കെട്ടിപ്പൊക്കാനുള്ള ഏത്‌ നീക്കവും ഏഴല്ല ഏഴ്‌ എഴുപത്‌ തലമുറകളോട്‌ ചെയ്യുന്ന മഹാപരാധമായിരിക്കും.
ടൂറിസ വികസനമെന്നൊക്കെ കേട്ടാല്‍ സല്യൂട്ടടിച്ച്‌ അറ്റന്‍ഷനായി നിന്നുകൊള്ളണമെന്നാണ്‌ നമ്മുടെ സര്‍ക്കാരുകള്‍ ജനങ്ങളെ പഠിപ്പിച്ചുവച്ചിരിക്കുന്നത്‌.
അതിന്റെയൊക്കെ ഉള്ളുകള്ളികള്‍ അറിഞ്ഞാല്‍ സാധാരണക്കാര്‍ ഞെട്ടും. ടൂറിസ്‌റ്റ് വ്യവസായം എന്ന പേരില്‍ തല്‍പരകക്ഷികള്‍ താലോലിക്കുന്ന പദ്ധതികളും ഒരുക്കുന്ന സംവിധാനങ്ങളും ആത്യന്തികമായി നമ്മുടെ പരിസ്‌ഥിതിയുടെയും തദ്ദേശീയ സംസ്‌കാരത്തിന്റെയും നല്ല മനുഷ്യബന്ധങ്ങളുടെയും അടിമാന്തുന്നവയാണ്‌. സെക്‌സ് ടൂറിസം മുതല്‍ ലഹരിയും കുറ്റകൃത്യങ്ങളും മഹാരോഗങ്ങളുടെ വൈറസുകളും എല്ലാറ്റിനുമുപരി സാംസ്‌കാരികമായ അടിമത്തവും കൊണ്ടുവരുന്ന അപകടകരമായ മുഖങ്ങള്‍ ഈ വ്യവസായത്തിനുണ്ട്‌. അതുകൊണ്ടാണ്‌ കേന്ദ്രസര്‍ക്കാര്‍ സുരക്ഷിതവും മാന്യവുമായ ടുറിസത്തിന്‌ വേണ്ട മാര്‍ഗരേഖ ഇറക്കാന്‍ നിര്‍ബന്ധിതമായത്‌്. അതിഥികളെ സ്വീകരക്കുകയും സല്‍ക്കരിക്കയും ചെയ്യുന്നത്‌ ആധ്യാത്മികമൂല്യമായി കരുതുന്ന ഇന്ത്യയും മറ്റ്‌ ഏഷ്യന്‍ രാജ്യങ്ങളും ഇതിന്റെ വിപത്ത്‌ മനസിലാക്കുകയും നമ്മുടെ പ്രകൃതിയുടെയും പരിസ്‌ഥിതിയുടെയും സ്വാഭാവികമായ താളക്രമങ്ങളെ തകര്‍ക്കാതെ, അപരര്‍ക്ക്‌ ആതിഥ്യമരുളുകയും വേണം.
വികസനത്തിന്റെ ഏത്‌ പാരമ്യത്തില്‍ എത്തിയാലും ലോകത്തില്‍ എവിടെയുമുള്ള മനുഷ്യന്‌ ഭൂമിയില്‍ വിളയുന്ന ധാന്യങ്ങളും കായ്‌കനികളുമാണ്‌ ജീവന്‍ നിലനിര്‍ത്താനാവശ്യമായവ. സ്‌മാര്‍ട്ട്‌സിറ്റികളും ടെക്‌നോപാര്‍ക്കുകളും നമുക്കാവശ്യമായിരിക്കാം.
എന്നാല്‍ കുട്ടനാടുപോലെ നമുക്ക്‌ ലഭിച്ചിരിക്കുന്ന പ്രകൃതിയുടെ മഹാദാനത്തെ അതിന്റെ സ്വാഭാവികമായ വിഭവങ്ങള്‍ ഉല്‍്‌പാദിപ്പിക്കാന്‍ സഹായിക്കുകയാണ്‌ കേരള ജനതയോട്‌ ഭരണാധികാരികള്‍ക്ക്‌ ചെയ്യാവുന്ന സുസ്‌ഥിരമായ ഉപകാരം, നമ്മുടെ മണ്ണിന്റെ ഉര്‍വരതയെയും വായുവിന്റെ വിശുദ്ധിയെയും വെള്ളത്തിന്റെ തെളിമയെയും ഭൂമിയുടെ ഹരിതാവരണത്തെയും ലാഭമോഹത്താല്‍ കലുഷമാക്കുന്ന ഏതൊരു വികസനവും മനുഷ്യര്‍ക്കും മറ്റെല്ലാ ജീവികള്‍ക്കും വര്‍ജ്യമാണ്‌ എന്ന തിരിച്ചറിവിലേക്ക്‌ നമ്മുടെ ഭരണകര്‍ത്താക്കള്‍ വരുമെന്ന്‌ പ്രതീക്ഷിക്കാം.

ഫാ.ഡോ. കെ.എം. ജോര്‍ജ്‌