കുന്നംകുളം ∙ യോഹന്നാൻ സ്നാപകനിൽനിന്നു യോർദാൻ നദിയിൽ ക്രിസ്തു മാമോദീസ ഏറ്റതിന്റെ സ്മരണ പുതുക്കി ക്രൈസ്തവർ ഇന്നും നാളെയുമായി ദനഹ പെരുനാൾ ആചരിക്കും. ഇന്നു വൈകിട്ടു വീടുകളിൽ മെഴുകുതിരികളും ചെരാതുകളും തെളിയിക്കും. വീടിനു മുന്നിൽ ഒരുക്കുന്ന പിണ്ടികളിലും ദീപം തെളിയിക്കും. പള്ളികളിൽ സന്ധ്യാപ്രാർഥന നടത്തും. നാളെ കുർബാനയും വെള്ളം വാഴ്‍വിന്റെ ശുശ്രൂഷയും. തെക്കേ അങ്ങാടി സെന്റ് മഥ്യാസ് ഓർത്തഡോക്സ് പള്ളിയിലെ ദനഹ പെരുനാളിനു ഡോ. ഗീവർഗീസ് മാർ യൂലിയോസ് മുഖ്യകാർമികനാകും.
ഇന്ന് ഏഴിനു സന്ധ്യാനമസ്കാരം. തുടർന്നു പ്രദക്ഷിണം. നാളെ എട്ടിനു മെത്രാപ്പൊലീത്ത മുഖ്യകാർമികനായി കുർബാന അർപ്പിക്കും. വെള്ളം വാഴ്‌വിന്റെ ശുശ്രഷയും അദ്ദേഹം നടത്തും. അഞ്ചിന് അങ്ങാടി ചുറ്റിയുള്ള പ്രദക്ഷിണം. തെക്കേ അങ്ങാടിയും സമീപപ്രദേശങ്ങളും ദീപാലങ്കാരത്തിന്റെ അവസാനവട്ട പണിത്തിരക്കിലാണ്. ഇന്നു വൈകിട്ടോടെ ഇവ തെളിയിക്കും. ഇന്നും നാളെയും രാത്രി നഗരത്തിലെ മിക്ക അങ്ങാടികളിലും ഫാൻസി വെടിക്കെട്ടും കരിമരുന്നുപ്രയോഗവും ഉണ്ടാകും.