കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയും കത്തോലിക്കാ സഭയും യോജിച്ച് സഭാ പിതാക്കന്മാരുടെ പഠനങ്ങളെ അസ്പദമാക്കി ബൈബിള്‍ വ്യാഖാനഗ്രന്ഥത്തിനു രൂപം നല്കാനും പൊതു ഉപയോഗത്തിനുതകുന്ന പ്രാര്‍ഥനാ പുസ്തകങ്ങള്‍ തയാറാക്കി അംഗീകാരത്തിനു സമര്‍പ്പിക്കാനും തീരുമാനിച്ചു. ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായില്‍ നടന്ന ഇരുസഭകളുടെയും സഭൈക്യ ചര്‍ച്ചകള്‍ക്കായുള്ള അന്തര്‍ദേശീയ സമിതിയുടെ സമ്മേളനത്തിലാണു സുപ്രധാന തീരുമാനങ്ങളുണ്ടായത്.
റോമിലെ സഭൈക്യ കാര്യങ്ങള്‍ക്കുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ സെക്രട്ടറി ബിഷപ്പ് ബ്രയാന്‍ ഫാരലും മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസും അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സഭകള്‍ തമ്മിലുള്ള സഹകരണങ്ങള്‍ക്കു പൊതു മാര്‍ഗരേഖക്കു രൂപം നല്‍കാനും ഒപ്പം സെമിനാരികളില്‍ ചര്‍ച്ച ചെയ്യേണ്ട എക്യുമിനിസം സംബന്ധിച്ച പഠനരേഖക്കു രൂപം നല്കി അംഗീകാരത്തിനു സമര്‍പ്പിക്കുവാനും തീരുമാനമായി.
ക്രിസ്തു വിജ്ഞാനീയം സംബന്ധിച്ചു രൂപപ്പെടുത്തിയ പൊതുധാരണയും പ്രത്യേക സാഹചര്യങ്ങളില്‍ നിബന്ധനകള്‍ക്കു വിധേയമായി വിശുദ്ധ കുര്‍ബാന, കുമ്പസാരം, രോഗികള്‍ക്കായുള്ള തൈലാഭിഷേകം എന്നീ കൂദാശകള്‍ പങ്കുവയ്ക്കുന്നതിലും പള്ളിയും സെമിത്തേരിയും പങ്കുവയ്ക്കുന്നതിനും രൂപപ്പെടുത്തിയ ധാരണയും സഭൈക്യചര്‍ച്ചകളുടെ നേട്ടമായി സമ്മേളനം വിലയിരുത്തി.
പശ്ചിമേഷ്യയില്‍ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവ ന്യൂനപക്ഷങ്ങളോടു ഐക്യം പ്രഖ്യാപിച്ച സമ്മേളനം ഇന്ത്യയില്‍ വര്‍ധിച്ചുകാണുന്ന അസഹിഷ്ണതയിലും തീവ്രവാദപ്രവര്‍ത്തനങ്ങളിലും ഉത്ക്കണ്ഠ രേഖപ്പെടുത്തി.
ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ഡോ. എം. കുര്യന്‍ തോമസ്, റവ.ഡോ. റെജി മാത്യു, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, റവ.ഡോ. ഫിലിപ്പ് നെല്‍പുരപ്പറമ്പില്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു.
ബിഷപ് ബ്രയന്‍ ഫാരല്‍ (കോ ചെയര്‍മാന്‍), മാര്‍ ജോസഫ് പവ്വത്തില്‍, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, തോമസ് മാര്‍ കൂറിലോസ്, മാര്‍ മാത്യു മൂലക്കാട്ട്, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്, ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്, ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, റവ.ഡോ. സേവ്യര്‍ കൂടപ്പുഴ, റവ.ഡോ. മാത്യു വെള്ളാനിക്കല്‍, റവ.ഡോ. ജേക്കബ് തെക്കേപ്പറമ്പില്‍, റവ.ഡോ. ഫിലിപ്പ് നെല്‍പുരപ്പറമ്പില്‍, റവ.ഡോ. അഗസ്റ്റിന്‍ കടേപ്പറമ്പില്‍, മോണ്‍. ഗബ്രിയേല്‍ ക്വുക്കെ, റവ.ഡോ. കെ.എം. ജോര്‍ജ്, റവ.ഡോ. ബേബി വര്‍ഗീസ്, റവ.ഡോ. ഒ. തോമസ്, റവ.ഡോ. റെജി മാത്യു, റവ.ഡോ. റ്റി.ഐ. വര്‍ഗീസ്, റവ.ഡോ. ജോസ് ജോണ്‍, ഫാ. കോശി വൈദ്യന്‍, ഫാ. ഏബ്രഹാം തോമസ്, ഡോ. എം. കുര്യന്‍ തോമസ് എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
Source: http://deepika.com