രണ്ടാമത് ഡോ. മാർ തേവോദോസിയോസ് മെമ്മോറിയൽ ഇന്റർ-സ്ക്കൂൾ കായിക മത്സരങ്ങൾ സമാപിച്ചു
റൂർക്കല (ഒഡിഷ) : മലങ്കര ഓർത്തഡോക്സ് സഭയുടെ കൽക്കത്താ ഭദ്രാസനത്തിന്റെ പ്രഥമ സാരഥിയായിരുന്ന ഭാഗ്യസ്മരണാർഹനായ ഡോ. സ്തേഫാനോസ് മാർ തേവോദോസിയോസ് തിരുമേനിയുടെ നാമധേയത്തിൽ ക്രമീകരിച്ചിരിക്കുന്ന രണ്ടാമത് ഡോ. സ്തേഫാനോസ് മാർ തേവോദോസിയോസ് മെമ്മോറിയൽ ഇന്റർ-സ്ക്കൂൾ കായിക മത്സരങ്ങൾ റൂർക്കല ഇസ്പാറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടന്നു.
നവംബർ 23, 24 തീയതികളിൽ കൽക്കത്താ ഭദ്രാസനത്തിൻ കീഴിലുള്ള എം.ജി.എം. സ്ക്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന കായിക മത്സര
ങ്ങൾക്ക് റൂർക്കല എം.ജി.എം. ഇംഗ്ലീഷ് സ്ക്കൂൾ ആതിഥേയത്വം വഹിച്ചു. ഭദ്രാസനാധിപനും, എം.ജി.എം. സ്ക്കൂളുകളുടെ മാനേജരുമായ ഡോ. ജോസഫ് മാർ ദിവന്ന്യാസിയോസ് മെത്രാപോലീത്ത ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ റൂർക്കല എം.ജി.എം. സ്ക്കൂൾ പ്രിൻസിപ്പാൾ എം.ജി. ഷിബു സ്വാഗതം ആശംസിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. എം.ജെ. മാത്യൂസ്, ഭിലായ് സെന്റ് തോമസ് മിഷൻ സെക്രട്ടറിയും, ഭദ്രാസന എഡ്യുക്കേഷൻ മിഷൻ ഓഫിസറുമായ ഫാ. ജോഷി വർഗ്ഗീസ്, സെന്റ് തോമസ് മിഷൻ ട്രഷറാർ ഫാ. അജു കെ. വർഗ്ഗീസ്, റൂർക്കല എം.ജി.എം. സ്ക്കൂൾ വൈസ്-പ്രസിഡണ്ട് ഫാ. ജോൺ ജേക്കബ്, ഫാ. ബിജു ഡാനിയേൽ, കെ. ജോയ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
എം.ജി.എം. സ്ക്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഒഡിഷയുടെ സാംസ്ക്കാരിക പാരമ്പര്യവും പൈതൃകവും വിളിച്ചോതുന്ന നൃത്തങ്ങൾ ഉൾപ്പെടെ നിരവധി കലാപരിപാടികൾ വേദിയിൽ അരങ്ങേറി. കേരള കലാമണ്ഡലം കലാകാരന്മാർ ഉൾപ്പെടെയുള്ളവർ അവതരിപ്പിച്ച പുരാണ നൃത്ത-നാടകവും, നാട്യ-സംഗീത സമന്വയങ്ങളുമായി 400-ഓളം വിദ്യാർത്ഥികൾ അണിനിരന്ന ‘റെയിൻബോ’ എന്നിവ കാണികളുടെ ശ്രദ്ധയാകർഷിച്ചു. ഭോപ്പാൽ, ബൊക്കാറോ, ഭിലാസ്പുർ, കൊർബ, റായ്പുർ, ഭിലായ്, റൂർക്കല എന്നിവിടങ്ങളിൽ നിന്നുള്ള എം.ജി.എം. സ്ക്കൂളുകളിൽ നിന്നായി 150-ഓളം വിദ്യർത്ഥികൾ വിവിധ കായിക ഇനങ്ങളിൽ പങ്കെടുത്തു. മത്സരങ്ങൾക്ക് മുന്നോടിയായി ഡോ. മാർ ദിവന്ന്യാസിയോസ് മെത്രാപോലീത്ത പതാക ഉയർത്തി.
ആൺകുട്ടികളുടെ വിഭാഗത്തിൽ മികച്ച അത്‌ലറ്റായി കൊർബ സ്ക്കൂളിലെ അനുരാഗ് ത്രിവേദി, റൂർക്കല സ്ക്കൂളിലെ രാം ദറാഷ് പ്രസാദ്, പെൺകുട്ടികളുടെ വിഭാഗത്തിൽ മികച്ച അത്‌ലറ്റായി റൂർക്കല സ്ക്കൂളിലെ ബബിത റ്റിർക്കി എന്നിവർ കരസ്ഥമാക്കി. ആതിഥേയരായ എം.ജി.എം. റൂർക്കല സ്ക്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. വിജയികൾക്കുള്ള ട്രോഫികൾ ഫാ. ജോഷി വർഗ്ഗീസ് വിതരണം ചെയ്തു.