കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ കാവൽ പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ 113-ാമത് ഓർമ്മപ്പെരുന്നാൾ 2015 നവംബർ 5, 6 തീയതികളിൽ കുവൈറ്റ് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ വെച്ച് ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു. പ്രവാസികളുടെ ഇടയനും മലങ്കര ഓർത്തഡോക്സ് സഭയുടെ കൽക്കത്ത ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപോലീത്തായുമായിരുന്ന ഭാഗ്യസ്മരണാർഹനായ ഡോ. സ്തേഫനോസ് മാർ തേവോദോസിയോസ് തിരുമേനിയുടെ 8-ാമത് ഓർമ്മപ്പെരുന്നാളും ഈ ദിവസങ്ങളിൽ കൊണ്ടാടുന്നു. പെരുന്നാൾ ചടങ്ങുകൾക്ക് കോട്ടയം പഴയ സെമിനാരി വാർഡനും അദ്ധ്യാപകനുമായ വെരി. റവ. ഡോ. യൂഹാനോൻ റമ്പാൻ മുഖ്യകാർമ്മികത്വം വഹിക്കും.
നവംബർ 5, വ്യാഴാഴ്ച വൈകിട്ട് 5.30-ന് എൻ.ഈ.സി.കെ. അങ്കണത്തിൽ ഭക്തിനിർഭരമായ റാസയും, സന്ധ്യനമസ്ക്കാരവും ഉണ്ടായിരിക്കും. 6-ാം തീയതി വെള്ളിയാഴ്ച രാവിലെ 8.15-ന് സമൂഹബലിയും തുടർന്ന് നേർച്ച വിതരണവും ഉണ്ടായിരിക്കും. ഇടവക വികാരി ഫാ. രാജു തോമസ്, സഹവികാരി ഫാ. റെജി സി. വർഗ്ഗീസ്, ട്രസ്റ്റി ജോൺ പി. ജോസഫ്, സെക്രട്ടറി ജോജി പി. ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതി, പെരുന്നാൾ വിജയത്തിനായുള്ള ക്രമീകരണങ്ങൾ നടത്തിവരുന്നു.