by കുര്യൻതോമസ്
ഓക് ലന്റ് ∙ നവംബർ 10 മുതൽ 14 വരെ ന്യൂസിലാന്റിൽ അപ്പോസ്തോലിക സന്ദർശനത്തിനെത്തുന്ന മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലൂസ് ദ്വിതീയനെ സ്വീകരിക്കാനുളള ഒരുക്കങ്ങൾ പൂർത്തീയാവുന്നു. ആദ്യമായാണ് പൗരസ്ത്യ കത്തോലിക്ക ന്യൂസിലാന്റ് സന്ദർശിക്കുന്നത്. ഓക് ലന്റ് കൂടാതെ ഹാമിൽട്ടൺ, വെല്ലിംഗ്ടൻ എന്നീ സ്ഥലങ്ങളും അദ്ദേഹം സന്ദർശിക്കുന്നുണ്ട്.
10 ന് ഓക് ലാന്റ് വിമാനത്താവളത്തിൽ എത്തിച്ചേരുന്ന പരി. പിതാവിനെ ചെന്നൈ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദീയസ് കോറോസ് മെത്രാപ്പോലീത്താ, ഓക് ലാന്റ് സെന്റ് ഡയണേഷ്യസ് പളളി വികാരി ഫാ. അനൂപ് ഈപ്പൻ, ഇടവക മാനേജിംഗ് കമ്മറ്റി അംഗങ്ങൾ, ഇടവകാംഗങ്ങൾ തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും. 11 ന് പരിശുദ്ധ പിതാവ്് വില്ലിംഗടണിലേയും 12 ന് ഹാമിൽട്ടണിലേയും വിശ്വാസികളെ സന്ദർശിച്ചശേഷം 12 ന് ഓക് ലണ്ടിൽ മടങ്ങിയെത്തും. ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്താ അദ്ദേഹത്തെ അനുഗ്രഹിക്കും.
നവംബർ 13 ന് വെളളിയാഴ്ച പരി. കതോലിക്കാ ബാവാ ഓക് ലാന്റ് സെന്റ് ഡയണേഷ്യസ് പളളിയിൽ വി. കുർബാന അർപ്പിക്കും. തുടർന്ന് പളളിവകയായി ദൈവമാതാവിന്റെ നാമത്തിൽ പണി പൂർത്തിയാക്കിയ കുരിശടിയുടെ കൂദാശ പരി. പിതാവ് നിർവ്വഹിക്കും. ഡോ. യൂഹാനോൻ മാർ ദീയസ് കോറോസ് മെത്രാപ്പോലീത്താ സഹകാർമ്മികത്വം വഹിക്കും. 14 ന് പരി. പിതാവ് ഓസ്ട്രേലിയായിലേക്കു യാത്ര തിരിക്കും.
അപ്പോസ്തോലിക സന്ദർശനത്തിനുളള ഒരുക്കങ്ങൾ പൂർത്തിയാകുന്നതായി ന്യൂസിലാണ്ടിലെ പ്രഥമ ഇന്ത്യൻ ഓർത്തഡോക്സ് പളളിയായ ഓക് ലാന്റ് സെന്റ് ഡയണേഷ്യസ് പളളി വികാരി ഫാ. അനൂപ് ഈപ്പൻ അറിയിച്ചു.