മതാന്തര സംവാദം കാലഘട്ടത്തിന്‍റെ ആവശ്യം: പ. കാതോലിക്കാ ബാവാ

bava_indore

ഇന്‍ഡോര്‍: പരസ്പരം മനസ്സിലാക്കാനുള്ള മടിയാണ് വിവിധ മതങ്ങളില്‍പ്പെട്ടവര്‍ തമ്മില്‍ അസഹിഷ്ണുത വളര്‍ത്താന്‍ ഇടയാക്കുന്നതെന്നും സൃഷ്ടിപരവും ക്രിയാത്മകവുമായ സംവാദം പ്രോല്‍സാഹിപ്പിക്കുകയാണ് മതസൗഹാര്‍ദവും മാനവക്ഷേമവും നേടാനുള്ള മാര്‍ഗമെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. മധ്യപ്രദേശ് സര്‍ക്കാരിന്‍റെയും സാന്‍ച്ചി സര്‍വകലാശാലയുടെയും ഇന്ത്യ ഫൗണ്ടേഷന്‍റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇന്‍ഡോര്‍ ബ്രില്യന്‍റ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടന്ന മൂന്നാമത് ഇന്‍റര്‍നാഷണല്‍ ഫിലോസഫി കോണ്‍ഫറന്‍സ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സ്പെഷല്‍ സെഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു പരിശദ്ധ കാതോലിക്കാ ബാവാ. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍റെ അധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, ഭൂട്ടാന്‍ വിദേശകാര്യമന്ത്രി എല്‍.ഡി. ഡോര്‍ജി, ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി എന്നിവര്‍ പ്രസംഗിച്ചു. കാഞ്ചി കാമകോടി പീഠാധിപതി സ്വാമി ജയേന്ദ്ര സരസ്വതി മഹാരാജ് അനുഗ്രഹ പ്രഭാഷണം നടത്തി. അഹമ്മദാബാദ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ പരിശുദ്ധ കാതോലിക്കാ ബാവായോടൊപ്പം ചടങ്ങില്‍ സംബന്ധിച്ചു.