സ്കൂളിൽ പോവാതെ സ്വന്തം വഴിയിലൂടെ അറിവു നേടി മിനോൺ

minon minon_1

 

 

ആലപ്പുഴ എടത്വാ വീയപുരം ഇടത്തിട്ടങ്കേരിലെ മിനോൺ

സ്കൂളിൽ പോവാതെ സ്വന്തം വഴിയിലൂടെ അറിവു നേടി മികച്ച ബാലനടനുളള ദേശീയ അവാർഡ് സ്വന്തമാക്കിയ മിനോണ്‍.ആലപ്പുഴ എടത്വാ വീയപുരം ഇടത്തിട്ടങ്കേരിലെ മിനോൺ എന്ന ഈ ചെറു കലാകാരൻ “

കഴിഞ്ഞ സിനിമയ്ക്കു കിട്ടിയ പണം എന്തു ചെയ്തു ? ചോദ്യം മലയാള സിനിമയിലെ തിരക്കുളള ബാലതാരം മിനോണിനോടാണ്.

‘പൗലോകൊയ്|ലൊയുടെ എല്ലാ പുസ്തകങ്ങളും വാങ്ങി. ‘പതിനെട്ടു പുരാണങ്ങൾ’ വാങ്ങണമെന്ന് കുറച്ചു കാലമായി വിചാരിക്കുന്നു. അതും നടന്നു. കുറച്ചു കാശ് ബാക്കിയുണ്ട്. അതിന് ഞങ്ങൾ കൂട്ടുകാരെല്ലാം കൂടി ഒരു യാത്ര പോകുന്നുണ്ട്…’ ഉത്തരം കേട്ട് ഞെട്ടേണ്ട .പറയുന്നത് മിനോണാണ്. സിദ്ധാർത്ഥ ശിവ സംവിധാനം ചെയ്ത നൂറ്റൊന്ന് ചോദ്യങ്ങൾ എന്ന സിനിമയിലൂടെ മികച്ച ബാലതാരത്തിനുളള ദേശീയ അവാർ‍ഡും സംസ്ഥാന അവാര്‍‍ഡും നേടിയ മിനോണ്‍. ഈ പതിനഞ്ചുകാരന്റെ കരിയർ ബുക്കിൽ സിനിമകളുടെ എണ്ണം പതിനഞ്ചു കഴിഞ്ഞു. മുന്നറിയിപ്പ്, എന്നും എപ്പോഴും, ബാക് ടു ലൈഫ് , ആക്ഷൻ ഹീറോ ബിജു അങ്ങനെയങ്ങനെ.

മിനോണിന്റെ ഉത്തരത്തിൽ തീരുന്നില്ല കൗതുകം ഒരു സ്കൂളിലും മിനോൺ പഠിച്ചിട്ടില്ല. അറിവ് തേടലിനു സ്വയം വഴിയുണ്ട്. അതുപോലെ തന്നെയാണ് പന്ത്രണ്ടുകാരി സഹോദരി മിന്റുവും. മിന്റുവിന്റെ പഠനവിഷയം കണക്കും സയൻസുമല്ല, ഭരതനാട്യം. വ്യത്യസ്ത ചിന്തയും ജീവിതവും പിന്തുടരുന്ന ആലപ്പുഴ എടത്വാ പാണ്ടങ്കരി ഇടത്തിടങ്കേരിൽ ജോൺ ബേബിയും മിനിയും മക്കളുടെ അറിവിനു സർട്ടിഫിക്കറ്റുകളുടെ പിൻബലം വേണ്ടെന്നു നേരത്തെ തീരുമാനിച്ചതാണ്. യുക്തിവാദിയായ ജോൺ ബേബിക്കു കേരളത്തിലെ ഒട്ടുമിക്ക പരമ്പരാഗത നെയ്ത്തു രീതികളും വശമുണ്ട്. മിനി ചിത്രകാരി. കലയുടെ അന്തരീക്ഷത്തിൽ ജീവിക്കുന്ന ഈ കുടുംബത്തിന്റെ കഥ ആറു വർഷം മുമ്പ് വന്നിരുന്നു. അന്ന് കാണുമ്പോൾ മിനോണിന്റെ കളിമൺ ശിൽപ ശേഖരവും കഥ കളി പെയിന്റിങ്ങുകളുമായിരുന്നു അദ്ഭുതം. മഹാഭാരതത്തിലെയും രാമായണത്തിലെയും ഭാഗങ്ങൾ ഈണത്തിൽ ചൊല്ലുന്ന പയ്യൻ നാട്ടിൽ അദ്ഭുതമായിരുന്നു. നിറങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞകാലം മുതലേ കഥകളിയെ സ്നേഹിച്ച ബാലൻ. പുരാണ കഥകൾ പലതും മിനോണ്‍ പഠിച്ചത് കഥകളിയിലൂടെ. വര്‍ഷങ്ങളുടെ വേഗത്തിനൊപ്പം മിനോണും വളർന്നു.

ഇന്ന് വിദ്യാഭ്യാസ മനഃശാസ്ത്രത്തെക്കുറിച്ച് ബിഎഡ് കോളജുകളിൽ പ്രഭാഷണം നടത്തുന്നു. ഭാഷയെയും മിത്തോളജിയെയും കുറിച്ചു യൂണിവേഴ്സിറ്റി ക്യാംപസുകളിൽ സെമിനാറുകൾ നയിക്കുന്നു. അതിരു കെട്ടാത്ത വഴിയിലൂടെ മിനോണ്‍ നടക്കുന്നു, മുന്നോട്ട് എല്ലാ മതവും അറിവിനെ പരിമിതപ്പെടുത്തുന്നുവെന്ന കാരണത്താൽ ഒരു മതത്തിലും വിശ്വസിക്കാതെ. സംഭാഷണത്തില്‍ ഇടയ്ക്കു വൈക്കം മുഹമ്മദ് ബഷീറും മാർക്ക് ട്വയിനും ഉറൂബും കടന്നു വരും. ഇടയ്ക്ക് മിഴിയടച്ച് ബാലചന്ദ്രൻ ചുളളിക്കാടിന്റെ പ്രിയ കവിതകൾ താനേ മൂളും.‍

വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളുടെ കാരിക്കേച്ചർ ചിത്രപ്രദർശനം നടത്തിയിട്ടുളള മിനോൺ കടുത്ത ബഷീർ സാഹിത്യ പ്രേമി. എൺപതോളം ചിത്രപ്രദർശനങ്ങളാണ് നടത്തിയിട്ടുളളത്. പുതിയ ഇഷ്ടം മ്യൂറല്‍ പെയിന്റിങ്ങാണ്. വിഷ്ണുവും ശിവനും ദേവിയുമെല്ലാം മിനോണിന്റെ വിരലുകളാൽ നൃത്തത്തിന്റെ ചിത്രരൂപങ്ങളാകുന്നു.

സിനിമയിൽ സജീവമായി തുടരുന്ന മിനോണിന്റെ വീട്ടിൽ ചെല്ലുമ്പോൾ എല്ലാം പഴയതുപോലെ തന്നെ. എങ്ങും താരത്തിന്റെ പകിട്ടില്ല. വീട്ടിനുളളിൽ അലമാരകളുടെ എണ്ണം കൂടിയെന്നു മാത്രം. എല്ലാറ്റിലും നിറയെ പുസ്തകങ്ങൾ. മുമ്പ് വന്നപ്പോള്‍ ചെറിയ ചെടികളായിരുന്നവ മുറ്റത്ത് നിറയെ കായ്കളും തണലുമായി നിൽക്കുന്നു.

‘സിനിമയിൽ വന്നില്ലേ, ഇനിയിപ്പോൾ വീട്’ ഒക്കെ ഒന്ന് മിനുക്കേണ്ടേ എന്ന് പലരും ചോദിച്ചു. പക്ഷേ, ഞങ്ങൾക്ക് അതൊരു വലിയ കാര്യമല്ല.

വായിക്കാനുളള പുസ്തകങ്ങൾ വാങ്ങുക. വായിക്കുക, യാത്രകൾ ചെയ്യുക. കലാപരിപാടികള്‍ ആസ്വദിക്കുക. അതിനൊക്കെയാണ് പ്രാധാന്യം. ഇപ്പോഴത്തെ ആവശ്യങ്ങൾക്ക് ഈ വീടു മതി. അച്ഛനും അമ്മയും ഒരിക്കലും ഒരു കാര്യവും പഠിക്കാൻ നിര്‍ബന്ധിച്ചിട്ടില്ല. ധാരാളം കഥ പറഞ്ഞു തരുമായിരുന്നു. എനിക്ക് കഥ കേള്‍ക്കാൻ വലിയ ഇഷ്ടമാണ്. അമ്മ ബാലര‌മ വായിച്ചു കേൾപ്പിക്കും. പക്ഷേ, ജോലിത്തിരക്കുളളപ്പോൾ ചിലപ്പോള്‍ പറ്റില്ല. അപ്പോൾ എനിക്ക് വായിക്കണമെങ്കിൽ ഞാൻ അക്ഷരം പഠിക്കണമെന്നായി. അങ്ങനെ അച്ഛനോടു ചോദിച്ച് അക്ഷരം പഠിക്കാൻ തുടങ്ങി. ഞാൻ എഴുതുന്നതു നോക്കിയിരുന്നാണ് മിന്റു എഴുത്ത് പഠിച്ചത്.

കുറേക്കാലം കവിതകൾ വായിച്ചു കഴിഞ്ഞപ്പോഴാണ് എഴുതണം എന്ന തോന്നൽ തുടങ്ങിയത്. എന്റെ മനസ്സിലെ ചിന്തകളാണ് എഴുതുന്നത്. അതിനെ കവിതയെന്നു വിളിക്കാമോ എന്നൊന്നും അറിയില്ല. എന്റെ ഫേസ്ബുക്കു പേജിൽ കവിതകള്‍ പോസ്റ്റ് ചെയ്യും.’ മിനോണിന്റെ വാക്കുകൾ തിടുക്കത്തിൽ പായുന്നു . കാട്ടരുവി പോലെ.

മമ്മൂട്ടിയും മോഹൻലാലും

‘ഞാനൊരു സിനിമയെടുക്കുന്നുണ്ട്. നിന്റെ സഹായവും വേണം.’ സംവിധായകൻ സിദ്ധാർത്ഥ് ശിവ സിനിമയിലേക്ക് വിളിച്ചത് അങ്ങനെയാണ്. സിദ്ധാർത്ഥ് ചേട്ടനെ എനിക്ക് നേരത്തെ അറിയാം. സിനിമയിൽ അഭിനയിക്കുന്നു എന്ന അമിതാവേശവും തോന്നിയില്ല. താരങ്ങളോടും അത്തരം ആരാധന തോന്നിയിട്ടില്ല. എനിക്ക് അഭിനയിക്കാൻ അറിയില്ല. പക്ഷേ, അഭിനയം പഠിക്കാത്ത ഒരാളെയായിരുന്നു ചേട്ടന് വേണ്ടിയിരുന്നത്. സ്കൂളില്‍ പോലും പഠിക്കാത്ത പയ്യനാണെന്നുളളത് എന്റെ ബോണസ് ഗുണം. ‘ഒരു ക്ലീൻ പേപ്പർ മതി എനിക്ക്.’ അങ്ങനെയാണ് സിദ്ധാർഥ് ചേട്ടൻ പറഞ്ഞത്.

‘എന്നും എപ്പോഴും’ എന്ന സിനിമയിൽ അഭിനയിച്ചപ്പോൾ ലാലേട്ട‌ൻ പറഞ്ഞു. ‘നീ പഠിച്ചതൊക്കെ ക്യാമറയ്ക്കു മുന്നിലെത്തുമ്പോൾ മറന്നേക്കു, ആ നിമിഷം മുതൽ തുടങ്ങിയാൽ മതി’ അതാണ് അദ്ദേഹത്തിന്റെ രീതി.

മമ്മൂക്ക വളരെ കെയറിങ് ആണ്. ഷോട്ടിനു മുമ്പ് അദ്ദേഹം വിശേഷങ്ങളൊക്കെ ചോദിച്ചു കൂളാക്കും. അത് ഒരു ട്രിക്കാണ്. നമ്മൾ ടെൻഷനടിക്കാനുളള സമയം തരാതെ നേരെ ഷോട്ടിലേക്കു കയറാം.

ആദ്യമൊക്കെ സിനിമ വരുമ്പോൾ ഞാൻ കഥാപാത്രങ്ങളെയാണ് ശ്രദ്ധിച്ചിരുന്നത്. ഇപ്പോൾ ആരാണ് സംവിധായകൻ ‌എന്നാണ് ശ്രദ്ധ. നല്ല സംവിധായകരുടെ കീഴില്‍ അ‌ഭിനയിച്ചാൽ അതിനൊപ്പം എനിക്ക് അവരുടെ സംവിധാന രീതികളെയും പഠിക്കാം. എന്നെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ട്.’ മിനോൺ.

ഈ സ്വപ്നത്തെ ഒരു പതിനഞ്ചുകാരന്റെ പകൽക്കിനാവായി തളളിക്കളയാൻ ആവില്ല. കാരണം ഈ മാന്ത്രിക പ്രതിഭ കടന്നു വന്നത് സ്വന്തം അറിവിന്റെ വഴിയിലൂടെയാണ്.

മിനോൺ

മിനോൺ – വിക്കിപീഡിയ