പൊതു സിവിൽ കോഡ്, നിലപാട് തീരുമാനിച്ചിട്ടില്ല: പ. കാതോലിക്കാ ബാവാ

bava

വിഷയത്തിൽ ഓർത്തഡോക്സ് സഭ ഇതേവരെ നിലപാട് ആലോചിച്ചിട്ടില്ലെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ വ്യക്തമാക്കി. ഈ വിഷയത്തിൽ പല മതങ്ങൾക്കും പല അഭിപ്രായങ്ങൾ ഉണ്ടാകാം. രാജ്യത്തെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും കോട്ടംതട്ടാത്തവിധമുള്ളതാകണം നിയമങ്ങൾ.
സർക്കാർ എന്തെങ്കിലും നിയമം കൊണ്ടുവരികയാണെങ്കിൽ എല്ലാവരും അത് അനുസരിക്കാൻ ബാധ്യസ്‌ഥരാകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സഭ രാഷ്‌ട്രീയത്തിൽ ഇടപെടാറില്ല. എല്ലാ പാർട്ടികളിലും സഭാംഗങ്ങളുണ്ട്. രാഷ്‌ട്രനിർമാണത്തിനും സമൂഹനന്മയ്‌ക്കും ആയിരിക്കണം രാഷ്‌ട്രീയം എന്നതാണു സഭയുടെ കാഴ്‌ചപ്പാട്. രാഷ്‌ട്രീയമായി ആരോടും വിരോധമോ അഭിനിവേശമോ ഇല്ല. നന്മ എവിടെ കണ്ടാലും അംഗീകരിക്കും. വർഗീയ ചിന്തകൾ രാഷ്‌ട്രത്തിനു ഗുണം ചെയ്യില്ല. വർഗീയതയ്ക്കെതിരായ ശബ്‌ദം അധികാരകേന്ദ്രങ്ങളിൽ എത്തിക്കാൻ സഭ ശ്രദ്ധിക്കാറുണ്ട്. എന്നാൽ പ്രത്യക്ഷ പ്രതിരോധത്തിനൊന്നും മുതിരാറില്ല.
ധൂർത്തിനെതിരെ സഭ ബോധവൽകരണം നടത്താറുണ്ട്. വ്യക്‌തിതലത്തിലാണു ധൂർത്ത് പ്രകടമാകുന്നത്. സഭാതലത്തിൽ അങ്ങനെയില്ല. സഭകൾ തമ്മിലുള്ള യോജിപ്പിന് ഒരിക്കലും തടസം നിന്നിട്ടില്ല. ജുഡീഷ്യറിയെ തള്ളിപ്പറയാത്ത നിലപാട് മറുപക്ഷത്തുനിന്നുമുണ്ടായാൽ യോജിപ്പ് സാധ്യമാകുമെന്നും കാതോലിക്കാ ബാവാ പറഞ്ഞു.
കൊൽക്കത്ത ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, സൺഡേ സ്‌കൂൾ ഡയറക്‌ടർ ജനറൽ ഫാ. റെജി മാത്യു, പരുമല കാൻസർ സെന്റർ സിഇഒ: ഫാ. എം.സി പൗലോസ്, സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് മഹാഇടവക വികാരി ഫാ. രാജു തോമസ്, സഹവികാരി ഫാ. റെജി സി വർഗീസ്, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ജെയ്‌സൺ വർഗീസ്, ഷാജി ഏബ്രഹാം, സൺഡേ സ്‌കൂൾ ഹെഡ്‌മാസ്‌റ്റർ കുര്യൻ വർഗീസ്, സൺഡേ സ്‌കൂൾ സുവർണ ജൂബിലി കമ്മിറ്റി ജനറൽ കൺവീനർ പി.സി. ജോർജ്, ഹാർവെസ്‌റ്റ് ഫെസ്‌റ്റ് ജനറൽ കൺവീനർ സാബു ടി ജോർജ്, ട്രസ്‌റ്റി ജോൺ ടി ജോസഫ്, സെക്രട്ടറി ജോജി പി ജോൺ, ജോണി കുന്നിൽ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.