പാർലമെന്റ് ഓഫ് വേൾഡ് റിലീജിയനിലെ മലയാളി സാന്നിധ്യമായി ഫാ. ഡോ. വർഗീസ് എം. ഡാനിയേൽ

 

പാർലമെന്റ് ഓഫ് വേൾഡ് റിലീജിയനിലെ മലയാളി സാന്നിധ്യമായി ഫാ. ഡോ. വർഗീസ് എം. ഡാനിയേൽ

by ജോർജ് തുമ്പയിൽ

fr_varghese-m-daniel

ന്യൂജഴ്സി ∙ മതസൗഹാർദ്ദവും ആധ്യാത്മിക നവീകരണവും മുഖമുദ്രയാക്കി പ്രവർത്തിക്കുന്ന പാർലമെന്റ് ഓഫ് വേൾഡ് റിലീജിയന്റെ ഈ വർഷത്തെ കൺവൻഷനിൽ മലയാളിയായ റവ. ഫാ. ഡോ. വർഗീസ് എം. ഡാനിയേൽ പങ്കെടുക്കുന്നു. ലോകത്തിലെ ഏറ്റവും വലുതും പ്രാചീനവുമായ കൺവൻഷനാണിത്. കൺവൻഷനിൽ പങ്കെടുക്കുന്ന ഏക മലയാളിയാണ് അച്ചൻ. ഇന്ത്യയിൽ നിന്നും വിരലിലെണ്ണാവുന്നവർക്ക് മാത്രമാണ് പാർലമെന്റിൽ ക്ഷണം ലഭിച്ചിട്ടുളളത്.

80 രാജ്യങ്ങളിൽ നിന്നും ഏഴായിരത്തോളം പ്രതിനിധികൾ പാർലമെന്റിൽ പങ്കെടുക്കും. യൂട്ടാ സംസ്ഥാനത്തെ സോൾട്ട് ലേക്ക് സിറ്റിയിലുളള സോൾട്ട് പാലസ് കൺവൻഷൻ സെന്ററിൽ 15 ന് ആരംഭിച്ച കൺവൻഷൻ 19 ന് അവസാനിക്കും. ആധ്യാത്മിക നവോത്ഥാനത്തിന്റെ സന്ദേശം ലോകമെങ്ങും പ്രചരിപ്പിക്കാൻ ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന പാർലമെന്റിൽ ഫാ. ഡോ. വർഗീസ് എം. ഡാനിയേൽ ഗവേഷണ പ്രബന്ധം അവതരിപ്പിക്കും. ലോക സമാധാനത്തിനുവേണ്ടി മതങ്ങൾ ശീലിപ്പിക്കേണ്ട വ്യത്യസ്ത സംവിധാനങ്ങൾ എന്ന വിഷയത്തിലാണ് അച്ചന്റെ പ്രബന്ധം.

ബുദ്ധ മതനേതാവ് ദലൈ ലാമ, സമാധാനത്തിനുളള നൊബൈൽ പ്രൈസ് നേടിയ മെയേർഡ് മഗ്യൂരി, ഡോ. കാരിൻ ആംസ്ട്രോങ്ങ് തുടങ്ങിയ ലോക മത നേതാക്കളും പാർലമെന്റിൽ പങ്കെടുക്കുന്നുണ്ട്.

ഫോർഡാം യൂണിവേഴ്സിറ്റി വിസിറ്റിങ് ഫെലോയും ന്യൂയോർക്ക് സെന്റ് വ്ലാഡിമർ ഓർത്തഡോക്സ് സെമിനാരി പ്രഫസറുമായ ഫാ. ഡോ. വർഗീസ് എം. ഡാനിയേൽ അറിയപ്പെടുന്ന പ്രാസംഗികനാണ്. യേൽ യൂണിവേഴ്സിറ്റിയിൽ നിന്ന് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പും ഓസ്ട്രേലിയായിൽ നിന്നും ഡോക്ടറേറ്റും ബൽജിയത്തിൽ നിന്ന് യൂറോപ്യൻ ഫെലോഷിപ്പോടെ ബയോ എത്തിക്സ് ബിരുദവും സെറാമ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി. ഡി. ബിരുദവും നേടിയിട്ടുളള ഫാ. വർഗീസ് എം. ഡാനിയൽ അച്ചൻ. മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന വൈദീക സംഘം സെക്രട്ടറിയും ന്യൂയോർക്ക് സെന്റ് ജോൺസ് ഇടവക വികാരിയുമാണ്. കോന്നി സ്വദേശി. മേലേചിറ്റേടത്ത് ബ്ലസ് കോട്ടേജിൽ പരേതനായ ഡി. വർഗീസിന്റെയും സാറാമ്മ വർഗീസിന്റെയും മകനാണ്. ആറാട്ടുപുഴ പ്ലാവില കണ്ടത്തിൽ കല്ലറയിൽ പി. റ്റി. കുറിയാക്കോസിന്റെ മകളും, ശാസ്ത്രജ്ഞയുമായ ഡോ. സ്മിതാ സൂസൻ വർഗീസാണ് ഭാര്യ. ആദർശ് പോൾ, ഏഞ്ചല സാറാ വർഗീസ് എന്നിവർ മക്കൾ. മെൽബണിൽ നടന്ന വേൾഡ് റിലീജിയനിൽ പങ്കെടുത്തിട്ടുണ്ട്.

വിശ്വസാഹോദര്യം ലക്ഷ്യമിട്ട് 1893 –ലാണ് ആദ്യത്തെ മത പാർലമെന്റിനു തുടക്കമാകുന്നത്. ഷിക്കാഗോയിലായിരുന്നു ആദ്യ സമ്മേളനം. തുടർന്ന് ഇവിടെ ആസ്ഥാനമായി. ഇതിൽ പങ്കെടുക്കാൻ സ്വാമിവിവേകാനന്ദൻ 1897– ൽ ഇന്ത്യയിൽ നിന്നുമെത്തിയിരുന്നു. വേദാന്തത്തെക്കുറിച്ചും യോഗയെക്കുറിച്ചും ഹൈന്ദവ തത്ത്വചിന്തയെക്കുറിച്ചും സ്വാമി വിവേകാനന്ദൻ നടത്തിയ വിശ്വവിഖ്യാത പ്രസംഗമാണ് പടിഞ്ഞാറൻ രാജ്യങ്ങൾക്ക് ഇന്ത്യ എന്ന മഹനീയ രാജ്യത്തെക്കുറിച്ചുളള അവബോധം സൃഷ്ടിച്ചെടുത്തത്. 1933–ൽ സർവ്വ ധർമ്മ സമ്മേളനം എന്ന പേരിൽ പാർലമെന്റ് ഇന്ത്യയിലും നടന്നിരുന്നു. 1999–ൽ എയിഡ്സിനെതിരേ സന്ധിയില്ല സമരം നയിക്കുക എന്ന ലക്ഷ്യം മുൻ നിർത്തി സമ്മേളനം ഇരുണ്ട ഭൂഖണ്ഡത്തിൽ നടത്തി. 80 രാജ്യങ്ങളിൽ നിന്നും ഏഴായിരത്തോളം വിശിഷ്ട വ്യക്തികൾ ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ എത്തി. വിഭിന്നമായ സാംസ്ക്കാരിക തനിമകളുടെ സമന്വയ സമ്മേളനമായി 2004–ൽ സ്പെയിനിലെ ബാഴ്സലോണയിൽ പാർലമെന്റ് നടന്നു. 2009 ൽ ഓസ്ട്രേലിയായിലെ മെൽബണിലേക്ക് പാർലമെന്റ് എത്തിയപ്പോൾ അത് ഭൗമ പരിസ്ഥിതി സംരക്ഷണത്തിന് ആധ്യാത്മിക പരിഹാരം എന്ന വിഷയമാണ് മുന്നോട്ടു വച്ചത്. 2014 ൽ ബൽജിയത്തിലെ ബ്രസ്സൽസിൽ കൂടാൻ തീരുമാനിച്ചുവെങ്കിലും യൂറോപ്യൻ യൂണിയന്റെ സാമ്പത്തിക പ്രതി സന്ധിയെത്തുടർന്ന് സമ്മേളനം മാറ്റി. തുടർന്നാണ് ഈ വർഷം ഷിക്കാഗോയിൽ ആസ്ഥാനത്ത് തന്നെ സമ്മേളനത്തിന് അരങ്ങൊരുക്കാൻ തീരുമാനിച്ചത്. ഇമാം അബ്ദുൾ മാലിക്ക് മുജാഹിദാണ് ഇപ്പോഴത്തെ ചെയർമാൻ. ഡോ. മേരി നെൽസൺ എക്സിക്യൂട്ടീവ് ഡയറക്ടറും. ഇന്ത്യക്കാരനായ ഡോ. അരുൺ മണിലാൽ ഗാന്ധി ബോർഡ് ഓഫ് ട്രസ്റ്റിയിൽ ഉണ്ട്.

പാർലമെന്റിൽ നടത്തപ്പെടുന്ന അവാർഡ് ഗാലെയിൽ തിരഞ്ഞെടുക്കപ്പെടുന്നവർ പാർലമെന്റ് ഓഫ് വേൾഡ് റിലീജിയന്റെ വക്താക്കളും പ്രയോക്താക്കളുമായി മാറും. ഏറെ സവിശേഷതകൾ നിറഞ്ഞ പാർലമെന്റിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ നിർവൃതിയിലാണ് ഫാ. ഡോ. വർഗീസ് എം. ഡാനിയേൽ.