കൂലിവേല ചെയ്ത് പതിമൂന്ന് പെൺകുട്ടികൾക്ക് അഭയമായി മാറിയ തൊടുപുഴ മേലുകാവ്മറ്റം സജിനിയുടെ ജീവിത കഥ. മഴ സജിനിക്ക് ഇഷ്ടമല്ല. പ്രത്യേകിച്ച് മുന്‍ൈവരാഗ്യമൊന്നും ഉണ്ടായിട്ടല്ല. മഴക്കാലത്താണ് പനി കൂടുതൽ വരുന്നത്. ഒരു കുട്ടിക്ക് പനി വന്നാൽ പിന്നെ, കൂടെയുളളവർക്കും വരില്ലേ? കൂടെയുളളവർ എന്ന് സജിനി പറയുമ്പോൾ അത് ഒന്നോ രണ്ടോ പേരല്ല. തൊടുപുഴ മേലുകാവ് മറ്റം സ്നേഹിഭവനിലെ സജിനിക്ക് പെൺമക്കൾ പതിമൂന്ന്. അച്ഛനും അമ്മയും ഉപേ ക്ഷിച്ചവർ. അച്ഛൻ ഉപേക്ഷിച്ചപ്പോൾ നോക്കാൻ നിവൃത്തിയില്ലാതായിപ്പോയ അമ്മമാരുടെ മക്കൾ.
കൂലിപ്പണിയെടുത്തു സ്വന്തം മക്കളെ വളർത്തി വലുതാക്കിയവരുടെ കഥകൾ കേട്ടിട്ടുണ്ട്. പക്ഷേ, റബർ വെട്ടിയും പാലെടുക്കാൻ പോയും അധ്വാനിച്ചാണ് സജിനിയും ഭർത്താവു മാത്യൂസും ഈ മക്കളെ പൊന്നു പോലെ വളർത്തുന്നത്, സ്വന്തം മക്കളായ അതുലിനും കൃപയ്ക്കും ഒപ്പം തന്നെ.
ഇടയ്ക്കൊക്കെ പലചരക്ക് കടക്കാരോട് കടം പറഞ്ഞു. നിവൃത്തിയില്ലാതെ വന്നപ്പോൾ നാട്ടുകാരും സുഹൃത്തുക്കളും നൽകുന്ന സംഭാവനകൾ സ്വീകരിച്ചു. മുണ്ടു മുറുക്കിയുടുത്ത് ജീവിച്ച് അവർ മക്കളെ പട്ടിണി അറിയിക്കാതെ വളർത്തി. എംജി യൂണി വേഴ്സിറ്റിയിലെ അധ്യാപകർ, തൊടുപുഴ മുട്ടം എൻജിനീയറിങ് കോളജിലെ അധ്യാപകരും വിദ്യാർഥികളും നാട്ടിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർ അങ്ങനെ ചെറിയ സഹായങ്ങൾ സ്വരുക്കൂട്ടി ഇവരിൽ മൂന്നു പെണ്‍മക്കളുടെ വിവാഹവും നടത്തി.
‘ആദ്യമൊക്കെ ആൺകുട്ടികളെയും സ്വീകരിക്കുമായിരുന്നു. പക്ഷേ, ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരു പോലെ നോക്കാനുളള സൗകര്യം ഇല്ലാത്തതുകൊണ്ട് പെൺമക്കളെ മാത്രമാക്കി.’ സ്നേഹിഭവൻ എന്ന പെണ്‍വീടിന്റെ ഉമ്മറത്തിരുന്ന് സജിനി ജീവിതം പറഞ്ഞു തുടങ്ങി.
പാത്രം കമിഴ്ത്തി പ്രതിഷേധം
‘ഇടുക്കി വാഴത്തോപ്പിലെ മണിയാറൻ കുടിയിലാണ് ഞാൻ ജനിച്ചു വളർന്നത്. അന്നൊക്കെ ഓരോ ആദിവാസിവിഭാഗക്കാർ ഓരോ പ്രദേശത്ത് ഒരുമിച്ചാണ് താമസിക്കുന്നത്. പത്താം ക്ലാസ് പാസായവർ തന്നെ ഒന്നോ രണ്ടോ പേർ മാത്രം. ഞാനൊക്കെ ഏഴാം ക്ലാസു മുതൽ കൂലിപ്പണിക്കു പോയി തുടങ്ങിയതാണ്. കുട്ടികളാണെന്നു കരുതി ജോലിക്കു കുറവൊന്നുമില്ല. കൂലിയില്‍ കുറവുണ്ട് താനും. ഭക്ഷണം തരുന്ന രീതിയോടാണ് എനിക്കു കൂടുതൽ വിയോജിപ്പു തോന്നിയത്. ജന്മിയുടെ വീട്ടിൽ ഒരു മരച്ചുവട്ടിലാണ് പണിക്കാര്‍ക്കു ഭക്ഷണം. നെല്ല് കറ്റ ചുമന്ന് അടുക്കി കഴിയുമ്പോള്‍ വിശന്നു കത്തും. പക്ഷേ, ഞങ്ങൾ ചെല്ലു മ്പോള്‍ കുറച്ചു ചക്കപ്പുഴുക്കും കഞ്ഞിവെളളത്തിൽ അൽപം വറ്റു മായിട്ടായിരിക്കും പാത്രം. എനിക്ക് ആ വിവേചനം തീരെ സഹിക്കാൻ കഴിഞ്ഞില്ല. ഒരു ദിവസം ഞാൻ പാത്രം അവരുടെ തിണ്ണയിൽ തന്നെ കമിഴ്ത്തിവച്ചിട്ട് ഇറങ്ങിപ്പോന്നു.
ജന്മിയുടെ വീട്ടുകാര്‍ എന്റെ വല്യപ്പച്ചനെ കണ്ടു. ‘മൂപ്പന്റെ കൊച്ചുമോൾ മഹാ അഹങ്കാരിയാണ് ’ എന്നൊക്കെ പറഞ്ഞു. വല്യപ്പച്ചന് അവരോടൊക്കെ വളരെ ബഹുമാനമാണ്. അദ്ദേഹം എന്നെ വഴക്കു പറഞ്ഞു. ഞങ്ങള്‍ കുടിവെളളം എടുക്കുന്നത് അവരുടെ ഓലിയിൽ നിന്നാണ്. പിന്നീട് അതിനു വിലക്ക് വന്നു. കുളിക്കടവിൽ മേൽജാതിക്കാർ പെണ്ണുങ്ങൾ കുളിക്കാൻ വരുമ്പോൾ ആദിവാസിക്കുട്ടികൾ അവിടെ ചെല്ലാൻ പാടില്ല. ഞാൻ വീട്ടിലെയും അയലത്തെയും കുട്ടികളെ കൂട്ടി അവർ കുളിക്കുന്ന സമയത്തിനു മുമ്പ് തോട്ടിലിറങ്ങി നിൽക്കും. ഞങ്ങളെ കണ്ടാൽ അവർ ഇറങ്ങില്ല തിരിച്ചു പോകും. അതിനപ്പുറത്ത് ആരെങ്കിലും പശുവിനെയും പട്ടിയെയും കുളിപ്പിച്ചാലും അവർക്ക് പരാതിയൊന്നുമില്ല. അപ്പോളെന്താണ് മനസ്സിലാക്കേണ്ടത്? സജിനി ക്ഷോഭത്തോടെ ചോദിക്കുന്നു.
ഇന്നിപ്പോള്‍ സ്ഥിതി ഒരു പാട് മാറുന്നുണ്ട്. വിദ്യാഭ്യാസമാണ് പുരോഗതിക്കുളള ഏറ്റവും നല്ലആയുധം. എനിക്ക് പ്രീഡിഗ്രി വരെയേ പഠിക്കാൻ കഴിഞ്ഞുളളൂ. ഇപ്പോൾ ഇവിടെ നിന്ന് ഡിഗ്രിയും ബിഫാമും ഒക്കെ പഠിക്കുന്ന കുട്ടികളുണ്ട്. എന്റെ മക്കളിൽ നിന്ന് ഡോക്ടർമാരും എൻജിനീയര്‍മാരും ഒക്കെ ഉണ്ടാകും.’ ഇതു പറഞ്ഞു സജിനി പ്രതീക്ഷയോടെ പുഞ്ചിരിക്കുന്നു.
കുട്ടികളെല്ലാം വൈകുന്നേരം സ്കൂൾ വിട്ടു വന്ന തിരക്കിലാണ് ഇപ്പോൾ സ്നേഹിഭവൻ. മേലുകാവ് സിഎംഎസ് സ്കൂളിലെ വിദ്യാർഥിനികളാണ് പത്താം ക്ലാസ് വരെയുളള എല്ലാവരും. ബാഗ് കൊണ്ട് അകത്തുവച്ച് കാലും മുഖവും കഴുകി കാപ്പി കുടിയും കഴിഞ്ഞ് കുട്ടികൾ സജിനിക്ക് അരികിലെത്തി. അന്നത്തെ വിശേഷങ്ങൾ പറയാൻ. ‘എല്ലാ ചുമതലകളും വീതിച്ചു നൽകിയിട്ടുണ്ട്. മുതിർന്ന കുട്ടികൾ അവരുടെ പഠനകാര്യം ശ്രദ്ധിക്കുന്നതിനൊപ്പം താഴെയുളള കുട്ടികളെ പഠിപ്പിക്കുകയും വേണം.’
കുട്ടികളുടെ പേരുകളും അവർ സ്നേഹിഭവനത്തിലെത്തിയത് എങ്ങനെയെന്നും ചോദിച്ചപ്പോൾ സജിനിയുടെ മറുപടി വ്യക്തമായിരുന്നു.‘‘നാളെ ഈ കുട്ടികൾ സമൂഹത്തിലേക്ക് നല്ല നിലയിൽ ഇറങ്ങിച്ചെല്ലേണ്ടവരാണ്. പറയാൻ നിറമുളള കഥകളൊന്നും ഇവരുടെ ജീവിതത്തിലില്ല.’ വിനയം തൊട്ട സ്വരത്തോടെ സജിനി പറയുന്നു.
‘ഞങ്ങൾ സെന്റർ ഫോർ ട്രൈബ്സ് ആന്‍ഡ് ദളിത് സ്റ്റഡി സെന്റർ തുടങ്ങിയിട്ട് വർഷം പതിനഞ്ച് പിന്നിടുന്നു. അങ്ങനെ മുന്‍കൂട്ടി നിശ്ചയിച്ചൊന്നും തുടങ്ങിയ സംഘടന അല്ല ഇത്. യാദൃച്ഛികമായി സംഭവിച്ചത് എന്ന് വേണമെങ്കിൽ കരുതാം.’
‘പ്രീഡിഗ്രിക്കു പഠിക്കാനാണു ഞാൻ വാഴത്തോപ്പിൽ നിന്ന് തൊടുപുഴയിൽ എത്തിയത്. സിഎസ് ഐ യൂത്തിന്റെ പ്രവർത്തകർ ചേർന്നുളള സെന്റ് ആൻസ് എന്ന സംഘടന ആദിവാസികൾക്കിടയിൽ ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. പഠനത്തിനു ശേഷം ഞാൻ അതിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി. മാത്യൂസ് ചിത്രകാരനാണ്. സെന്റ് ആൻസിന്റെ സജീവപ്രവർത്തകനും. സൗഹൃദം ഗാഢമായപ്പോൾ വിവാഹി തരാകാൻ തീരുമാനിച്ചു. എനിക്ക് പണ്ടും കൃഷി വളരെ ഇഷ്‍ടമാണ്. മാത്യൂസിനു വീട്ടിൽ നിന്ന് കിട്ടിയ ഓഹരി കൊണ്ട് ഹൈറേഞ്ചിൽ വാങ്ങുന്നതാണ് നല്ലതെന്ന് ഞങ്ങൾക്കു തോന്നി. കൂടുതൽ സ്ഥലം കിട്ടും.കൃഷി ചെയ്തു ജീവിക്കുകയും ചെയ്യാം.
സ്ഥലം വാങ്ങാന്‍ പോയ യാത്ര
സ്ഥലം വാങ്ങാൻ ഞങ്ങള്‍ തൊടുപുഴയില്‍ നിന്ന് ബസ് കയറി. ബസ്സിൽ കയറിയപ്പോൾ മുതൽ രണ്ടു കുട്ടികളും അമ്മയും ഇരുന്ന് കരയുന്നു. ചോദിച്ചപ്പോള്‍ കുളമാവിൽ നിന്നുളളവരാണ്. അമ്മയ്ക്ക് ഏകദേശം ഇരുപത്തിയാറു വയസ്സുണ്ടാകും. ഭർത്താവ് മറ്റൊരു സ്ത്രീയെയും കൊണ്ട് വീട്ടിൽ താമസമാക്കി. അവരുടെ കഥ കേട്ട് ഞാനും കരഞ്ഞുപോയി. കുഞ്ഞുങ്ങൾ നേരാം വണ്ണം ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി.
അവർക്കൊപ്പം ബസിൽ നിന്നിറങ്ങി ഭക്ഷണം വാങ്ങിക്കൊടുത്തു. അവളുടെ അമ്മ അടിമാലിയിൽ ഏതോ ഒരു വീട്ടിലുണ്ട് എന്നറിയാം. ഞങ്ങള്‍ അവരെയും കൊണ്ട് അടിമാലിയില്‍ ഇറങ്ങുമ്പോൾ നാട്ടുകാർ കൂടി. മുതിർന്നവർ പലരും ചോദിച്ചു. ‘മോളെ, ഇവരെ ഇവിടെ വിട്ടിട്ടു പോയാൽ രാത്രിയിൽ ഇവർ എവിടെ പോകാനാണ്? ഞങ്ങൾക്കു പിന്നെ, വേറൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. സ്ഥലം വാങ്ങൽ മാറ്റി വച്ചു. അവരെ ഏതെങ്കിലും ശരണ കേന്ദ്രത്തിൽ എത്തിക്കാനായിരുന്നു ശ്രമം. പക്ഷേ, ആദിവാസി ആയതുകൊണ്ട് നിയമത്തിന്റെ നൂലാമാലകൾ ഏറെ.
ഒടുവിൽ ഞങ്ങൾ പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ച് അവരെ സെന്റ് ആൻസിന്റെ ഓഫിസിലേക്കു കൊണ്ടു പോന്നു. അവൾക്കു വേണ്ടി കേസ് നടത്തി. അവളുടെ പേരിലുളള വീട്ടിൽ നിന്നാണ് അവളെ അടിച്ചിറക്കിയത്. കോടതി വിധിയുടെ കാരു ണ്യത്തിൽ അവൾക്കും മക്കൾക്കും വീട് തിരികെ കിട്ടി. ഇപ്പോൾ മൂത്തയാൾ പ്ലസ്ടുവിൽ പഠിക്കുന്നു. രണ്ടാമത്തെ കുട്ടി പത്താം ക്ലാസിൽ. അവരാണ് സ്നേഹിഭവന്‍ എന്ന ആശയത്തിനു ഞങ്ങളുടെ മനസ്സിൽ വിത്തിട്ടത്.
ശരണമില്ലാത്ത അമ്മമാരെയും കുട്ടികളെയും സഹായിക്കാൻ ഒരു സംഘടന വേണം അങ്ങനെയാണ് സെന്റർ ഫോർ ട്രൈബ്സ് ആൻഡ് ദളിത് സ്റ്റഡി സെന്റർ എന്ന സ്ഥാപനം രജിസ്റ്റർ ചെയ്യുന്നത്. ഞങ്ങളുടെ പ്രവര്‍ത്തനങ്ങൾക്കായി സെന്റ് ആൻസിന്റെ കെട്ടിടം വാടകയ്ക്കു കിട്ടിയതോടെ പ്രവർത്തനത്തിനു എളുപ്പത്തിൽ തുടക്കമായി. പത്രത്തിൽ വാർത്ത വന്നതോടെ അന്വേഷണങ്ങൾ ധാരാളം വന്നു. ഇത്രയും പേരെ പോറ്റാൻ എവിടെ നിന്ന് പണം കണ്ടെത്തു മെന്നതും പ്രശ്നമായി വന്നു. ആദ്യവർഷം തന്നെ പതിനൊന്ന് പേർ വന്നു. മാത്യൂസ് ചിത്രരചന നിർത്തി, ഞങ്ങൾ രണ്ടു പേരും കൂലിപ്പ ണിക്കു പോയിതുടങ്ങി. ഞങ്ങൾ പണിക്കു പോകുമ്പോൾ മുതിർന്ന കുട്ടികൾ ചെറുപ്രായക്കാരെ നോക്കും. എല്ലാവരും സ്കൂളിൽ പോകുന്നുണ്ട്.
സ്നേഹിഭവന്‍ ഇപ്പോൾ മറ്റൊരു സ്വപ്നത്തിന്റെ പണിപ്പുരയി ലാണ്. ഇപ്പോൾ നില്ക്കുന്ന വാടകക്കെട്ടിടത്തിനരുകില്‍ പതിനഞ്ചു സെന്റ് സ്ഥലത്ത് സ്നേഹിഭവനു പുതിയ കെട്ടിടം ഉയരുകയാണ്.
സ്വപ്നത്തിലെ വീട് ഉയരുമ്പോൾ
‘ഇത് പൂര്‍ത്തിയാകുമോ എന്നു ചോദിച്ചാൽ എനിക്കറിയില്ല. ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് എന്റെ ജീവിതത്തില്‍ സംഭവിക്കുന്നത്. എംജി യൂണിവേഴ്സിറ്റിയിലെ അധ്യാപകരാണ് വിസിറ്റിനെത്തിയ അമേരിക്കൻ പ്രഫസർ പൗളാ ക്ലോസൺബക്കിനെ പരിചയപ്പെടുത്തിയത്. അവർ ഇവിടെ വന്നു. ഞങ്ങളുടെ പ്രവർ ത്തനങ്ങളൊക്കെ കണ്ടു പോയി. കുറച്ചു വർഷങ്ങൾക്കു ശേഷം അവർ വിളിച്ചു. ‘സര്‍വീസിൽ നിന്നു വിരമിച്ചു. അപ്പോള്‍ കിട്ടിയ തിൽ നിന്നു കുറച്ചു പണം തരാം.’ കുട്ടികൾക്കെല്ലാവർക്കും സുഖമായി താമസിച്ചു കൊണ്ടു പഠിക്കാനുളള കെട്ടിടം പണിയ ണം. ഈ പണം കൊണ്ട് ആദ്യം സ്ഥലം വാങ്ങണം. ’പൗളാ നിർദേശിച്ചു.
അതനുസരിച്ച് പതിനഞ്ച് സെന്റ് സ്ഥലം വാങ്ങി. ‘സ്ഥലം വാങ്ങിയതിനു ശേഷം ഒന്നര ലക്ഷം ബാക്കിയുണ്ട്. എന്തു ചെയ്യണം’ എന്ന് അവരോട് ചോദിച്ചു. ‘ഒരു കാർ വാങ്ങ. കുട്ടികളെ സ്കൂളിൽ കൊണ്ടു വരാൻ അത് ഉപയോഗിക്കാമല്ലോ’ പൗളോ പറഞ്ഞു.
ആ പണവും ലോണും കൂടി ചേർത്ത് കാർ വാങ്ങി. അതൊരു നല്ല തീരുമാനമായിരുന്നു. കാരണം സ്കൂളിൽ പോയിവരുന്നതിനേക്കാൾ ബുദ്ധിമുട്ടിയിരുന്നത് കുട്ടികൾക്കു ഒരേ സമയത്ത് അസുഖം വരുമ്പോഴാണ്. വീട് പൂർത്തിയാക്കാൻ കഴിയുമോ എന്നെനിക്കറിയില്ല. സ്ഥലം വാങ്ങിക്കഴിഞ്ഞപ്പോള്‍ നാട്ടിലുളള ഒരാൾ പില്ലര്‍ വരെ എത്തിക്കാനുളള പണം തന്നു.
മതത്തിന്റെയോ ജാതിയുടെയോ ഭാഗമാകാൻ തയാറായാൽ കെട്ടിടം ഒരു മാസം കൊണ്ടു പൂർത്തിയാക്കുമെന്ന് അറിയാം. പക്ഷേ, എനിക്കത് വേണ്ട്. ഇവിടെ ഹിന്ദുക്കളും ക്രിസ്ത്യാനികളും എല്ലാമുണ്ട്. ഓരോരുത്തരും അവരുടെ വിശ്വാസമനുസരിച്ച് പ്രാർത്ഥിക്കുന്നു.
മകൻ അതുൽ മുതിർന്നപ്പോൾ ഞങ്ങൾ തൊട്ടടുത്ത് തന്നെ വേറൊരു വാടകവീട് എടുത്തു. അതുൽ ഒമ്പതാം ക്ലാസിലാണ്. മകൾ കൃപ, യു.കെ.ജിയിൽ. രണ്ടു കെട്ടിടങ്ങളുടെ വാടക, വീട്ടു ചെലവ് ഇതെല്ലാം ഓരോ മാസത്തെയും ടെൻഷനാണ്. ഒരുവഴിയും ഇല്ലാതിരിക്കുമ്പോഴായിരിക്കും ഏതെങ്കിലും സുഹൃത്ത് ഒരു ചാക്ക് അരി എത്തിച്ചു തരുന്നത്. ഇതുവരെ അങ്ങനെയാണ് കാര്യങ്ങൾ നടന്നിട്ടുളളത്. ഇതുവരെ നടത്തിയ ദൈവം ഇനി അങ്ങോട്ടും വഴിവിളക്കാകും.’ പ്രകാശം തിളങ്ങുന്ന പ്രതീക്ഷയോടെ സജിനി കാത്തിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ:
**Sajini Mathew, Snehibhavan
SBT Melukavumattom Branch
IFSC CODE-sbtr0000138
Account Number- 67008620101
Mobile- 9847 93 2799