കക്കെക്കക്കെ മുടിക, മുടികെമുടികെ കക്കുക – ഈ പഴഞ്ചാല്ല് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണന്നു തെളിയിക്കാന്‍ വേറെങ്ങും പോകേണ്ടതില്ല. നഷ്ടത്തില്‍നിന്നും നഷ്ടത്തിലേയ്ക്കു കൂപ്പുകുത്തുന്ന നമ്മുടെ സ്വന്തം കെഎസ്ആര്‍ടിസി ഓരോ നിമിഷവും ഈ പഴഞ്ചൊല്ലിനെ സ്വാര്‍ത്ഥകമാക്കിക്കൊണ്ടിരിക്കുകയാണ്.
ആനവണ്ടി എന്നു ജനം സ്നേഹപൂര്‍വം വിളിക്കുന്ന ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനെ രക്ഷിക്കാന്‍ കഴിഞ്ഞ ഏതാനും ദശവര്‍ഷങ്ങളില്‍ ഖജനാവിലെ എത്രകോടി രൂപയാണ് തുലച്ചത്. എന്നിട്ടു രക്ഷപെട്ടോ? തിരക്കുള്ള റൂട്ടുകള്‍ എല്ലാം ദേശസാല്‍ക്കരിച്ചു ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനു ചാര്‍ത്തിക്കൊടുത്തു. എന്നിട്ടു രക്ഷപെട്ടോ? ജനം വഴിയാധാരമായി എന്നതൊഴികെ ഒന്നും നടന്നില്ല. തുടര്‍ച്ചയായി ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചത് ആനവണ്ടിക്കാണെന്നതു പരസ്യമാണ്. എന്നിട്ടെന്തായി? പെന്‍ഷന്‍ കൊടുക്കാനാണെന്നും മറ്റും പറഞ്ഞ് സര്‍ച്ചാര്‍ജ്ജും യാത്രക്കാരന്റെ തലയില്‍ അടിച്ചേല്‍പ്പിച്ചു. അതിന്റെ തലവിധിയും തഥവൈ.
ഇപ്പോള്‍ കേരളത്തിലെ ജനങ്ങളെ മുഴുവന്‍ വെല്ലുവിളിച്ചുകൊണ്ട് സ്വകാര്യ ബസുകളെ നിരത്തില്‍നിന്നും ഒഴിവാക്കാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞു. ആദ്യഘട്ടമായി ദീര്‍ഘദൂര സ്വകാര്യ സര്‍വീസുകളുടെ പെര്‍മിറ്റ് പുതുക്കാതെ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന് നല്‍കി. രണ്ടാം ഘട്ടമായി കേരളത്തിലെ ഒരു സ്വകാര്യ പെര്‍മിറ്റുകളും പുതുക്കി നല്‍കേണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനം. അതായത് ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളനിരത്തുകളില്‍ ആനവണ്ടി മാത്രമാകും! സമത്വസുന്ദര കേരളഭൂമി നിലവില്‍ വരും.
ഒറ്റവാക്കില്‍
പറഞ്ഞാല്‍ ഈ തീരുമാനം കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അതിലേയ്ക്കു കടക്കുംമുമ്പ് ഗതാഗത വകുപ്പിന്റെയും വകുപ്പുമന്ത്രിയുടേയും പണി എന്താണെന്നുള്ളതിന് വ്യക്തമായ നിര്‍വചനം വേണം. ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനെ ഉദ്ധരിക്കുക, ബസ്ചാര്‍ജ്ജ്, ഓട്ടോ ചാര്‍ജ്ജ് മുതലായവ കാലാകാലങ്ങളില്‍ കൂട്ടുക എന്നിവയാണ് ഗതാഗതമന്ത്രിയുടെ ജോലി എന്നാണ് ജനം ധരിച്ചുവച്ചിരിക്കുന്നത്. ആ ധാരണ തിരുത്തുവാന്‍ തക്ക യാതൊരു പ്രവര്‍ത്തനവും, ദോഷം പറയരുതല്ലോ പാര്‍ട്ടിഭദമെന്യേ ഒരൊറ്റ ഗതാഗതമന്ത്രിയില്‍ നിന്നും ഉണ്ടായിട്ടില്ല.
എന്നാല്‍ ഗതാഗതമന്ത്രിയുടെ ജോലി ഇതല്ല. ജനങ്ങള്‍ക്ക് സുരക്ഷിതവും സൌകര്യപ്രദവും ചെലവുകുറഞ്ഞതുമായ യാത്രാ സൌകര്യം ഉറപ്പാക്കുക എന്നതാണ് യഥാര്‍ത്ഥ കര്‍മ്മം. ഈ ലക്ഷ്യപ്രാപ്തിക്ക് പുതിയ കുത്തകവല്‍ക്കരണം ഉപകരിക്കുമോ എന്ന ചോദ്യത്തിന് ഒറ്റവാക്കില്‍ ഉത്തരം ഇല്ല എന്നു തന്നെയാണ്. ഇതു മനസിലാക്കാന്‍ കേരളത്തിലെ പൊതുഗതാഗതത്തിന്റെ തല്‍സ്ഥിതി പരിശോധിക്കണം.
ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന് 6,100റോളം ബസുകള്‍ ഉണ്ടെന്നും 5,598 സര്‍വീസുകള്‍ നടത്തുന്നു എന്നാണ് കണക്ക്. ബാക്കി 500റോളം ബസുകള്‍ മിച്ചമാണ് എന്നാരും ധരിക്കരുത്. അവ കട്ടപ്പുറം സര്‍വീസിലുള്ളതാണ്. സ്വകാര്യ മേഖലയില്‍ 16,000ത്തിലധികം ബസുകളും അത്രയും സര്‍വീസുകളുമുണ്ട്. ഇവയാണ് ഘട്ടംഘട്ടമായി നിര്‍ത്തല്‍ ചെയ്ത് പകരം ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനെ ഏല്പ്പിക്കാന്‍ പോകുന്നത്!
ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ഒരു വര്‍ഷം നിരത്തിലിറക്കുന്നത് ശരാശരി 1,000 പുതിയ ബസുകളാണ്. ആ മാനദണ്ഡത്തില്‍ വാങ്ങിയാല്‍ പതിനഞ്ച് വര്‍ഷം കൊണ്ടുമാത്രമാണ് സ്വകാര്യ ബസുകള്‍ക്കു പകരം ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകള്‍ നിരത്തിലിറക്കാന്‍ സാധിക്കുന്നത്! പ്രായോഗികമായി അതും അസാദ്ധ്യമാണ്. കാരണം പതിനഞ്ചാം വര്‍ഷം ബസുകള്‍ ഡിലൈസന്‍സ് ചെയ്യും. അതായത്, കണ്ടം ചെയ്യുന്നതിനു പകരമുള്ള ബസുകള്‍മാത്രമാണ് കെഎസ്ആര്‍ടിസി പ്രതിവര്‍ഷം നിരത്തിലിറക്കുന്നത്. അവയുപയോഗിച്ച് 16,000 സ്വകാര്യ ബസ്റൂട്ടുകള്‍ നിറയ്ക്കണമെങ്കില്‍ അഞ്ചപ്പംകൊണ്ട് അയ്യായിരത്തെ പോഷിപ്പിച്ച ആ ദൈവീക ശക്തിതന്നെ വേണ്ടിവരും.
ഒരു പുതിയ ബസ് നിരത്തിലിറക്കാന്‍ 25-30 ലക്ഷം വേണം എന്നാണ് സ്വകാര്യ ബസ് മുതലാളിമാരുടെ കണക്ക്. ചേയ്സ് വാങ്ങല്‍, ബോഡികെട്ടല്‍ മുതലായവയിലെ വെട്ടുമേനി അടക്കം ആനവണ്ടിയുടെ ചെലവും അതില്‍ കുറയാനിടയില്ല. ചുരുക്കത്തില്‍ സ്വകാര്യ മേഖലയെ കെട്ടുകെട്ടിക്കാന്‍ കുറഞ്ഞത് നാലായിരം കോടി രൂപാ ഉണ്ടാക്കണം! (25,00,000 ന്‍ 16,000). ഡീസലടിക്കാനും, നിത്യച്ചെലവു നടത്താനും, ശമ്പളവും പെന്‍ഷന്‍ നല്‍കാനും കീശയില്‍ പണമില്ലാത്ത കെഎസ്ആര്‍ടിസിയ്ക്ക് ഇതു സാധ്യമല്ലെന്ന് പകല്‍പോലെ വ്യക്തം. ലോകത്തെ ഒരു മണ്ടന്‍ ബാങ്കും പത്തു പൈസ കെഎസ്ആര്‍ടിസിയ്ക്കു കടം കൊടുക്കില്ല. അത്ര മികച്ചതാണ് അവരുടെ ക്രെഡിറ്റ് റേറ്റിങ്. പിന്നീടുള്ള ഏക (ലളിത) മാര്‍ഗ്ഗം ഖജാവിലെ നികുതിപ്പണത്തില്‍ കൈയ്യിട്ടു വാരുക എന്നതാണ്. അവിടെയും കയ്യിട്ടു വാരുന്നത് പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയില്‍. ആര്‍ക്കുവേണ്ടി?
സ്വകാര്യ മേഖലയിലെ 16,000 ബസുകളിലായി 45,000ല്‍ അധികം തൊഴിലാളികള്‍ പണിയെടുക്കുന്നതാണ് കണക്ക്. അതില്‍ പലതിലും ഒരു തൊഴിലാളി ബസ് മുതലാളി തന്നെയാണെന്ന വസ്തുത തല്‍ക്കാലം മറക്കാം. കെഎസ്ആര്‍ടിസിയുടെ 6,000 ബസുകള്‍ക്കും കുറഞ്ഞത് മുകളില്‍ പറഞ്ഞ സ്വകാര്യ മേഖലയിലുള്ളത്ര തന്നെ തൊഴിലാളികള്‍ ഉണ്ട്. അവരുടെ സംഘടിത ശക്തിയ്ക്കു വഴങ്ങിയാണ് യാത്രക്കാരെ വഴിയാധാരമാക്കാനുള്ള ഈ നടപടിയുമായി മുമ്പോട്ടു പോകുന്നതെന്ന ആരോപണവും ഉണ്ട്. ഈ ആരോപണം ശരിയാണെങ്കില്‍ സര്‍ക്കാര്‍തന്നെ നോക്കുകൂലി വാങ്ങുന്ന ക്രിമിനല്‍ നടപടിയാണ് റൂട്ട് ദേശസാല്‍ക്കരണം.
ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്റുകളിലെ യൂണിയന്‍ പോസ്റ്ററുകള്‍ വിശ്വസിക്കാമെങ്കില്‍ ഇപ്പോള്‍ത്തന്നെ കോര്‍പ്പറേഷന്‍ കടുത്ത തൊഴിലാളി ക്ഷാമത്തിലാണ്! അതായത് പിടിച്ചെടുക്കുന്ന റൂട്ടുകള്‍ ഓപ്പറേറ്റ് ചെയ്യാന്‍ പുതിയ ജീവനക്കാരെ നിയമിക്കണം. അവരെ തീറ്റിപ്പോറ്റാനും പണം കണ്ടെത്തേണ്ടത് ഖജനാവില്‍ നിന്ന്.
പൊതുജനത്തോട് യാതൊരു ഉത്തരവാദിത്വമില്ലാത്ത ഒരു വിഭാഗമാണ് ട്രാന്‍സ്പോര്‍ട്ട് ജീവനക്കാര്‍. സ്റ്റാന്റുകളിലെ വൃത്തിഹീനമായ ഭക്ഷണശാലകള്‍ക്കു പകരം സഹകരണ മേഖലയിലുള്ള പ്രശസ്തമായ ഇന്ത്യന്‍ കോഫീ ഹൌസ് കാന്റീനുകള്‍ ഏല്പിക്കാനുള്ള സര്‍ക്കാര്‍ നടപടിയെ ഇവര്‍ സംഘടിതമായി എതിര്‍ക്കുന്നു. കാരണം, ഓസും പാസും നല്‍കാന്‍ ഇന്ത്യന്‍ കോഫീ ഹൌസ് വിസമ്മതിക്കുന്നു! പരോക്ഷമായി ഇവര്‍ നിയന്ത്രിക്കുന്ന കെഎസ്ആര്‍ടിസിയ്ക്ക് യാത്രക്കാരോട് യാതൊരു പ്രതിബന്ധതയുമില്ലെന്ന് മുമ്പുതന്നെ തെളിയിച്ചതാണ്. റൂട്ട് ദേശസാല്‍ക്കരണത്തിനെതിരെ ഒരുകൂട്ടം യാത്രക്കാര്‍ കൊടുത്ത കേസില്‍ അന്ന് 4,000 ബസുകള്‍ കൊണ്ട് 15,000+4,000 ബസ് റൂട്ടുകള്‍ (പിടിച്ചെടുക്കുന്നതും തനതുവകയും) എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ചോദ്യത്തിന്, കേരളത്തിലെ ജനങ്ങള്‍ക്ക് 4,000 ബസ് മതി എന്ന ധിക്കാരപരമായ മറുപടി കോടതിയില്‍ ഫയല്‍ ചെയ്യാന്‍ പോയ വീരന്മാരാണ് കെഎസ്ആര്‍ടിസി മറ്റൊരവസരത്തില്‍ സ്വകാര്യ ബസുകള്‍ പാട്ടത്തിനെടുത്ത് ഓടിക്കണമെന്ന് വിചിത്രമായ നിര്‍ദ്ദേശമാണ് മുമ്പോട്ട് വച്ചത്. ഡീസലടിച്ചതിന്റെ കാശ് സമയത്തിന് കൊടുക്കാത്ത മഹാന്മാരാണ് ഇനി സമയത്ത് പാട്ടം കൊടുക്കാന്‍ പോകുന്നത്.
ഇവിടെ ചില വസ്തുതകള്‍ ചൂണ്ടിക്കാണിക്കട്ടെ
1. ബസ് ചാര്‍ജ്ജ് നിര്‍ണ്ണയിക്കുന്നത് സര്‍ക്കാരാണ്.
2. പെര്‍മിറ്റ് കൊടുക്കുന്നതും സര്‍ക്കാരാണ്.
3. ബസുകളുടെ മാദണ്ഡം നിശ്ചയിക്കുന്നതും അതു കാലാകാലങ്ങളില്‍ പരിശോധിക്കുന്നതും സര്‍ക്കാരാണ്.
4. നികുതി നിശ്ചയിക്കുന്നതും അതു നിര്‍ദ്ദാക്ഷിണ്യം പിരിച്ചെടുക്കുന്നതും സര്‍ക്കാരാണ്.
5. സ്വകാര്യ ബസുകള്‍ നിരത്തിലിറക്കാനും ഓപ്പറേറ്റ് ചെയ്യാനും സര്‍ക്കാരിന് യാതൊരു ചെലവുമില്ല.
പിന്നെന്തുകൊണ്ട് സ്വകാര്യ മേഖലയെ ഈ വ്യവസായത്തില്‍ നിന്ന് ഒഴിവാക്കുന്നു എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു. ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികളുടെ സംഘടിത ഗുണ്ടായിസത്തെ നേരിടുവാന്‍ സര്‍ക്കാരിന് ധൈര്യമില്ല. ഇതോടൊപ്പം മറ്റൊരു തത്വശാസ്ത്ര പ്രശ്നമുണ്ട്. കേരളത്തില്‍ ഇടതുവലത് ഭേദമില്ലാതെ ഇന്നും വച്ചു പുലര്‍ത്തുന്ന ദേശസാല്‍ക്കരണം, നിരോധം ഇവയാണ് വികസനമന്ത്രം എന്ന മിഥ്യാധാരണ. ചൈന പോലും ദേശസാല്‍ക്കരണം ചുരുട്ടിക്കൂട്ടി ചവറ്റുകൊട്ടയിലിട്ടിട്ടു വര്‍ഷങ്ങളായി. അവിടെ ഇപ്പോള്‍ സ്വകാര്യമേഖലയെ ചുവപ്പു പരവതാനി വിരിച്ചു സ്വാഗതം ചെയ്യുകയാണ്. ചൈനയില്‍ മഴപെയ്താല്‍ കുടപിടിക്കുന്ന കേരളത്തില്‍ സ്വകാര്യമേഖലയില്‍ ഭംഗിയായി നടക്കുന്ന ഒരു വ്യവസായത്തെ ഇല്ലായ്മ ചെയ്യുന്നു! തൊഴില്‍ സുരക്ഷയുള്ള 45,000 ജീവനക്കാര്‍ക്ക് കൂടുതല്‍ സുഖസൌകര്യങ്ങള്‍ ഒരുക്കാന്‍! അതിന് അരലക്ഷം തൊഴിലാളികളേയും ആയിരക്കണക്കിനു തൊഴിലുടമകളേയും വഴിയാധാരമാക്കുക. അതിക്കോള്‍ ഉപരി, കേരളത്തിലെ മൂന്നേകാല്‍ കോടിയിലധികം വരുന്ന ജനങ്ങളെ വിഡ്ഢികളാക്കുക.
ഇവിടെയാണ് ഗതാഗത മന്ത്രിയും സര്‍ക്കാരും തങ്ങളുടെ പ്രതിബന്ധത വ്യക്തമാക്കേത്. സര്‍ക്കാരിന്റെ പ്രതിബന്ധത കേരളത്തിലെ മൂന്നേകാല്‍ കോടി ജനങ്ങളോടോ അതോ കേവലം അരലക്ഷം കടക്കാത്ത കെഎസ്ആര്‍ടിസി തൊഴിലാളികളോടോ? ഒന്നാമത്തേതാണെങ്കില്‍ സ്വകാര്യ ബസുകളുടെ നിരോധന നീക്കം ഉടന്‍ അവസാനിപ്പിക്കുക. അവസാനിപ്പിക്കുക മാത്രമല്ല, ഇതുവരെ നടത്തിയ സര്‍വ റൂട്ട് ദേശസാല്‍ക്കരണങ്ങളും പിന്‍വലിക്കുക. ഇനിയാര്‍ക്കും അപ്പണി ചെയ്യാനാവാത്തതുപോലെ നിയമവും നിര്‍മ്മിക്കുക.
മറിച്ച്, കുത്തകവല്‍ക്കരണവുമായി മുമ്പോട്ടു പോകാനാണ് തീരുമാനമെങ്കില്‍ അത് കേരളത്തിലെ മൂന്നേകാല്‍ കോടി ജനങ്ങളുടെ സഞ്ചാരസ്വാതന്ത്യ്രം തടയുന്ന നടപടിയാണ്. സഞ്ചാരസ്വാതന്ത്യ്രം മൌലികാവകാശമാണ്. മൌലികാവകാശ നിഷേധം ഭരണഘടനാ വിരുദ്ധവും അതുവഴി സത്യപ്രതിജ്ഞാ ലംഘനവും.
ഈ മൌലികാവകാശ ലംഘത്തിതിരെ ജനം ശക്തമായി പ്രതികരിക്കണം. ഇതവസാനത്തെ ചാന്‍സാണ്. ഈ നടപടിയുമായി മുമ്പോട്ടുപോയാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകം സ്പേസ് ഷട്ടലില്‍ യാത്രചെയ്യുമ്പോള്‍ കേരളം പിന്നോട്ടടിച്ച് കാളവണ്ടിയുഗത്തില്‍ തിരിച്ചത്തുെം. പണമുള്ളവന് സ്വന്തംവാഹനത്തെ ആശ്രയിക്കാം. വാഹനത്തിരക്ക്, മലിനീകരണം തുടങ്ങിയവ വര്‍ദ്ധിക്കുമെന്നു മാത്രം. പാവപ്പട്ടവനോ? സമാന്തര സര്‍വീസ് തന്നെ ശരണം.
ലോകം തഴഞ്ഞ നിരോധനം, ദേശസാല്‍ക്കരണം മുതലായ വരട്ടു തത്വശാസ്ത്രങ്ങളില്‍ കെട്ടിപ്പിടിക്കാതെ സര്‍ക്കാര്‍ ജനകീയ പ്രതിബദ്ധതയും വികസന അജണ്ടയും കാണിക്കേണ്ടത് ഇപ്പോഴാണ്. അതിനു തയാറുണ്ടോ?