നന്മ ചെയ്യുന്ന നിരീശ്വരവാദികളേയും ദൈവം രക്ഷിക്കുമെന്ന് മാര്‍പാപ്പ

pope-francis

നല്ലതു മാത്രം ചെയ്യുന്ന നിരീശ്വരവാദികളേയും യേശു രക്ഷിക്കുമെന്ന് മാര്‍പാപ്പ പോപ്പ് ഫ്രാന്‍സിസ്. വ്യത്യസ്ഥവിശ്വാസങ്ങളുള്ളവരും പൊതുലക്ഷ്യത്തിനായി ഒത്തു ചേരണമെന്നും പോപ്പ് ഫ്രാന്‍സിസ് പ്രസംഗത്തിനിടെ ഓര്‍മ്മിപ്പിച്ചു.

വത്തിക്കാനിലെ തന്റെ ഔദ്യോഗിക വസതിയില്‍ പതിവ് പ്രഭാത പ്രാര്‍ഥനക്കിടെ നടത്തിയ പ്രസംഗത്തിലാണ് മാര്‍പ്പാപ്പ ഇങ്ങനെ അഭിപ്രായപ്പെട്ടത്. 120 കോടി റോമന്‍ കത്തോലിക്കരുടെ ആത്മീയ നേതാവാണ് മാര്‍പാപ്പ.

നല്ല കാര്യങ്ങള്‍ ചെയ്യാന്‍ എല്ലാവര്‍ക്കും ചുമതലയുണ്ട്. നന്മ ചെയ്യുന്നതിന് വിശ്വാസപ്രമാണങ്ങള്‍ തടസമല്ല. വിശ്വാസികളായാലും അവിശ്വാസികളായാലും നന്മ ചെയ്യുന്നവര്‍ക്ക് ഒരു പൊതു ലക്ഷ്യത്തിനായി യോജിച്ചു പോകാനാകുമെന്നും മാര്‍പാപ്പ പറഞ്ഞതായി വത്തിക്കാന്‍ റേഡിയോ റിപ്പോര്‍ട്ടു ചെയ്തു. കത്തോലിക്കരല്ലാത്ത ക്രൈസ്തവ വിശ്വാസികള്‍ രണ്ടാം നിരക്കാരല്ലെന്നും മാര്‍പ്പാപ്പ പറഞ്ഞു.

Source

അരിവാള്‍ ചുറ്റികയില്‍ ക്രൂശിത രൂപം പോപ്പിന് സമ്മാനിച്ച് ബൊളീവിയന്‍ പ്രസിഡന്റ്

pope_cross

തെക്കേ അമേരിക്കന്‍ രാജ്യമായ ബൊളീവീയയില്‍ സന്ദര്‍ശനം നടത്തുന്ന പോപ്പ് ഫ്രാന്‍സിസിന് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നല്‍കിയ ഉപഹാരം ഏറെ വ്യത്യസ്തമായിരുന്നു. തടിയില്‍ തീര്‍ത്ത അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ ക്രൂശിതനായ യേശുക്രിസ്തുവിനെ ആലേഖനം ചെയ്ത ശില്‍പം നല്‍കിയാണ് പോപ്പിനെ സര്‍ക്കാര്‍ വരവേറ്റത്. വ്യത്യസ്തമായ ഈ സമ്മാനം കണ്ട് പാപ്പ ഒന്ന് ഞെട്ടിയെങ്കിലും പെട്ടെന്ന് തന്നെ മുഖത്ത് പുഞ്ചിരി വിരിയിച്ച് പാപ്പ സമ്മാനം ഏറ്റുവാങ്ങി. ബൊളീവീയന്‍ തലസ്ഥാനമായ ലാപാസയില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് പ്രസിഡന്റ് ഇവോ മോറാലിസ് വ്യത്യസ്തമായ ഈ സമ്മാനം നല്‍കിയത്.

എന്നാല്‍ അരിവാള്‍ ചുറ്റികചിഹ്നത്തിലുള്ള ക്രൂശിതരൂപം സമ്മാനിച്ച നടപടിയില്‍ പോപ്പിന് പ്രതിഷേധം ഇല്ലെന്ന് വത്തിക്കാന്‍ വക്താവ് അറിയിച്ചു. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും വത്തിക്കാന്‍ വക്താവ് അറിയിച്ചു. സമ്മാനം നല്‍കുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നുവെന്ന് വത്തിക്കാന്‍ വക്താവ് പറഞ്ഞു. എന്നാല്‍ പോപ്പ് മുന്‍കൂട്ടി ഇതേപ്പറ്റി അറിഞ്ഞിരുന്നില്ല. ഇത്തരമൊരു സമ്മാനം നല്‍കിയതില്‍ പോപ്പ് നീരസം പ്രകടിപ്പിക്കുകയോ പ്രതിഷേധം അറിയിക്കാന്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്ന് വത്തിക്കാന്‍ വക്താവ് പറഞ്ഞു. അതേസമയം സമ്മാനങ്ങള്‍ സ്വീകരിക്കുന്ന പതിവ് പോപ്പിനില്ലെന്നും വക്താവ് സൂചിപ്പിച്ചു.

നേരത്തെ ലാപാസില്‍ നൂറു കണക്കിന് ആളുകള്‍ പങ്കെടുത്ത പ്രാര്‍ത്ഥനാ ചടങ്ങില്‍ പോപ്പ് സംസാരിച്ചു. ലോകസമ്പദ്ഘടനയില്‍ മുഖ്യ പങ്കു വഹിക്കാന്‍ ദരിദ്ര രാജ്യങ്ങളോട് പോപ്പ് ആഹ്വാനം ചെയ്തു. ധനിക രാഷ്ട്രങ്ങളുടെ മേല്‍ക്കോയ്മ വെച്ചു പൊറുപ്പിക്കാനാവുന്നതല്ല. തൊഴിലിനും ഭൂമിക്കും പാര്‍പ്പിടത്തിനുമുള്ള പാവങ്ങളുടെ അവകാശം തിരിച്ചറിയണമെന്നും പോപ്പ് പറഞ്ഞു.

തെക്കന്‍ അമേരിക്കയിലെ മൂന്ന് രാജ്യങ്ങളിലാണ് മാര്‍പ്പാപ്പ സന്ദര്‍ശനം നടത്തുന്നത്. ബൊളീവിയയിലെ സന്ദര്‍ശനത്തിന് ശേഷം പോപ്പ് പാരഗ്വയിലേക്ക് പോകും.