നെടുമാവ് ജോർജ് അച്ഛൻ: സഭാ സേന്ഹത്തിന്റെ ആൾരൂപം – ഫാ. ഡോ. ജേക്കബ്‌ കുര്യൻ

fr_t_v_george

നെടുമാവ് ജോർജ് അച്ഛൻ: സഭാ സേന്ഹത്തിന്റെ ആൾരൂപം .

by ഫാ. ഡോ. ജേക്കബ്‌ കുര്യൻ
( മലങ്കരസഭ ജൂലൈ 2015)

Article about Fr. George Nedumavu by Fr. Dr. Jacob Kurian (PDF File)

നെടുമാവ്‌ ജോര്‍ജച്ചന്‍: സഭാസ്‌നേഹത്തിന്റെ ആള്‍രൂപം
ഫാ. ഡോ. ജേക്കബ്‌ കുര്യന്‍
ഓര്‍മ്മയിലെന്നും സജീവമാണല്ലോ ഓരോരുത്തര്‍ക്കും അവരവരുടെ ഇടവകപള്ളിയിലെ പെരുന്നാള്‍. അങ്ങനെ ഒരു ദിവസമാണ്‌ ഞങ്ങള്‍ കുറെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ നെടുമാവ്‌ സെന്റ്‌ പോള്‍സ്‌ പള്ളിയിലെ മദ്‌ബഹായില്‍ പ്രവേശിപ്പിച്ചത്‌. കുപ്പായം ഇട്ട്‌ ത്രോണോസുകള്‍ മുത്താനും അച്ചത്താരുടെ കൈ മുത്താനും ചെന്നപ്പോള്‍, ഒരു ത്രോണോസില്‍ കാപ്പയിട്ട്‌ മൂന്നുമ്മേലിന്‌ ചൊല്ലാന്‍ നില്‍ക്കുന്നത്‌ നെടുമാവ്‌ ജോര്‍ജച്ചന്‍ ആയിരുന്നു. കൈ മുത്തിച്ചിട്ടു പറഞ്ഞു ”തീയാണിതെന്ന്‌ ഓര്‍ത്തോണം.” ഗൌരവം വിടാതെ സാമാന്യം ഉച്ചസ്വരത്തില്‍ ബഹു. അച്ചന്‍ അതു പറഞ്ഞപ്പോള്‍ ഒരു മിന്നല്‍പ്പിണര്‍ ഉള്ളിലെവിടെയോ സ്‌പര്‍ശിച്ച പ്രതീതി. പിന്നീടെന്നും, നെടുമാവ്‌ ജോര്‍ജച്ചനെ അനുസ്‌മരിക്കുമ്പോള്‍ ഒരു മിന്നല്‍ മാത്രമല്ല ഇടിമുഴക്കവും അന്തരംഗത്തിലുണ്ടാവുന്നു.
മലങ്കരസഭാ മാസികയുടെ എഡിറ്ററായും, മാനേജരായും ഒക്കെ ഒരു കാല്‍ നൂറ്റാണ്ടോളം പ്രവര്‍ത്തിച്ച്‌, പൌരസ്‌ത്യ കാതോലിക്കേറ്റിന്റെ ശക്തനായ വക്താവും, സഭാകേന്ദ്രത്തിലെ സമര്‍പ്പിത ശുശ്രൂഷകനും ഒക്കെയായി 1971 ജൂലായ്‌ 30–ന്‌ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ വന്ദ്യനായ ജോര്‍ജച്ചന്‍ സഭാചരിത്രത്തിലെ ഒരപൂര്‍വ്വ വ്യക്തിത്വമായിരുന്നു. 1922 സെപ്‌റ്റംബര്‍ 6–ാം തീയതി താഴേതില്‍ വറുഗീസിന്റെയും അന്നമ്മയുടെയും പുത്രനായി ജനിച്ച ജോര്‍ജ്‌ ജീവിതയാത്രയില്‍ ധാരാളം അനുഭവങ്ങളുടെ അകമ്പടിയോടെയാണ്‌, പ. ബസേലിയോസ്‌ ഗീവറുഗീസ്‌ ദ്വിതീയന്‍ ബാവായുടെ ശിഷ്യനും, ശുശ്രൂഷകനും ആയി പരിണമിച്ചത്‌. ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവായുടെ അടുക്കലെത്തുന്നതിനു മുമ്പ്‌, നെടുമാവ്‌ സെന്റ്‌ പോള്‍സ്‌ ഇടവകയുടെ സ്ഥാപകനായ കരിങ്ങണാമറ്റത്തില്‍ മാത്യൂസ്‌ അച്ചന്റെ ശിഷ്യനായിരുന്നു. ആ ഗുരുവിന്റെ ശിക്ഷണം കിട്ടിയതിനാല്‍ ഹൈസ്‌കൂള്‍ ഫൈനല്‍ പരീക്ഷയില്‍ അഖില മലങ്കര ഒന്നാം സ്ഥാനം ജോര്‍ജിനു ലഭിച്ചു. പഴയസെമിനാരിയില്‍ തുടങ്ങി ദേവലോകത്ത്‌ സായൂജ്യമടഞ്ഞ ഒരു ഉപനയനപാതയില്‍ ജോര്‍ജ്‌ എന്ന ശിഷ്യനെ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവാ എന്ന ഗുരുവിനും, ഗുരുവിനെ ശിഷ്യനും പ്രിയപ്പെടുവാന്‍ നിരവധി കാരണങ്ങള്‍ ഉണ്ടായി. ഗുരുവിന്‌ ശിഷ്യനെ പ്രിയപ്പെടുവാന്‍ ഏറ്റവും പ്രധാനമായി മൂന്ന്‌ കാരണങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന്‌, കറയറ്റ ഗുരുഭക്തി, രണ്ട്‌, ഉച്ചത്തിലും ഉച്ചാരണ ശുദ്ധിയോടെ വായിക്കുവാനുള്ള കഴിവ്‌, മൂന്ന്‌, സഭയുടെ വിശ്വാസം, അനുഷ്‌ഠാനങ്ങള്‍, കാനോനിക വ്യവസ്ഥ എന്നിവയെക്കുറിച്ചുള്ള അഭിമാനബോധം. ശിഷ്യന്‌ ഗുരുവിനെ പ്രിയപ്പെടുവാനും അനേകം കാരണങ്ങളില്‍ മൂന്നെണ്ണം എടുത്തു പറയേണ്ടിയിരിക്കുന്നു. ഒന്ന്‌, ഭക്തിയുടെ ജീവിതലാവണ്യം, രണ്ട്‌, വേദവിജ്ഞാനത്തിന്റെ പുതുമ നിറഞ്ഞ പൊരുളുകള്‍, മൂന്ന്‌, ആത്മീയ മക്കളോടും ശിഷ്യരോടും കാണിച്ച വാത്സല്യം.
നെടുമാവ്‌ ജോര്‍ജച്ചന്‍, ജോര്‍ജായിരുന്ന കാലത്ത്‌ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവായ്ക്ക്‌ ഏല്‍പിക്കപ്പെട്ടത്‌ കരിങ്ങണാമറ്റത്തില്‍ കെ. വി. മാത്യൂസച്ചന്റെ ദീര്‍ഘവീക്ഷണം മുഖാന്തിരമാണ്‌. അതിനെക്കുറിച്ച്‌ ഫാ. എന്‍. വി. അലക്‌സാണ്ടര്‍ ഇങ്ങനെ എഴുതുന്നു, ഭഭഅന്ന്‌ സമുദായക്കേസ്‌ കോട്ടയം ജില്ലാക്കോടതിയില്‍ ബി. കൃഷ്‌ണയ്യരുടെ ബഞ്ചില്‍ വാദം കേള്‍ക്കുകയാണ്‌. മൊഴിപ്പകര്‍പ്പെടുക്കുന്നതിന്‌ അന്ന്‌ അയ്‌മേനി ആയിരുന്ന ജോര്‍ജച്ചന്‍ നിയുക്തനായി. പകല്‍ മുഴുവന്‍ കോടതിയില്‍. രാത്രിയില്‍ അന്നന്ന്‌ എഴുതിഎടുക്കുന്ന മൊഴിപ്പകര്‍പ്പ്‌ പരിശുദ്ധ കാതോലിക്കാ ബാവായെ വായിച്ചു കേള്‍പ്പിക്കണം. പുറമെ, വേദപുസ്‌തകവും, കോട്ടയത്തു നിന്നു പ്രസിദ്ധീകരിക്കുന്ന വര്‍ത്തമാനപത്രങ്ങളും; തികച്ചും വിരസമായിരുന്നു ഈ ജോലി. പക്ഷേ അച്ചന്‌ രസപ്രദവും.”
എഴുതിക്കൊണ്ടു വന്നു കേള്‍പ്പിക്കുന്ന മൊഴി വായനയില്‍ പ. ബാവാതിരുമേനി പങ്കുചേര്‍ന്നിരുന്നത്‌ ജോര്‍ജിന്റെ ജീവിതത്തിലെ ഭാഗ്യനിമിഷ ങ്ങളായിരുന്നു. വിശ്വാസം, വേദപുസ്‌തകം, സഭാചരിത്രം, കാനോന്‍ മുതലായ വിഷയങ്ങളെ സ്‌പര്‍ശിക്കുന്ന ഒരു പണ്ഡിത സദസ്സായി ഓരോ സന്ധ്യയും മാറുമായിരുന്നു. ഇങ്ങനെ ലഭിച്ച അറിവാണ്‌ തന്റെ സെമിനാരി വിദ്യാഭ്യാസം എന്ന്‌ അദ്ദേഹം തന്നെ മലങ്കരസഭയില്‍ എഴുതിയ ഭഭതിരുസന്നിധിയില്‍ നിന്ന്‌” എന്ന ലേഖന പരമ്പരയില്‍ സൂചിപ്പിച്ചിട്ടുണ്ട്‌.
പഴയസെമിനാരിയിലെ സമുദായ ആഫീസില്‍ ക്ലര്‍ക്കായി നിയമിക്കപ്പെട്ടതോടെ, ”മലങ്കരസഭ” മാസികയുടെ പ്രവര്‍ത്തനത്തിലും വ്യാപൃതനായി. സാവധാനം മാസികയുടെ സമ്പൂര്‍ണ്ണ ഉത്തരവാദിത്തവും അദ്ദേഹത്തിന്‍മേലായി. മലങ്കരസഭാ താളുകളില്‍ കാലോചിതമായ കുറിപ്പുകളും ലേഖനങ്ങളും ഉള്‍ക്കൊള്ളിക്കുവാനും ആയത്‌ പൊതുവേദികളില്‍ ചര്‍ച്ച ചെയ്യപ്പെടുവാനും ഇടയായതു മൂലം നെടുമാവ്‌ ജോര്‍ജ്‌ കൂടുതല്‍ ശ്രദ്ധേയനായി. ഭഭനെടുമാവ്‌” സഭാന്തരീക്ഷത്തില്‍ സുപരിചിതമായത്‌ അങ്ങനെയാണ്‌.
അദ്ദേഹം മലങ്കരസഭയിലെ കക്ഷിവഴക്കിന്റെ പശ്ചാത്തലത്തില്‍ എഴുതിയ ”മാര്‍ത്തോമ്മാ ശ്ലീഹായുടെ പൌരസ്‌ത്യ സിംഹാസനം” എന്ന ഗ്രന്ഥം മലങ്കരസഭയുടെ ചരിത്രത്തില്‍ ചില വഴിത്തിരിവുകള്‍ക്ക്‌ മുഖാന്തിരമായി. പലര്‍ക്കും സ്വന്തം സഭാചരിത്ര വിഷയത്തില്‍ ആത്മാഭിമാനം ഉളവാക്കുവാനും, ചിലര്‍ക്ക്‌ അദ്ദേഹത്തോട്‌ നീരസം ഉളവാക്കുവാനും ആ ഗ്രന്ഥത്തിനും അദ്ദേഹം എഴുതിയ ചില ലേഖനങ്ങള്‍ക്കും ഇടയായി എന്നത്‌ ഒരു പരമാര്‍ത്ഥമാണ്‌.
നെടുമാവ്‌ ജോര്‍ജച്ചന്റെ ശബ്‌ദഗാംഭീര്യത്തോടെയുള്ള പ്രസംഗങ്ങളിലുടനീളം, ബാര്‍ എബ്രായയുടെ ഹൂദായ കാനോനും, സുറിയാനി പിതാക്കത്താരുടെ രചനകളുടെ സാരവും, വേദപുസ്‌തക ജ്ഞാനവും നിറഞ്ഞു നിന്നിരുന്നു. ദീര്‍ഘകാലമായി ആസ്‌തമാ രോഗിയായിരുന്ന അദ്ദേഹം 49 വര്‍ഷമേ ഈ ഭൂമിയില്‍ ജീവിച്ചുള്ളുവെങ്കിലും സുരഭിലസുന്ദരമായ ഒരു ജീവിതസാക്ഷ്യം സ്വന്തമായിട്ടുണ്ട്‌.