കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാഇടവക സണ്ഡേസ്ക്കൂളിന്റെ ആഭിമുഖ്യത്തിലുള്ള ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്ക്കൂളിനു (ഓ.വി.ബി.എസ്.-2015) തുടക്കം കുറിച്ചു. ജൂലൈ 2, വ്യാഴാഴ്ച്ച വൈകിട്ട് 4 മണിക്ക് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ നടന്ന ചടങ്ങുകൾ, ഈ വർഷത്തെ ഓ.വി.ബി.എസ്. ഡയറക്ടറും, ശ്രുതി സ്ക്കൂൾ ഓഫ് ലിറ്റർജിക്കൽ മ്യൂസിക്കിന്റെ നിരണം ഭദ്രാസന ഡയറക്ടറും, ട്രെയിനറുമായ ഫാ. മാത്യു സഖറിയ ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം നിർവ്വഹിച്ചു. മഹാഇടവക വികാരി ഫാ. രാജു തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഓ.വി.ബി.എസ്. കോർഡിനേറ്റർ ജോൺ പി. എബ്രഹാം സ്വാഗതം ആശംസിച്ചു.
മഹാഇടവക വികാരി പതാകയുയർത്തി ആരംഭിച്ച യോഗത്തിൽ സഹവികാരി ഫാ. റെജി സി. വർഗ്ഗീസ്, സഭാ മാനേജിംഗ് കമ്മിറ്റിയംഗം ഷാജി എബ്രഹാം, ഇടവക ആക്ടിംഗ് സെക്രട്ടറി ജേക്കബ് തോമസ്, സണ്ഡേസ്ക്കൂൾ അഡ്വൈസർ പി.സി. ജോർജ്ജ്, സെക്രട്ടറി സിസിൽ ചാക്കോ എന്നിവർ പ്രസംഗിച്ചു. ഈ വർഷത്തെ ഓ.വി.ബി.എസ്. സോങ്ങ് ബുക്കിന്റെ പ്രകാശനം ഇടവക ട്രഷറാർ ജോൺ പി. ജോസഫിൽ നിന്നും ഏറ്റുവാങ്ങി സണ്ഡേസ്ക്കൂൾ ഹെഡ്മാസ്റ്റർ കുര്യൻ വർഗ്ഗീസും, ഓഡിയോ സിഡിയുടെ പ്രകാശനം സണ്ഡേസ്ക്കൂൾ ട്രഷറാർ ഫിലിപ്സ് ജോണിൽ നിന്നും ഏറ്റു വാങ്ങി സഭാ മാനേജിംഗ് കമ്മിറ്റിയംഗം സാബു റ്റി. ജോർജ്ജും നിർവ്വഹിച്ചു.
‘ഉയരത്തിലുള്ളത് അന്വേഷിപ്പിൻ’ എന്ന ചിന്താവിഷയത്തിന്റെ അടിസ്ഥാനത്തിൽ വെള്ളി, ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ 6.30 വരെ എൻ.ഈ.സി.കെ.യിൽ ക്രമീകരിച്ചിരിക്കുന്ന ക്ലാസുകൾ ജൂലൈ 16-ന് സമാപിക്കും. അന്നേദിവസം കുട്ടികളുടെ വർണ്ണശബളമായ റാലിയും, കലാപരിപാടികളും പൊതുസമ്മേളനവും ഉണ്ടായിരിക്കും.