ഭാഗ്യസ്‌മരണാര്‍ഹനായ മാത്യൂസ് ദ്വിതീയന്‍ ബാവായെ ആദ്യം പരിചയപ്പെടുന്നത് ഞാന്‍ തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന കാലത്താണ്. സഭാസമാധാനത്തെ തുടര്‍ന്നു വന്ന കഷ്ടാനുഭവയാഴ്‌ച. സെ. ജോര്‍ജ് പള്ളിയില്‍ തിരുമേനി നടത്തിയ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ പാറ്റൂര്‍ പള്ളിയിലെ ശുശ്രൂഷകരായിരുന്ന ഞങ്ങള്‍ ചിലരെയും ശിഷ്യസ്ഥാനത്ത് ഇരുത്തി തിരുമേനി സോപ്പിട്ട് ഉരച്ചു കഴുകി! ഞാന്‍ കൊച്ചുകുട്ടികളെപ്പോലെ കരഞ്ഞു.
ആ പരിചയം പുതുക്കിയതും ദൃഢതരമായതും കൊല്ലത്തെ എഞ്ചിനീയറിംഗ് കോളേജില്‍ ഞാന്‍ അദ്ധ്യാപകനായി എത്തിയപ്പോഴാണ്. ഐ ഏ എസ് പരിശീലനം കഴിഞ്ഞ് കൊല്ലത്ത് പണ്ട് സര്‍ ടി മാധവറാവു ഇരുന്ന ആ പഴയ കസേരയില്‍ മജിസ്‌ട്രേട്ടായി ജോലിയില്‍ പ്രവേശിച്ചത് പിന്നീടൊരിക്കലും മുറിയാതിരുന്ന ഒരു പിതൃപുത്രബന്ധത്തിലെ നിര്‍ണ്ണായകവേളയായത് പിന്നെയും രണ്ടുകൊല്ലം കഴിഞ്ഞ്.
തിരുമേനിയുടെ ധന്യമായ ജീവിതത്തെ മാറി നിന്നു വിലയിരുത്തുമ്പോള്‍ മൂന്നു സംഗതികള്‍ കാണാം. ആദ്ധ്യാത്മികത, കര്‍മ്മകുശലത, സുവിശേഷതാത്‌പര്യം. സായിപ്പിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ബാവാതിരുമേനി was a man of devotion, action and mission.
വിശുദ്ധസഭയുടെ ആരാധനാസമ്പ്രദായങ്ങളോടു തികഞ്ഞ വിശ്വസ്‌തത പുലര്‍ത്തുമ്പോള്‍ത്തന്നെ അതിനെയൊക്കെ അതിശയിക്കുന്ന വ്യക്തിബദ്ധമായ ഒരു ആദ്ധ്യാത്മികത മാത്യൂസ് ദ്വിതീയന്‍ ബാവായ്‌ക്ക് സ്വന്തമായിരുന്നു. നിശ്ശബ്ദത തിരുമേനിയുടെ ആദ്ധ്യാത്മികതയുടെ അനുപേക്ഷണീയഘടകം ആയിരുന്നുവല്ലോ. സുറിയാനിക്കാര്‍ക്ക് പൊതുവെ അപരിചിതമാണ് മൌനത്തിന്റെ വത്മീകത്തില്‍ ധ്യാനനിരതനായിരിക്കുന്ന ആദ്ധ്യാത്മികചര്യ. എന്തൊരു ശബ്ദകോലാഹലങ്ങളിലാണ് നാം അഭിരമിക്കുന്നത്! എല്ലാവരും മിണ്ടാതിരുന്നാല്‍ കപ്യാര്‍ ആര്‍ത്തുവിളിക്കും, കുറിയേലായി സോന്‍!! അര്‍ദ്ധരാത്രിയുടെ നിശ്ശബ്ദതയിലും ബ്രഹ്മമുഹൂര്‍ത്തത്തിന്റെ വിശുദ്ധചാരുതയിലും മിണ്ടാതിരുന്ന് ദൈവത്തെ മുഖാമുഖം കാണുന്നവനായിരുന്നു, ബാവാതിരുമേനി.
തിരുമേനി കര്‍മ്മകുശലനും ആയിരുന്നു. ആസ്ഥാനമില്ലാത്ത ഭദ്രാസനത്തിന്റെ അദ്ധ്യക്ഷനായിട്ടാണ് തിരുമേനി തുടങ്ങിയത്. ആ തുടക്കത്തിന്റെ ഒടുക്കത്തില്‍ കോളേജുകളും സ്‌കൂളുകളും ആശ്രമങ്ങളും നിരവധി, തിരുമേനിയുടെ ഹസ്‌തമുദ്രയാല്‍ അലംകൃതമായി.
മൂന്നാമത് ക്രിസ്‌തീയദൌത്യത്തെക്കുറിച്ച് തിരുമേനിക്ക് കൃത്യവും വ്യക്തവും ആയ അവബോധം ഉണ്ടായിരുന്നു. യുവജനങ്ങളുടെ ആദ്ധ്യാത്മികതയെ തൊട്ടുണര്‍ത്തി സഭയോടും തദ്വാരാ സഭാനാഥനോടും കൂറും വിശ്വസ്‌തതയും പുലര്‍ത്താന്‍ അവരെ സഹായ്‌ക്കുന്നതിനാണ് തിരുമേനി മിഷന്‍ദര്‍ശനത്തില്‍ പ്രാമുഖ്യം നല്‍കിയത്. മതപരിവര്‍ത്തനം തിരുമേനിയുടെ അജന്‍ഡ ആയിരുന്നില്ല.
മാത്യൂസ് ബാവായുടെ ആദ്ധ്യാത്മികചൈതന്യത്തിന്റെ ഉറവയില്‍ നിന്നു പോഷണം നേടിയ എപ്പിഫാനിയോസ് അന്തോണിയോസ് ഏലിയാസ് എന്ന മെത്രാന്‍ത്രയം ആ മഹാവ്യക്തിത്വത്തിന്റെ മൂന്നു മുഖങ്ങള്‍ പിന്‍തലമുറകള്‍ക്കായി വരച്ചുകാട്ടാന്‍ ദൈവം തെരഞ്ഞെടുത്ത ബിംബങ്ങളാണ് എന്നു ഞാന്‍ കരുതുന്നു. ആരും ബാവായുടെ പൂര്‍ണ്ണപ്രതിരൂപങ്ങളല്ല. എന്നാല്‍ എല്ലാവരിലും ബാവായുടെ മുദ്ര പതിഞ്ഞിരിക്കുന്നു. തന്റെ തലമുറയില്‍ തളച്ചിടാനുള്ളതായിരുന്നില്ല ബാവായുടെ വ്യക്തിത്വം എന്നു തിരിച്ചറിഞ്ഞ പരിശുദ്ധാത്മാവാണ് ഈ തിരുമേനിമാരെ സഭയ്‌ക്കു നല്‍കിയത് എന്ന കാര്യത്തില്‍ എനിയ്‌ക്ക് ലവലേശം സംശയമില്ല.
കേനോപനിഷത്തില്‍ നാം വായിക്കുന്നുണ്ട്:
ഇഹ ചേദവേദീദഥ സത്യമസ്‌തി
ന ചേദിഹാവേദീന്മഹതീ വിനഷ്ടിഃ
ഭൂതേഷു ഭൂതേഷു വിചിത്യ ധീരാഃ
പ്രേത്യാസ്‌മാല്ലോകാദമൃതാ ഭവന്തി.
അതായത്:
ഈ ജീവിതത്തില്‍ ഈശ്വരജ്ഞാനം ലഭിച്ചാല്‍ മംഗളമായി; അതു ലഭിക്കാതിരിക്കുന്ന പക്ഷം വലിയ വിനാശവും. ഓരോ ജീവിയിലും ഈശ്വരനുണ്ടെന്നറിഞ്ഞിട്ടുള്ള ബുദ്ധിമാന്മാരായ വ്യക്തികള്‍ ഈ ലോകത്തില്‍ നിന്നു വിട്ടുപോയ ശേഷം അമൃതന്മാരായി ഭവിക്കുന്നു. ബാവാ അമൃതന്‍ തന്നെ. അതേ, നി.വ.ദി.മ.മ.ശ്രീ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവായ്‌ക്ക് മരണമില്ല.
നിസര്‍ഗ്ഗാദാരാമേ തരുകുലസമാരോപകുതുകീ
കൃതീ മാലാകാരോ ബകുളമപി കുത്രാപിനിദധേ
ഇയം കോ ജാനീതേ യദയമിഹ കോണാന്തരഗതോ
ജഗജ്ജാലം കര്‍ത്താ കുസുമഭരസൌരഭ്യഭരിതം
ഉദ്യാനത്തില്‍ വൃക്ഷങ്ങള്‍ പലതും നടുകയെന്നതു പുണ്യകര്‍മ്മം. അതിനു തുനിഞ്ഞ ഒരു ഉദ്യാനപാലകന്‍ എവിടെയോ ഒരു ഇലഞ്ഞി നട്ടു. ഏതോ ഒരു കോണില്‍ അതു വളര്‍ന്നു. വളര്‍ന്നു വളര്‍ന്ന് അതു ലോകത്തെയാകെ സൌരഭ്യപൂരിതമാക്കുമെന്നാരറിഞ്ഞു എന്നു ഭാമിനീവിലാസകര്‍ത്താവ് പറഞ്ഞുവച്ചത് ഈ അമര്‍ത്യപിതാവില്‍ സാക്ഷാത്‌കരിക്കപ്പെട്ടിരിക്കുന്നു.