അമ്മത്തൊട്ടിലിലെ അതിഥി ഇനി ‘അലീന’

infant_jesus_tkd

അലീന ഇനി തോട്ടയ്ക്കാട്ട് റൊസാരിയമ്മയുടെയും സിസ്റ്റേഴ്സിന്‍റെയും പരിചരണത്തില്‍.

കോട്ടയത്ത് അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ടു കിട്ടുന്ന കുഞ്ഞുങ്ങളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് തോട്ടയ്ക്കാട്ട് രാജമറ്റത്തുള്ള ശിശുസംരക്ഷണ കേന്ദ്രത്തില്‍ ഏല്പിക്കുന്നതായി ഇടയ്ക്കിടെ പത്ര വാര്‍ത്തകള്‍ കാണാറുണ്ട്. കുറെ ദിവസം മുന്പ് ഏതാനും കുഞ്ഞുങ്ങളുടെ ഫോട്ടോ സഹിതം, അവരെ ദത്തെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുവാന്‍ പരസ്യം പത്രത്തിലുണ്ടായിരുന്നു.

മെയ് 24-നു ഞായറാഴ്ച ഉച്ച കഴിഞ്ഞ് ഞങ്ങളുടെ നാട്ടിലുള്ള ഈ സ്ഥാപനം ഒന്ന് സന്ദര്‍ശിക്കാനായി കുടുംബസമേതം പോയി. തോട്ടയ്ക്കാട് – അന്പലക്കവല – ചങ്ങനാശ്ശേരി റൂട്ടില്‍ വട്ടോലിയില്‍ നിന്നും ഇടത്തോട്ട് ഒരു കിലോമീറ്റര്‍ പോകുന്പോഴാണ് ഈ സ്ഥാപനം. യേശുക്കുഞ്ഞിനെ സംരക്ഷിച്ച യൗസേപ്പ് പിതാവിന്‍റെ നാമത്തിലുള്ള സിസ്റ്റേഴ്സിന്‍റെ ഒരു മഠമാണ് ആദ്യം കാണുക. അതിന് ഏതാനും മീറ്റര്‍ മാറി റോഡരുകില്‍ തന്നെയാണ് ഇന്‍ഫന്‍റ് ജീസസ് ശിശു ഭവന്‍. റൊസാരിയമ്മ എന്ന പ്രായം ചെന്ന ഒരു സിസ്റ്ററും മറ്റ് രണ്ട് സിസ്റ്റേഴ്സുമാണിവിടെ പത്തു കുഞ്ഞുങ്ങളെ വളര്‍ത്തുന്നത്. ഞങ്ങള്‍ ചെന്നപ്പോള്‍ ഒന്പത് കുഞ്ഞുങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഒരു കുഞ്ഞിന് അസുഖമായി ചെത്തിപ്പുഴ ആശുപത്രിയില്‍ കിടക്കുകയായിരുന്നു. ഒരു സിസ്റ്റര്‍ കുഞ്ഞിനെ നോക്കാനായി ആശുപത്രിയിലായിരുന്നു.

ഒന്നര വയസ്സ് മുതല്‍ മൂന്നര വയസ്സ് വരെയുള്ള ആണ്‍ – പെണ്‍ കുഞ്ഞുങ്ങളെയാണ് ആ സ്ഥാപനത്തില്‍ കണ്ടത്. അഞ്ചു വയസ്സു വരെയുള്ള കുഞ്ഞുങ്ങളെയാണ് അവിടെ വളര്‍ത്തുന്നത്. അഞ്ചു വയസിനു മുകളിലുള്ള പെണ്‍കുഞ്ഞുങ്ങളെ അവരുടെ സഹോദര സ്ഥാപനത്തിലേയ്ക്ക് (കാല്‍ കിലോമീറ്റര്‍ അകലെയാണത്) മാറ്റുന്നു. ആ സ്ഥാപനവും ഞങ്ങള്‍ സന്ദര്‍ശിച്ചു. സ്കൂളിലും പ്ലസ് ടു വിനും പഠിക്കുന്ന ഇരുപതോളം പെണ്‍കുഞ്ഞുങ്ങളെ അവിടെ കണ്ടു. സര്‍ക്കാര്‍ നിയമങ്ങളൊക്കെ പാലിച്ച് വളരെ ഭംഗിയായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണിവ.
സമയവും സൗകര്യവുമുള്ളവര്‍ ഒരിക്കലെങ്കിലും ഈ സ്ഥാപനം സന്ദര്‍ശിക്കുന്നത് നല്ലതാണ്. അത് അവരുടെ ജീവിതത്തിലെ ഒരു പ്രത്യേക അനുഭവമായിരിക്കും.

– ജോയ്സ് തോട്ടയ്ക്കാട്