നന്മയിൽ വളരുക by ഗീവർഗ്ഗീസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്താ

mar_ivanios_1

 

നന്മയിൽ വളരുക – 2
അഭി. ഗീവർഗ്ഗീസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്താ

രണ്ടാമത്തെ തലം പരിശുദ്ധാത്മാവ് നമ്മിൽ വസിക്കുകയാണ്. അല്ലെങ്കിൽ നിറയുക. നന്മയിലുള്ള വളർച്ചയാണ് ഇതിന്റെ പ്രതീകം. വിശ്വാസം അഭ്യസിക്കുന്നത് ഈ തലത്തിലാണ്. നിഷ്ഠവും വിശുദ്ധവുമായ ഒരു ജീവിതത്തെയാണ് സൂചിപ്പിക്കുന്നത്. ആത്മാവിനെ അനുസരിച്ചൂള്ള ജീവിതക്രമമാണ് നന്മയിൽ വളർത്തുന്നത്. ആത്മാവെന്ന കാര്യസ്ഥനെ അയയ്ക്കുന്നുവെന്നാണ് പറഞ്ഞിട്ടുള്ളത്. യഥോചിതം വഴിനടത്തുകയും ആശ്വസിപ്പിക്കുകയും കരുതുകയുമൊക്കെ ചെയ്യുന്ന ഒരു സാന്നിധ്യം സത്യത്തിലും നീതിയിലും വഴിനടത്തും. വഴിയും സത്യവും കർത്താവാണ്. കർത്താവിലേക്കാണ് നയിക്കുന്നത്. ക്രിസ്തുവിലേക്കുള്ള വളർച്ചയിൽ ബലപ്പെടുത്തുന്നത് പരിശുദ്ധാത്മാവാണ്. പാപത്തെക്കുറിച്ചും നീതിയെക്കുറീച്ചും ന്യായവിധിയെക്കുറിച്ചും പരിശുദ്ധാത്മാവ് ബോധം നൽകുന്നു. (വി. യോഹന്നാൻ 16:8) ഇതാണ് വിശുദ്ധ ജീവിതത്തിലേക്ക് നയിക്കുന്നത്. വിശുദ്ധ ജീവിതമെന്നാൽ ക്രിസ്തുവിന്റെ നീതി സൂക്ഷിക്കുന്നതും പാപബോധമുള്ളതും നന്മയിൽ വളരുന്നതുമായ ജീവിതമാണ് . ആത്യന്തികമായി നന്മയോടുള്ള സ്നേഹമാണത്.

ജീവിതവിശുദ്ധിയുടെ വേരിതാണ്. “നിങ്ങൾ എന്നെ സ്നേഹിക്കുന്നുവെങ്കിൽ എന്റെ കല്പനകളെ കാത്തുകൊള്ളും. (വി. യോഹ 14:15). കല്പന കാക്കുക എന്നാൽ ദൈവത്തെ അനുസരിക്കലാണ്. വിശ്വാസവും അനുസരണവും വിശുദ്ധിയും ചേരുമ്പോഴാണ് ദൈവിക സ്നേഹമുണ്ടാവുക. പാപത്തെക്കുറിച്ചുള്ള ബോധമാണ് വിശ്വാസതീക്ഷ്ണതയിലേക്ക് എത്തിക്കുക. ദൈവനീതിയാണ് അനുസരണത്തിലെത്തിക്കുക. ന്യായവിധിയെക്കുറിച്ചുള്ള ഓർമ്മയാണ് വിശുദ്ധിയിലേക്ക് വളർത്തുക. മാനുഷിക സ്നേഹത്തിൽ ഇതു മൂന്നും വേണ്ട. ദൈവസ്നേഹത്തിൽ ജീവിക്കാനാവുന്നത് പരിശുദ്ധാത്മാവ് നൽകുന്ന ബോധ്യങ്ങളുണ്ടാകുമ്പോഴാണ്. ദൈവ കല്പനകളെ അനുസരിക്കുമ്പോഴാണ് ദൈവസ്നേഹത്തിൽ വസിക്കുന്നത്. അനുസരണമാണ് വിശ്വാസത്തിന്റെ പ്രവർത്തി. ഇന്നത്തെ ക്രിസ്തീയ ജീവിതം നെയ്യപ്പം പോലെയാണ്. നെയ്യില്ലല്ലോ അതിൽ! ക്രിസ്തുവില്ലാത്ത പ്രവർത്തികളാണ് നമ്മുടേത്. പരിശുദ്ധാത്മാവ് വസിക്കുന്നതിന്റെ അടയാളം നന്മയെ അനുസരിക്കുന്നതാണ്. രണ്ടാമത്തെ തലം എല്ലാവരിലും ഒരുപോലെയല്ല. പ്രവർത്തികൾക്കനുസൃതമായിട്ടാണ് നിറയുന്നത്.

നന്മയിൽ വളരുക – 1

നമ്മുടെ ഇടയിലുള്ള ഒരു സാധാരണ ചോദ്യത്തെക്കുറീച്ചാണ് ഇന്നു ചിന്തിക്കുന്നത്. വി. മാമോദീസായിൽ പരിശുദ്ധാത്മാഭിഷേകം പ്രാപിച്ചിരിക്കുന ഒരുവൻ വീണ്ടും എന്തിനുവേണ്ടി കാത്തിരിക്കുന്നു? ഒരു മറുചോദ്യം കൊണ്ടാണ് ഉത്തരം തുടങ്ങുന്നത്. മാമോദീസാ സ്വീകരിച്ചിട്ടുണ്ടെന്ന് പള്ളിരജിസ്റ്ററിൽ നോക്കിയാൽ അറിയാം. എന്നാൽ പരിശുദ്ധാത്മാവിന്റെ ശക്തി ഇപ്പോഴും നമ്മുടെ പ്രവർത്തികളെ നയിക്കുന്നുണ്ടോ എന്നെങ്ങനെ അറിയാം? പരിശുദ്ധാത്മാവ് നമ്മിൽ വസിക്കുന്നുവെന്ന് എങ്ങനെയാണ് ഒരു ക്രിസ്ത്യാനിക്കു പറയാനാവുന്നത്? അപ്പോസ്തോലൻ ഉത്തരം നൽകുന്നുണ്ട്. “തിന്മയോട് തോൽക്കാതെ നന്മയാൽ തിന്മയെ ജയിക്കുക” റോമർ 12:31. നമ്മയെ അനുസരിക്കുമ്പോഴാണ് നാം ആത്മാവിൽ വളരുന്നത്. നന്മയിലുള്ള വളർച്ചയ്ക്ക് ശക്തിയെ പുതുക്കുന്നതിനാണ് നാം കാത്തിരിക്കുന്നത്.

കുറേക്കൂടി വ്യക്തമാക്കുന്ന ഒരു ഉദാഹരണവുമുണ്ട്. വി. കുർബാന തക്സായിലെ ഒരു പ്രാർത്ഥനയിൽ “വന്ന് വസിച്ച് കവിഞ്ഞൊഴുകുമാറാകണമേ ” എന്നൊരു വാചകമൂണ്ട്. ആ വാക്കുകൾ പരിശുദ്ധാത്മ സാന്നിദ്ധ്യത്തെക്കുറിച്ച് വിശദീരിക്കുന്നതിൽ വളരെ സഹായകമാണ്.

ഒന്നാമത്തെ വാക്കിന്റെ അർത്ഥം മനസ്സിലാകുന്നത് വി. മാമോദീസായിലാണ്. പരിശുദ്ധാത്മാവിന്റെ വരവ്. ക്രിസ്തുവിനെ സ്വീകരിക്കുന്ന ഏതൊരുവനിലും കർത്താവിന്റെ വാഗ്ദാനം പോലെ കാര്യസ്ഥൻ വരുന്നു. ഈ ദാനം തന്നിൽ വിശ്വസിക്കുന്ന ഏവനും ലഭിക്കുന്നതാണ് .