കൊച്ചി: ഭാരത കത്തോലിക്കാ സഭയിലേക്ക് ഒരു വിശുദ്ധ കൂടി കടന്നുവരുന്നു. പാവങ്ങളുടെ അമ്മ എന്നറിയപ്പെട്ടിരുന്ന വാഴ്ത്തപ്പെട്ട മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ വത്തിക്കാന്‍ തുടങ്ങി. ഇതിന്റെ ഭാഗമായി മദറിനെ 2016 സെപ്തംബറില്‍ വിശുദ്ധരുടെ നിരയിലേക്ക് ഉയര്‍ത്താനുള്ള പ്രഖ്യാപനമുണ്ടാകുമെന്ന് സീറോ മലബാര്‍ സഭാ വക്താവ് പോള്‍ തേലക്കാടിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
1997 സെപ്തംബര്‍ അഞ്ചിനാണ് മദര്‍ അന്തരിച്ചത്. 2003 ഒക്‌ടോബര്‍ 19ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മദറിനെ ‘കൊല്‍ക്കൊത്തയിലെ വാഴ്ത്തപ്പെട്ട തെരേസ’ എന്ന പേരില്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയിരുന്നു.
അല്‍ബേനിയന്‍ സ്വദേശിനിയായ തെരേസ 1910നാണ് ജനിച്ചത്. സന്യാസിനിയായ ശേഷമാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയില്‍ എത്തിയത്. ആഗ്‌നസ് ഗോംക്‌സ് ബൊയാക്യൂസ് എന്നാണ് കുട്ടിക്കാലത്തെ പേര്. 1948ല്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചു. പാവപ്പെട്ടവരുടെയും അനാഥരുടെയും രോഗികളുടെയും ഉന്നമനത്തിനായി ‘മിഷനറീസ് ഓഫ്‌സ ചാരിറ്റി’ എന്ന സന്യാസിനി സഭ രൂപീകരിച്ചു. 1979ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കി ഈ സന്യാസിനിയുടെ ഉപവി പ്രവര്‍ത്തനങ്ങളെ ലോകം ആദരിച്ചു. 133 രാജ്യങ്ങളിലായി 4,500 ഓളം സന്യാസിനിമാര്‍ ഉള്‍പ്പെടുന്നതാണ് മദററിന്റെ മിഷനറീസ് ഓഫ് ചാരിറ്റി സഭ.