പച്ചപ്പുല്‍പ്പുറം തേടുന്നൊരിടയന്‍ by ജോര്‍ജ് പൊടിപ്പാറ

HH_Paulose_II_catholicos

bava_interview

Interview with HH The Catholicos.

മെത്രാഭിഷിക്തനായതിന്റെ 30ാം വാര്‍ഷികത്തിന്റെ ധന്യതയിലാണ് കാതോലിക്ക ബാവ.

മതരാഷ്ട്രീയം മതങ്ങളെത്തന്നെ ഇല്ലാതാക്കും; രാഷ്ട്രീയത്തിന് അത്രത്തോളം നഷ്ടമുണ്ടാകില്ല

”കുന്നംകുളം മാങ്ങാട് ഗ്രാമത്തില്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ബലഹീനനായ എന്നെ ഈ വലിയ ദൗത്യത്തിലേക്ക് വിളിക്കുമ്പോള്‍ ദൈവത്തില്‍ ഞാന്‍ എല്ലാം അര്‍പ്പിക്കുകയാണ്. പച്ചയായ പുല്‍പ്പുറങ്ങളിലേക്ക് അജഗണങ്ങളെ നയിക്കാന്‍ മണ്‍കൂടാരമായ എന്നെ യോഗ്യനാക്കണമേ എന്നാണ് പ്രാര്‍ഥന”.

പരുമല പള്ളിയില്‍ വിശ്വാസി സഹസ്രങ്ങളെ സാക്ഷിയാക്കി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ 91ാം കാതോലിക്കയും 21ാമത് മലങ്കര മെത്രാപ്പോലീത്തയുമായി സ്ഥാനമേറ്റശേഷം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ പറഞ്ഞ വാക്കുകള്‍. ദൈവം തമ്പുരാനിലുള്ള അഗാധമായ ശരണവും സമര്‍പ്പണവും വിളിച്ചോതുന്ന അതേ വാക്കുകളാണ് കാതോലിക്കാപദവിയില്‍ നാലരവര്‍ഷം പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ ഹൃദയം മന്ത്രിക്കുന്നത്.

കുന്നംകുളത്തിനടുത്ത് മാങ്ങാട് ഗ്രാമം വാത്സല്യത്തോടെ പാവുട്ടി എന്നുവിളിച്ചിരുന്ന ബാലന്‍. ബഥനി ആശ്രമ ചാപ്പലിലേക്ക് കൊച്ചുവഴിയിലൂടെ നിത്യവും പ്രാര്‍ഥനയ്ക്കായി പോയിരുന്ന പാവുട്ടി ഇന്നും പലരുടെയും മനസ്സിലുണ്ട്. 12ാം വയസ്സില്‍ അള്‍ത്താര ശുശ്രൂഷകനായ ആ ബാലന്‍ പിന്നീട് വിശ്വാസ തീക്ഷ്ണതയുള്ള വൈദികനായി മാങ്ങാട് ഗ്രാമത്തിന് ആഹ്‌ളാദം നല്‍കി. 1985 മെയ് 15ന് കെ.ഐ. പോള്‍ എന്ന ആ വൈദികന്‍ എപ്പിസ്‌കോപ്പ (മെത്രാന്‍) പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടപ്പോള്‍ ആഹ്ലൂദം അഭിമാനമായി, ഫാ. കെ.ഐ. പോള്‍ പൗലോസ് മാര്‍ മിലിത്തിയോസായി. അപ്പോള്‍ പ്രായം 36 മാത്രം. സഭാചരിത്രത്തിലെത്തന്നെ ഏറ്റവും പ്രായംകുറഞ്ഞ എപ്പിസ്‌കോപ്പമാരിലൊരാള്‍. മൂന്നുമാസത്തിനുശേഷം ദേശത്തെ മുഴുവന്‍ ആഹ്‌ളാദാതിരേകത്തിലാഴ്ത്തി പുതുതായി രൂപവത്കരിക്കപ്പെട്ട കുന്നംകുളം ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായും അദ്ദേഹം അവരോധിതനായി .

2010 നവംബര്‍ ഒന്നിന് ബസേലിയോസ് മാര്‍ത്തോമ്മ ദിദിമൂസ് ഒന്നാമന്റെ സ്ഥാനത്യാഗത്തെത്തുടര്‍ന്ന് പൗലോസ് മാര്‍ മിലിത്തിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനായ കാതോലിക്ക ബാവയായി അവരോധിതനായി. ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ എന്ന നാമധേയമാണ് അദ്ദേഹം സ്വീകരിച്ചത്.

മെത്രാഭിഷിക്തനായതിന്റെ 30ാം വാര്‍ഷികത്തിന്റെ ധന്യതയിലാണ് കാതോലിക്ക ബാവ. ദൈവികപദ്ധതിയാണ് മണ്‍കൂടാരമായ തന്നിലൂടെ നിറവേറുന്നതെന്ന ഉറച്ച വിശ്വാസം അദ്ദേഹത്തെ കൂടുതല്‍ വിനീതനാക്കുന്നു. ബലഹീനനായ തന്നെ ശക്തിപ്പെടുത്താന്‍ മുട്ടിപ്പായി പ്രാര്‍ഥിക്കുന്നു. അജഗണങ്ങളെ പച്ചപ്പുല്‍പ്പുറങ്ങളിലേക്ക് നയിക്കുന്ന പാതയിലെ കല്ലും മുള്ളുമൊന്നും അദ്ദേഹത്തെ തളര്‍ത്തുന്നില്ല.

വലിയ ഇടയപദവിയിലെ 30 ആണ്ടിന്റെ നിറവില്‍ അദ്ദേഹം സഭയെയും സമൂഹത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ‘മാതൃഭൂമി’യുമായി പങ്കുവെക്കുന്നു.
ചോദ്യം: മെത്രാപ്പോലീത്തയായി 30 വര്‍ഷങ്ങള്‍. സഭയുടെ പരമോന്നതപദവിയില്‍ നാലരവര്‍ഷത്തിലധികം. ഈ അനുഭവങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

ഉത്തരം: എല്ലാം ദൈവകൃപയാല്‍മാത്രം സംഭവിക്കുന്നുവെന്ന ഉറച്ച വിശ്വാസമുണ്ട്. പ്രതീക്ഷിക്കാത്തതാണ് ഇതുവരെ സംഭവിച്ചതെല്ലാം. ആഗ്രഹങ്ങളുടെ കാര്യത്തില്‍ അടക്കമുള്ളവനേ ആചാര്യനാകാന്‍ പാടുള്ളൂ. ഓരോ പ്രവൃത്തിയുടെയും ഫലത്തെക്കുറിച്ച് അമിതമായി ഉത്കണ്ഠപ്പെടാറില്ല.

ചോദ്യം: സഭയുടെ ഇപ്പോഴത്തെ അവസ്ഥ? ആഗ്രഹിച്ചതുപോലെ പച്ചപ്പുല്‍പ്പുറങ്ങളിലേക്ക് സഭയെ നയിക്കാനായോ?

ഉത്തരം: ഞാന്‍ ശുഭാപ്തിവിശ്വാസിയാണ്. എല്ലാം നന്നായിവരണമെന്നാണ് എപ്പോഴും പ്രാര്‍ഥന. സഭാതര്‍ക്കത്തിന്റെ കാര്യത്തിലും പുലര്‍ത്തുന്നത് അതേ വിചാരമാണ്. തര്‍ക്കം തീരണമെന്ന തീവ്രമായ ആഗ്രഹമുണ്ട്. പക്ഷേ, ഒറ്റമൂലിയൊന്നും കൈവശമില്ല. ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകള്‍ ഒരൊറ്റ കുടുംബമാണ്. നിരന്തരം കലഹിച്ച് സ്വയം ബലഹീനമാകുന്ന കുടുംബം. ഓര്‍ത്തഡോക്‌സ് സഭ അനുരഞ്ജനത്തിന് എപ്പോഴും സന്നദ്ധമാണ്. പ്രശ്‌നപരിഹാരത്തിന് കൃത്യമായ ഫോര്‍മുലയൊന്നും കൈവശമില്ലതാനും. എന്നാല്‍, ക്രിയാത്മകമായ ഏതുനിര്‍ദേശവും മുന്‍വിധിയില്ലാതെ പരിഗണിക്കും.

ഒരുകാര്യം തുറന്നുപറയാന്‍ മടിയില്ല. രണ്ടുസഭയും ഒരുപോലെ കലഹപ്രിയരാണ്. കലഹത്തിന് വലിയ കാരണങ്ങളും വേണ്ട. ഒന്നുതീര്‍ന്നാല്‍ രണ്ടെണ്ണം കുത്തിപ്പൊക്കും. ആര് മുമ്പിലെന്നും പറയാന്‍ പറ്റില്ല. നേട്ടം ഒരു വിഭാഗത്തിനുമാത്രമാണ്. 1958ല്‍ സമാധാനം കൈവന്നപ്പോള്‍ അത് ശാശ്വതമാകുമെന്ന് എല്ലാവരും വിശ്വസിച്ചു. എന്നിട്ടെന്ത് സംഭവിച്ചു? കലഹങ്ങള്‍ മറ്റുപലതിനും മറയാണ്. ഒരുകാര്യം പ്രത്യേകം ചൂണ്ടിക്കാട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ക്രൈസ്തവസഭകളും വിശ്വാസികളും ഏറ്റവും സമാധാനമായും സുരക്ഷിതമായും കഴിയുന്ന നാടാണ് ഇന്ത്യയും കേരളവും. ഇന്ത്യയിലെ ക്രൈസ്തവസഭകളുടെ 2000 വര്‍ഷത്തെ ചരിത്രത്തില്‍ ഒരിക്കല്‍പ്പോലും മതപീഡനം നേരിടേണ്ടിവന്നിട്ടില്ല. ജനാധിപത്യ മതേതരത്വ ആശയങ്ങള്‍ വരുന്നതിന് മുമ്പുതന്നെ എത്ര സഹിഷ്ണുതയോടെയാണ് ക്രൈസ്തവവിശ്വാസം ഇവിടെ സ്വീകരിക്കപ്പെട്ടതും പുലര്‍ന്നതും.

ഇപ്പോള്‍പ്പോലും മറ്റുപല രാജ്യങ്ങളിലെയും സ്ഥിതി നോക്കുക. അര്‍മീനിയയില്‍ വിവിധ ഓര്‍ത്തഡോക്സ്സഭാ പാത്രിയാര്‍ക്കീസുമാര്‍ അടുത്തിടെ സമ്മേളിച്ചു. പാത്രിയാര്‍ക്കീസുമാര്‍ പലരും പങ്കുവെച്ച അനുഭവം ഭീതിപ്പെടുത്തുന്നതാണ്. യുദ്ധവും ആഭ്യന്തരകലാപങ്ങളും വംശീയ കലഹങ്ങളുമായി അവിടെയെല്ലാം ക്രൈസ്തവസഭകള്‍ തീര്‍ത്തും അരക്ഷിതമാണ്. ഓര്‍ത്തഡോക്‌സ് സഭകളുടെ കൂട്ടത്തില്‍ ഏറ്റവും ‘സെയ്ഫ് സോണി’ലുള്ളത് മലങ്കരയിലാണെന്ന് അവര്‍ പറയുന്നത് നൂറ്റൊന്നുശതമാനം സത്യമാണ്. പല പാത്രിയാര്‍ക്കീസുമാര്‍ക്കും സ്വന്തം നാട്ടില്‍ കഴിയാന്‍പോലും പറ്റുന്നില്ല. ചിലരെങ്കിലും ജയിലിലടയ്ക്കപ്പെട്ടിരിക്കുന്നു. അതെല്ലാം പരിഗണിക്കുമ്പോള്‍ നാമെത്ര ഭാഗ്യംചെയ്തവരാണ്.

ചോദ്യം: സഭാതര്‍ക്കത്തില്‍ കോടതിവിധി നടപ്പാകുന്നില്ലെന്നും ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നീതികിട്ടുന്നില്ലെന്നുമുള്ള പരാതി ഇപ്പോഴുമുണ്ടോ?

ഉത്തരം: തീര്‍ച്ചയായും മണി പവര്‍, മസില്‍ പവര്‍, പൊളിറ്റിക്കല്‍ പവര്‍. ഇത് ഉപയോഗിക്കുന്നവര്‍ക്ക് പലതും കിട്ടുന്നുണ്ട്. ഓര്‍ത്തഡോക്‌സ് സഭ രാഷ്ട്രീയമായി ഒരു സമ്മര്‍ദശക്തിയല്ല. ആകാന്‍ ശ്രമിച്ചിട്ടുമില്ല. അങ്ങനെ ചെയ്താല്‍ അതിന് മറ്റ് പ്രത്യാഘാതങ്ങളുണ്ടാകും.

മതവും രാഷ്ട്രീയവും വേറിട്ടുനില്‍ക്കേണ്ടവയാണ്. മതങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതും രാഷ്ട്രീയപ്പാര്‍ട്ടികള്‍ മതങ്ങളെ ഉപയോഗിക്കുന്നതും അപകടകരമാണ്. മതരാഷ്ട്രീയം മതങ്ങളെത്തന്നെ ഇല്ലാതാക്കും. രാഷ്ട്രീയത്തിന് അത്രത്തോളം നഷ്ടമുണ്ടാകില്ല.

ഇതൊക്കെയാണെങ്കിലും മിക്ക മതങ്ങളും ജാതികളും രാഷ്ട്രീയ സമ്മര്‍ദശക്തികളായി മാറുകയാണിപ്പോള്‍. പക്ഷേ, ഓര്‍ത്തഡോക്‌സ് സഭ ഇപ്പോഴും ‘മൂകസാക്ഷി’കളായി തുടരുകയാണ്. അതിന്റെ കോട്ടം എല്ലാരംഗത്തും ഞങ്ങള്‍ അനുഭവിക്കുന്നുണ്ട്. രാഷ്ട്രീയശക്തിയാകണമെന്ന വാദം സഭയ്ക്കകത്ത് ശക്തമായി ഉയര്‍ന്നുവരുന്നുണ്ട്.

ഓര്‍ത്തഡോക്‌സ് സഭ രാഷ്ട്രീയക്കാരെ ഉപയോഗിക്കുന്നില്ല. പക്ഷേ, രാഷ്ട്രീയക്കാര്‍ സഭയെ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, അര്‍ഹമായ നീതിയോ പരിഗണനയോ സഭയ്ക്ക് കിട്ടുന്നില്ല. അതില്‍ ദുഃഖവും പ്രതിഷേധവുമുണ്ട്. ഞങ്ങള്‍ക്ക് വിലപേശാനറിയില്ല. അവര്‍ പ്രീണനത്തോടെ കാര്യം കാണുന്നുണ്ട്.

ചോദ്യം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഭാംഗമാണല്ലോ. അദ്ദേഹം പങ്കെടുക്കുന്ന ചടങ്ങുകള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനമുണ്ടോ?

ഉത്തരം: ശരിയാണ്. അങ്ങനെയൊരു തീരുമാനം സഭ എടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മാത്രമല്ല, മറ്റുചില മന്ത്രിമാരുടെ ചടങ്ങുകളിലും പങ്കെടുക്കില്ല. ഉമ്മന്‍ചാണ്ടി സഭാചടങ്ങുകളില്‍ പങ്കെടുക്കരുതെന്നൊന്നും തീരുമാനമില്ല. പക്ഷേ, താനടക്കം മെത്രാപ്പോലീത്തമാരൊന്നും അദ്ദേഹം പങ്കെടുക്കുന്ന ചടങ്ങുകളിലുണ്ടാകില്ല.

ചോദ്യം: അന്ത്യോഖ്യ പാത്രിയാര്‍ക്കീസ് ബാവയുടെ സന്ദര്‍ശനം വലിയ പ്രതീക്ഷകളുയര്‍ത്തിയിരുന്നു. ഓര്‍ത്തഡോക്‌സ് സഭ പോസിറ്റീവായി പ്രതികരിക്കുകയും ചെയ്തു. എന്നിട്ടും…?

ഉത്തരം: ശരിയാണ്. അദ്ദേഹത്തിന്റെ സന്ദര്‍ശനം ക്രിയാത്മകഫലങ്ങള്‍ സൃഷ്ടിക്കുമെന്ന് കരുതിയിരുന്നു. തുടക്കത്തില്‍ പ്രതീക്ഷകളുയര്‍ത്തുന്ന ചില പരാമര്‍ശങ്ങളുണ്ടാകുകയും ചെയ്തു. പക്ഷേ, അദ്ദേഹം സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുമ്പോഴേക്കും ആ അന്തരീക്ഷം മാറി. ഒരുപക്ഷേ, അവിടെയെത്തിയ ശേഷമുള്ള അനുഭവങ്ങളാകാം കാരണം.

ചോദ്യം: അര്‍മീനിയയില്‍വെച്ച് പിന്നീട് കൂടിക്കണ്ടിരുന്നല്ലോ. സൗഹൃദപൂര്‍ണമായ ചര്‍ച്ചകളും സംഭാഷണങ്ങളും നടന്നതായി വാര്‍ത്തകളും വന്നിരുന്നു. യഥാര്‍ഥത്തില്‍ മഞ്ഞുരുകിയോ?

ഉത്തരം: അഞ്ചുദിവസം ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. സൗഹൃദപൂര്‍ണമായിരുന്നു ആ ദിവസങ്ങള്‍. ഞങ്ങള്‍ ഒരുമിച്ചാണ് ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചത്. യാത്രയും ഭക്ഷണവുമെല്ലാം ഒരുമിച്ചായിരുന്നു. പക്ഷേ, അതുകൊണ്ടുമാത്രം മലങ്കരസഭയിലെ തര്‍ക്കം തീരുമെന്ന് കരുതാന്‍ ബുദ്ധിമുട്ടാണ്. ഒരുപാട് തടസ്സങ്ങളുണ്ട്. എങ്കിലും അദ്ദേഹം ധീരമായ നിലപാടെടുക്കാന്‍ തയ്യാറായാല്‍ തീര്‍ച്ചയായും ഫലമുണ്ടാകും. അദ്ദേഹത്തിന്റെമേല്‍ സമ്മര്‍ദങ്ങളുണ്ടാകും. ചില സൂചനകളുമുണ്ടായി. സ്വന്തം നാട്ടിലും അദ്ദേഹത്തിന് ഗൗരവമായ പ്രശ്‌നങ്ങളുണ്ട്. ബെയ്‌റൂട്ടിലേക്കോ സിറിയയിലേക്കോ പോകാന്‍ പോലുമാകാത്ത അവസ്ഥയുണ്ട്. എങ്കിലും പ്രതീക്ഷയുണ്ട്. കൂടുതല്‍ പറയാന്‍ സമയമായിട്ടില്ല.

ചോദ്യം: അനന്തമായ വ്യവഹാരങ്ങളും തര്‍ക്കങ്ങളും അവസാനിച്ച് സമാധാനത്തിന്റെ പുലരിയുണ്ടാകുമെന്ന പ്രതീക്ഷയുണ്ടോ?
ഉത്തരം: ക്രൈസ്തവവിശ്വാസം പ്രത്യാശയിലധിഷ്ഠിതമാണ്. പിറവിയും ഉയിര്‍പ്പുമെല്ലാം ആ പ്രത്യാശയാണ് പകരുന്നത്. പ്രത്യാശയില്ലെങ്കില്‍ ക്രൈസ്തവജീവിതമില്ല. രാജ്യത്തെ നിയമത്തിനും കോടതിവിധികള്‍ക്കും വിധേയമാകാന്‍ തയ്യാറായാല്‍ത്തന്നെ പ്രശ്‌നപരിഹാരത്തിന് വഴിതെളിയും.

Source