മരുഭൂമി by ഫാ. ബിജു പി തോമസ്‌

fr_biju

പുത്രനാം ദൈവത്തിന്‍റെ മര്‍ത്യീകരണത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നാണ് മരുഭൂമിയുടെ ഊഷരതയില്‍ അനുഷ്ഠിച്ച നാല്‍പതുദിവസത്തെ തീവ്രമായ ഉപവാസം.  മരുഭൂമിയും, മലകളും, മരങ്ങളും, ജലാശയങ്ങളും എല്ലാം അത്മീയതയില്‍ മഹത്തായ പശ്ചാത്തലം സൃഷ്ടിക്കുന്ന സാഹചര്യങ്ങളാണ്.  യേശു ക്രിസ്തുവിന്‍റെ മരുഭൂ- അനുഭവത്തെ വെറുതെയങ്ങു ഉപവാസം എന്നു വിശേഷിപ്പിച്ചു കടന്നുപോകുന്നത്ശരിയല്ല. ജഡിക-ആഗ്രഹ-ആവശ്യങ്ങള്‍ മനപൂര്‍വ്വമായി അവഗണിച്ച്, നിഗ്രഹിച്ചു പിതാവാം ദൈവത്തോടു മാത്രം മമത കാട്ടി ജീവിതം മരുഭൂമിയില്‍ ആക്കുകയായിരുന്നു. യേശുക്രിസ്തുവിന്‍റെ മരുഭൂമിയിലെ ജീവിതം രക്ഷാകര പ്രക്രിയയില്‍വളരെ പ്രാധാന്യം ഉള്ള സംഭവമാണ്. വി.കുര്‍ബാന യേശുക്രിസ്തുവിന്‍റെ രക്ഷാകര പ്രവര്‍ത്തനങ്ങളുടെ ഓര്‍മയും അതില്‍ വിശ്വാസികളുടെ സംസര്‍ഗവും ആണെന്നു എല്ലാവര്‍ക്കും അറിയാം.  വിശുദ്ധ കുര്‍ബാനയുടെ ഒരുക്കശുശ്രൂഷയില്‍ (തുയോബോ) ക്രിസ്തുവിന്‍റെ ജീവിതത്തിലെ നാഴികകല്ലുകള്‍ ഓരോന്നായി കാര്‍മികന്‍ ഓര്‍ക്കുന്നു.  അതിങ്ങനെ ആണ്. ” യോര്‍ദ്ദാന്‍ നദിയിലെ മാമോദീസ, മരുഭൂമിയിലെ നാല്പതു ദിവസത്തെ ഉപവാസം…..”

യേശുക്രിസ്തുവിന്‍റെ പരസ്യശുശ്രൂഷാകാലം അതിശക്തമായ കൊടുങ്കാറ്റുപോലെ ആയിരുന്നു. ഈ ഭൂഗോളം ദര്‍ശിച്ച ഏറ്റവും ശക്തമായ ജീവിതം….. ശക്തമായ കൊടുങ്കാറ്റിനും ഭീമരൂപിയായ സുനാമിയ്ക്കും മുന്‍പ് വളരെ ആഴമുള്ള ശാന്തത അനുഭവപെടുന്നു. യേശുക്രിസ്തു  ആകുന്ന ജീവിത തരംഗം മൂന്നുവര്‍ഷങ്ങള്‍ പലസ്തീന്‍ നാട്ടില്‍ ആഞ്ഞടിച്ചു. അവിടെ നിന്നും ശക്തിചോരാതെ ഇന്നും തുരടുന്നു.  യേശുക്രിസ്തു മരുഭൂമിയുടെ തീവ്രതയില്‍ ആഴമായ ധ്യാനത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ജീവിതത്തെ മെരുക്കിയെടുക്കുകയായിരുന്നു. അതിശക്തമായ ജീവിതരൂപീകരണ പ്രക്രിയയില്‍ മരുഭൂമിയിലെ അനുഭവം ഒരുക്കശുശ്രൂഷപോലെയാണ്. പ. പൌലൂസ് ശ്ലീഹ ദമാസ്കസ് അനുഭവത്തിനു ശേഷം മൂന്ന് വര്‍ഷങ്ങള്‍ അറേബ്യന്‍ മണലാരണ്യത്തില്‍ ധ്യാനത്തില്‍ ആയിരുന്നു എന്നു കാണുന്നു.  ജീവിതത്തിന്‍റെ വിജയകരമായ നടത്തിപ്പില്‍ മരുഭൂഅനുഭവം പ്രധാനം ആണ്.

മരുഭൂമിയില്‍ പോയിട്ടുല്ലവര്‍ക്കറിയാം എത്ര കഠിനം ആണെന്ന്.  തലതിരിച്ച് ചുറ്റുപാടും നോക്കിയാല്‍ എവിടെയും, കണ്ണിന്‍റെ കാഴ്ചയ്ക്കുമപ്പുറം പടര്‍ന്നു പരന്നു കിടക്കുന്ന മണല്‍മാത്രം. വിശാലമായ ഭക്ഷണപാത്രത്തില്‍ ധാന്യം വാരിയിട്ടതുപോലെ,   സ്വര്‍ണനിറമുള്ള മണല്‍, അതിനുമുകളില്‍ നീലപാത്രം കൊണ്ടടച്ചതുപോലെ നീലാംബരി. മറ്റു നിറങ്ങള്‍ ഒന്നും മരുഭൂമിയില്‍ കാണുന്നില്ല. സദ്യക്കായി കൊട്ടയില്‍ കോരിയിട്ട ചൂടുചോറില്‍നിന്നും ആവി പൊങ്ങുന്നതുപോലെ  മരുഭൂമി കത്തുകയാണ്.

ജീവന്‍റെ അംശം എങ്ങും കാണുന്നില്ല. നല്ല ഭൂമി ഉള്ളപ്പോള്‍ മരുഭൂമിയില്‍ വസിക്കുവാന്‍ആരാണാഗ്രഹിക്കുക.  മണലിനടിയില്‍ പുതഞ്ഞുകിടക്കുന്ന ജീവികള്‍ ഉഗ്രവിഷം പേറുന്നവയും ജീവന്നപകടകാരികള്‍  ആണ്.   അപ്രതീക്ഷിതമായിട്ടെത്തുന്ന മണല്‍കാറ്റ് കാഴ്ച ഇല്ലാതാക്കും. നടപ്പിന്റെ വേഗത കുറയ്ക്കും, ശ്വാസം മുട്ടിക്കും, ശരീരത്തിലെ ജലാംശം നഷ്ടമാക്കും. ഭക്ഷണം ലഭിക്കുകയില്ല. ക്ഷീണിച്ചവശരാകും.  ചൂടിന്‍റെ കാഠിന്യത്തില്‍ നിന്നും രക്ഷ നേടാന്‍ സ്വന്തം നിഴല്‍ പോലും സഹായത്തിനെത്തുകയില്ല.

ഇത്തരം ദുസ്സഹമായ ഒരു ഭൌമസാഹചര്യം നിലനില്‍ക്കുന്ന ഒരിടം ക്രിസ്തു എന്തു കൊണ്ട് തെരഞ്ഞെടുത്തു എന്നത് അത്ഭുതാവഹമാണ്. ക്രിസ്തു മാമോദീസ സ്വീകരിച്ച യോര്‍ദ്ദാന്‍ നദിയും അതിന്‍റെ ചുറ്റുപാടും ഭൂമിയിലെ തന്നെ സുന്ദരവും ഫലപുഷ്ടവുമായ ഭൂപ്രദേശമാണ്. ആ മേഖലയിലെ കലഹങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നും യോര്‍ദ്ധാന്റെ സമൃദ്ധി ആണ്. സ്വയം തെരഞ്ഞെടുക്കുവാന്‍ സാഹചര്യം കിട്ടുമ്പോള്‍ സാധാരണ രീതിയില്‍ ഏറ്റവും മെച്ചപ്പെട്ടവ മനുഷ്യന്‍ തെരഞ്ഞെടുക്കുന്നു. അനേകം ഇരിപ്പിടങ്ങള്‍ കിടക്കുന്നിടത്ത് എത്തിയാല്‍ ഏറ്റവും മുഖ്യമായതും സുന്ദരമായതും, ഭക്ഷണം സ്വയം വിളബുന്നിടത്തും(buffet), കടകളിലെത്തിയാലും എല്ലാം ഏറ്റവും നല്ലത് അന്വേഷിച്ചു കണ്ടെത്തുന്ന ത്വര മനുഷ്യന്‍റെ സഹജവാസന ആണ്. നടന്നു പരിക്ഷീണിതനാകുമ്പോള്‍ ഏറ്റവും നല്ല തണല്‍ നല്‍കുന്ന മരച്ചുവിടാണ് ഒന്നിരുന്നു ക്ഷീണം തീര്‍ക്കുക.സ്നേഹ ബന്ധങ്ങളിലും അങ്ങനെ തന്നെ.  നന്നായി പഠിക്കുന്നവര്‍, ധനവാന്മാര്‍, കണ്ടാല്‍ കൊള്ളാവുന്നവര്‍…… അങ്ങനെ പോകുന്നു.  മനസ്സില്‍ നിന്നും   മായാതെ നില്കുന്നു,   ഒരമ്മ മകനെ തല്ലുകയാണ്,   കാരണം സവര്‍ണനായ മകന്‍റെ കൂട്ടുകാരന്‍ താണ ജാതിക്കാരനാണ പോലും.  യേശു ക്രിസ്തുവിന്‍റെ തെരഞ്ഞെടുപ്പുകള്‍ എല്ലാം അങ്ങനെ ആണു. ആര്‍ക്കും വേണ്ടാത്തത് ക്രിസ്തുവിനുവേണം. സുഹൃത്തുക്കളെല്ലാം അധകൃതരില്‍ നിന്നുംആയിരുന്നു. മുക്കുവന്മാര്‍, കൃഷിക്കാര്‍, വഴക്കാളികള്‍…… ആ അമ്മ മകനെ തല്ലിയില്ല. തെരഞ്ഞെടുപ്പിനു സാധ്യതയില്ലാത്തപ്പോള്‍ ഉള്ളതുകൊണ്ട് തൃപ്തിപ്പെടും. സുന്ദരമായ യോര്‍ദ്ദാന്‍ നദിയുടെ ഫലപുഷ്ടമായ സുന്ദര തീരം വിട്ടു മരുഭൂ പ്രദേശത്തു പ്രലോഭന മലയിലേക്കു (temptation mount)  തേടിപോയത് ആത്മാവിന്‍റെ നിര്‍ദേശം അനുസരിച്ചാണ്.  കൊട്ടാരത്തിന്‍റെ സുഖത്തെ തള്ളി ദൈവ നിര്‍ദ്ദേശത്തെ പാലിക്കുവാന്‍ മരുഭൂയിലെ അലച്ചിലും മരുഭൂമിയിലെ മരണവും കൈകൊണ്ട മോശയും നമ്മെ ചിന്തിപ്പിക്കുന്നു.  സഖറിയായുടെ മകനു യെരുശലെമില്‍ സമ്പന്നരുടെ ഇടയില്‍ വലിയ സമ്പത്ത് ഉണ്ടായിരുന്നു.  തന്‍റെ നല്ല കാലം ജീവിക്കുവാന്‍ മരുഭൂമിയുടെ  കാഠിന്യം തെരഞ്ഞെടുത്തു.  ഉള്ളില്‍നിന്നും നമ്മെ നയിക്കുന്ന ആത്മാവിന്‍റെ  ഹിതാനുവര്ത്തിയാകുക പ്രധാനമാണ്.

മരുഭൂമിയുടെ തീവ്രതയെ മനുഷ്യന്‍ വല്ലാതെ ഭയപ്പെടുന്നു. ഒരു  ക്രിസ്തീയ കീര്‍ത്തനത്തില്‍ ഇങ്ങനെ പാടുന്നു, “മരുഭൂ യാത്ര അതികഠിനം,  പ്രതികൂലങ്ങലനവധിയാം….”  മരുഭൂമിയിലെ കഷ്ടതനിറഞ്ഞ ജീവിതത്തില്‍ പട്ടിണിയുണ്ട്, പൈദാഹം ഉണ്ട്, പിറുപിറുപ്പുണ്ട്, നിരാശയും, മരണവും, മരണസാഹചര്യങ്ങളും കലഹങ്ങളും എല്ലാം ഉണ്ട്. യേശുക്രിസ്തു ഇല്ലായ്മകളെയും കഷ്ടതയും തേടിപോകുന്നു ഇത്തരം ഒരു സമീപനം ക്രിസ്തുവിനു മാത്രം സാധിക്കുന്ന ഒന്നായി തോന്നുന്നു. …   അല്ല,  എല്ലാ മനുഷ്യനും സാധിക്കുന്നതും,  എല്ലാവരും ഒരിക്കലെങ്കിലും പോകേണ്ട മാര്‍ഗ്ഗമാണിത് എന്നു നമ്മെ ജീവിതം കൊണ്ട് പഠിപ്പിക്കുകയാണ് യേശു സ്വജീവിതം കൊണ്ട്. കഷ്ടത സ്വയം തേടിയവര്‍ അനേകര്‍.  മരുഭൂമിയില്‍ അല്പാഹാരവുമായി ജീവിച്ച സന്യാസിമാര്‍ അനേകര്‍.  എങ്കിലും ക്രിസ്തുവിനോളം ആരും എത്തിയില്ല.  മരുഭൂമിയില്‍ ഭൌതിക സുഖമൊന്നുമില്ല എന്നതു തന്നെയാണ് ക്രിസ്തുവിനെ അങ്ങോട്ടാകര്‍ഷിച്ച ഒരു ഘടകം.   എന്നും മനുഷ്യന്‍റെ പ്രധാനപ്രശ്നം ദാരിദ്രം തന്നെയാണ്.   ദാരിദ്രം ക്രൈസ്തവ സന്യാസ പ്രസ്ഥാനങ്ങളുടെ പ്രധാന ശൈലിയാണ്. പട്ടിണിയെ പട്ടിണികൊണ്ട് നേരിടുന്ന ക്രിസ്തു ശൈലി. അതുകൊണ്ടാണ് യേശുക്രിസ്തു അപ്പത്തെ നിരാകരിക്കുന്നതും തള്ളിപ്പറയുന്നതും.

ആത്മാവിന്‍റെ ശാന്തിക്കും സ്വസ്ഥതയ്ക്കും അന്വേഷണങ്ങള്‍ക്കും വിഘാതമായി നില്‍ക്കുന്നത് ആഡംഭരത്തോടുള്ള അമിതമായ മമതയും മോഹങ്ങളും ആകുന്നു. കഠിനങ്ങളായ ജീവിതസാഹചര്യങ്ങളെ  കണ്ടു  ഭയന്നോടുകയല്ല അതിലേക്കു ധീരതയോടെ കടന്നു ചെന്ന് അവയെ നേരിട്ട് തോല്‍പിക്കുന്ന ശൈലിയാണിത്. ദൈവം തന്‍റെ മക്കളായ മനുഷ്യരെ എത്ര പ്രയാസകരമായ  സാഹചര്യങ്ങളെയും അതിജീവിച്ചു മുന്നേറുവാന്‍ പര്യാപ്തരാക്കിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രതികൂല സാഹചര്യങ്ങളെ സമീപനം കൊണ്ട്ജീവിക്കുവാന്‍ അനുകൂലമാക്കുകയാണ് ക്രിസ്തു.

സുഖലോലുപതയില്‍ കഴിയുന്ന മനുഷ്യര്‍ ഫലപുഷ്ടിയുടെ തീരത്തുനിന്നും മരുഭൂമിയുടെ ഊഷരതയിലേക്ക് ഇടയ്ക്കിടെ പ്രവേശിക്കേണം എന്നു തോന്നുന്നു. സമ്പത്ത് സൃഷ്ടിക്കുന്ന വിരസത ഇക്കാലത്തെ ഒരു ദുരവസ്ഥ ആയിരിക്കുന്നു. അനേകര്‍ നിരാശയിലേക്ക് വീഴുന്നു. അവയ്ക്കൊരു ഔഷധം കൂടെയാണ് മരുഭൂ ജീവിതം പോലെയുള്ള നോമ്പനുഷ്ടാനം. അതിശീഘ്രം സാമ്പത്തിക മുന്നേറ്റം നടത്തുന്ന ഭാരതത്തിലെ നാലിലൊന്നു യുവതീ യുവാക്കന്മാരുടെ അവസ്ഥ കഷ്ടം ആണ്.  അവര്‍ ഡിപ്രഷനില്‍ ആണ്.  അവര്‍ നല്ല തൊഴില്‍ ചെയ്യുന്നവരും സാമ്പത്തീക മെച്ചമായവരുമാണ്. (കടപ്പാട്. ഇന്ത്യ ടുഡേ).

മരുഭൂമിയുടെ പശ്ചാത്തലം നല്‍കുന്ന ഏകാന്തത (solitude) ആത്മാവായ ദൈവവുമായി ആഴമായ സംസര്‍ഗത്തില്‍ വരുവാന്‍ സഹായകമാണ്.

 

പ്രഥമവിമോചന പ്രസ്ഥാനത്തിന്‍റെ പടനായകനായിരുന്ന മോശെ മരുഭൂമിയില്‍ ഏകാന്തപഥികനായി  അലയുംപോള്‍ മുള്‍ ചെടികള്‍ക്ക്

ഇടയില്‍ നിന്നും ദൈവശബ്ദം ശ്രവിച്ചത്.  ഇതേ മോശ ജനസഞ്ചയത്തെ താഴ്വരയില്‍ നിര്‍ത്തിയിട്ടു മലയുടെ മുകളിലെ ഏകാന്തതയിലേക്ക് ഏകനായി കയറിപോയത് ദൈവസംസര്‍ഗത്തിന്റെ ആഴം തിരിച്ചരിയുവാനായിരുന്നു. നാല്പതു ദിവസം മലമുകളില്‍ കഴിഞ്ഞെന്നാണ് വേദം. നിശബ്ദത പശ്ചാത്തലമായ ഏകാന്തത ആത്മാവിനു വിവരണനാദീതമായ ശാന്തി അനുഭവിക്കുന്നു. ദൈവത്തെ എപ്പോഴും തേടുന്ന മനുഷ്യന്‍റെ ആത്മാവ്  ശാന്തമായ അന്തരീക്ഷത്തില്‍ ദൈവ സംസര്‍ഗത്തില്‍ ആയിരിക്കുവാന്‍ ആഗ്രഹിക്കുന്നു. രാജകൊട്ടാരത്തിന്റെ ഇളകി മറിഞ്ഞ അന്തരീക്ഷത്തില്‍ തുടര്‍ന്നുകൊണ്ടു ആത്മാവിനെ സ്വസ്ഥമാക്കുവാന്‍ ഗയയിലെ രാജകുമാരന്‍ പരിശ്രമിച്ചു. അവസാനം ആത്മാവിന്‍റെ ശബ്ദത്തിനു കീഴടങ്ങി ഏകാന്തതയിലേക്ക് പ്രവേശിക്കുക ആയിരുന്നു.

യേശുക്രിസ്തുവിന്‍റെ മരുഭൂമിയിലേക്കുള്ള പ്രയാണത്തിന്നു ലോകത്തെ പരിത്യജിക്കലിന്റെ ഒരു സൂചന കൂടി ഉണ്ട്. ആത്മീക ജീവിതത്തിന്‍റെ പരമാനന്ദം ആത്മാവില്‍ ആത്മാവിനെ കണ്ടു ജീവിക്കുബോഴാണ്. വിശ്വാസിയുടെ ആത്മാവ് ദൈവാത്മാവുമായി മേളിക്കണം. ആയതിനു ശരീരത്തെയും പഞ്ചേന്ദ്രിയങ്ങളെയും കര്‍ശനമായി നിയന്ത്രിക്കണം. വിശ്വാസ ജീവിതത്തിന്‍റെ പ്രാരംഭദശയില്‍ മരുഭൂമിയിലേക്കുള്ള വഴി കല്ലും മുള്ളും നിറഞ്ഞതായി തോന്നാം.