മലങ്കര സഭ വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ സമാധാന ശ്രമം തുടരും: പ. കാതോലിക്കാ ബാവാ

bava_muscat

മസ്കറ്റ്‌: പരിശുദ്ധ പാത്രിയാര്‍ക്കീസ്‌ ബാവായുടെ സന്ദര്‍ശന വേളയില്‍ നടത്തിയ സമാധാന ശ്രമങ്ങള്‍ യാക്കോബായ സഭ തുടരുമെങ്കില്‍ അതിനോട് പൂര്‍ണ്ണമായും സഹകരിക്കുമെന്നും എന്നാല്‍ വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെയും സഭാ ഭരണഘടനയുടെയും കോടതി വിധികളുടെയും അടിസ്ഥാനത്തിലായിരിക്കുമെന്നും മലങ്കര ഓര്‍ത്തഡോക്സ്‌ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ.

മസ്കറ്റ്‌ മാര്‍ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്സ്‌ മഹാ ഇടവകയിലെ ഈ വര്‍ഷത്തെ വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിക്കാന്‍ മസ്കറ്റിലെത്തിയ എത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

ശാശ്വതമായ സമാധാനമാണ് സഭ ആഗ്രഹിക്കുന്നത്. മലങ്കര സഭ ഭാരതത്തിലെ ഒരു ദേശീയ സഭയാണ് അതുകൊണ്ട് തന്നെ ഇന്‍ഡ്യന്‍ ജുഡീഷ്യറിക്ക് വിധേയമല്ലാത്ത ഒരു ഒത്തുതീര്‍പ്പ്‌ ശ്രമങ്ങള്‍ക്കും സഭ മുതിരില്ല.

മദ്യവും മയക്കുമരുന്നും പോലെ തന്നെ ഇന്നത്തെ തലമുറ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്നമാണ് സൈബര്‍ അഡിക്ഷന്‍. ഇന്റര്‍നെറ്റിലും, സമൂഹ മാധ്യമങ്ങളിലും മണിക്കൂറുകളാണ് ദിവസവും നാം ചിലവഴിക്കുന്നത്. അച്ചടി-ഇലക്ര്ടോണിക്-സോഷ്യല്‍ മാധ്യമങ്ങള്‍ വ്യക്തികളുടേയും സമൂഹത്തിന്റേയും വളര്‍ച്ചയ്ക്ക് ഗുണപരമായി ഉപയോഗിക്കുന്നതിനും ഇവയുടെ ദുരുപയോഗം എങ്ങനെ ഒഴിവാക്കാമെന്നതി സംബന്ധിച്ചും സഭക്കും സമൂഹത്തിനും ബോധവത്ക്കരണം നടത്തുന്നതിനായി ‘നേര്‍വഴി’ എന്നൊരു പുതിയ പദ്ധതി സഭ ആരംഭിച്ചതായും പരിശുദ്ധ ബാവാ പറഞ്ഞു. ഇന്നുള്ള എല്ലാ കുറ്റകൃത്യങ്ങള്‍ക്ക്‌ പിന്നിലും മദ്യം ഒരു പ്രധാന ഘടകമാണ്. മദ്യം പൂര്‍ണ്ണമായും നിരോധിക്കണമെന്നാണ് സഭ ആവശ്യപ്പെടുന്നത്. ആത്മാര്‍ത്ഥതയില്ലാത്തതാണ് സര്‍ക്കാരിന്റെ പുതിയ മദ്യ നയം. ഇപ്പോഴത്തെ മദ്യനയത്തോട് സഭ യോജിക്കുന്നില്ല.

ജനാധിപത്യത്തിന്‍റെ ശ്രീകോവിലായ നിയമ നിര്‍മ്മാണ സഭയില്‍ നടന്നത് അത്യന്തം ഖേദകരമായ സംഭവങ്ങളാണ്. ഇത് ലോകത്തിന് മുന്‍പില്‍ നാണക്കേടുണ്ടാക്കിതായും ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി ബാവാ പറഞ്ഞു.

മസ്കറ്റ്‌ മാര്‍ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്സ്‌ മഹാ ഇടവക വികാരി ഫാ. ജോജി ജോര്‍ജ്‌, അസോസിയേറ്റ്‌ വികാരി ഫാ. കുറിയാക്കോസ് വര്‍ഗീസ്‌, ട്രസ്റ്റി ജേക്കബ്സ് കുര്യാക്കോസ്, കോട്രസ്റ്റി മാത്യു കെ. എ, സെക്രട്ടറി ജോണ്‍ പി. ലുക്ക്‌ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.