മലങ്കരയിലെ ഓര്‍ത്തഡോക്സ്-യാക്കോബായ സഭകള്‍ സമാധാനത്തോടും സൌഹൃദത്തോടും മുന്നോട്ട് പോകണമെന്ന് ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവാ. സമാധാനത്തിന്റെ വിത്തുവിതച്ചാണ് താന്‍ തിരിച്ചു പോകുന്നതെന്നും കേരളത്തിലെ വിശ്വാസികളുടെ പ്രയത്നം കൊണ്ടുവേണം അതു മുളപൊട്ടി വിരിയാനെന്നും പാത്രിയര്‍ക്കീസ് ബാവാ കൂട്ടിച്ചേര്‍ത്തു. മാര്‍ത്തോമ്മാ, കത്തോലിക്കാ, സി.എസ്.ഐ. സഭകളെപ്പോലെ ഓര്‍ത്തഡോക്സ് സഭയും സഹോദര സഭയായി കണക്കാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രശ്നങ്ങള്‍ തീര്‍ക്കേണ്ടത് ഇവിടെ മേശക്കിരുവശവും ഇരുന്നാണ്. ഞാന്‍ തിരിച്ചുപോകുന്നതിനു പിന്നാലെ കമ്മിറ്റിയിലുള്ളവര്‍ പ്രശ്ന പരിഹാരത്തിനു ശ്രമം തുടങ്ങും. മലങ്കര ഓര്‍ത്തഡോക്സ് സഭയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു കമ്മീഷനെ നിയമിക്കാന്‍ എപ്പിസ്കോപ്പല്‍ സുന്നഹദോസ് തീരുമാനിച്ചു. സമാധാന ശ്രമത്തിനു സഹായിക്കാനായി ആവശ്യമെങ്കില്‍ അന്ത്യോക്യയില്‍ നിന്നു മെത്രാപ്പോലീത്തായെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓര്‍ത്തഡോക്സ് വിഭാഗവും ഇത്തരമൊരു കമ്മിറ്റിയെ ശ്രമത്തിനായി നിയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഗാന്ധിജിയുടെ നാട്ടില്‍ അക്രമം നടക്കുന്നതും പള്ളികള്‍ അക്രമിക്കപ്പെടുന്നതും വളരെ വേദിപ്പിച്ചുവെന്നു പാത്രിയര്‍ക്കീസ് ബാവാ പറഞ്ഞു.