മലങ്കര ഓര്‍ത്തഡോക്‌സ് സഭ വേദപുസ്തകം പ്രസിദ്ധീകരിക്കും

കോട്ടയം: മണിപ്പൂർ ദുരന്തത്തിൽപ്പെട്ട പലായനം ചെയ്യേണ്ടിവരുന്ന അഭയാർത്ഥികളെ ഉൾക്കൊള്ളുന്നതിനും ദുരിതത്തിനിരയായ വിദ്യാർഥികൾക്ക് വിവിധ ഭദ്രാസനങ്ങളുടെ ചുമതലയിൽ സൗജന്യ വിദ്യാഭ്യാസം നൽകുന്നതിനും ഓർത്തഡോക്സ് എപ്പിസ്ക്കോപ്പൽ സുന്നഹദോസ് തീരുമാനിച്ചു.

മൂന്ന് മാസത്തോളമായി നടന്നുവരുന്ന മണിപ്പൂര്‍ കലാപത്തില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ടും അവിടെ പീഢ അനുഭവിക്കുന്ന ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുമായിരുന്നു നടപടികള്‍ ആരംഭിച്ചത്.

കാലഘട്ടത്തിനനുയോജ്യമായ ഭദ്രാസനേതര-ഇടവകേതര ശുശ്രൂഷകളുടെ പ്രസക്തി, സഭാ ശുശ്രൂഷയില്‍ സ്ഥിര ശെമ്മാശ്ശന്മാരുടെയും ശെമ്മാശ്ശിനിമാരുടേയും സ്ഥാനം, സഭാ ശുശ്രൂഷകളില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യയുമായി സഹകരിച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ കാനോന്‍ പ്രകാരമുള്ള വേദപുസ്തക പ്രസിദ്ധീകരണം, സെമിനാരികള്‍ തമ്മിലുള്ള സഹകരണം, മിഷന്‍ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചുള്ള പഠനത്തിന്റെയും പരിശീലനത്തിന്റെയും പ്രാധാന്യം തുടങ്ങിയവ പ്രധാന ചര്‍ച്ചാവിഷയങ്ങളായിരുന്നു. സഭയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന വേദപുസ്തക വിവര്‍ത്തനം ഘട്ടംഘട്ടമായി പ്രസിദ്ധപ്പെടുത്തുവാനും, ആദ്യഘട്ടമായി നാലു സുവിശേഷങ്ങളും അപ്പോസ്‌തോല പ്രവര്‍ത്തികളും ചേര്‍ന്നുള്ള ഭാഗം പ്രസിദ്ധീകരിക്കുവാനും തീരുമാനമായി. സഭാംഗമായിരുന്ന പിറവം എണ്ണയ്ക്കാപ്പിള്ളില്‍ വീട്ടില്‍ മിഷേല്‍ ഷാജി വര്‍ഗീസിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസത്തില്‍ സുന്നഹദോസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. എത്രയും വേഗം കുറ്റവാളികളെ കണ്ടെത്തി ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതിനുള്ള നടപടികള്‍ അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും സുന്നഹദോസ് ആവശ്യപ്പെട്ടു. ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്, അലക്‌സിയോസ് മാര്‍ യൗസേബിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രിയോസ് എന്നീ മെത്രാപ്പോലീത്താമാര്‍ വിവിധ ദിവസങ്ങളില്‍ ധ്യാനപ്രസംഗങ്ങള്‍ നടത്തി. ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രിയോസ്, അലക്‌സിയോസ് മാര്‍ യൗസേബിയോസ്, സഖറിയാ മാര്‍ സേവേറിയോസ്, ഡോ. സഖറിയാസ് മാര്‍ അപ്രേം, ഡോ. ഏബ്രഹാം മാര്‍ സെറാഫിം, യൂഹാനോന്‍ മാര്‍ മിലീത്തോസ്, ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ്, ഫാ. ഡോ. റെജി മാത്യു, ഫാ. ഡോ. ജോസ്സി ജേക്കബ്, റവ. കെ. വി. പോള്‍ റമ്പാന്‍, ഫാ. എം. സി. പൗലോസ് എന്നിവര്‍ വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.

ജൂലൈ 31-ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ആരംഭിച്ച സുന്നഹദോസ് സമാപിച്ചു.

_______________________________________________________________________

പരിശുദ്ധ സഭാ ശുശ്രൂഷകളിൽ നിന്നും മാറ്റിനിർത്തപ്പെടുന്ന കുറ്റാരോപിതരായ വൈദികരുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് കാനോൻ വിദഗ്ധൻ, പോലീസ് ഉദ്യോഗസ്ഥൻ, അഭിഭാഷകൻ, കൗൺസലിംഗ് വിദഗ്ധൻ എന്നിവർ ചേർന്ന ഒരു സമിതി ഭദ്രാസന തലത്തിലും കേന്ദ്ര തലത്തിലും രൂപീകരിക്കേണ്ടതാണ് എന്ന് സുന്നഹദോസ് നിശ്ചയിച്ചു

(2023 ഓഗസ്റ്റ് സുന്നഹദോസ് നിശ്ചയം)