പുതുഞായറാഴ്ചയ്ക്കുശേഷം രണ്ടാം ഞായറാഴ്ച. വി. മര്‍ക്കോസ് 2:13-22
യേശുതമ്പുരാന്‍ തന്‍റെ പരസ്യശുശ്രൂഷയുടെ ആരംഭഘട്ടത്തില്‍ പലരെയും തന്‍റെ ശിഷ്യരായി ചേര്‍ക്കുന്നു. മുക്കുവര്‍ ആയിരുന്ന പത്രോസിനോടും, അന്ത്രയോസിനോടും, എന്നെ അനുഗമിപ്പിന്‍, ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും. മറ്റു രണ്ടു സഹോദരന്മാരായ യാക്കോബിനെയും യോഹന്നാനെയും വിളിക്കുന്നു. ഇവര്‍ സകലവും ഉപേക്ഷിച്ച് അവനെ അനുഗമിക്കുന്നു. ഇങ്ങനെ തന്‍റെ ശുശ്രൂഷ നിര്‍വ്വഹിച്ച് പട്ടണംതോറും സഞ്ചരിക്കുമ്പോള്‍ ആണ് ചുങ്കക്കാരനായ ലേവിയെ കാണുന്നത്. അവന്‍ ചുങ്കസ്ഥലത്തിരുന്ന് ചുങ്കം പിരിക്കുകയായിരുന്നു. വി. മര്‍ക്കോസിന്‍റെയും ലൂക്കോസിന്‍റെയും സുവിശേഷത്തില്‍ ലേവി എന്നു വിളിക്കുന്ന ഈ ആള്‍തന്നെയാണ് മത്തായി എന്ന് വി. മത്തായിയുടെ സുവിശേഷത്തില്‍ കാണുന്നത്. മത്തായി എന്ന പേര് യേശുവിന്‍റെ ശിഷ്യനായി തീര്‍ന്നശേഷം ലേവി സ്വീകരിച്ചതാകുന്നു. ഈ ലേവിയെയും മറ്റു ശിഷ്യരെ വിളിച്ചതുപോലെ യേശുതമ്പുരാന്‍ വിളിക്കുന്നു. ചുങ്കസ്ഥലത്തിരിക്കുന്ന ലേവിയെ കണ്ടു ‘എന്നെ അനുഗമിക്ക’ എന്നു പറഞ്ഞു. അവന്‍ എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു. അതിനു ശേഷം യേശുതമ്പുരാന്‍ മത്തായി (ലേവി) യുടെ ഭവനത്തില്‍ പോവുകയും ആ ഭവനത്തില്‍ ചെന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുന്നു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ചേര്‍ത്തുനിര്‍ത്തുന്ന ക്രിസ്തു
ചുങ്കം പിരിക്കുന്ന ലേവിയുടെ ഭവനത്തിലേക്കാണ് യേശുക്രിസ്തു പോയത്. അക്കാലത്ത് പാലസ്തീന്‍ രാജ്യം റോമന്‍ ഭരണത്തിന്‍ കീഴില്‍ ആയിരുന്നുവല്ലോ. യഹൂദന്മാര്‍ ഈ റോമന്‍ ആധിപത്യത്തെ വെറുക്കുകയും അവരുടെ കീഴില്‍ ഉദ്യോഗങ്ങള്‍ സ്വീകരിക്കുകയോ അവര്‍ക്കുവേണ്ടി ചുങ്കം, കരം ആദിയായവ പിരിക്കുവാന്‍ ഏല്‍ക്കുകയോ ചെയ്യുന്നതിനു സാധാരണയായി യഹൂദന്മാര്‍ തയ്യാറാവുകയില്ലായിരുന്നു. ആകയാല്‍ വളരെ താണനിലയിലുള്ള ആളുകള്‍ മാത്രമേ ഈ വക ഉദ്യോഗങ്ങള്‍ സ്വീകരിച്ചിരുന്നുള്ളു. അങ്ങനെ ഉദ്യോഗം സ്വീകരിക്കുന്നവരെ യഹൂദന്മാര്‍ വലിയ അവജ്ഞയോടുകൂടി ഗണിക്കുകയും ചെയ്തിരുന്നു. വളരെ താണ നിലയിലുള്ളവരും പ്രത്യേകിച്ച് ഉയര്‍ന്ന സാമൂഹ്യവൃത്തത്തില്‍ സ്ഥാനമില്ലാത്തവരുമാകയാല്‍ ഇവരില്‍ ഭൂരിപക്ഷം പേരും ദുര്‍വൃത്തരുമായിരുന്നു. അതിനാല്‍ ചുങ്കക്കാര്‍ സാമുദായികമായി വളരെ നിന്ദ്യരായി ഗണിക്കപ്പെട്ടിരുന്നു. ചുങ്കക്കാര്‍ മറ്റുള്ളവരുടെ ധനത്തെ അപഹരിക്കുന്ന, പിടിച്ചുപറിക്കുന്ന ഒരുതരം മോഷ്ടാക്കളായിട്ടാണ് ഗണിക്കപ്പെട്ടിരുന്നത്. ഇതുപോലുള്ള പല കാരണങ്ങളാല്‍ അവര്‍ പാപികളായി ഗണിക്കപ്പെട്ടിരുന്നു. ഇങ്ങനെയുള്ള ഒരു വ്യക്തിയുടെ ഭവനത്തിലേക്കാണ് യേശുതമ്പുരാന്‍ ചെല്ലുന്നത്.
യേശുതമ്പുരാനും ശിഷ്യന്മാരും ലേവി (മത്തായി) യുടെ ഭവനത്തില്‍ എത്തി ഭക്ഷണത്തിനിരുന്നപ്പോള്‍ അവനോടൊപ്പം ചുങ്കക്കാരും, പാപികളും ഒക്കെ ഭക്ഷണം കഴിക്കുന്നു. അവന്‍റെ പിന്നാലെ അനേകം ജനങ്ങള്‍ യഹൂദന്മാര്‍ ഉള്‍പ്പെടെ അനുഗമിച്ചിരുന്നു. ഇവരുടെ കൂടെ വന്ന യഹൂദന്മാരായ മതനേതാക്കള്‍ യേശുതമ്പുരാനും ശിഷ്യന്മാരും ചുങ്കക്കാരോടിരുന്നു ഭക്ഷണം കഴിക്കുന്നതു കാണുമ്പോള്‍ അവര്‍ യേശുതമ്പുരാനെ വിമര്‍ശിക്കുന്നു. ഇതു മനസ്സിലാക്കിയ കര്‍ത്താവ് അവര്‍ക്കു മറുപടി നല്‍കുന്നത് “ഞാന്‍ നീതിമാന്മാരെ അല്ല പാപികളെ അത്രെ വിളിപ്പാന്‍ വന്നത്.” ഈ ഒരു മറുപടിയിലൂടെ കര്‍ത്താവ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത് സമൂഹത്തില്‍ അവശതയും അവഗണനയും അനുഭവിക്കുന്നവരെ ചേര്‍ത്തുനിര്‍ത്തുവാന്‍ ഉള്ള ഉത്തരവാദിത്വം നമുക്ക് ഉണ്ട് എന്നുള്ളതാണ്. ആയതിനാല്‍ തൊഴിലിന്‍റെ പേരിലോ, വര്‍ഗ്ഗത്തിന്‍റെ പേരിലോ, നിറത്തിന്‍റെ പേരിലോ, ഭാഷയുടെ പേരിലോ ഒന്നും നാം ആരോടും വ്യത്യാസം കാണിക്കുവാന്‍ പാടില്ല. എല്ലാവരും ദൈവസൃഷ്ടിയാണെന്നു മനസ്സിലാക്കി എല്ലാവരെയും ചേര്‍ത്തു നിര്‍ത്തുവാന്‍ നമുക്ക് സാധിക്കണം.
ഇന്നു സമൂഹത്തില്‍ ജാതിയുടെയും മതത്തിന്‍റെയും ഭാഷയുടെയും നിറത്തിന്‍റെയും ജോലിയുടെയും ഒക്കെ പേരില്‍ പലപ്പോഴും നാം പലരെയും ഒറ്റപ്പെടുത്താറുണ്ട്. വര്‍ണ്ണ-വര്‍ഗ്ഗ വിവേചനം ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നു. ഈ വിവേചനം ആണ് ക്രിസ്തു ഇല്ലാതാക്കിയത്. ഒരുപക്ഷേ അന്നത്തെ സമൂഹത്തില്‍ ഏറ്റവും തള്ളപ്പെട്ടതും ഏവരും വെറുക്കുകയും ചെയ്യുന്ന ഒരു കൂട്ടര്‍ ആയിരുന്നു ചുങ്കം പിരിവുകാര്‍. അവരെ പാപികള്‍ എന്നാണ് വിളിക്കുന്നത്. ഇവരോടൊപ്പം ആണ് യേശുതമ്പുരാനും ശിഷ്യന്മാരും പന്തി പങ്കിടുന്നത്. ചുങ്കക്കാര്‍ സാമൂഹ്യമായി വളരെ നിന്ദിതരായും ഗണിക്കപ്പെട്ടിരുന്നു. കാരണം അവന്‍ അന്യായമായി ധനം സമ്പാദിക്കുക മാത്രമല്ല അന്യായമായി പലിശയും ഈടാക്കുമായിരുന്നു. ഇങ്ങനെയുള്ള വ്യക്തികളുടെ ഭവനത്തില്‍ വരുകയും അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്യുന്നതുമൂലം താന്‍ എല്ലാവരുടെയും ദൈവം ആണ് താന്‍ എല്ലാവരെയും കരുതുന്നവനാണെന്നു വ്യക്തമാക്കുന്നു. “അവന്‍ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകയും കുടിക്കുകയും ചെയ്യുന്നതു പരീശന്മാരുടെ കൂട്ടത്തിലുള്ള ശാസ്ത്രിമാര്‍ കണ്ടിട്ട് അവന്‍റെ ശിഷ്യന്മാരോട് അവന്‍ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുന്നതു എന്തു എന്നു ചോദിച്ചു. യേശുതമ്പുരാന്‍ അതു കേട്ടിട്ട് അവരോട് ദീനക്കാര്‍ക്കല്ലാതെ സൗഖ്യമുള്ളവര്‍ക്ക് വൈദ്യനെക്കൊണ്ട് ആവശ്യമില്ല” എന്നു പറയുന്നു (വി. മര്‍ക്കോസ് 2:16-17).
ലേവി (മത്തായി) ഈ വിരുന്നു സല്‍ക്കാരത്തിലൂടെ തന്നോടൊപ്പം ഉള്ള മറ്റു ചുങ്കം പിരിവുകാര്‍ക്ക് യേശുതമ്പുരാനെ പരിചയപ്പെടുത്താനും ഈ സല്‍ക്കാരം വിനിയോഗിച്ചു. യേശുവുമായുള്ള സമ്പര്‍ക്കം തനിക്കു പ്രയോജനകരമായിരുന്നതിനാല്‍ ഇതുപോലുള്ള ആത്മീയ പ്രയോജനം തന്‍റെ സഹപ്രവര്‍ത്തകര്‍ക്കും ലഭിക്കട്ടെ എന്നു ലേവി (മത്തായി) ചിന്തിച്ചു കാണും. ചുങ്കക്കാര്‍ക്ക് യഹൂദന്മാര്‍ നല്‍കിയിരുന്ന സാമൂഹ്യനില പരിഗണിക്കുമ്പോള്‍ യേശുവിന്‍റെ ഈ പ്രവൃത്തി അദ്ഭുതപൂര്‍വ്വമായ ഒന്നാണ്. യഹൂദപ്രമാണികള്‍ യേശുവിനെ എതിര്‍ക്കും എന്ന് അറിയാമായിരുന്നു. എങ്കിലും ഇതൊന്നും ഗണ്യമാക്കാതെ യേശു പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് അധഃസ്ഥിതരായി തഴയപ്പെട്ടവരോട് യേശുതമ്പുരാന്‍റെ കരുതല്‍ വെളിവാക്കുന്നു. സമൂഹത്തില്‍ ഏറ്റവും നികൃഷ്ടരായി കരുതിയിരുന്നവരെ താനുമായി അടുപ്പിക്കുന്നതിനും അവരുടെ വിശ്വാസവും സ്നേഹവും ആര്‍ജ്ജിക്കുന്നതിനായി അവരില്‍ ഒരാളെ തന്നെ തന്‍റെ ശിഷ്യസമൂഹത്തില്‍ ഉള്‍പ്പെടുത്തി, അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. സമൂഹത്തില്‍ അധഃസ്ഥിതരായിട്ടുള്ളവരെ ചേര്‍ത്തുനിര്‍ത്തി അവരെ ഉയര്‍ത്തുന്നതിനായി അവരില്‍ നിന്നകന്നല്ല അവരോടൊത്തു സഹകരിച്ച് അവരില്‍ ഒരുവനായി അവരും മനുഷ്യര്‍ തന്നെയാണ് എന്നുള്ള ബോധം അവരില്‍ ഉളവാക്കുവാനായി ശ്രമിക്കുന്നു. അങ്ങനെ താന്‍ ഈ ലോകത്തിലേക്കു വന്നത് “നീതിന്മാരെ അല്ല പാപികളെ അത്രേ വിളിപ്പാന്‍ വന്നത്” എന്ന് തന്‍റെ പ്രവര്‍ത്തനത്തിലൂടെ മറ്റുള്ളവര്‍ക്ക് പ്രത്യേകിച്ച് യഹൂദന്മാര്‍ക്ക് വ്യക്തമാക്കിക്കൊടുക്കുന്നു.
മതനേതാക്കന്മാരുടെ വിമര്‍ശനത്തെ കര്‍ത്താവ് അതിജീവിക്കുന്നു
ഈ വേദഭാഗത്തിലെ രണ്ടാമത്തെ ഭാഗത്തു യേശുതമ്പുരാന്‍റെ ശിഷ്യന്മാരെ യഹൂദന്മാര്‍ വിമര്‍ശിക്കുന്നു. അവര്‍ യാതൊരു കുറ്റവും ശിഷ്യന്മാരില്‍ കാണാന്‍ കഴിയാതിരുന്നപ്പോള്‍ ഒരു കുറ്റം കണ്ടുപിടിച്ചത് യോഹന്നാന്‍റെ ശിഷ്യന്മാരും പരീശന്മാരും ഒക്കെ ഉപവസിക്കുന്നു നിന്‍റെ ശിഷ്യന്മാര്‍ എന്തുകൊണ്ട് ഉപവസിക്കുന്നില്ല (വി. മര്‍ക്കോസ് 2:18). ഈ ഭാഗം മത്തായിയുടെ (9:14-17) സുവിശേഷത്തിലും വി. ലൂക്കോസിന്‍റെ (5:33-39) സുവിശേഷത്തിലും കാണാന്‍ കഴിയും. യഹൂദന്മാര്‍ ആഴ്ചയില്‍ രണ്ടുപ്രാവശ്യം ചൊവ്വാഴ്ചയും വ്യാഴാഴ്ചയും ഉപവാസമനുഷ്ഠിച്ചിരുന്നു. ഒരുപക്ഷേ ലേവി (മത്തായി) നടത്തിയ വിരുന്ന് ഇതില്‍ ഒരു ദിവസമായിരിക്കാം. അതിനാലാണ് ഉടനടി ഈ ചോദ്യം ചോദിക്കുന്നത്. യേശു ഉപവസിക്കാത്തതിനെക്കുറിച്ച് ചോദ്യം ഇല്ല; മറിച്ച് ശിഷ്യന്മാര്‍ ഉപവസിക്കാത്തതിന്‍റെ കാരണം ആണ് അവര്‍ക്ക് അറിയേണ്ടത്. ഇതിലൂടെ യഹൂദന്മാരുടെ ഉദ്ദേശം മതാചാരങ്ങളില്‍ യേശുതമ്പുരാന്‍ നിഷ്ഠയില്ലാത്തവന്‍ എന്ന് സ്ഥാപിച്ച് യേശുവിന്‍റെ ആളുകളുടെ ഇടയിലുള്ള സ്വാധീനം ഇല്ലാതാക്കുക മാത്രമല്ല യോഹന്നാനെയും യേശുവിനെയും തമ്മില്‍ ഭിന്നിപ്പിക്കുക. എന്നാല്‍ യേശുതമ്പുരാന്‍ ഇവരുടെ ഈ ചോദ്യങ്ങള്‍ക്ക് എല്ലാം വ്യക്തമായി മറുപടി നല്‍കുന്നുണ്ട്.
ഇതിനു മറുപടിയായിട്ട് യേശുതമ്പുരാന്‍ പറയുന്നത് “മണവാളന്‍ കൂടെ ഉള്ളപ്പോള്‍ തോഴ്മക്കാര്‍ക്ക് ഉപവസിപ്പാന്‍ കഴിയുമോ. മണവാളന്‍ കൂടെ ഇരിക്കും കാലത്തോളം അവര്‍ക്ക് ഉപവസിപ്പാന്‍ കഴികയില്ല. എന്നാല്‍ മണവാളന്‍ അവരെ വിട്ടുപിരിയേണ്ടുന്ന കാലം വരും. അന്നു ആ കാലത്തു അവര്‍ ഉപവസിക്കും. (വി. മര്‍ക്കോസ് 2:19-20) വി. യോഹന്നാന്‍ സ്നാപകന്‍ യേശുക്രിസ്തുവിനെക്കുറിച്ച് മണവാളന്‍ എന്നു പറഞ്ഞിട്ടുണ്ട് (വി. യോഹന്നാന്‍ 3:29). മണവാളന്‍ മ്ശിഹായും, മണവറ ഭൂമിയും. മണവാള സഖാക്കള്‍ കര്‍ത്താവിന്‍റെ ശിഷ്യന്മാരും ആണ്. മണവാളനോടൊപ്പം കഴിയുമ്പോള്‍ മണവാള സഖാക്കള്‍ക്ക് സന്തോഷത്തിന്‍റെ കാലം ആണ് അപ്പോള്‍ ഉപവാസത്തിന്‍റെ ആവശ്യമില്ല. അതുപോലെ സ്വര്‍ഗ്ഗീയ മണവാളനോടുകൂടി ആയിരിക്കുന്നതിനാല്‍ ശ്ലീഹന്മാര്‍ക്ക് ഇത് സന്തോഷത്തിന്‍റെ കാലഘട്ടമാണ്. മണവാളന്‍ അവരില്‍നിന്നു വിട്ടുപിരിയുന്ന നാള്‍ വരും. കര്‍ത്താവിന്‍റെ മരണത്തെക്കുറിച്ച് നല്‍കുന്ന സൂചനയാണിത്. അതുമൂലം ശിഷ്യന്മാര്‍ക്ക് ഉണ്ടാകുന്ന മനോദുഃഖത്തെക്കുറിച്ചും ഇവിടെ സൂചിപ്പിക്കുന്നു. ആയതിനാല്‍ ഇപ്പോള്‍ കര്‍ത്താവിന്‍റെ ഉയിര്‍പ്പിനു ശേഷമുള്ള ഈ കാലഘട്ടം, ഉയിര്‍പ്പിന്‍റെ കാലഘട്ടം. പെന്തിക്കോസ്തി ഞായറാഴ്ചയുടെ തലേ ശനിയാഴ്ചവരെ നീണ്ടുനില്‍ക്കുന്ന സമയം ഈ കാലഘട്ടത്തില്‍ സഭ ഉപവാസത്തിനു വിലക്കു കല്പിച്ചിരിക്കുന്നു. കാരണം ഉയിര്‍ത്തെഴുന്നേറ്റവനായ ക്രിസ്തു ‘മണവാളന്‍’ നമ്മോടൊപ്പം ഉള്ള സമയമാണ്.
ഇവിടെ യഹൂദന്മാരെ സംബന്ധിച്ച് ഉപവാസം അനുഷ്ഠിക്കുന്നതിന്‍റെ ആത്മീയത ഒന്നും അല്ല ക്രിസ്തുവിനെയും ശിഷ്യന്മാരെയും വിമര്‍ശിക്കുക എന്ന ഒരു ഉദ്ദേശം മാത്രമേ ഉള്ളൂ. പലപ്പോഴും നാമും ഇതുപോലെ വെറുതെ വിമര്‍ശിക്കുന്നവരായി മാത്രം മാറും. അതുമൂലം നമുക്കോ നാം ആരെ വിമര്‍ശിക്കുന്നോ അവര്‍ക്കോ യാതൊരു പ്രയോജനവും ഉണ്ടാകാറില്ല. ആരോഗ്യകരമായ വിമര്‍ശനം ഒരാളുടെ വളര്‍ച്ചയ്ക്ക് അല്ലെങ്കില്‍ തെറ്റുകള്‍ തിരുത്തുവാന്‍ സംഗതിയാകും. എന്നാല്‍ വെറുതെയുള്ള വിമര്‍ശനം വളര്‍ച്ചയ്ക്കു പകരം തളര്‍ച്ച മാത്രമേ ഉണ്ടാകുകയുള്ളൂ.
ആയതിനാല്‍ ഉയിര്‍പ്പ് പെരുന്നാളിനുശേഷമുള്ള ഈ കാലഘട്ടം ക്രിസ്തുവിന്‍റെ സാന്നിദ്ധ്യം അനുഭവിക്കുവാന്‍ നമുക്ക് കഴിയണം. മാത്രമല്ല മറ്റുള്ളവരിലും ആ സാന്നിദ്ധ്യം കാണുവാന്‍ നമുക്ക് ഇടയാകണം. അപ്പോള്‍ നമുക്ക് മറ്റുള്ളവരെകൂടി ചേര്‍ത്തുനിര്‍ത്തുവാനും പ്രത്യേകിച്ച് സമൂഹത്തിന്‍റെ താഴെത്തട്ടില്‍ ഉള്ളവരെ, എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവരെ കൂടെ നമുക്ക് സമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ടു വരുവാനും മറ്റുള്ളവരിലെ നന്മകളെ കാണുവാനും നന്മകളെ പ്രോത്സാഹിപ്പിക്കുവാനും നമുക്ക് സാധിക്കും. ഉയിര്‍ത്തെഴുന്നേറ്റവനായ ക്രിസ്തുവിന്‍റെ സാന്നിദ്ധ്യം മൂലം നമുക്കതിനിടയാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.