ഭവനകൂദാശയും താക്കോൽദാനവും ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്താ നിർവ്വഹിച്ചു

കുവൈറ്റ് : 2018-ൽ കേരളത്തിലുണ്ടായ ജലപ്രളയത്തിൽ ഭവനം നഷ്ടപ്പെട്ടവർക്കായി കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ പൂർണ്ണമായ സാമ്പത്തിക സഹായത്തോടെ ആരംഭിച്ച ഭവനപദ്ധതിയുടെ ഭാഗമായി നിർമ്മിച്ചു നൽകുന്ന ഭവനങ്ങളിൽ ഒന്നായ ചെങ്ങന്നൂർ ഭദ്രാസനത്തിലെ തിരുവൻവണ്ടൂർ സെന്റ്. ജോർജ്ജ് ഓർത്തഡോക്സ് പള്ളി അംഗം പി.എസ്. തോമസിന്റെ ഭവനത്തിന്റെ കൂദാശയും താക്കോൽദാനവും ജൂൺ 11, വ്യാഴാഴ്ച്ച രാവിലെ 10.30-ന് യൂകെ-യൂറോപ്പ് ഭദ്രാസനാധിപനും, ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത നിർവ്വഹിച്ചു.
 
2019 സെപ്തംബർ 14-നു കൽക്കത്താ ഭദ്രാസനാധിപനും, ഇടവക മെത്രാപ്പോലീത്തായുമായ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത ശിലാസ്ഥാപനം നടത്തിയ മറ്റ് ഭവനങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുവരുന്നതായി പ്രൊജക്റ്റ് കമ്മിറ്റി അറിയിച്ചു. മാവേലിക്കര സി.എം. അസ്സോസിയേറ്റ്സ് ബിൽഡേഴ്സ് & ഡെവലപ്പേഴ്സാണ് നിർമ്മാണപ്രവർത്തനങ്ങൾ നടത്തിവരുന്നത്.