അനൂകൂലമായ കോടതിവിധികള്‍ ഉണ്ടായിട്ടും കോതമംഗലം മാര്‍ത്തോമ്മന്‍ ചെറിയപളളിയുടെ നിയമാനുസൃത വികാരിയായ തോമസ് പോള്‍ റമ്പാച്ചന് പളളിയില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് പളളി കവാടത്തില്‍ കാറില്‍ ഇരിക്കുകയായിരുന്ന റമ്പാച്ചനെയും സഹായിയേയും അറസ്റ്റ് ചെയ്ത പോലീസിന്റെ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ഓര്‍ത്തഡോക്‌സ് സഭയുടെ വൈദീകട്രസ്റ്റി ഫാ.ഡോ. എം.ഓ.ജോണ്‍.
തനിക്ക് ശാരീരികമായി യാതോരു പ്രയാസവുമില്ലായെന്ന് പോലീസിനെ അറിയിച്ചിരുന്നുവെങ്കിലും ആരോഗ്യപ്രശ്‌നമുണ്ടെന്നാരോപിച്ചുകൊണ്ട് റമ്പാച്ചനെ ബലമായി കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. അവകാശിയെ തടയുകയും ഒരിക്കല്‍ കൂടി നിരോധനമുളളവരെ അകത്ത് സംരക്ഷിക്കുകയുമാണ് പോലീസ് ചെയ്തത്. ഗവണ്‍മെന്റിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ലാത്തതിനാലാണ് പോലീസ് നിഷ്‌ക്രിയരാകുന്നത്. കേരള പോലീസിന് വിധി നടപ്പാക്കുവാന്‍ സാധിക്കുന്നില്ലായെങ്കില്‍ കേന്ദ്ര സേനയെ വിന്യസിച്ച് കാര്യങ്ങള്‍ക്ക് തീര്‍പ്പുണ്ടാക്കണമെന്ന് ഇന്ന് ഹൈക്കോടതിയില്‍ ബഹു. റമ്പാച്ചന്‍ ആവശ്യപ്പെട്ടു. അതിന്‍മേല്‍ കേന്ദ്ര ഗവണ്‍മെന്റിനോടും സംസ്ഥാന സര്‍ക്കാരിനോടും കോടതി അഭിപ്രായം തേടിയിട്ടുണ്ട്. 4-ാം തീയതി കേസ് വീണ്ടും പരിഗണിക്കുന്നുണ്ട് എങ്കിലും ഇപ്പോഴും പോലീസ് സംരക്ഷണ ഉത്തരവ് നിലനില്‍ക്കുന്നതിനാലാണ് റമ്പാച്ചന്‍ പളളിക്കുമുമ്പില്‍ ഇരിക്കുന്നത് തുടര്‍ന്നത്. പ്രശ്‌നം പൊതുജനശ്രദ്ധ പിടിച്ചു പറ്റുന്നത് കണ്ടപ്പോള്‍ മുഖം രക്ഷിക്കുവാന്‍ വേണ്ടിയാണ് റമ്പാച്ചനെയും സഹായിയേയും പൊലീസ് നീക്കം ചെയ്തത്.
ഇന്ന് കോട്ടയം പഴയ സെമിനാരിയില്‍ പരിശുദ്ധ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ കൂടിയ സഭാ മാനേജിംഗ് കമ്മിറ്റിയോഗം കമ്മിറ്റിയംഗങ്ങളായ വന്ദ്യ തോമസ് പോള്‍ റമ്പാച്ചനെയും ശ്രീ. പി.വി ബഹനാനെയും അറസ്റ്റ് ചെയ്ത് നീക്കം ചെയ്തതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും പ്രമേയം പാസാക്കുകയും ചെയ്തു. നീതി നടപ്പാക്കാന്‍ ചുമതലപ്പെട്ട അധികാരികള്‍ നീതിബോധത്തോടും സാമൂഹിക പ്രതിബന്ധതയോടും കൂടെ പ്രവര്‍ത്തിക്കുവാന്‍ തയ്യാറാകണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. അഭി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.
സഭയ്ക്ക് നേരിടേണ്ടിവന്ന നീതിനിഷേധത്തോടുളള പ്രതികരണമായി ഡിസംബര്‍ 23 ന് എല്ലാ ഇടവകകളിലും പ്രതിഷേധ ദിനം ആചരിക്കുകയും പ്രതിഷേധ പ്രമേയം പാസാക്കുകയും ചെയ്യും. ജനുവരി 3 ന് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ അംഗങ്ങളുടെ അടിയന്തര യോഗം കോട്ടയത്ത് വിളിച്ച് ചേര്‍ത്ത് ആവശ്യമായ തീരുമാനങ്ങള്‍ എടുക്കും. സഭയുടെ ഔദേ്യാഗിക പ്രതിനിധി സംഘം കേരള ഗവര്‍ണറെ സന്ദര്‍ശിച്ച് കോടതിവിധികള്‍ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും സഭയ്ക്ക് നേരിടുന്ന നീതിനിഷേധവും ധരിപ്പിച്ചുകൊണ്ട് നിവേദനം നല്‍കുകയും ചെയ്യുന്നതാണ്.
പ്രളയദുരിതാശ്വാസം വിതരണം അതാത് മെത്രാസനങ്ങളുടെ സഹകരണത്തോടൂ കൂടി സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ മാനേജിംഗ് കമ്മിറ്റി തീരുമാനിച്ചു.