ആര്‍ഭാടങ്ങളും പെരുന്നാള്‍ ആഘോഷങ്ങളും ഒഴിവാക്കണം: ഓര്‍ത്തഡോക്സ് സഭ

നമ്മുടെ നാട് നേരിടുന്ന പ്രളയദുരന്തം പരിഗണിച്ച് വ്യക്തികളും, കുടുംബങ്ങളും, ഇടവകകളും, സ്ഥാപനങ്ങളും ആര്‍ഭാടങ്ങള്‍ ഒഴിവാക്കണം. ഈ വര്‍ഷം പളളികളില്‍ പെരുന്നാളിനോടനുബന്ധിച്ചുളള ആഘോഷങ്ങള്‍ ഒഴിവാക്കണം. അങ്ങനെ മിച്ചം വയ്ക്കുന്ന വിഭവങ്ങള്‍ ദുരിത ബാധിതരെ സഹായിക്കാനും പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി സഭ സ്വരൂപിക്കുന്ന പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണം. സഭയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും തുടര്‍ന്ന് നടത്തേണ്ട പുനര്‍നിര്‍മ്മാണ പദ്ധതികളെക്കുറിച്ച് ആലോചിക്കുന്നതിനുമായി ചേര്‍ന്ന അടിയന്തിര സഭാ വര്‍ക്കിംഗ് കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിലൂടെയാണ് ഈ ആഹ്വാനം നല്‍കിയിട്ടുളളത്. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളുടെ ആലോചനാസമിതിയില്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.