പരുമല സെമിനാരി സ്കൂളിനു സ്വന്തം ബസ്

മാന്നാർ ∙ പൂർവ വിദ്യാർഥി സംഘടനയും സ്‌കൂൾ പിടിഎയും മു‍ൻകൈയെടുത്തു, പരുമല സെമിനാരി സ്‌കൂളിനു സ്വന്തമായി ബസായി. പരുമല തിരുമേനി സ്ഥാപിച്ച പരുമല സെമിനാരി സ്‌കൂളിന്റെ 125-ാം വർഷം ആഘോഷിക്കുന്ന വേളയിൽ ലഭിച്ച സ്കൂൾ ബസ് ഇരട്ടി മധുരമാണു കുട്ടികൾക്കു സമ്മാനിച്ചിരിക്കുന്നത്. ഇപ്പോൾ മുന്നൂറിലേറെ വിദ്യാർഥികൾ പഠിക്കുന്ന ഈ എൽപി സ്‌കൂളിന്റെ ഏറെക്കാലത്തെ സ്വപ്നമാണ് ഇതോടെ പൂവണിഞ്ഞത്.

ബസിന്റെ കൂദാശ പരുമല പള്ളിയിൽ സെമിനാരി മാനേജർ ഫാ. എം.സി. കുര്യാക്കോസും ഫാ. ടിജു വർഗീസും ചേർന്നു നിർവഹിച്ചു. പൂർവ വിദ്യാർഥി സംഘടനാ പ്രസിഡന്റ് പി.ടി. തോമസ്, സെക്രട്ടറി കെ.എ. കരിം, പിടിഎ പ്രസിഡന്റ് ശിവപ്രസാദ്, ഹെഡ്മാസ്റ്റർ അലക്‌സാണ്ടർ പി. ജോർജ്, യോഹന്നാൻ ഈശോ, തോമസ് ഉമ്മൻ അരികുപുറം തുടങ്ങിയവർ പങ്കെടുത്തു.