ആര്‍ത്താറ്റ് പള്ളി തര്‍ക്കം: കൊച്ചി സര്‍ക്കാര്‍ ഉത്തരവ് (1860)

162. കൊച്ചി സംസ്ഥാനത്തെ …. ചട്ടംകെട്ടിയിട്ടുള്ള ഉത്തരവിനു പകര്‍പ്പ്.

നമ്പ്ര 196.

രായസം.

വിശേഷാല്‍ കൊച്ചി കോവിലകത്തുംവാതുക്കല്‍ തഹസീല്‍ദാര്‍ക്കു എഴുതിയ ഉത്തരവ് എന്തെന്നാല്‍. ആര്‍ത്താറ്റാകുന്ന കുന്നംകുളങ്ങരെ മുതലായ പ്രദേശങ്ങളില്‍ തെക്കേക്കര വറിയത് മുതല്‍പേരും പുലിക്കോട്ടില്‍ ഉതുപ്പു കത്തനാരു മുതല്‍പേരും മഹാരാജശ്രീ റസിഡണ്ട് സായ്പ് അവര്‍കള്‍ക്കു ബോധിപ്പിച്ച ഈയാണ്ടത്തെ 191, 92 നമ്പ്രില്‍ ഹര്‍ജികള്‍ കൊടുത്തയച്ച സായ്പ് അവര്‍കള്‍ ഈ മെയ് മാസം 21-നു എഴുതിയ കായിതം വന്നിരിക്കുന്നതിനാല്‍, സുറിയാനിക്കാരുടെ തമ്മില്‍ മത്സരികളായിരിക്കുന്ന മെത്രാന്മാര്‍ തങ്ങളിലുള്ള വൈരം ഹേതുവായി ഇപ്രകാരം ഹര്‍ജികള്‍ ഉണ്ടായിരിക്കുന്നതാണെന്നും ഈ കാര്യത്തില്‍ സായ്പ് അവര്‍കള്‍ പ്രവേശിപ്പാന്‍ പാടില്ലെന്നും ഏതു മെത്രാനെ ആകുന്നു അനുസരിച്ചു നടക്കേണ്ടത് എന്ന് അതാതു പള്ളിയ്ക്കു ചേര്‍ന്ന ആളുകള്‍ തന്നെ നിശ്ചയിക്കേണ്ടതാണെന്നും വല്ല പോലീസോ മുതല്‍ സംബന്ധമായ വ്യവഹാരമോ ഉണ്ടായാല്‍ ആയതു ന്യായപ്രകാരം തീര്‍ച്ചവരുത്തേണ്ടതാണെന്നും വേണ്ടുന്ന സഹായങ്ങള്‍ ചെയ്തുകൊടുത്ത് അപ്രകാരം നിശ്ചയിച്ചാല്‍ പിന്നെ ഏതു ഭാഗത്തുനിന്നും ശല്യം ചെയ്യാതെ ….. കൊടുക്കണമെന്നും എഴുതി വന്നിരിക്കകൊണ്ടു സഹസീല്‍ദാര്‍ തന്നെ പള്ളികളുള്ള സ്ഥലത്തു ചെന്ന് മേല്‍പറഞ്ഞ വിവരം അതാതു പള്ളിക്കു ……. ആളുകളെ അറിയിച്ച് പള്ളി വകയായുള്ള മുതലുകള്‍ ഇപ്പോള്‍ എവിടെ ആരുടെ കൈവശം ആയിരിക്കുന്നുവെന്ന് നോക്കി കണ്ട് ആയതിനു വിവരമായി ഒരു കണക്കും ആവശ്യമായി ചോദിച്ചാല്‍ ഹാജരാക്കാമെന്ന് ഒരു കച്ചീട്ടും അവരോടു വാങ്ങി മുതലുകള്‍ കൈവശമുള്ള ആളുകളെ ഏല്‍പിക്കയും ഏതു മെത്രാന്‍റെ കീഴ്നടപ്പാന്‍ ആകുന്നു മനസെന്നും നിശ്ചയിച്ച് ഇന്ന ദിവസം ഇന്ന ദിക്കില്‍ ഹാജരായി ബോധിപ്പിക്കണമെന്നും പത്തു ദിവസം മുമ്പില്‍കൂട്ടി ചട്ടംകെട്ടുകയും അതാതു പള്ളിക്കു ചേര്‍ന്ന ആളുകളില്‍ തന്നെ ചിലര്‍ക്കു ഒരു മെത്രാനെയും ചിലര്‍ക്കു മറ്റൊരു മെത്രാനെയും അനുസരിച്ചു നടപ്പാന്‍ മനസായിരുന്നാല്‍ ഓരോ ഭാഗത്ത് എത്ര എത്ര ആള്‍ ഉണ്ടെന്നും നിശ്ചയം വരുത്തി ആ വിവരത്തിനു എഴുതി ബോധിപ്പിച്ചുകൊള്‍കയും വേണം.

ഇപ്പടിക്കു ദിവാന്‍ ശങ്കുണ്ണി മേനോന്‍.

1035 മാണ്ട് ഇടവ മാസം 29-നു 1860 മത ജൂണ്‍ മാസം 9-നു.