സഭാ സമാധാന ചര്‍ച്ചകള്‍ക്കുള്ള നീക്കത്തോട് പ്രതികരിക്കാതെ ഓര്‍ത്തഡോക്സ് സഭ

പാത്രയർക്കീസ് ബാവായുടെ കത്ത് ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്താ തോമസ് മാർ അത്താനാസിയോസ് സിനഡിൽ നിന്നും ഇറങ്ങിപ്പോയി എന്ന ഒരു വ്യാജ വാർത്ത മാതൃഭുമി ദിനപത്രം ഇന്ന് പ്രസിദ്ധീകരിക്കുകയുണ്ടായി. ബഥേൽ അരമനയിൽ ഇന്ന് നടന്ന പട്ടംകൊട ശുശ്രൂഷയുമായി ബന്ധപ്പെട്ട് പരി. കാതോലിക്കാ ബാവായുടെ അനുവാദത്തോടെയാണ് അഭി.തിരുമേനി ചെങ്ങന്നൂരിന് വന്നത്. വിശ്വാസികളിൽ തെറ്റിദ്ധാരണ പരത്തുവാനുള്ള ഹീനമായ നീക്കത്തെയും തെറ്റായ മാധ്യമ പ്രവർത്തനത്തെയും അവഗണിക്കുക.

ഫാ. മാത്യു ഏബ്രഹാം (ഭദ്രാസന സെക്രട്ടറി)

കോട്ടയം: മലങ്കര സഭാ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുന്നതിന് നാന്ദി കുറിക്കുമെന്ന പ്രതീക്ഷ വച്ചു പുലര്‍ത്തിയിരുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സുന്നഹദോസില്‍ ആ വിഷയം ചര്‍ച്ചയ്ക്ക് എടുത്തില്ല.

ഇന്നലെ ചേര്‍ന്ന പ്രത്യേക സുന്നഹദോസില്‍ പാത്രീയര്‍ക്കീസ് ബാവായുടെ കത്തും സന്ദര്‍ശനവും ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നു. സഭയിലെ ഏറ്റവും സീനിയര്‍ ആയ മെത്രാപ്പോലീത്തായാണ് ആവശ്യം ഉന്നയിച്ചത്. എന്നാല്‍ അദ്ധ്യക്ഷത വഹിച്ച പ. ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദിദ്വിയന്‍ കാതോലിക്കാ ബാവാ അതിനെ എതിര്‍ത്തു.

ഇത് പ്രത്യേക ആവശ്യത്തിന് ചേര്‍ന്ന സുന്നഹദോസ് ആണ്. ഇതില്‍ സഭാ സമാധാന വിഷയം ചര്‍ച്ചയ്ക്ക് എടുക്കേണ്ടതില്ലെന്ന് അറിയിക്കുകയായിരുന്നു. സമാധാന ചര്‍ച്ചയില്ല, കോടതി വിധി വ്യവസ്ഥാപിതമായ മാര്‍ഗത്തിലൂടെ നടത്തി എടുക്കുക എന്ന നിലപാടില്‍ പ. കാതോലിക്കാ ബാവാ ഉറച്ച്‌ നിന്നു.

പാത്രീയര്‍ക്കിസിന്‍റെ സന്ദര്‍ശനവും മറ്റും ചര്‍ച്ചയ്ക്ക് വരുമെന്ന പൂര്‍ണ്ണ വിശ്വാസത്തിലായിരുന്ന സീനിയര്‍ മെത്രാപ്പോലീത്താമാരില്‍ ഭൂരിപക്ഷവും.

ഒരു ജൂണിയര്‍ മെത്രാപ്പോലീത്തായ്ക്ക് എതിരെ ഉയര്‍ന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തില്‍ ഉപസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ ചര്‍ച്ചയായിരുന്നു പ്രധാനമായും ഉണ്ടായത്. ഈ പ്രശ്‌നത്തില്‍ മെത്രാപ്പോലീത്തായ്‌ക്കെതിരെ നടപടി വേണ്ടെന്നും സാമ്പത്തിക ബാദ്ധ്യത കൊടുത്തു തീര്‍ക്കാമെന്നും തീരുമാനിച്ചതായാണ് വിവരം.