സ്നേഹത്തിന്‍റെ നിലപാടുകള്‍ ഉണ്ടാകണം / സഖറിയ മാര്‍ നിക്കോളവാസ് മെത്രാപ്പോലീത്താ

മലങ്കരസഭ ഒന്നേയുള്ളു. ദൗര്‍ഭാഗ്യകരമായ സാഹചര്യങ്ങളില്‍ വിള്ളലുകള്‍ ഉണ്ടായി. ഭാരതത്തിന്‍റെ നീതിവ്യവസ്ഥയില്‍ വിധിതീര്‍പ്പു വന്നു. എന്നാല്‍ ഇത് ആത്യന്തികമായി വിജയമോ പരാജയമോ എന്നതിലുപരി നിലപാടുകളെക്കുറിച്ചുള്ള ഒരു ചര്‍ച്ചയും പോരാട്ടവും ഒക്കെയാണ്. എന്നാല്‍ പോരാട്ടം കീഴ്പ്പെടുന്നതോ അട്ടിമറിക്കലോ ഒന്നുമല്ല. മലങ്കരസഭ എന്നും നോക്കുന്നത് വിഭജിച്ചും വിഘടിച്ചും നില്‍ക്കുന്ന സഹോദരങ്ങള്‍ ഒന്നായി തീര്‍ന്ന് മലങ്കരസഭയുടെ ഭരണഘടനയിലും ഈ രാജ്യത്തിന്‍റെ നീതിവ്യവസ്ഥയിലും നിലനിന്ന് ക്രിസ്തുവിനെ സാക്ഷിക്കുന്ന ഒരു സഭയായി തീരണം എന്നതാണ്. അതിനാല്‍ നമുക്ക് അക്രമത്തിനോ, വെല്ലുവിളികള്‍ക്കോ ആഹ്വാനം ചെയ്യുവാന്‍ സാധിക്കുകയില്ല. അത്തരം സമീപനമുണ്ടാകുമ്പോള്‍ അതേ രീതിയില്‍ പ്രതികരിക്കുവാനും കഴിയുകയില്ല. അതേ നിലവാരത്തിലേക്ക് താഴുവാന്‍ നമുക്ക് സാധിക്കുകയുമില്ല.

നീതിവ്യവസ്ഥയില്‍ അടിയുറച്ച്, ജനാധിപത്യത്തിന്‍റെ അടിത്തറയില്‍ നിലനില്‍ക്കുമ്പോള്‍ നാം ഉള്‍ക്കൊള്ളേണ്ടത് ആ രാജ്യത്തിന്‍റെ നിയമവ്യവസ്ഥയാണ്. അതില്‍ നിലനിന്നാണ് നമ്മുടെ നിലപാടുകള്‍ വ്യക്തമാക്കേണ്ടത്. ഈ പോരാട്ടത്തില്‍ നമ്മുടെ വിജയം സ്വത്ത് അല്ല. നിലപാടുകളാണ്. മലങ്കരസഭയിലെ ഇടവകകള്‍ എല്ലാംതന്നെ 1934-ലെ ഭരണഘടനയ്ക്ക് വിധേയപ്പെട്ട് ഭരിക്കപ്പെടണം. ഒരു ഇടവകയിലും സമാന്തര ഭരണസംവിധാനം ഉണ്ടാകുവാന്‍ പാടില്ല എന്നും സുപ്രീം കോടതി വിധിയെ മറികടക്കുവാന്‍ ഉണ്ടാക്കിയ ഭരണഘടനയായതിനാല്‍ 2002-ലെ ഭരണഘടന റദ്ദു ചെയ്യുന്നു എന്നും സുപ്രീംകോടതി പറഞ്ഞു. ഭാരതത്തിന്‍റെ നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ 2002-ലെ ഭരണഘടന ഉണ്ടാക്കിയ പ്രസ്ഥാനത്തിന്‍റെ നിലനില്‍പ്പു തന്നെ സുപ്രീംകോടതി റദ്ദു ചെയ്തിരിക്കുകയാണ്. ഞങ്ങള്‍ക്ക് കോടതിവിധിയില്‍ വിശ്വാസം ഇല്ല എന്ന് ചിലര്‍ പറയുകയും എന്നാല്‍ കേസു കൊടുക്കുകയും ചെയ്യുന്ന പ്രവണതയാണ് കണ്ടു വരുന്നത്. കേസു പ്രതികൂലമാകുമ്പോള്‍ കോടതിയില്‍ വിശ്വാസം ഇല്ല എന്ന് പറയും. അത്തരം ഒരു സമീപനം നിയമാധിഷ്ഠിതമായ സമൂഹത്തിന് അസാധ്യമാണ്.

ക്രൈസ്തവ സഭയെ സംബന്ധിച്ച് ചില ധാര്‍മ്മിക മൂല്യങ്ങളുണ്ട്. അതില്‍ ഒന്നാണ് നീതിബോധം. കേസും വിധിയും എല്ലാം ധാര്‍മ്മിക പോരാട്ടമായി കാണണം. പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടാകും. എന്നാല്‍ വിശ്വാസ സമൂഹം കാറ്റും കോളും കണ്ട് ഓടുകയല്ല. കാറ്റിന്‍റെയും ഓളത്തിന്‍റെയും നടുവില്‍ ക്രിസ്തുവിനോട് ഒപ്പം സഞ്ചരിക്കുന്ന തീര്‍ത്ഥാടനമാണ് വിശ്വാസിയുടെ യാത്ര. കോടതി വിധിയില്‍ മലങ്കരസഭ അന്നും ഇന്നും എടുത്ത നിലപാട് ‘മലങ്കരസഭ ഒന്നാണ്’ എന്നതാണ്. അതിന് ഒരു ഭരണഘടനാവ്യവസ്ഥയുണ്ട്. മലങ്കരസഭയുടെ ഭരണഘടനയ്ക്ക് വിധേയപ്പെടുന്നതോടുകൂടി നമ്മള്‍ ഒന്നാണ് എന്ന ബോധ്യം ഏവര്‍ക്കും ഉണ്ടാകണം. ഇവിടെ നമ്മള്‍ ആരെയും പുറത്തു വിടുകയോ തള്ളികളയുകയോ ചെയ്യുന്നില്ല. മലങ്കരസഭയുടെ ഭരണഘടന അനുസരിക്കുന്നവരെ യാതൊരു ബുദ്ധിമുട്ടും കൂടാതെ സ്വീകരിക്കും എന്ന നിലപാടാണ് സഭയ്ക്കും ഉള്ളത്.

നീതിബോധമുള്ള സമൂഹം നീതിവ്യവസ്ഥയ്ക്കും രാജ്യത്തിന്‍റെ നിയമങ്ങള്‍ക്കും വിധേയപ്പെട്ടാണ് നിലനില്‍ക്കേണ്ടത്. അതിനെതിരെ മുഷ്ടി കൊണ്ടോ കായികബലംകൊണ്ടോ നേരിടാമെന്ന് വിചാരിച്ചാല്‍ മൂഢസങ്കല്‍പവും വ്യാമോഹവും മാത്രമാണ്. ക്രൈസ്തവ സാക്ഷ്യത്തില്‍ അതേ നാണയത്തില്‍ പ്രതികരിക്കാതിരിക്കുന്നത് നമ്മുടെ മാന്യത കൊണ്ടും നമ്മുടെ സഹിഷ്ണുത കൊണ്ടുമാണ്.

സഹിഷ്ണുത ശക്തനെകൊണ്ട് മാത്രമേ സാധിക്കുകയുള്ളു. ആ സഹനത്തിന്‍റെ ആത്മാവാണ് നോമ്പില്‍ ശക്തമാക്കേണ്ടത്. അത് അനുരഞ്ജനത്തിന്‍റെയും അനുതാപത്തിന്‍റെയും പരസ്പര യോജിപ്പിന്‍റേതുമാണ്. വെല്ലുവിളികള്‍ക്ക് പകരം സ്നേഹത്തിന്‍റെ നിലപാടുകള്‍ ഉണ്ടാകണം.