പ്രസിദ്ധ റഷ്യന്‍ സാഹിത്യകാരനായിരുന്ന ദസ്തയേവ്സ്ക്കിയുടെ ‘കാരമസോവ് സഹോദരന്മാര്‍’ അപൂര്‍വ്വമായ ഉള്‍ക്കാഴ്ചയും ആത്മിക ഭാവവുമുള്ള നോവലാണ്. അതിലെ ഫാദര്‍ സോസിമ എന്ന സന്യാസിശ്രേഷ്ഠന്‍ ആഴമേറിയ ആത്മികതയുടെയും മനുഷ്യസ്നേഹത്തിന്‍റെയും പ്രതീകമാണ്. അദ്ദേഹം മരിച്ചപ്പോള്‍ ശവശരീരത്തില്‍ നിന്ന് സുഗന്ധം പുറപ്പെടുമെന്ന് ആളുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. കാരണം വിശുദ്ധരായ മനുഷ്യര്‍ മരിച്ചു കഴിഞ്ഞാല്‍ അവരുടെ മൃതശരീരങ്ങളില്‍ നിന്ന് ദിവ്യപരിമളം പുറപ്പെടുമെന്നും അത് അവരുടെ വിശുദ്ധിയുടെ ഉരകല്ലാണെന്നും റഷ്യയില്‍ പരമ്പരാഗതമായ വിശ്വാസമുണ്ടത്രേ. ഫാദര്‍ സോസിമയുടെ ആത്മിക തേജസ്സില്‍ അസൂയ പൂണ്ടിരുന്ന ദുര്‍മുഖനായ മറ്റൊരു സന്യാസി അദ്ദേഹത്തെ തേജോവധം ചെയ്യാന്‍ തക്കംപാര്‍ത്തിരിക്കയായിരുന്നു. സോസിമയുടെ മൃതദേഹം വച്ചിരുന്ന മുറിയില്‍ നിന്ന് മൂക്കു പൊത്തിക്കൊണ്ട്, ദുര്‍ഗന്ധമെന്ന് വിളിച്ചുപറഞ്ഞ് എടുത്തു ചാടി, ആളിളക്കി ബഹളമുണ്ടാക്കുന്ന ഈ സന്യാസിയെ ദസ്തയേവ്സ്ക്കി ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്. വിശുദ്ധിക്ക് വ്യക്തവും പ്രകടവുമായ അടയാളം തേടാനുള്ള ശ്രമം ക്രിസ്തീയസഭയില്‍ പലപ്പോഴും നടന്നിട്ടുണ്ട്. ബാഹ്യമായ ചില അദ്ഭുത ലക്ഷണങ്ങള്‍ വച്ച് അളക്കുന്നതിലാണ് ജനങ്ങള്‍ക്ക് താല്‍പര്യം.
ആരാണ് വിശുദ്ധര്‍? നിര്‍വ്വചിക്കുക അത്ര എളുപ്പമല്ല. വ്യക്തികളെ വിശുദ്ധന്മാരും ശുദ്ധിമതികളുമായി പ്രഖ്യാപിക്കാന്‍ പൗരസ്ത്യ സഭകള്‍ പൊതുവെ വിമുഖത കാട്ടുന്നു. കാരണങ്ങള്‍ പലതുണ്ട്. ഒന്നാമതായി നമ്മുടെ ലോകത്തില്‍ മറ്റെല്ലാംപോലെ തന്നെ വിശുദ്ധിയും ആപേക്ഷികമാണ്. ഒരാളെ വിശുദ്ധനെന്ന് പ്രഖ്യാപിക്കണമെങ്കില്‍ മറ്റൊരാളുമായോ മറ്റു പലതുമായോ താരതമ്യം ചെയ്യേണ്ടി വരുന്നു. ഈ താരതമ്യ ചിന്തയുടെ അടിസ്ഥാനം സുദൃഢമല്ല. കാലഭേദങ്ങള്‍ക്കനുസരിച്ചും വ്യക്തികളെ അപേക്ഷിച്ചും താരതമ്യത്തിന്‍റെ അടിസ്ഥാനം മാറിക്കൊണ്ടിരിക്കും. കേവല വിശുദ്ധി ദൈവത്തിനു മാത്രമുള്ളതാണ്. പക്ഷേ, അത് അപരിമിതമാണ്. ആപേക്ഷികതയ്ക്കും താരതമ്യത്തിനും അതീതവുമാണ്. അതുകൊണ്ട് ദൈവത്തിന്‍റെ വിശുദ്ധിയുടെ അടിസ്ഥാനത്തില്‍ ഒരു വ്യക്തിയെ വിശുദ്ധനെന്ന് നിര്‍ണ്ണയിക്കുക എളുപ്പമല്ല. മാത്രവുമല്ല ദൈവത്തിന്‍റെ വിശുദ്ധി പൂര്‍ണ്ണമായി അറിഞ്ഞവര്‍ ആരാണ്? ഒന്നിനെ മറ്റൊന്നുമായി താരതമ്യം ചെയ്യണമെങ്കില്‍ രണ്ടും പൂര്‍ണ്ണമായി അറിഞ്ഞിരിക്കേണ്ടതല്ലേ?
രണ്ടാമതായി, ഒരു മനുഷ്യന്‍റെ വിശുദ്ധി നിര്‍ണ്ണയിക്കുക മറ്റു മനുഷ്യര്‍ക്ക് എളുപ്പമല്ല. എത്ര ഉള്‍ക്കാഴ്ചയുള്ള വ്യക്തിക്കും മറ്റൊരു മനുഷ്യ വ്യക്തിയുടെ ആന്തരിക വ്യാപാരങ്ങളെ പൂര്‍ണ്ണമായി വിവേചിക്കാനും നിര്‍ണ്ണയിക്കാനും സാധിക്കുകയില്ല. എത്ര വലിയ മനഃശാസ്ത്രജ്ഞനും മനുഷ്യമനസ്സിന്‍റെ കുറെ ഭാവങ്ങളെയും ചില വശങ്ങളെയും മാത്രമേ ഗ്രഹിക്കാനാവൂ. അത്ര ആഴമേറിയതും സങ്കീര്‍ണ്ണവുമാണ് മനസ്സ് എന്ന പ്രതിഭാസം. ഇതിലും അഗമ്യമാണ് ആത്മാവിന്‍റെ ചലനങ്ങള്‍. ഒരു വ്യക്തിയെക്കുറിച്ചുള്ള മറ്റുള്ളവരുടെ നിര്‍ണ്ണയം ശരിയായിരിക്കാനുള്ള സാധ്യത പോലെ തന്നെ തെറ്റായിരിക്കാനും സാധ്യതയുണ്ട്.
മൂന്നാമതായി, വിശുദ്ധിയെന്നത് നിരന്തരമായ വളര്‍ച്ചയും ആത്മിക പുരോഗതിയുമാണ്. അത് ദൈവത്തിന്‍റെ അതുല്യമായ ഒരു ദാനവുമാണ്. ഒരു വ്യക്തി ഈ ലോകത്തില്‍ ജീവിച്ചിരിക്കുന്ന കുറെ വര്‍ഷങ്ങളിലെ അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രം ആ വ്യക്തിയുടെ വിശുദ്ധി നിര്‍ണ്ണയിക്കുന്നതില്‍ ചിലപ്പോള്‍ പാകപ്പിഴകളുണ്ടാകാം. ക്രിസ്തുവാകുന്ന തലയോളം വളര്‍ന്ന് ദൈവസദൃശ്യന്മാരാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നവര്‍ക്ക് അപരിമിതമായ വളര്‍ച്ചയുടെ സാദ്ധ്യതയാണുള്ളത്. വിശുദ്ധന്മാരെന്ന് നാം കരുതുന്ന വ്യക്തികള്‍ ഈ നിരന്തരമായ ആത്മിക വളര്‍ച്ചയെക്കുറിച്ച് പൂര്‍ണ്ണബോധമുള്ളവരാണ്. അതുകൊണ്ട് തങ്ങളെ സ്വയം കുറവുള്ളവരായി അവര്‍ കാണുന്നു. മറ്റുള്ളവര്‍ നല്‍കുന്ന ‘വിശുദ്ധര്‍’ എന്ന വിശേഷണം അവര്‍ ഒരിക്കലും സ്വീകരിക്കുകയുമില്ല.
താത്വികമായി ഇങ്ങനെയൊക്കെപ്പറഞ്ഞാലും ചില പ്രത്യേക വ്യക്തികളുടെ ജീവിത വിശുദ്ധിയുടെ വെളിച്ചത്തില്‍ അവരെ വിശുദ്ധരായി നാം അംഗീകരിച്ച് ആദരിക്കുന്നു. ക്രിസ്തീയ സഭയില്‍ വിശുദ്ധന്മാരും ശുദ്ധിമതികളുമെന്നറിയപ്പെടുന്നവര്‍ ഇങ്ങനെ ദീര്‍ഘനാളുകള്‍കൊണ്ട് പൊതുവെ ജനങ്ങളുടെ ഇടയില്‍ സ്വീകരണവും സമ്മതവും നേടിയവരാണ്. ഔപചാരികമായ പ്രഖ്യാപനം കൊണ്ടല്ല അവര്‍ വിശുദ്ധരാകുന്നത്. നേരെ മറിച്ച് വിശുദ്ധരായി ജനങ്ങള്‍ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ചിലരെ സഭ പിന്നീട് ചിലപ്പോള്‍ വിശുദ്ധരായി പ്രഖ്യാപിച്ചേക്കാം.
എല്ലാ വിശ്വാസികളെയും പൗലോസ് ശ്ലീഹാ വിശുദ്ധരെന്ന് വിശേഷിപ്പിക്കുന്നുണ്ട്. ദൈവത്തിന്‍റെ വിശുദ്ധിയില്‍ പങ്കുചേരുവാന്‍ വിളിക്കപ്പെട്ടവര്‍, ക്രിസ്തുവിന്‍റെ രക്തത്താല്‍ വിശുദ്ധീകരണം പ്രാപിച്ചവര്‍ എന്നൊക്കെയുള്ള അര്‍ത്ഥത്തിലാണ് അദ്ദേഹം ഈ പദം ഉപയോഗിക്കുന്നത്. തേജസ്സിന്മേല്‍ തേജസ് പ്രാപിച്ച് ക്രിസ്ത്വനുരൂപികളും അങ്ങനെ ദൈവസദൃശ്യന്മാരുമാകുകയെന്നതാണ് വിശുദ്ധിയുടെ പാരമ്യതയായി സഭ പഠിപ്പിക്കുന്നത്. പക്ഷേ, ദൈവീകരണമെന്ന ഈ പരമാനുഭവം ഒരു നിശ്ചലമായ ബിന്ദുവില്‍ അവസാനിക്കുന്നില്ല. മറിച്ച് അനുനിമിഷം ചലനാത്മകമായ, വികസ്വരമായ ഒരനുഭവ മണ്ഡലത്തിലേക്കുള്ള പ്രവേശനമാണത്. നിസ്സായിലെ വി. ഗ്രീഗോറിയോസും മറ്റും പറയുന്നതുപോലെ ‘അവസാനമില്ലാത്ത ആരോഹണ’മാണത്. അപ്പോള്‍ ഈയര്‍ത്ഥത്തില്‍, ഒരുവന്‍, ‘വിശുദ്ധീകരിക്കപ്പെട്ടു’ എന്നു ഭൂതകാലത്തില്‍ പറയുവാന്‍ നമുക്ക് പ്രയാസമാണ്. ‘വിശുദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു’ എന്ന് തുടര്‍ച്ചയായ വര്‍ത്തമാനകാലത്തിലേ പറയാനാവൂ (ഈ ജീവിതത്തിനപ്പുറത്ത് ഭൂതകാലത്തിനും വര്‍ത്തമാന കാലത്തിനും പ്രസക്തിയൊന്നുമില്ലെങ്കിലും ഇവിടെ നമുക്ക് അങ്ങനെ മാത്രമേ പറയാനാവൂ).
വിശുദ്ധിയെന്നത് ഒരേ സമയം ദൈവത്തിന്‍റെ പരിശുദ്ധാത്മാവിന്‍റെ ദാനവും നമ്മുടെ ആത്മിക സാധനയുടെ ഫലവുമാണ്. വിശുദ്ധരായി പരിഗണിക്കപ്പെടുന്നവരുടെ വിശുദ്ധി മനുഷ്യരാശിയുടെ പൊതുസമ്പത്താണ്. വിശുദ്ധന്മാര്‍ തങ്ങള്‍ക്കു വേണ്ടി കരുതാതെ, കര്‍ത്താവിനെപ്പോലെ ലോകത്തിനു വേണ്ടി സ്വയം നല്‍കിയവരാണ്. അവരുടെ വിശുദ്ധി മറ്റുള്ളവര്‍ക്ക് ആത്മിക ഉറവയും പ്രചോദന സ്രോതസ്സുമാണ്. ഒറ്റപ്പെട്ട വ്യക്തിയായിട്ടല്ല വിശുദ്ധനെയോ ശുദ്ധിമതിയെയോ നാം കരുതുന്നത്. അവര്‍ കര്‍ത്താവിന്‍റെ സമൂഹശരീരത്തിലെ അവിഭാജ്യമായ അവയവങ്ങളാണ്. അതുകൊണ്ട് സ്വാര്‍ത്ഥപരമായ ലക്ഷ്യങ്ങള്‍ക്കു വേണ്ടി അവരെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. സ്നേഹമാണ് അവരുടെ വിശുദ്ധിയുടെ അടിസ്ഥാനവും ഉരകല്ലും. മനുഷ്യസ്നേഹമില്ലാതെ, നന്മ ചെയ്യാന്‍ ആഗ്രഹമില്ലാതെ വിശുദ്ധന്മാരെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. കള്ളപ്പണത്തിന്‍റെയും വഞ്ചനയുടെയും വെള്ളിക്കാശിന്‍റെയും പങ്ക് വിശുദ്ധന്മാര്‍ക്കു നല്‍കി സ്വന്തം മനഃസാക്ഷിയെ തൃപ്തിപ്പെടുത്തുന്നത് മ്ലേച്ഛതയാണ്.
പ്രകാശത്തെയാണ് വിശുദ്ധിയുടെ പ്രതീകമായി സാധാരണ വ്യവഹരിക്കുന്നത്. ദൈവം അഗമ്യ തേജോമയമായ പ്രകാശമാണ്. സൃഷ്ടി മുഴുവനും പ്രകാശം കൊണ്ട് നിറയുവാന്‍ സൃഷ്ടിയുടെ തുടക്കം തന്നെ പ്രകാശത്തിലാണ്. ഇങ്ങനെ പ്രഭാപൂരിതമായ ഒരു ചിത്രമാണ് മനുഷ്യന്‍റെ ആത്യന്തിക വിശുദ്ധീകരണത്തെക്കുറിച്ച് സഭാപിതാക്കന്മാര്‍ നല്‍കുന്നത്. ദൈവത്തിന്‍റെ ആദിശോഭ ശരിയായി പ്രതിഫലിപ്പിക്കുവാന്‍ നമുക്കിന്ന് കഴിയുന്നില്ല. കാരണം മനുഷ്യന് സംഭവിച്ച വീഴ്ച തന്നെ. വീഴ്ചയ്ക്കു മുമ്പ് ആദാമിനും ദൈവത്തിനും സൃഷ്ടിക്കുമിടയില്‍ ആവരണമില്ലായിരുന്നു. ദിവ്യശോഭ പൂര്‍ണ്ണമായി സ്വീകരിക്കുവാനും പ്രതിഫലിപ്പിക്കുവാനും ആദി മനുഷ്യനും പ്രപഞ്ചത്തിനും കഴിയുമായിരുന്നു.
അപ്പോള്‍ വിശുദ്ധീകരണമെന്നത് ഈ ഇരുട്ടിന്‍റെ തിരശ്ശീലകള്‍ മാറ്റി മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യനും ദൈവവും തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലും മുഖാമുഖം കണ്ട് ദൈവികപ്രകാശത്തില്‍ ഉല്ലസിക്കുകയെന്നതാണ്. സൃഷ്ടിക്കു മുന്‍പേയുള്ള ദിവ്യശോഭയില്‍ മനുഷ്യരും പ്രകൃതിയും പൂര്‍ണ്ണമായും പങ്കാളികളാകുന്നു. താബോര്‍ മലയിലെ അപൂര്‍വ്വ പ്രകാശത്തില്‍ യേശുവും മോശയും ഏലിയാവും ഒരേ സമയം സന്നിഹിതരായതുപോലെ, സകല സൃഷ്ടിയും ദൈവസന്നിധിയില്‍ പരസ്പരം മറയില്ലാതെ സത്യപ്രകാശത്തില്‍ ശോഭിതമായി ആനന്ദനൃത്തം ചെയ്യുന്നതായി വിശുദ്ധന്മാര്‍ ദര്‍ശിക്കുന്നു. ലജ്ജാരഹിതമായ മുഖങ്ങളും വഞ്ചനയില്ലാത്ത ഹൃദയങ്ങളുമാണിവിടെ നാം കാണുന്നത്. ഈ ലോകത്തില്‍ വിശുദ്ധന്മാരെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവര്‍ ഇതു തന്നെയാണ് ആഗ്രഹിക്കേണ്ടത് – മറച്ചു വയ്ക്കാനൊന്നുമില്ലാത്ത ഹൃദയങ്ങളും ലജ്ജാരഹിതമായ പ്രസന്ന മുഖങ്ങളും. കാപട്യവും വഞ്ചനയുമുള്ള ഈ ലോകത്തില്‍ അവര്‍ നീതിയുടെ നിത്യസൂര്യന്മാരായിരിക്കും.