കുവൈറ്റ് : സമർപ്പണത്തിന്റെ അനുഭവത്തിലൂടെ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവക ആദ്യഫലപ്പെരുന്നാൾ ആഘോഷിച്ചു. നവംബർ 3, വെള്ളിയാഴ്ച രാവിലെ 8.00 മണി മുതൽ ജലീബ് ഇന്ത്യൻ സെന്റ്രൽ സ്ക്കൂൾ അങ്കണ ത്തിൽ വെച്ചു നടന്ന പെരുന്നാൾ ആഘോഷപരിപാടികൾ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും, ചെന്നൈ-കോട്ടയം ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്താ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം ചെയ്‌തു. ഇടവക വികാരി ഫാ. ജേക്കബ് തോമസ് സ്വാഗതവും, ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കൺവീനർ പി.ജി. അലക്സാണ്ടർ കൃതഞ്ജ തയും അറിയിച്ചു.
കുവൈറ്റിലെ റസിഡൻസി അഫയേഴ്സിന്റെ ചുമതലയുള്ള കേണൽ അലി മിസ്ഫർ അൽ-അദ്വാനി, മലങ്കര ഓർത്തഡോക്സ് സഭയുടെ അത്മായ ട്രസ്റ്റി ഡോ. ജോർജ്ജ് പോൾ, എൻ.ഇ.സി.കെ. ചെയർമാൻ റവ. ഇമ്മാനുവൽ ഗരീബ് എന്നിവർ ആശംസകൾ അറിയിച്ചു.
ആദ്യഫലപ്പെരുന്നാളിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണിക സുവനീർ കൺവീനർ ബിനു ബെന്യാമിൽ നിന്നും ഏറ്റുവാങ്ങി ഇടവക സഹവികാരി ഫാ. ജിജു ജോർജ്ജിനു നൽകികൊണ്ട് മാർ ദിയസ്കോറോസ് മെത്രാപ്പോലീത്താ പ്രകാശനം ചെയ്തു.
ഇടവകാംഗം ടൈറ്റസ് മാത്യൂ രചിച്ച ഗാനസമാഹരം ചടങ്ങിൽ മെത്രാപ്പോലീത്താ പ്രകാശനം ചെയ്തു. ഫാ. വർഗീസ് ഇടവന, എൻ.ഇ.സി..കെ. എക്സിക്യുട്ടീവ് അഡ്മിനിസ്ട്രേറ്റർ കെ.പി. കോശി, ഇടവക ട്രഷറാർ അജിഷ് എം. തോമസ്, സെക്രട്ടറി അബ്രഹാം അലക്സ്, സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ ബാബു വർഗ്ഗീസ്, ഷാജി ഇലഞ്ഞിക്കൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഇടവകയിലെ പ്രാർത്ഥനായോഗങ്ങളും ആത്മീയപ്രസ്ഥാനങ്ങളും വിവിധ പ്രാർത്ഥനായോഗങ്ങളുടേയും, ആത്മീയപ്രസ്ഥാനങ്ങളുടേയും നേതൃത്വത്തിൽ തയ്യാറാക്കിയ രുചിയേറിയ നാടൻ രുചിഭേദങ്ങൾ പെരുന്നാളിനെ വിഭവസമൃദ്ധമാക്കിയപ്പോൾ, വൈവിധ്യമാർന്ന കലാപരിപാടികൾ, കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക മത്സരങ്ങൾ, കുട്ടികൾ നയിച്ച മ്യൂസിക് ഫ്യൂഷൻ, ചെണ്ടമേളം, കേരളത്തിൽ നിന്നുള്ള പ്രശസ്ത പിന്നണിഗായകരായ വിധു പ്രതാപ്, അമൃതാ സുരേഷ്, സീ-ടിവിയുടെ സരിഗമയിലെ ഫൈനലിസ്റ്റായ വൈഷ്ണവ് ഗിരിഷ്, സലിൽ, ജിയോ എന്നിവർ നയിച്ച ഗാനമേള, സച്ചിൻ, സജി ഓച്ചിറ എന്നിവർ നയിച്ച കോമഡി ഷോ എന്നിവ ആദ്യഫലപ്പെരുന്നാളിന്റെ ആകർഷണങ്ങളായി.