പ. മാര്‍ത്തോമ്മാശ്ലീഹായുടെ ഓര്‍മ്മ ദിവസം ലോകത്തിലെ വിവിധ സഭകള്‍ വിവിധ ദിനങ്ങളിലാണ് ആഘോഷിക്കുന്നത്. 1969 വരെ റോമന്‍ കത്തോലിക്കാ സഭ പിന്തുടര്‍ന്ന ഒന്‍പതാം നൂറ്റാണ്ടിലെ സഭാ പഞ്ചാംഗമനുസരിച്ച് ഡിസംബര്‍ 21-ന് ആണ് പ. മാര്‍ത്തോമ്മാ ശ്ലീഹായുടെ ഓര്‍മ്മ കൊണ്ടാടുന്നത്. ആ വര്‍ഷം റോമന്‍ കത്തോലിക്കാ സഭ, പ. മാര്‍ത്തോമ്മാശ്ലീഹായുടെ ദുഃഖറോനോ ജൂലൈ മൂന്നിലേയ്ക്ക് മാറ്റി എങ്കിലും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടും ആംഗ്ലിക്കന്‍ കമ്യൂണിയനിലുള്ള ഇതര സഭകളും എപ്പിസ്ക്കോപ്പല്‍ സഭയും ലൂതറന്‍ സഭയും ഇന്നും 1662-ലെ ബുക്ക് ഓഫ് കോമണ്‍ പ്രയര്‍ അനുസരിച്ച് ഡിസംബര്‍ 21-ന് ആണ് പ. മാര്‍ത്തോമ്മാശ്ലീഹായുടെ ഓര്‍മ്മ കൊണ്ടാടുന്നത്.
വി. ജറോമിന്‍റെ രക്തസാക്ഷിത്വ പട്ടിക അനുസരിച്ച് ജൂലൈ മൂന്നാണ് പ. മാര്‍ത്തോമ്മാശ്ലീഹായുടെ ഓര്‍മ്മ. എന്നാല്‍ ബൈസന്‍റൈന്‍ സഭകളും അവിടുത്തെ റോമന്‍ കത്തോലിക്കാ റീത്തുകളും ഒക്ടോബര്‍ 6 (ജൂലിയന്‍ കലണ്ടര്‍ അനുസരിച്ച് ഒക്ടോബര്‍ 19) ആണ് പ. മാര്‍ത്തോമ്മാശ്ലീഹായുടെ ഓര്‍മ്മദിനമായി കൊണ്ടാടുന്നത്. അതേസമയം ബൈസന്‍റൈന്‍ സഭകളില്‍ പുതു ഞായറാഴ്ച തോമസ് സണ്ടേ ആയി ആഘോഷിക്കുന്നു. എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്ന് പ. മാര്‍ത്തോമ്മാശ്ലീഹാ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്‍റെ മുമ്പില്‍ മഹാവിശ്വാസ പ്രഖ്യാപനം നടത്തിയ സംഭവമാണ് അന്ന് അനുസ്മരിക്കുന്നത്.
നസ്രാണികള്‍ക്ക് തങ്ങളെ ആത്മാവില്‍ ജനിപ്പിച്ച പിതാവാണ് പ. മാര്‍ത്തോമ്മാശ്ലീഹാ. മലങ്കരസഭ ഇന്ന് ജൂലൈ 3, ഡിസംബര്‍ 21, പുതുഞായറാഴ്ച എന്നിവ മൂന്നും പ. മാര്‍ത്തോമ്മാശ്ലീഹായുടെ ഓര്‍മ്മദിനങ്ങളായി കൊണ്ടാടുന്നു. മലങ്കരയില്‍ മാറിമാറി സ്വാധീനം ചെലുത്തിയ വിവിധ ക്രൈസ്തവ പാരമ്പര്യങ്ങളാണ് ഇതിനു കാരണം. എന്നാല്‍ പതിനാറാം നൂറ്റാണ്ടില്‍ പോര്‍ട്ടുഗീസുകാര്‍ കേരളത്തില്‍ വരുന്നതിനുമുമ്പു മുതല്‍ കര്‍ക്കിടകം മൂന്ന് (പുതിയ കണക്കിന് ജൂലൈ മൂന്ന്) ആയിരുന്നു സുറിയാനിയില്‍ ദുഃഖ്റോനോ (ഓര്‍മ്മ) എന്നറിയപ്പെടുന്ന മാര്‍ത്തോമ്മാ ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍. തോറോനാ എന്ന ഗ്രാമ്യപ്രയോഗത്തിലാണ് ഇത് അറിയപ്പെട്ടിരുന്നത്. കര്‍ക്കിടകത്തിലെ വെള്ളപ്പൊക്കം വ്യംഗ്യമാക്കി തോറോനായ്ക്ക് നൂറാന ഒഴുകിപ്പോകും എന്നും, തോറോനായ്ക്ക് തോരില്ല എന്നും പഴഞ്ചൊല്ലുകള്‍ തന്നെയുണ്ട്. ഞങ്ങള്‍ക്ക് ഉല്‍സവങ്ങള്‍ ഏറെയുണ്ട്. കര്‍ക്കിടകത്തില്‍ തോമ്മായുടെ ഉല്‍സവം താന്‍ പ്രധാനം എന്ന് പോര്‍ട്ടുഗീസുകാരോട് നസ്രാണികള്‍ പറഞ്ഞതായി ഡോ. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് രേഖപ്പെടുത്തുന്നു. ഒരു പക്ഷേ ക്രിസ്തുവര്‍ഷം 1500-ലെ ഇന്ത്യാക്കാരന്‍ ജോസഫിന്‍റെ വിവരണങ്ങളെയാകാം ഇതിന് ഡോ. ഗുണ്ടര്‍ട്ട് അവലംബിക്കുന്നത്. കലണ്ടര്‍ ഏകീകരണത്തിലാണ് കര്‍ക്കിടകം ജൂലൈ ആയി മാറിയത്.
ജൂലൈ 3 ഉറഹായിലേയ്ക്കു പ. മാര്‍ത്തോമ്മാശ്ലീഹായുടെ തിരുശേഷിപ്പു മാറ്റി സ്ഥാപിച്ചതിന്‍റെ ഓര്‍മ്മയായി ആണ് ഇന്നു പലരും കണക്കാക്കുന്നത്. പക്ഷേ ഉറഹായിലെത്തിച്ച തിരുശേഷിപ്പ് അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ രക്തസാക്ഷിത്വ ദിനത്തില്‍ അവിടുത്തെ പ്രധാന പള്ളിയില്‍ പുനഃസ്ഥാപിച്ചു എന്നു ചിന്തിക്കുന്നതിലും അസാംഗത്യമൊന്നുമില്ല. വര്‍ത്തമാനകാല നടപടിയും അപ്രകാരമാണ്.
ഈ സാഹചര്യത്തില്‍ 13 ദിവസം നീളുന്ന ശ്ലീഹാനോമ്പ് ജൂലൈ 3-ന് അവസാനിക്കത്തക്കവിധം പുനഃക്രമീകരിക്കണമെന്ന ഫാ. ഡോ. കെ. എം. ജോര്‍ജിന്‍റെ നിര്‍ദ്ദേശം സഭ ഗൗരവപൂര്‍വം പരിഗണിക്കേണ്ടിയിരിക്കുന്നു.