പഴയൊരു കഥയാണ്. 1930ൽ കോട്ടയം പഴയ സെമിനാരിയിൽ വട്ടശേരിൽ തിരുമേനിയുടെ അധ്യക്ഷതയിൽ ചേർന്ന മലങ്കര അസോസിയേഷൻ ഏഴു പേരെ മെത്രാപ്പൊലീത്താ സ്ഥാനത്തേക്കു തിരഞ്ഞെടുത്തു. അതിൽ രണ്ട് അൽമായരും (വൈദികരല്ലാത്തവർ) ഉണ്ടായിരുന്നു; കെ.സി. ചാക്കോയും പത്രോസ് മത്തായിയും.
സാധാരണയായി മെത്രാപ്പൊലീത്താ സ്ഥാനത്തേക്കു വൈദികരെ മാത്രമേ സഭകൾ എടുക്കാറുള്ളൂ. എന്നിട്ടും സഭ ഇവരെ തിരഞ്ഞെടുത്തത് അവർ രണ്ടുപേരിലുമുള്ള ദൈവികമൂല്യം തിരിച്ചറിഞ്ഞാണ്.
പുത്തൻകാവിൽ കൊച്ചുതിരുമേനി എന്നറിയപ്പെടുന്ന ഗീവർഗീസ് മാർ പീലക്സിനോസ്, വാളക്കുഴി ജോസഫ് മാർ സേവേറിയോസ്, പാറേട്ട് മാത്യൂസ് മാർ ഇവാനിയോസ്, അലക്സിയോസ് മാർ തേവോദോസിയോസ് എന്നിവരാണ് അന്നു തിരഞ്ഞെടുക്കപ്പെട്ടവരിൽ മെത്രാൻമാരായത്. ചെറിയമഠത്തിൽ സ്കറിയ മൽപാനെയും തിരഞ്ഞെടുത്തെങ്കിലും അദ്ദേഹം മെത്രാഭിഷിക്തനായില്ല.
അൽമായർക്കു സഭയിൽ ലഭിക്കാവുന്ന ഉന്നതമായ ആ സ്ഥാനത്തേക്കു കണ്ടത്തിൽ കെ.സി. ചാക്കോയും പത്രോസ് മത്തായിയും തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അവരും മെത്രാഭിഷിക്തരായില്ല. കാരണം ലളിതം, അവർ ആ സ്ഥാനം വേണ്ടെന്നു വച്ചു!
ആദ്യം കെ.സി ചാക്കോയുടെ നിരാകരണ കാരണത്തെക്കുറിച്ചു പറയാം.
മദ്രാസ് ക്രിസ്ത്യൻ കോളജിൽ വിദ്യാർഥിയായും പിന്നീട് അധ്യാപകനായും പ്രവർത്തിച്ച കെ.സി. ചാക്കോ തന്റെ കർമമേഖലകളെല്ലാം ക്രിസ്തീയസാക്ഷ്യം ഉയർത്തിപ്പിടിക്കുന്നതിനാണ് ഉപയോഗിച്ചത്. പഠനത്തിൽ സമർഥനായിരുന്ന അദ്ദേഹം എം.എ. ഫിലോസഫി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ രണ്ടു പേരിൽ ഒരാളാണ്. ഒരേ മാർക്ക് നേടി ആ റാങ്ക് പങ്കിട്ട മറ്റൊരാളിനെ ലോകം അറിയും: രാഷ്ട്രപതിയായിരുന്ന ഡോ:എസ്. രാധാകൃഷ്ണൻ!
ഇരുവരും അടുത്ത സുഹൃത്തുക്കളുമായിരുന്നു. ആലുവ യൂണിയൻ ക്രിസ്ത്യൻ കോളജിന്റെ സ്ഥാപകരിലൊരാളായ കെ.സി. ചാക്കോ, കോളജ് സ്ഥാപിക്കാൻ പണം പിരിച്ചതു മുഖ്യമായും രാധാകൃഷ്ണൻ എഴുതിയ കത്തു കാണിച്ചായിരുന്നു. ആ കത്തിൽ ഇങ്ങനെയാണ് എഴുതിയിരുന്നത്: ‘കെ.സി. ചാക്കോ എനിക്ക് ഏറ്റവും വേണ്ടപ്പെട്ട പ്രിയ സ്നേഹിതനാണ്. ചാക്കോയുടെ സംരംഭത്തിൽ നിങ്ങൾ ആത്മാർഥമായി സഹകരിക്കണം.’
കേരളത്തിലെ മൂന്ന് എപ്പിസ്കോപ്പൽ സഭകളുടെ സഹകരണവും സൗഹാർദവും ആവശ്യമായ യുസി കോളജ് സ്ഥാപനത്തിനു വേണ്ടി മുന്നിട്ടിറങ്ങാൻ കെ.സി. ചാക്കോയ്ക്കു പ്രചോദനമായത് ഇതരസഭകളുടെ പോലും മതിപ്പും വിശ്വാസവും നേടിയ അഗാധമായ ദൈവഭക്തിയും.
ഇപ്പോൾ ജീവിച്ചിരിക്കുന്നതിൽ ഏറ്റവും മുതിർന്ന മേൽപ്പട്ടക്കാരനായ ഡോ: ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയെ യുസി കോളജിൽ അദ്ദേഹം പഠിപ്പിച്ചിട്ടുണ്ട്.
കോളജ് മാത്രമല്ല, മഹിളാലയം, ആലുവ സെറ്റിൽമെന്റ്, ഫെലോഷിപ് ഹൗസ്, തടാകം ക്രിസ്തുശിഷ്യാശ്രമം തുടങ്ങിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിൽ കെ.സി. ചാക്കോ വഹിച്ച പങ്ക് ശ്രദ്ധേയമാണ്. മലങ്കര സുറിയാനി സഭയിലെ വ്യവഹാരങ്ങൾ അവസാനിപ്പിക്കുന്നതിനു വേണ്ടി അദ്ദേഹം ഏറെ പ്രയത്നിച്ചിരുന്നു. സ്വന്തം ജീവിതം ദൈവത്തിനു മാത്രമായി സമർപ്പിച്ച് സന്യാസിവര്യന്റെ ശാന്തതയോടെ ജീവിച്ച കെ.സി.ചാക്കോ വിവാഹം കഴിച്ചില്ല.
ജീവിച്ചിരിക്കുന്ന വിശുദ്ധൻ എന്നു ജീവിതകാലത്തു ഖ്യാതി നേടിയ അത്യപൂർവ അല്‍മായക്കാരനായിരുന്നു അദ്ദേഹം. കെ.സി ചാക്കോയെ വൈദികനാക്കണമെന്ന ആഗ്രഹം വട്ടശേരിൽ തിരുമേനി ചാക്കോയുടെ സഹോദരനായ മനോരമ ചീഫ് എഡിറ്റർ കെ.സി. മാമ്മൻമാപ്പിളയോട് നേരത്തേ പ്രകടിപ്പിച്ചിരുന്നതാണ്. അനുജന് അതിനുള്ള ദൈവവിളിയുണ്ടായാൽ ആകട്ടെ എന്ന് അദ്ദേഹം മറുപടിയും നൽകി.
മെത്രാൻ സ്ഥാനം സ്വീകരിക്കാതിരുന്നതിനെപ്പറ്റി കെ.സി.ചാക്കോ ഇങ്ങനെയാണു പറഞ്ഞത്:
– മെത്രാനായി ജനങ്ങളിൽനിന്ന് അകന്നു ജീവിക്കുന്ന ആത്മീയതയല്ല ഞാനാഗ്രഹിക്കുന്നത്. അവർക്കിടയിൽ ജീവിക്കാനാണ് എനിക്കിഷ്ടം.
ജനങ്ങൾക്കിടയിൽ ജീവിച്ച് അദ്ദേഹം ജീവൻ പകർന്ന സ്ഥാപനങ്ങൾ കെ.സി. ചാക്കോ അന്നു പറഞ്ഞ മറുപടിക്കു സാക്ഷ്യമായി നമുക്കു മുന്നിലുണ്ടല്ലോ!
ഇനി നമ്മുടെ കഥയിലെ രണ്ടാം നായകനെക്കുറിച്ച്.
അയ്മനം മഴുവഞ്ചേരി മഠം കുടുംബാംഗമായ പത്രോസ് മത്തായി പത്തനംതിട്ട സ്വദേശിയാണ്. എംഎബിഎൽ ബിരുദധാരിയായിരുന്ന അദ്ദേഹം പ്രമുഖ അഭിഭാഷകനായിരുന്നു. തിരുവനന്തപുരം ഗവ. ലോ കോളജ് പ്രിൻസിപ്പലായാണു വിരമിച്ചത്.
ഓര്‍ത്തഡോക്സ് സഭ അവിവാഹിതരെ മാത്രമേ ബിഷപ്പുമാരാക്കുകയുള്ളൂ എന്നതിനാൽ ഇനി മേലിൽ സമ്മർദമുണ്ടാകാതിരിക്കാനായി വിവാഹം കഴിച്ചയാളാണു പത്രോസ് മത്തായി!
നാൽപത്തിയൊൻപതാം വയസ്സിലാണ് അദ്ദേഹം വിവാഹിതനായത്. ആ വിവാഹ വർത്തമാനത്തിലല്ലല്ലോ കൂടുതൽ രസം. അത് അദ്ദേഹത്തിനുണ്ടായ ഏഴു മക്കളുടെ പേരിലാണ്. ഏഴു പേരും അപ്പന്റെ പേരുതന്നെ പേറിയവർ: പത്രോസ് മത്തായി!
പരേതയായ കുഞ്ഞന്നാമ്മ പത്രോസ് മത്തായി, കേരള ഹൈക്കോടതിയിൽ അഭിഭാഷകനായ മത്തായി പത്രോസ് മത്തായി, അലക്സ് അന്ത്രയോസ് പത്രോസ് മത്തായി (ഉത്തരേന്ത്യയിൽ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നപ്പോൾ മാത്രം ഇദ്ദേഹം എ.പി. മത്തായി എന്ന് അറിയപ്പെട്ടു), കേരള സർവകലാശാലാ ഫിസിക്കൽ എജ്യൂക്കേഷൻ ഡയറക്ടറും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ എക്സിക്യൂട്ടീവ് ഡയറക്ടറും സെക്രട്ടറിയുമായിരുന്ന പത്രോസ് പത്രോസ് മത്തായി (ഗ്വാളിയറിലെ ലക്ഷ്മിബായ് കോളജ് ഓഫ് ഫിസിക്കൽ എജ്യൂക്കേഷനിൽ പ്രവർത്തിക്കുമ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽവച്ച് ഡോക്ടർമാർക്കു സ്പോർട്സ് മെഡിസിനെപ്പറ്റി ശിൽപശാല നടത്തിയശേഷം ഡോക്ടറാണെന്നു തെറ്റിദ്ധരിച്ച പലരും എഴുതുന്നതും വിളിക്കുന്നതും ഡോ: പത്രോസ് മത്തായി എന്നാണ്. ഗ്വാളിയറിൽ അദ്ദേഹം പി.പി. മത്തായി എന്നു ചുരുക്കപ്പെട്ടു), പ്രശസ്ത നെഫ്രോളജിസ്റ്റ് ആയിരുന്ന പരേതനായ ഡോ: പത്രോസ് മത്തായി, പത്തനാപുരം കോളജ് പ്രിൻസിപ്പലായിരുന്ന ലൂക്കോസ് പത്രോസ് മത്തായി, ടാറ്റാസിലുണ്ടായിരുന്ന സൈമൺ പത്രോസ് മത്തായി എന്നിവരാണവർ.
അപ്പനെപ്പോലെത്തന്നെ, സമൂഹത്തിൽ പേരെടുത്ത ഏഴു പത്രോസ് മത്തായിമാർ!
മെത്രാപ്പൊലീത്തയാവാതെ, നാൽപത്തിയൊൻപതാം വയസ്സിൽ പത്രോസ് മത്തായി വിവാഹിതനായതും ദൈവഹിതമായിരിക്കാം, അല്ലേ?