മലങ്കര അസോസിയേഷന്‍ 2017 മാര്‍ച്ച് ഒന്നിന് കോട്ടയത്ത്

img-20161025-wa0002img-20161025-wa0003

കോട്ടയം മലങ്കര അസോസിയേഷന്‍ യോഗത്തിന്‍റെ തീയതിയും സ്ഥലവും തീരുമാനിക്കുന്നതിനായി സഭാ മാനേജിംഗ് കമ്മിറ്റിയോഗം പഴയസെമിനാരിയില്‍ നടന്നു. 2017 മാര്‍ച്ച് ഒന്നിന് കോട്ടയത്ത് എം.ഡി. സെമിനാരിയില്‍ അസോസിയേഷന്‍ യോഗം നടക്കും. പത്തു കൊല്ലം പൂര്‍ത്തിയാക്കിയ വൈദിക-അത്മായ സ്ഥാനികള്‍ക്ക് പകരം പുതിയ സ്ഥാനികളെ യോഗം തിരഞ്ഞെടുക്കും.

association-news

 

മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍ കോട്ടയത്ത്

 

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍  യോഗം 2017 മാര്‍ച്ച്  1 -ാം തീയതി കോട്ടയത്ത്  എം.ഡി സെമിനാരിയിലുളള മാര്‍ ഏലിയാ കത്തീഡ്രല്‍ അങ്കണത്തില്‍ വച്ച് നടത്തും.   കോട്ടയം പഴയ സെമിനാരി സ്മൃതി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സഭാ മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ ആണ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഈ കാര്യം പ്രഖ്യാപിച്ചത്. നിലവിലുളള തെരഞ്ഞെടുക്കപ്പെട്ട സഭാ മാനേജിംഗ് കമ്മിറ്റിയുടെ കാലാവധി 2017 മാര്‍ച്ചില്‍ അവസാനിക്കും.
അടുത്ത അഞ്ച് വര്‍ഷത്തേക്കുളള സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, വൈദിക ട്രസ്റ്റി, അത്മായ ട്രസ്റ്റി എന്നിവരെ തിരഞ്ഞെടുക്കുന്നതിനാണ് അസ്സോസിയേഷന്‍ ചേരുന്നത്. 1876-ലെ മുളന്തുരുത്തി സുന്നഹദോസിന് ശേഷം ചേരുന്ന 37-ാമത് അസ്സോസിയേഷന്‍ യോഗമാണ് കോട്ടയത്ത് നടത്തപ്പെടുന്നത്. 1987 ഡിസംബര്‍ ഒന്‍പതിനാണ് എം.ഡി സെമിനാരിയില്‍ അവസാനമായി ഒരു അസ്സോസിയേഷന്‍ യോഗം നടന്നത്. അതിന് മുമ്പ് വിവിധ വര്‍ഷങ്ങളിലായി പത്ത് അസ്സോസിയേഷന്‍ യോഗങ്ങള്‍ക്ക് എം.ഡി സെമിനാരി  വേദിയായിട്ടുണ്ട്.
ഫാ. അലക്സാണ്ടര്‍ പി. ഡാനിയേല്‍ ധ്യാനം നയിച്ചു. സഭാ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിച്ച് തീര്‍പ്പു കല്‍പ്പിക്കുന്നതിന്  ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് ചെയര്‍മാനായും, ഫാ. പി. കെ. സഖറിയാ പെരിയോര്‍മറ്റം, അഡ്വ. മത്തായി മാമ്പളളി, അഡ്വ. മാത്യൂസ് മാടത്തേത്ത്, തോമസ് ജോണ്‍ മോളേത്ത്  എന്നിവര്‍ അംഗങ്ങളായുമുളള  ട്രിബ്യൂണലിനെ യോഗത്തിന്‍റെ ആലോചനയോടെ ബാവാ പ്രഖ്യാപിച്ചു.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ സപ്തതി സ്മാരകമായി ആരംഭിക്കുന്ന സ്നേഹസ്പര്‍ശം കാന്‍സര്‍ ചികിത്സ സഹായ പദ്ധതി കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നവംബര്‍ 22 ന് വൈകിട്ട് 4:30 ന് ഉദ്ഘാടനം ചെയ്യും. പരുമല സെന്‍റ് ഗ്രീഗോറിയോസ് ഇന്‍റര്‍നാഷണല്‍ കാന്‍സര്‍ കെയര്‍ സെന്‍ററിന്‍റെ കൂദാശ നവംബര്‍ 23 ന് പരിശുദ്ധ                എത്യോപ്യന്‍ പാത്രിയര്‍ക്കീസ് നിര്‍വ്വഹിക്കുമെന്ന് യോഗത്തില്‍ അറിയിച്ചു.
സഭാ ജ്യോതിസ്സ് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസിന്‍റെ സ്മരണയ്ക്കായി             മനോരമ തോപ്പില്‍ നിര്‍മ്മിക്കുന്ന സ്മൃതി മന്ദിരത്തിന്‍റെ ശിലാസ്ഥാപനം നവംബര്‍ 10 ന് വൈകിട്ട് നാല് മണിക്ക് പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍വ്വഹിക്കും. കോട്ടയം കാരാപ്പുഴയിലെ സഭാ വക സ്ഥലത്ത് നടത്തേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.
സഭയുടെ വിവിധ മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്  സജീവ പിന്തുണയും പ്രോത്സാഹനവും നല്‍കിയ  മാനേജിംഗ് കമ്മിറ്റി അംഗങ്ങളെ പരിശുദ്ധ കാതോലിക്കാ ബാവാ അഭിനന്ദിച്ചു.  വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, അത്മായ ട്രസ്റ്റി എം.ജി. ജോര്‍ജ്ജ് മുത്തൂറ്റ്, ഫാ. മോഹന്‍ ജോസഫ്, കുരുവിള.എം. ജോര്‍ജ്ജ് ഐ.ആര്‍.എസ്, എ.കെ. ജോസഫ് എന്നിവര്‍         പ്രസംഗിച്ചു.
– Catholicate News