മസ്കറ്റ്: യേശുക്രിസ്തു ക്രൂശിൽ യാഗമായി തീർന്നത് മാനവരാശിയുടെ മുഴുവൻ മോചനത്തിന്വേണ്ടിയായിരുന്നു. ക്രിസ്തുവിന്റെ ക്രൂശാരോഹണം നമ്മുടെ വ്യക്തി ജീവിതത്തിൽ പ്രയോജനപ്പെടുത്തേണ്ടതാണെന്നും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. മസ്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ നടന്ന ഈ വർഷത്തെ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു കൊണ്ട് അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു പരിശുദ്ധ ബാവാ തിരുമേനി.
ക്രിസ്തു പീഡനമേല്ക്കുകയും കഷ്ടം സഹിക്കുകയും മരണം വരിക്കുകയും ചെയ്തത് തനിക്ക് വേണ്ടിയായിരുന്നില്ല. പാപാന്ധകാരത്തിലായിരുന്ന ഒരു ജനതക്ക് വേണ്ടിയായിരുന്നു. ഈ ദിനം നമുക്ക് ആധ്യാത്മികമായി അനുഭൂതിയും നന്മയും ലഭിക്കുന്നതാണ്. ഇതിലൂടെ നാം സ്വാംശീകരിക്കേണ്ടത് ക്രിസ്തുവിലുള്ള അചഞ്ചലമായ വിശ്വാസവും, സമസൃഷ്ടികളോടുള്ള നമ്മുടെ കരുതലും കാരുണ്യവും, കഷ്ടതകളിലുള്ള നമ്മുടെ കൂട്ടായ്മയുമാണ്. ക്രിസ്തീയതയുടെ അടിസ്ഥാനം എന്നത് ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസമാണ്. അബ്രഹാം തന്‍റെ ഏകജാതനായ പുത്രനെ ബലിയര്‍പ്പിക്കാന്‍ സന്നദ്ധമായതും, കന്യക മറിയാം ലോക രക്ഷകനെ ഉദരത്തില്‍ വഹിക്കാന്‍ തീരുമാനിച്ചതും ദൈവത്തിലുള്ള അടിയുറച്ച വിശ്വാസം മൂലമാണ്. ഈ വിശ്വാസം നമ്മെ നന്മപ്രവൃത്തികളിലേക്ക് നയിക്കുകയും ക്രിസ്തുവിന്‍റെ കഷ്ടതകളില്‍ എകീഭവിക്കുന്നതിലൂടെ ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളെയും പ്രയാസങ്ങളെയും അതിജീവിക്കുന്നതിന് നമുക്ക് സാധിക്കുമെന്നും ബാവാ പറഞ്ഞു.
മസ്കറ്റ് ഇടവകയില്‍ ഈ വര്‍ഷം പരിശുദ്ധ കാതോലിക്കാ ബാവാ കാര്‍മ്മികത്വം വഹിച്ച പീഡാനുഭവവാര ശുശ്രൂഷകളില്‍ പങ്കെടുക്കുവാന്‍ ഒമാന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറ് കണക്കിന് വിശ്വാസികളാണ് എത്തിച്ചേര്‍ന്നത്.
വാര്‍ത്തയും ചിത്രങ്ങളും: ബിജു പരുമല