ഓര്‍ത്തഡോക്സ് യാക്കോബായ സഭകള്‍ക്കിടയിലെ ഭിന്നത ദുരന്തമെന്ന് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ. സഭാതര്‍ക്കം കേരളത്തില്‍തന്നെ പരിഹരിക്കണം. തീരുമാനങ്ങള്‍ താന്‍ അടിച്ചേല്‍പ്പിക്കില്ലെന്നും പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ വ്യക്തമാക്കി. അതേസമയം സഭാതര്‍ക്കം പരിഹരിക്കാന്‍ മുന്നോട്ടുവച്ച മധ്യസ്ഥനിര്‍ദേശങ്ങളോട് നല്ലരീതിയില്‍ പ്രതികരിച്ച പാരന്പര്യമാണ് യാക്കോബായ സഭയ്ക്കുള്ളതെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ പറഞ്ഞു.
സമാനമായ ആരാധനാക്രമങ്ങളും രക്തബന്ധവുമുള്ള വിശ്വാസികള്‍ക്കിടയിലെ ഭിന്നത പരിഹരിക്കപ്പെടേണ്ടത് അനിവാര്യമെന്ന സന്ദേശമാണ് പാത്രിയര്‍ക്കീസ് ബാവ നല്‍കിയത്. എന്നാല്‍ ഭിന്നത അവസാനിപ്പിക്കാന്‍ പ്രാദേശികസഭകള്‍ തന്നെ മുന്നിട്ടിറൡണം. കോടതിയിലൂടെയോ ഇതരസഭകളുടെ മധ്യസ്ഥശ്രമങ്ങളിലൂടെയോ പ്രശ്നപരിഹാരം സാധ്യമല്ല. ഇരുസഭകളിലെയും ഭൂരിപക്ഷം വിശ്വാസികളും സമാധാനം ആഗ്രഹിക്കുന്നു. പ്രശ്നങ്ങളുണ്ടെങ്കില്‍ അതുപരിഹരിക്കാന്‍ മാര്‍ഗങ്ങളുണ്ടെന്നും പാത്രിയര്‍ക്കീസ് ബാവ പുത്തന്‍കുരിശില്‍ വ്യക്തമാക്കി.
സഭാതര്‍ക്കങ്ങള്‍ മധ്യസ്ഥശ്രമങ്ങളിലൂടെയാണ് പരിഹരിക്കേണ്ടതെന്ന് സുപ്രീംകോടതിയും ഹൈക്കോടതിയും വ്യക്തമാക്കിയകാര്യം ഈ അവസരത്തില്‍ ശ്രേഷ്ഠ കാതോലിക്ക ബാവ അനുസ്മരിച്ചു. കോടതിനിര്‍ദേശപ്രകാരം നാല് മധ്യസ്ഥരെ യാക്കോബായ സഭ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ എതിര്‍പക്ഷം സമാനമായ രീതിയിലല്ല മധ്യസ്ഥശ്രമത്തെ കണ്ടതെന്ന് ശ്രേഷ്ഠ കാതോലിക്ക പറഞ്ഞു.
അതേസമയം, മതപരമായ അസഹിഷ്ണുത രാജ്യത്തിനു അപകടകരമാണെന്ന് പാത്രിയര്‍ക്കീസ് ബാവ പറഞ്ഞു. അതു പടരാതിരിക്കാന്‍ സര്‍ക്കാരും സമൂഹവും ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.