പ. മാത്യൂസ് രണ്ടാമന്‍ ബാവായെപ്പറ്റി നിത്യചൈതന്യ യതി

ഹേണ്‍ഹില്‍
10.6.1998

റെവ. ഫാ. ഡോ. ജേക്കബ് കുര്യന്‍,

9.6.98 ല്‍ അയച്ച സ്നേഹക്കുറിപ്പിനു നന്ദി. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ തിരുമേനിയെ ഞാന്‍ കണ്ടു പരിചയിച്ചത് മോസ്ക്കോയിലെ സമാധാന സമ്മേളനത്തിനു പോയപ്പോഴാണ്. അന്നു ഞങ്ങള്‍ രണ്ടുപേരും സോവിയറ്റ് യൂണിയന്‍റെ അതിഥി മന്ദിരത്തില്‍ അടുത്തടുത്ത മുറികളിലാണ് താമസിച്ചിരുന്നത്.

ഞാന്‍ ഡല്‍ഹിയില്‍ നിന്ന് മോസ്ക്കോയില്‍ ചെന്നിറങ്ങിയപ്പോള്‍ കൈയിലുണ്ടായിരുന്ന പാസ്പോര്‍ട്ടും കൂടെ കൊണ്ടുപോയ പെട്ടികളുടെ ലഗേജ് രസീതും എല്ലാം ആതിഥേയര്‍ തന്നെയാണ് കൈവശം വച്ചിരുന്നത്. അതിഥി മന്ദിരത്തില്‍ ചെന്ന് രണ്ടു മണിക്കൂറുകള്‍ കഴിഞ്ഞിട്ടും എന്‍റെ പെട്ടിയും പാസ്പോര്‍ട്ടും ഒന്നും കിട്ടിയില്ല. എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ എന്‍റെ മുറിയില്‍ മൗനമായിരുന്നപ്പോള്‍ തിരുമേനി അകത്തുവന്ന് പെട്ടികളും മറ്റും കിട്ടിയോ എന്നു ചോദിച്ചു. ഇല്ലെന്നു ഞാന്‍ മറുപടി പറഞ്ഞു.

ആ അവസരത്തില്‍ എനിക്ക് എണീറ്റു നടക്കാനുള്ള ശക്തിയില്ലായിരുന്നു. ഉത്തരവാദികള്‍ എപ്പോഴെങ്കിലും കൊണ്ടുവരട്ടെ എന്നു ഞാന്‍ മറുപടി പറഞ്ഞു.

അപ്പോള്‍ അദ്ദേഹം പറഞ്ഞു: “നാം അങ്ങനെ വിചാരിച്ച് വെറുതെ ഇരിക്കരുത്.” എനിക്ക് എണീറ്റു പോയി അന്വേഷിക്കാന്‍ തീരെ ശരീരശക്തിയില്ലെന്നു പറഞ്ഞപ്പോള്‍ തിരുമേനി പറഞ്ഞു: “അതു സാരമില്ല, ഞാന്‍ പോയി അന്വേഷിച്ചു വരാം.”

എനിക്ക് അദ്ഭുതവും വ്യസനവും തോന്നി. ഒരു വന്ദ്യന്‍ എന്‍റെ പെട്ടിയും മറ്റും തേടി പോകുന്നത് എനിക്ക് അവിശ്വസനീയമായി തോന്നി. തിരുമേനിക്ക് എന്നെക്കാള്‍ കുറച്ചുകൂടി പ്രായമുണ്ടെന്നും തോന്നി. അദ്ദേഹത്തെ വിഷമിപ്പിക്കാതിരിക്കാന്‍ പിന്നെ മതിയെന്നു ഞാന്‍ പറഞ്ഞെങ്കിലും അദ്ദേഹത്തിന് എന്‍റെ പ്രയാസം വ്യക്തിപരമായ ഒരു പ്രശ്നമായിത്തീര്‍ന്നു. പിന്നെ കാത്തുനില്‍ക്കാതെ വേഗം മുറി വിട്ടു പുറത്തുപോയി. അര മണിക്കൂറിനകം മടങ്ങിവന്ന് എന്‍റെ പെട്ടിയും മറ്റും തിരിച്ചു തന്നു. അതെനിക്ക് ഒരിക്കലും മറക്കാന്‍ കഴിയുന്നില്ല.

പിന്നെ എല്ലാ ദിവസവും ഞങ്ങള്‍ ആത്മവിഷയങ്ങളെപ്പറ്റി സംസാരിച്ചുകൊണ്ടിരുന്നു. അപ്പോഴൊക്കെ അദ്ദേഹത്തിന്‍റെ മഹനീയമായ ദൈവവിശ്വാസവും ആത്മാര്‍ത്ഥതയും സത്യസന്ധതയും എന്നെ കോരിത്തരിപ്പിക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ ആ മഹനീയമായ സ്മരണ പുതുക്കാന്‍ ഒരവസരം കിട്ടിയതില്‍ ദൈവത്തോട് നന്ദി പറയുന്നു. ഒരിക്കല്‍ കൂടി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ തിരുമേനിക്ക് എന്‍റെ പ്രണാമം.

എന്ന്,

നിത്യചൈതന്യയതി