തിരുവെഴുത്തുകൾ: സഭയുടെ ആധികാരിക പാരമ്പര്യം – 1 | തോമസ് മാര്‍ അത്താനാസിയോസ്

പഴയ നിയമവും പുതിയ നിയമവും ചേർന്ന ഗ്രന്ഥ സംയുക്തത്തെയാണ് ക്രൈസ്തവസഭ തിരുവെഴുത്തായി അംഗീകരിച്ചിരിക്കുന്നത് . അവ രണ്ടും ദൈവിക വെളിപാടായതുകൊണ്ട് അവയുടെ ആധികാരികത തർക്കവിഷയമാക്കാൻ സഭ അനുവദിക്കുന്നില്ല . അതുകൊണ്ട് ഇവയോട് പൊരുത്തപ്പെടാത്ത പാരമ്പര്യങ്ങൾ സഭ തിരസ്ക്കരിക്കുന്നു . ഇതു സഭയുടെ അടിസ്ഥാന നിലപാടാണ് . എങ്കിലും പുതിയ നിയമത്തിനും അതിലെ പ്രമേയമായ ക്രിസ്തുവിലൂടെയുള്ള ദൈവിക വെളിപാടിനും സഭ പ്രത്യേക പ്രാമാണ്യവും ആധികാരികതയും നൽകുന്നു എന്നത് വിസ്മരിക്കുന്നില്ല . എന്നാൽ ഈയിടെയായി തിരുവെഴുത്തുകളുടെ ഭാഗമായ പഴയനിയമത്തെയും അതു വെളിപ്പെടുത്തുന്ന ദൈവസങ്കല്പത്തെയും അതിൽ അവതരിപ്പിക്കുന്ന ദൈവിക ഇടപെടലിനെയും അവമതിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്ന പ്രവണത സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപിക്കുന്നുണ്ട് . ഇത് വിശ്വാസികളെ ആശയക്കുഴപ്പത്തിലാക്കുകയോ വഴിതെറ്റിക്കുകയോ ചെയ്യുന്നതായി അറിയുന്നു . ഇതു സംബന്ധിച്ച് സഭയുടെ നിലപാട് എന്ത് എന്ന് അറിയുവാൻ പലരും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു . ഈ ആവശ്യം പരിഗണിച്ച് ഈ വിഷയത്തെക്കുറിച്ചുള്ള പ്രതികരണം ഇവിടെ കുറിക്കുന്നു.

പ്രസ്തുത കാര്യത്തെക്കുറിച്ച് യുക്തിചിന്തയുടെ അടിസ്ഥാനത്തിലോ ഈ രംഗത്തുണ്ടായ ഗവേഷണങ്ങളുടെയും പഠനങ്ങളുടെയും പശ്ചാത്തലത്തിലോ ഉണ്ടാകുന്ന സ്വതന്ത്ര നിഗമനങ്ങൾ അതേപടി സഭയ്ക്ക് സ്വീകാര്യമാകണം എന്നില്ല . വിശുദ്ധ ലിഖിതങ്ങളായി സഭ അംഗീകരിച്ചു പോരുന്ന രചനകളുടെ ആധികാരികത സംബന്ധിച്ചുള്ള ചർച്ചകൾ കേവല യുക്തിയുടെയും സ്വതന്ത്രപഠനങ്ങളുടെയും മേഖല മാത്രമായി പരിമിതപ്പെടുത്തിയാൽ ദൈവീക വെളിപാടിന്റെ പ്രസക്തിയും പ്രാമാണ്യവും ചോദ്യം ചെയ്യപെടുകയായിരിക്കും. സഭയുടെ അടിസ്ഥാന കാഴ്ചപ്പാടുകൾക്ക് വിരുദ്ധമായുള്ള തിരുവെഴുത്തുകളുടെ വ്യാഖ്യാനങ്ങളും തിരുത്തലുകളും സഭ നിഷേധിക്കുകയും ചെയ്യുന്നു . സഭയുടെ തിരുവെഴുത്തുകളെ പറ്റിയുള്ള വീക്ഷണങ്ങളുടെയും നിലപാടുകളുയും ഉള്ളിൽ നിന്നു മാത്രമേ മാറിയ സാഹചര്യത്തിലും അവ സംബന്ധിച്ച അഭിപ്രായങ്ങളും വ്യാഖ്യാനങ്ങളും രൂപപ്പെടുത്താനാകൂ .

പഴയ നിയമത്തിലെയും പുതിയ നിയമത്തിലെയും ലിഖിതങ്ങൾ മുഴുവനും തിരുവെഴുത്തുകളായും അതിലെ വെളിപാടുകൾ ആധികാരികമായും സഭ പരിഗണിക്കുന്നു . അതുകൊണ്ടാണ് അവ സംബന്ധിച്ച സഭയുടെ കാഴ്ചപ്പാടിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ടായിരിക്കണം അവയുടെ വിശദീകരണങ്ങൾ എന്ന് സഭ നിഷ്കർഷിക്കുന്നത് . വ്യക്തിയുടെ സ്വതന്ത്ര ചിന്തയുടെയോ വെളിപാടുകളിൽ നിന്ന് തിരഞ്ഞെടുത്ത വാക്യങ്ങളുടെയോ അടിസ്ഥാനത്തിൽ ഇവയുടെ ആധികാരികത അളക്കുവാനായി സ്വതന്ത്ര മാനദണ്ഡങ്ങൾ (norms) സൃഷ്ടിച്ച് അവയെ വിലയിരുത്തുന്ന നടപടി സഭ എന്നും നിഷേധിച്ചിട്ടുണ്ട് . എന്നാൽ അടുത്തകാലങ്ങളിൽ വേദപുസ്തക പഠനമേഖലകളിൽ ഉണ്ടായ ഗവേഷണങ്ങൾ തിരുവെഴുത്തുകൾ കൂടുതൽ മനസ്സിലാക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനും സഹായകമാകുന്ന വിധം ഉപയോഗപ്പെടുത്തുന്നതിനെ സഭ സ്വാഗതം ചെയ്യുന്നുണ്ട് . അതേസമയം അവയുടെ അടിസ്ഥാനത്തിൽ തിരുവെഴുത്തുകൾ പൂർണ്ണമായോ ഭാഗികമായോ തിരസ്കരിക്കുന്നതിനും അവയുടെ സാധുത ചോദ്യംചെയ്യുന്നതിനും തിരുവെഴുത്തിന്റെ ആധികാരികത അവഗണിച്ച് അതിനെ വ്യാഖ്യാനിക്കുന്നതിനും ഉള്ള ശ്രമങ്ങളെ സഭയ്ക്ക് അംഗീകരിക്കാനാവില്ല . അതായത് യുക്തിയുടെയും ശാസ്ത്രീയപഠനത്തിന്റെയും അടിസ്ഥാനത്തിൽ മാത്രം വ്യക്തിഗതമായി സഭാപാരമ്പര്യത്തിന് വിരുദ്ധമായി സ്വതന്ത്ര നിലപാട് എടുക്കുന്നതിനോട് സഭ യോജിക്കുന്നില്ല .

തിരുവെഴുത്തിന്റെ പ്രാമാണ്യവും ആധികാരികതയും മൂല്യനിർണ്ണയം ചെയ്യുവാനും അവ വ്യാഖ്യാനിക്കുവാനും ഉപയോഗപ്പെടുത്തുന്ന ഉപകരണങ്ങളും ( tools) രീതിശാസ്ത്രവും (methodology ) വിശ്വാസിസമൂഹത്തിന്റെ വീക്ഷണവുമായി വിരുദ്ധമാകരുത് എന്ന് സഭ ചിന്തിക്കുന്നു . തെറ്റായ രീതിശാസ്ത്രം പിശകായ നിഗമനങ്ങളിൽ എത്തിക്കുന്നു എന്നത് സ്വാഭാവികമാണ് . സഭ തിരുവെഴുത്തായി അംഗീകരിച്ചിരിക്കുന്ന ലിഖിതങ്ങൾ സംബന്ധിച്ചുള്ള നിരീക്ഷണങ്ങളും ശാസ്ത്രീയ പഠനങ്ങളും സഭാജീവിതത്തെയും വിശ്വാസത്തെയും പരിപുഷ്ട ( enrich )മാക്കുന്നതിനാകണം സഹായകമാകേണ്ടത് . അതിൽ കണ്ടെത്തുന്ന വൈരുദ്ധ്യങ്ങളുടെയും വ്യാഖ്യാതാക്കളുടെ കാഴ്ചപ്പാടുകളുടെയും അടിസ്ഥാനത്തിൽ അവയുടെ ആധികാരികത സംബന്ധിച്ച് സ്വതന്ത്ര നിഗമനങ്ങളിൽ എത്തിച്ചേരുന്ന രീതിക്ക് സഭ എന്ന നിലയിൽ അംഗീകാരം നൽകുവാനാവില്ല .

ഇതുപോലുള്ള തിരുത്തൽ ശ്രമങ്ങൾ സഭയുടെ ചരിത്രത്തിൽ പലപ്പോഴും നടന്നിട്ടുണ്ട് . ക്രിസ്തുവിനുശേഷം രണ്ടാം നൂറ്റാണ്ടിൽ സിനോപെയിലെ മാർക്കിയോൻ എന്ന വ്യക്തി പഴയനിയമത്തെ നിരാകരിക്കുന്നതായി നാം വായിക്കുന്നു . പഴയ നിയമത്തിലെ ദൈവസങ്കല്പം ക്രിസ്തു വെളിപ്പെടുത്തിയ ദൈവരൂപത്തിന് വിരുദ്ധമാണ് എന്ന നിഗമനമാണ് അദ്ദേഹത്തിന്റെ ഈ നിലപാടിന് പ്രേരകം . പുതിയ നിയമം പ്രതിനിധീകരിക്കുന്ന സുവിശേഷവും ( Gospel)പഴയനിയമം പ്രതിനിധാനം ചെയ്യുന്ന നിയമവും ( Torah )തമ്മിലുള്ള പൗലോസിന്റെ ലേഖനങ്ങളിൽ കാണുന്ന സംഘർഷം (tension)മുതലെടുത്ത് അവ രണ്ടും പൊരുത്തപ്പെടാത്ത രണ്ട് സംവിധാനങ്ങൾ (orders)ആയി അദ്ദേഹം അവതരിപ്പിക്കുന്നു. അതുകൊണ്ട് അവയിൽ വെളിപ്പെടുന്നതും പ്രവർത്തിക്കുന്നതും രണ്ട് വ്യത്യസ്ത ദൈവങ്ങൾ ആണെന്നും അയാൾ സിദ്ധാന്തിക്കുന്നു . അങ്ങനെ പഴയ – പുതിയ നിയമ വെളിപ്പെടുത്തലുകളുടെയും അവയിൽ വെളിപ്പെടുന്ന ദൈവസങ്കല്പങ്ങളുടെയും ഐക്യവും ( integrity) പാരസ്പര്യവും (mutuality) അയാൾ ചോദ്യം ചെയ്യുന്നു . തന്റെ നിലപാട് സ്ഥാപിക്കുവാനായി പഴയനിയമത്തിലെയും പുതിയനിയമത്തിലെയും പരസ്പര വിരുദ്ധമെന്ന് തോന്നിപ്പിക്കുന്ന വാക്യങ്ങൾ യഥേഷ്ടം അദ്ദേഹം തെരഞ്ഞുപിടിച്ച് Antithesis എന്ന രചനയിൽ അവതരിപ്പിക്കുന്നു . അതോടൊപ്പം കർത്താവിന്റെ ചില വചനങ്ങളും തൻ്റെ സിദ്ധാന്തം സാധൂകരിക്കുവാൻ അവതരിപ്പിക്കുന്നു . ലൂക്കോസിന്റെ സുവിശേഷത്തിലെ നല്ല വൃക്ഷത്തിന്റെയും ചീത്ത വൃക്ഷത്തിന്റെയും അവതരണവും (6:43 )പഴയ വീഞ്ഞിന്റെയും പുതിയ വീഞ്ഞിന്റെയും ഉപമയുമെല്ലാം (ലൂക്കോ. 5:36 – 39 ) അതിൽപ്പെടുന്നു . ഇവിടെ സൃഷ്ടിയും , രക്ഷയും , നിയമവും , സുവിശേഷവും , പഴയനിയമ ദൈവവും പുതിയനിയമ ദൈവവും വിരുദ്ധ സങ്കല്പങ്ങളായി മാറുന്നു. ഇതിന്റെയടിസ്ഥാനത്തിൽ പുതിയനിയമ രചനകളെയും അയാൾ തരംതിരിക്കുന്നു . അതിൻപ്രകാരം ലൂക്കോസിന്റെ സുവിശേഷവും പൗലോസിന്റെ 10 ലേഖനങ്ങളും മാത്രമാണ് ആധികാരികം . മാർക്കിയോന്റെ ഈ സിദ്ധാന്തങ്ങൾ എല്ലാം ആദിമസഭ നിഷേധിച്ചു . വിശുദ്ധ ഐറേനിയസിന്റെ ‘അഡ് വേർസുസ് ്് ഹെറെസസ് ‘ എന്ന ഗ്രന്ഥം സഭയുടെ നിലപാട് വിശദീകരിക്കുന്ന രചനയാണ് . പഴയ നിയമവും അതു വെളിപ്പെടുത്തുന്ന ദൈവവും പുതിയ നിയമത്തിനു വിരുദ്ധം എന്ന നിലപാട് സഭ തള്ളി .

അതുപോലെ നവീകരണ(Reformation) കാലത്ത് ആ നീക്കത്തിന് നേതൃത്വം നൽകിയ മാർട്ടിൻ ലൂഥർ സഭയ്ക്ക് ആധികാരികമായ പൗലോസിന്റെ വേദശാസ്ത്രത്തിനു വിരുദ്ധമാണ് യാക്കോബിന്റെ ലേഖനം എന്ന നിഗമനത്തിൽ എത്തിച്ചേരുന്നു. അതിൻെറയടിസ്ഥാനത്തിൽ ആ ലേഖനത്തെ വൈക്കോൽ ലിഖിതം എന്നു വിലയിരുത്തി അതിൻെറ ആധികാരികത നിഷേധിക്കുന്നു . മാർട്ടിൽ ലൂഥറിന്റെ ഈ നിലപാടിനെയും സഭ അംഗീകരിക്കുന്നില്ല . സഭയുടെ തിരുവെഴുത്തുകൾ സംബന്ധിച്ച അടിസ്ഥാന നിലപാടുകളെ നിഷേധിക്കുവാനായി ഉപയോഗപ്പെടുത്തുന്ന ഒരു രീതിശാസ്ത്രത്തിനും അംഗീകാരം നൽകുവാൻ സഭയ്ക്കാവില്ല . അതായത് സഭ അംഗീകരിച്ച കാനോനികമായ തിരുവെഴുത്തിനുള്ളിൽ മറ്റൊരു സാധുതാ മാനദണ്ഡം ( canon with in the Canon ) സൃഷ്ടിച്ച് ദൈവിക വെളിപാടിനെ തരം തിരിക്കുവാൻ സഭ അനുവദിക്കുന്നില്ല എന്ന് സാരം .

ആധുനികകാലത്തെ ശാസ്ത്രീയ പഠനങ്ങൾ പുതിയ ഉൾക്കാഴ്ചകൾ സൃഷ്ടിക്കുന്നതിനും തിരുവെഴുത്തുകളുടെ പഠനം കൂടുതൽ അർത്ഥവത്താക്കുന്നതിനും സഹായകമാകുന്നുണ്ട്. അതിനുള്ള ശ്രമം നടത്താതെ , ദൈവഹിതം അറിയാത്ത മനുഷ്യർ തങ്ങളുടെ സംസ്കാരവും ചിന്തയും പ്രകാരം സൃഷ്ടിച്ചതാണ് പഴയനിയമ ദൈവ സങ്കല്പവും വേദലിഖിതങ്ങളും എന്നു ചിലർ പ്രഖ്യാപിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് സഭയ്ക്ക് കൂട്ടുനിൽക്കാനാവില്ല . തിരുവെഴുത്തിൽ ചില കാര്യങ്ങൾ എന്തുകൊണ്ട് അപ്രകാരം വന്നിരിക്കുന്നു എന്ന കാര്യം വിശദീകരിക്കുന്നതിനും തിരുവചനം വേണ്ട വിധം മനസ്സിലാക്കുന്നതിനുമാണ് ഗവേഷണ പഠനങ്ങൾ ലക്ഷ്യമിടേണ്ടത് . ഉദാഹരണത്തിന് ഫെമിനിസ്റ്റ് വേദപഠനങ്ങൾ , വിമോചന ദൈവശാസ്ത്രം തുടങ്ങിയ ആധുനിക അന്വേഷണങ്ങൾ തിരുവചനത്തെ അർത്ഥവത്തായി മനസ്സിലാക്കുന്നതിനാണ് കൂടുതൽ സഹായിച്ചിട്ടുള്ളത് ; അല്ലാതെ അതിൻെറയടിസ്ഥാനത്തിൽ തിരുവചനത്തിന്റെ ആധികാരികത നിഷേധിക്കുന്നതിനായിരുന്നില്ല . സഭയുടെ ചരിത്രത്തിലും ലിഖിതങ്ങളുടെ രചനയിലും വിസ്മരിക്കപ്പെട്ട വിഷയങ്ങൾ സഭയുടെ ശ്രദ്ധയിൽപ്പെടുത്തി തിരുവചനപഠനം കൂടുതൽ അർത്ഥവത്താക്കുന്നതാണ് ആരോഗ്യകരമായ വചനപഠനം എന്നത് .

വെളിപാടുകൾ ലിഖിത രൂപത്തിൽ എത്തുമ്പോൾ അവിടെ സംഭവിക്കാവുന്ന ആപേക്ഷികതയും നാം തിരിച്ചറിയണം . വ്യക്തിയുടെയും സമൂഹത്തിന്റെയും ആശയലോകം ,ഭാഷയുടെ പരിമിതികൾ, തിരിച്ചറിവിന്റെ അതിർത്തികൾ ,

കാലത്തിന്റെയും സംസ്കാരത്തിന്റെയും അകലങ്ങൾ എന്നിവയെല്ലാം ഇവിടെ പരിഗണിക്കേണ്ടതുണ്ട് . അല്ലാതെ ദൈവത്തെ വിലയിരുത്താനും എഴുതിയവരുടെ മേൽ വിധി പ്രസ്താവിക്കുവാനും നടക്കുന്ന ശ്രമങ്ങൾക്ക് സഭാവീക്ഷണ പ്രകാരം സാധൂകരണം കണ്ടെത്താൻ ആവില്ല . (തുടരും …)

സസ്നേഹം നിങ്ങളുടെ

അത്താനാസിയോസ് തോമസ്

മെത്രാപ്പോലീത്ത