ഞാലിയാകുഴി മാർ ബസേലിയോസ് ദയറാ മുൻ സുപ്പീരിയറും പുതുപ്പള്ളി സെന്റ് ജോർജ് വലിയപള്ളി ഇടവകാംഗവുമായ ഫാ. ജോർജ് ഫിലിപ്പ് (70) നിര്യാതനായി. പുതുപ്പള്ളി മണലും ഭാഗത്ത് പരേതരായ പി. ജെ. ജോർജിന്റെയും വടശ്ശേരിൽ മറിയാമ്മ ജോർജിന്റെയും മകനാണ്. നിയമത്തിൽ ബിരുദവും, ഇംഗ്ലീഷ്, മലയാള ഭാഷകളിൽ ബിരുദാനന്തര ബിരുദവും, കോട്ടയം വൈദിക സെമിനാരിയിൽ നിന്ന് വേദശാസ്ത്ര ബിരുദവും നേടി. പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് പ്രഥമൻ ബാവായിൽ നിന്നും വൈദിക പട്ടം സ്വീകരിച്ചു. കോട്ടയം ഭദ്രാസന മെത്രാപ്പോലിത്ത പാറേട്ട് മാത്യൂസ് മാർ ഈവാനിയോസ് തിരുമേനിയുടെ കുടുംബാംഗവുമാണ്. പാമ്പാടി ബി. എം. എം. ഇംഗ്ലിഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ വൈസ് പ്രിൻസിപ്പലായും, കോട്ടയം, ഇടുക്കി ഭദ്രാസനങ്ങളിലെ നിരവധി ദേവാലയങ്ങളിൽ വികാരിയായും സേവനമനുഷ്ഠിച്ചു. പ്രകൃതിക്കിണങ്ങുന്ന ജീവിത ശൈലിയും, ജൈവകൃഷിയും, അപൂർവ്വ ഇനങ്ങളിലുള്ള നാടൻ പശുക്കളുടെ പരിപാലനവും, അപൂർവ്വ വിത്തിനങ്ങളും, ഔഷധ സസ്യങ്ങൾ സംരക്ഷിക്കുന്നതിലും താത്പര്യമെടുത്തിരുന്നു. യോഹന്നാന്റെ സുവിശേഷത്തിന് ഭാഷ്യം, പൗരസ്ത്യ പിതാവായ മാർ അത്താനാസിയോസിന്റെ പ്രഭാഷണങ്ങൾ തുടങ്ങിയ ഗ്രന്ഥങ്ങളുടെ പരിഭാഷകനായ അച്ചൻ ഏകാന്തവാസത്തിലും മൗനത്തിലും ബസേലിയോസ് ദയറായിൽ താമസിച്ചു വരുകയായിരുന്നു. സംസ്കാരം നാളെ (05/09/2022) 3 മണിക്ക് ഞാലിയാകുഴി ദയറായിൽ.
വിശുദ്ധൻമാരുടെ പ്രാർത്ഥന സുഗന്ധമായി ദൈവസന്നിധിയിലേക്ക് എത്തുന്നു എന്ന് വെളിപാടിന്റെ നിമിഷങ്ങളിൽ യോഹന്നാൻ എഴുതിയത് അനുസ്മരിക്കത്ത വിധമായിരുന്നു ജോർജ് ഫിലിപച്ചന്റെ ജീവിതം. യഥാർത് ആത്മീയതയെ സ്വന്തം ജീവിതം കൊണ്ട് നിർവചിച്ച യോഗിവര്യനായിരുന്നു അദ്ദേഹം. വേദം അറിയാവുന്നവൻ വൈദീകനും , ദൈവഹിതം അറിയുന്നവൻ പുരോഹിതനും കർത്താവിന്റെ ആൾ കത്തനാരും ആണെങ്കിൽ ഈ മൂന്നു പദങ്ങളും സമഞ്ജസമായി സമന്വയിപ്പിച്ചു കൊണ്ടാണ് അദ്ദേഹം സ്വയം മാതൃകയായത്. ഭൗമ ജീവിതത്തിന്റെ ഉല്ലാസങ്ങളോ അധികാരത്തിന്റെ അംശവടിയോ പൗരോഹിത്യത്തിന്റെ ഉന്നത സ്ഥാനങ്ങളോ വേഷവിധാനത്തിന്റെ ആഡംബരങ്ങളോ അദ്ദേഹത്തെ ഭ്രമിപ്പിച്ചില്ല. പാമ്പാടി ദയറായിലും ഞാലിയാകുഴി ദയറായിലും മണൽത്തരികളെ പോലും നോവിക്കാതെ തീക്ഷണമായ യോഗചര്യകൾ കൊണ്ട് ദൈവത്തെ ഹൃദയം കൊണ്ട് ഉപാസിച്ച അദ്ദേഹം പ്രകാശമുള്ള നക്ഷത്രമായി തട്ടിൻ പുറം കുന്നിൽ എന്നും ജ്വലിച്ചു നിൽക്കും !
– ജേക്കബ് മണ്ണുമ്മൂട്