കാലത്തിന്റെ കൈയ്യൊപ്പുകൾ / നിഷ എലിസബേത്ത് മാവിലശ്ശേരിൽ

പ്രിയപ്പെട്ടവരേ………. ഇതൊരു ആത്മകഥയല്ല. എന്നെ ഞാനാക്കുവാൻ സഹനത്തിന്റേയും പ്രാർത്ഥനയുടേയും മൂശയിൽ ഇട്ടുവാർത്ത ചിലജീവിതങ്ങൾ എനിക്കുമാത്യകയാക്കുവാൻ മുൻപേ നടന്നു പോയിരുന്നു, കാലം സാക്ഷി.
ഈ യാത്രയുടെ വരേണൃ വീഥികളിലൂടെ വീണ്ടും നടക്കുമ്പോൾ ഞാൻ കണ്ടുമുട്ടുന്ന ചില അടരുകൾ മാത്രം ആണ് ഈ എഴുത്തുകൾ . ചരിത്രം അങ്ങിനെയാണ് വ്യക്തിയുടേതായാലും സമൂഹത്തിന്റേതായാലും ,അതിനു ഊടും പാവും നെയ്യുന്ന ചില മഹത് വ്യക്തികളുടെ ത്യാഗസ്മരണകൾ ഉണ്ടായിരിക്കും.
കാലം പിന്നോട്ടുരുണ്ടാൽ എത്തിനിൽക്കുന്നത് ഓർമ്മകൾ ഉറയ്ക്കാത്ത നാൽപ്പതുകളിലും , ഓർമ്മകൾ അടിവരയിട്ടു കൂടെനിർത്തുന്ന അൻപതുകളിലും ആണ്. പക്ഷേ ചിലഓർമ്മകൾ ഒരുനേർത്ത മഞ്ഞിൻ പാളിയുടെ അപ്പുറത്തെന്നപോലെ അവ്യക്തമായേ എനിക്കു കാണാൻ സാധിക്കുന്നുള്ളൂ , കാരണം അപ്പോൾ ഞാൻ ഒരുകുട്ടിയായിരുന്നല്ലോ …
എന്റെ അവ്യക്തതകൾ നിങ്ങളെന്നോടു പൊറുക്കും എന്നു കരുതട്ടേ…
എന്റെ പേര് ഏലിയാമ്മ തോമസ്സ്, കോട്ടയം ജില്ലയിൽ മീനടത്ത് മല്ലകാട്ട് ആണ് എന്റെ വീട് , വാകത്താനത്താണ് താമസം , വാകത്താനം UPS സ്കൂളിലെ റിട്ടയേർഡ് അദ്ധ്യാപികയാണ്. ഭർത്താവ് അദ്ധ്യാപകൻ ആയിരുന്ന മാവിലശ്ശേരിൽ എം .എസ്സ്. തോമസ്സ്, പതിമൂന്നു വർഷങ്ങൾക്കുമുൻപ് ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു…….
.ഇതൊരു ആത്മകഥയല്ല എന്നുഞാൻ മുന്നേ പറഞ്ഞുവല്ലോ , ഓർമ്മകൾ ഞാൻ മുത്തുപോലെ വാരിയെടുക്കുമ്പോൾ ഈ വിധത്തിൽ നിങ്ങൾക്കു വായിക്കുവാൻ കോർത്തുവയ്ക്കുന്നത്. എന്റെ മകൾ ആണ്.
എന്റെ കുഞ്ഞോർമ്മകളിൽ മുഴുവനും നിറഞ്ഞുനിൽക്കുന്നത് എന്റെഅപ്പന്റെ അമ്മയാണ് “എന്റെ വല്ലൃമ്മച്ചി”. പാത്താമുട്ടം മാളികയിൽ കുറിയാക്കോസ് റമ്പാച്ചന്റെരണ്ടാമത്തെ സഹോദരി ആയിരുന്നു വല്ലൃമ്മച്ചി അതുകൊണ്ട് റമ്പാച്ചൻ എനിക്കു പള്ളീലപ്പച്ചൻ ആയിരുന്നു.( ചെറുപ്പം മുതലേ പള്ളിമുറിയിൽ താമസ്സിക്കുന്നതു കണ്ടിട്ടാകണം പള്ളീലപ്പച്ചൻ എന്നു വിളിച്ചു ശീലിച്ചത്).
ഒത്തിരി ത്യാഗങ്ങളുടേയും ജീവിതപോരാട്ടങ്ങളുടേയും കനൽ വഴികൾ ഒറ്റയ്ക്കുതാണ്ടി ,കാരുണ്യവാനായ ദൈവകരങ്ങളിൽ മുറുകെപ്പിടിച്ച ഔപമ്യങ്ങളില്ലാത്ത. ഒരുപോരാളി ആയിരുന്നു എന്റെ വല്ലൃമ്മച്ചി..
റമ്പാച്ചൻ ഒരു സ്വർണ്ണത്താമരപോലെ വിടർന്നപ്പോൾ , റമ്പാച്ചനെ സഭയ്ക്കും ദൈവത്തിനും നേടിത്തരുവാൻവേണ്ടി വല്ലൃമ്മച്ചിയുടെ അറിയാതെപോയ ത്യാഗങ്ങൾ വളരെയാണ്. സൂര്യൻ ഉദിക്കുമ്പോൾ മറ്റെല്ലാപ്രകാശങ്ങളും നിഷ്പ്രഭമാകുന്നതുപോലെ വല്ലൃമ്മച്ചിയെ മറവിയുടെ ഇരുട്ടിലേയ്ക്കുമാറ്റിനിർത്തുവാൻ എനിക്കാവില്ലല്ലോ.. സഹോദര സ്നേഹത്തിന്റെ ഒരുനല്ല ഉദാഹരണം ആയിരുന്നു ആ അവർതമ്മിലുള്ള ആത്മ ബന്ധം .
വല്ലൃമ്മച്ചിഒക്കെ അഞ്ചുസഹോദരങ്ങൾ ആണ്. മൂത്തആൾ പള്ളത്തുകെട്ടിച്ച പാറപ്പുറത്ത് എം സി അന്നമ്മ രണ്ടാമത്തേ ആൾ മീനടം മല്ലകാട്ടുകെട്ടിച്ച എം സി ഏലിയാമ്മ, എം.സി പുന്നൂസ്, എം സി കുറിയാക്കോസ്, എം സി സ്കറിയ,
സമയം കിട്ടുമ്പോൾ ഒക്കെ വല്ലൃമ്മച്ചി പഴംകഥകളുടെ ഭാണ്‌ഡക്കെട്ടുകൾ എന്റെ മുൻപിൽ തുറക്കാറുണ്ടായിരുന്നു. മീനടത്തെ മുറ്റത്തെ പഞ്ചാര മണലിൽ ഓടിനടക്കുമ്പോൾ വീഴാതെ നോക്കാൻ എനിക്കും എന്റെ സഹോദരനും വല്ലൃമ്മച്ചിയുടെ ശോഷിച്ച കരങ്ങൾ താങ്ങായി ഉണ്ടായിരുന്നു . എനിക്ക് ഒരു സഹോദരനാണ് ഉള്ളത് , പുരോഹിതനായിരുന്ന മർക്കോസ് മല്ലകാട്ട് ( ഏഴുവർഷങ്ങൾ ക്കുമുൻപ് സ്വർഗ്ഗസ്ഥനായി).
അന്നൊക്കെ വീടിന്റെ ഇളം തിണ്ണയിൽ ഇരിക്കുമ്പോൾ, ചായുന്ന സൂര്യനേയും മുറ്റത്തുവീഴുന്ന നിഴൽ അളവുകളേയും നോക്കി വല്ലൃമ്മച്ചി പറയും ആറുമണി ആയി നമുക്കു പ്രാർത്ഥിക്കാം . അന്ന് എന്റെ വീട്ടിൽ സമയം നോക്കുവാനുള്ള ക്ലോക്കോ, ടൈംപീസോ അങ്ങനെ ഉള്ള ഒരു സംവിധാനവും ഇല്ല. വല്ലൃമ്മച്ചി പറയുന്നതാണ് സമയം. പ്രാർത്ഥിക്കുമ്പോൾ പുസ്തകം നോക്കി ചൊല്ലണം തെറ്റുവന്നാൽ അപ്പോൾ അറിയാം , പുള്ളിക്കാരിക്ക് എല്ലാം മനപാഠം ആണ്. തിരുത്തലുകളും ശാസനകളും കേൾക്കുമ്പോൾ എനിക്കും ആങ്ങളയ്ക്കും നല്ല ദേഷൃം വരും പക്ഷേ കടിച്ചമർത്തി പ്രാർത്ഥനതീർക്കും.
പ്രാർത്ഥനകഴിഞ്ഞാൽ വല്ലൃമ്മച്ചിയും എന്റെ അമ്മയും അത്താഴം വിളമ്പുന്ന തിരക്കിൽ ആവും . ഓട്ടു വിളക്ക് അപ്പോൾ കത്തിച്ചു വെച്ചിട്ടുണ്ടാവും, അതിന്റെ ചൂടും പുകയും മണ്ണെണ്ണയുടെ മണവും , പിന്നെ ചൂടുകഞ്ഞിയും പുഴുക്കും ഒക്കെ എന്റെ നനുത്ത ഓർമ്മകൾ ആണ്.
വല്ലൃമ്മച്ചിയെ പാത്താമുട്ടത്തുനിന്ന് മീനടത്തേയ്ക്കു എന്റെ വല്ലൃപ്പൻ കല്യാണം കഴിച്ചു കൊണ്ടുവരുമ്പോൾ അവർ ഒരു കൗമാരക്കാരി വധുവായിരുന്നു.. ചട്ടയും കവുണിയും ” പഷ്ക്കാരികൾ” മാത്രം ധരിക്കുന്നതായിരുന്നു. അല്ലാത്തവർക്ക് മുണ്ടിന്റെ കോന്തല മാറിലൂടെ ഇട്ട് പിന്നിൽ വലിച്ചുകുത്താം…. പക്ഷേ വല്ലൃമ്മച്ചി ചട്ടയിട്ട ഒരു “പഷ്ക്കാരി” ആയിരുന്നു.
പക്ഷേ വല്ലൃമ്മച്ചിയുടെ അമ്മായിഅമ്മയ്ക്ക് അതത്രപിടിച്ചില്ല എന്നുതോന്നുന്നു. ആദ്യത്തെ പ്രസവം കഴിഞ്ഞപ്പോൾ തന്നെ ചട്ട ഊരിച്ചു. പിന്നെ കോന്തല മാത്രം ആയിരുന്നു ശരണം . പുതിയ വീടുവച്ചു മാറിയപ്പോൾ വല്ലൃമ്മച്ചി ആദ്യംചെയ്തത്. കാൽപെട്ടിയിൽ മടക്കിവച്ചിരുന്ന ചട്ടയെടുത്ത് ഇടുകയായിരുന്നു.
പെണ്കുഞ്ഞുങ്ങൾ സമൂഹത്തിലും വീട്ടിലും. രണ്ടാംകിട പൗരൻമാരായിരുന്നു ആകാലത്ത്……
വല്ലൃമ്മച്ചി സ്കൂളിൽ പഠിച്ചിട്ടില്ല. പക്ഷേ സ്കൂളിന്റെ പടി കണ്ടിട്ടുണ്ട് .. റമ്പാച്ചനെ ആശാൻ കളരിയിൽ കൊണ്ടുവിടുന്നതും കൊണ്ടുവരുന്നതും വല്ലൃമ്മച്ചി ആയിരുന്നു. അന്നൊക്കെ നാലാം ക്ലാസ്സു വരെ ആയിരുന്നു ആശാൻ കളരി . വല്ലൃമ്മച്ചിക്കു പഠിക്കുവാൻ വലിയ ആഗ്രഹം ആയിരുന്നു . പക്ഷേ ആൺകുട്ടികൾക്കുമാത്രമേ വിദ്യാഭാസം അന്ന് അനുവദിക്കപ്പെട്ടിരുന്നൊള്ളൂ . റമ്പാച്ചൻ കളരിക്കുള്ളിൽ ഇരുന്നുപഠിക്കുമ്പോൾ വല്ലൃമ്മച്ചി വെളിയിൽ കാതോർത്തിരുന്നു കേട്ടു പഠിക്കും. പെരുക്കപ്പെട്ടികയും ഗുണനപ്പട്ടികയും ഇംഗ്ലീഷ് അക്ഷരമാലയും അങ്ങനെ പഠിച്ചതാണ്.
ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ RAT എന്നും CAT എന്നും സ്പെല്ലിങ് സഹിതം വല്ലൃമ്മച്ചി പറയുമായിരുന്നു. വേദപുസ്തകവും മറ്റാരാധനാപുസ്തകങ്ങളും ഒരുതെറ്റും കൂടാതെ വായിക്കുമായിരുന്നൂ. വ്യക്തവും സ്ഫടികതുല്യവുമായ ഓർമ്മ ശക്തിയാണ് വല്ലൃമ്മച്ചിക്ക് ഉണ്ടായിരുന്നത്.
എനിക്കന്ന് ഏഴാം ക്ലാസ്സിൽ പ്രാക്റ്റീസ് കണക്കുപഠിക്കണം , അതു എനിക്കൊരു കീറാമുട്ടി ആയിരുന്നു. വല്ലൃമ്മച്ചിആണ് എനിക്കതു പഠിപ്പിച്ചു തന്നത്. മനസ്സിൽ കണക്കുകൂട്ടി ഉത്തരം പെട്ടന്നു പറയും . എനിക്കതിശയം തോന്നിയിട്ടുണ്ട്, പള്ളിക്കൂടത്തിൽ പോയിട്ടില്ലാത്ത വല്ലൃമ്മച്ചി ഇതൊക്കെ പറഞ്ഞുതരുമ്പോൾ.
വല്ലൃമ്മച്ചിയെ മീനടത്തേക്കു വിവാഹം കഴിച്ചുകൊണ്ടുവരുമ്പോൾ പാത്താമുട്ടത്തിനെ അപേക്ഷിച്ച്‌ ഒരുകാടുതന്നെ ആയിരുന്നു മീനടം .വല്ലൃമ്മച്ചിക്ക് മൂന്നുമക്കൾ ആയിരുന്നു. രണ്ടാണും ഒരുപെണ്ണും . ഏറ്റതും ഇളയതായിരുന്നു എന്റെ അപ്പൻ . എന്റെ അപ്പനെ വല്ലൃമ്മച്ചി പാത്താമുട്ടത്തു പ്രസവിച്ചു കിടക്കുമ്പോൾ ആണ് , വല്ലൃമ്മച്ചിയുടെ പത്തുവയസ്സുള്ള മൂത്തമകളെ വിവാഹം കഴിപ്പിച്ചു വിടുന്നത് .പത്തുവയസ്സു മാത്രമുള്ള ആ പെൺകുട്ടിയുടേയോ അവളുടെ അമ്മയുടേയോ അനുവാദം ആർക്കും ആവശ്യം ഇല്ലായിരുന്നു. പെറ്റിക്കോട്ടു മാത്രം ധരിച്ചാണ് ഭർത്താവിന്റെ വീട്ടിലേയ്‌ക്ക്‌ എന്റെ അപ്പന്റെ പെങ്ങൾ പോയത്. എന്റെ അപ്പനു രണ്ടുമാസം പ്രായമുള്ളപ്പോഴാണ് വല്ലൃപ്പച്ചൻ മരണ മടയുന്നത് അപ്പോൾ വല്ലൃമ്മച്ചിക്കുപ്രായം ഇരുപത്തിനാല്. പിന്നീടങ്ങോട്ടുള്ള ജീവിതം ദുരിതപൂർണ്ണമായിരുന്നു.
തറവാട്ടു വീട്ടിൽ നിന്നും വേറൊരുവീടുവെച്ചു മാറിതാമസ്സിക്കുവാനും , സ്വത്തുവകകളുടെ ഭാഗം കിട്ടുവാനും. ആചെറിയപ്രായത്തിൽ കൈക്കുഞ്ഞിനേയുമായി വല്ലൃമ്മച്ചി നന്നേ ബുദ്ധിമുട്ടി.
വല്ലൃമ്മച്ചിയുടെ അപ്പൻ പാത്താമുട്ടത്തുവന്നുതാമസ്സിക്കുവാൻ മകളെ ഉപദേശിച്ചു. പക്ഷേ വല്ലൃമ്മച്ചിക്കതു സ്വീകാര്യമായിരിന്നില്ല. പീന്നീടു മീനടത്തു വീടുവച്ചപ്പോൾ അപ്പൻ അത് ഓടുമേഞ്ഞുകൊടുത്തു . അന്ന് അവിടെ ഓടുമേഞ്ഞ വീടുകൾ ഒന്നുപോലും ഇല്ലായിരുന്നു. വർഷാവർഷം ഓലമാറാൻ മകളെ സഹായിക്കാൻ ആരുമില്ല എന്നദ്ദേഹം മനസ്സിലാക്കിയിരിക്കണം.
മീനടത്തെ എന്റെ വീട് അറയും നിരയും ഉള്ള ഒരു കൊച്ചുവീടായിരുന്നു . തട്ടിൻ പുറവും ചവിട്ടുമ്പോൾ കിരികരാ കരയുന്ന കോണിപ്പടികളും ഉണ്ടായിരുന്നു. തടിയുടെ വിജാഗിരിവച്ച വാതിലികളും ,തടിച്ച ഓടാമ്പലുകളും, ഉയർന്നവാതിൽപ്പടികളും ,സിമന്റിട്ടതറയും ,കൊച്ചുതിണ്ണയും,മറ്റുവീടുകളിൽനിന്നതിനെവ്യത്യസ്തമാക്കിയിരുന്നു.
അടുക്കളയുടെ ഒരുമൂലയിൽ പത്തായവും , മറ്റൊരു മൂലയിൽ കറിച്ചട്ടികൾ ഏന്തി നിൽക്കുന്ന ഉറികളും ഉണ്ടായിരുന്നു. റബർഷീറ്റുകൾ കമ്പിൻമേൽ തൂങ്ങുന്ന ചിമ്മിനിഇല്ലാത്ത സദാ പുകവമിക്കുന്ന അടുപ്പുകളും അവിടെ ഉണ്ടായിരുന്നു. ചക്കപ്പഴം കൂടുതലും അരിപ്പൊടികുറച്ചും ചേർത്ത കുമ്പിളപ്പം അപ്പച്ചെമ്പിൽ വേവുന്ന മണം എപ്പോഴും അവിടെ ചുറ്റിത്തിരിയുമായിരുന്നു.
എനിക്കുപറ്റാവുന്നപോലെ വീടുപണികൾ ഞാനും ചെയ്യുമായിരുന്നു. മുറ്റം അടിച്ചുവാരുമ്പോൾ വല്ലൃമ്മച്ചി എന്റെ കൈപിടിച്ചുനോക്കി ” എന്റെ കൊച്ചിന്റെ കൈയ്യിൽ തഴമ്പു വീണല്ലേ എന്നുപറയുന്നത് ഒരു നനവൂറും ഓർമ്മയാണ്.
ഭൂസ്വത്ത് ഉണ്ടെങ്കിലും സ്ഥിരവരുമാനം ഇല്ലാത്ത ഒരുസാധാരണ കർഷകനായിരുന്നു എന്റെ അപ്പൻ. ആകാലത്തുള്ള മിക്കവാറും ഇടത്തരം കുടുംബങ്ങളിലേപ്പോലെ തുണിയുടേയും ഭക്ഷണത്തിന്റേയും സുഖസൗകര്യങ്ങളുടേയും ദാരിദ്യംധാരാളം അറിഞ്ഞാണ് ഞാനും സഹോദരനും വളർന്നത്.
വർഷത്തിൽ ഒന്ന് മീനടത്തെ പ്രധാന കടയായ ആലക്കപ്പറമ്പിലെ കുഞ്ഞച്ചായന്റെ പലചരക്കുകടയിൽ നിന്ന് ( അന്നവിടെ തുണിവിൽപ്പനയും ഉണ്ടായിരുന്നു). പാവാടയ്ക്കും ബ്ളൗസിനും ഉള്ള തുണി അപ്പൻ വാങ്ങിത്തരുമായിരുന്നു.
മഴക്കാലത്ത് ഒരുകുടചൂടി സ്ക്കൂളിൽ പോകുവാൻ എന്തുകൊതിച്ചിട്ടുണ്ടന്നോ !!!
തോരാതെ പെയ്യുന്ന കർക്കിടകങ്ങളിൽ. കുട്ടികളും അദ്ധ്യാപകരും എല്ലാം വാഴയിലവെട്ടി തലയ്ക്കു മീതേ പിടിച്ചാണ് സ്കൂളിൽവരുന്നത് , എന്നിട്ട് ആവാഴയിലകളെല്ലാം സ്കൂളിന്റെ അരപ്ലേസ്സിൽ വച്ച് ക്ലാസ്സിൽ കയറും .
ആകാലത്താണ് അപ്പൻ ഒരു റബ്ബർക്കുട വാങ്ങിയത് , ഒരുദിവസം അപ്പൻ അറിയാതെ അതുഞാൻ ക്ലാസ്സിൽ കൊണ്ടുപോയി, അന്നു ഓലക്കുടകൾ കൊണ്ടുവരുന്ന കുട്ടികളും ധാരാളം ഉണ്ട്, അതുപക്ഷേ മടക്കാൻ സാധിക്കില്ല . ഞാൻ വലിയ ഗമയിൽ എല്ലാവരുടേയും കാൺകെ കുടമടക്കി, ശ്രദ്ധാപൂർവ്വം അടുത്തുതന്നെ വച്ചു , മറ്റുള്ളവർ എന്റെ കുടയിൽ നോക്കുന്നത് കണ്ടാസ്വദിച്ചിരിക്കുമ്പോഴാണ്. ഇതാ അപ്പൻ വന്ന് ക്ലാസ്സിനു പുറത്തുനിന്ന് മാഷിനോടുപറയുന്നു ” കൊച്ച് കുടകൊണ്ടുപോയി അതുവാങ്ങാൻ വന്നതാണ് “. ഹൊ എന്തൊരു നാണം കേടായിപ്പയി!!! പൊക്ഷേ പിറ്റേ വർഷം ആ ആറാം ക്ലാസ്സുകാരിക്ക്. അപ്പൻ ഒരുകുടയും ബാഗും വാങ്ങിത്തന്ന് ആസങ്കടം അങ്ങുമാറ്റി.
പുതുപ്പള്ളി ഹൈസ്കൂളിൽ പഠിക്കുമ്പോൾ പ്രസംഗ മൽസരത്തിൽ പങ്കെടുക്കാൻ ഒരുസഹപാഠി എനിക്കുണ്ടായിരുന്നു പേര് ” ഉമ്മൻചാണ്ടി”
അന്ന്. ആൺകുട്ടികൾക്ക് കാൽച്ചട്ട മാത്രമേ ഉള്ളൂ .. ഷർട്ട് ഇല്ല . എന്റെ ആങ്ങളയ്ക്ക് രണ്ടുമൂന്നു ഷർട്ട് ഉണ്ടായിരുന്നു അത് പുള്ളിക്ക് വല്ലൃ അഭിമാനം ആയിരുന്നു. ആകാലഘട്ടത്തിൽ ചെരുപ്പ് ഇടുന്നവരെ ഞാൻ അധികം കണ്ടിട്ടില്ല , മെതിയടി ചിലർക്കൊക്കെ ഉണ്ടായിരുന്നു.
എന്റെ ചെറുപ്പത്തിലെ പ്രധാന ആഘോഷങ്ങൾ പള്ളിപ്പെരുന്നാളും അതിനൊടനുബന്ധിച്ചുള്ള പ്രസംഗയോഗങ്ങളും ആയിരുന്നു. ധനുമാസത്തിൽ ആണ് മീനടം കാവിലെ ഉൽസവം .. രാത്രിയിൽ കോളാമ്പിയിൽ പാട്ടുകേൾക്കാം , കുംഭകൊടം നടക്കുന്നു എന്നൊക്കെ കേട്ടിട്ടുള്ളതല്ലാതെ അവിടെപോകാനൊ കാണാനോ അനുവാദം ഇല്ലായിരുന്നു.
പുതുപ്പള്ളി ,നിലയ്ക്കപ്പള്ളിയിലെ പെരുന്നാളിന് ഞാനും ചുറ്റുവട്ടത്തുള്ള പെൺകുട്ടികളും ഒക്കെചേർന്ന് വല്യമ്മച്ചിയുടെ നേത്യത്വത്തിൽ പുത്തൻ കാവ് കൊച്ചുതിരുമേനിയുടെ പ്രസംഗം കേൾക്കാൻപോകും . തിരുമേനി പ്രസംഗത്തിനിടയിൽ ചിലപദ്യശകലങ്ങൾ ഒക്കെചേർത്ത് പ്രേഷകരെ രസിപ്പിച്ചും ചിന്തിപ്പിച്ചും പിടിച്ചിരുത്താൻ മിടുക്കനായിരുന്നു. അതിൽ ഞാനിപ്പഴും ഓർക്കുന്ന ഒരുപദ്യശകലം ഉണ്ട് “” എതിരേ കതിരവനുയരും മുൻപേ ഊറിയപനിനീരകമേചെന്നാൽ എരിയാ പോരിയാ…..”.
പ്രസംഗയോഗം തീരുമ്പോൾ ഏകദേശം രാത്രിപത്തുമണി കഴിഞ്ഞിരിക്കും നാരകത്തോടുവഴി രാത്രിയിൽ നടന്നാണ് വരുന്നത്. വീടോ വെളിച്ചമോ ഒന്നും തന്നെ ഇല്ല . …വല്ലൃമ്മച്ചി കവണി എടുത്ത് തലയിൽ കെട്ടി ഒരു കപ്പക്കോലും പിടിച്ച് മുന്നിൽ നടക്കും.
എട്ടുനോയമ്പിന് കിഴക്കേപ്പള്ളിയിൽ ( മീനടം വലിയപള്ളി) ആണ് പോകുന്നത്. നോയമ്പു കഴിയുന്ന അന്ന് അവിടെ പാച്ചോറുനേർച്ച ഉണ്ട്, പള്ളി പിരിഞ്ഞു കഴിഞ്ഞാണ് പാച്ചോർ വയ്ക്കുന്നത്. ആണുങ്ങൾ വലിയവാർപ്പുകഴുകി പച്ചരി കഴുകിയിടും . സ്ത്രീകൾ നേർച്ചയായി കൊണ്ടുവന്നിരിക്കുന്ന തേങ്ങചിരകും . ഞങ്ങൾ കുട്ടികൾ തേക്കില പറിക്കുവാൻ ഓടും . വിശന്നു ഒരുപരുവം ആയിട്ടുണ്ടാവും അപ്പോഴേയ്ക്കും പാച്ചോർ കഴിക്കുവാൻ എല്ലാവരും നിലത്തു ചമ്രം പടഞ്ഞിരിക്കും.
തീപോലെ ചൂടുള്ള പാച്ചോർ തേക്കിലയിൽ വീഴുമ്പഴേ തൊട്ടുനക്കാൻ തുടങ്ങും . മണ്ണൂർ കടുപ്പിലച്ചൻ ആണ് നോയമ്പു കുർബ്ബാന നടത്തുന്നത്.അച്ചൻവിളമ്പുന്നവരോടുപറയും ,”ഏലിക്കൊച്ചമ്മയ്ക്കു കുറച്ചുകൂടി വിളമ്പ് ,”. വല്ലമമ്മച്ചി ചിരിച്ചുകൊണ്ടുപറയും “മതിയച്ചോ ” …. ഇതു എഴുതുമ്പോൾ ഞാൻ വെറുതെ ഓർത്തുപോവുകയാണ് ഇന്നാണെങ്കിൽ ആരെങ്കിലും ഇതുപോലെ കുർബ്ബാന കഴിഞ്ഞ് നേർച്ചഭക്ഷണത്തിനായി വിശന്ന് മണിക്കൂറുകളോളം കാത്തുനിൽക്കുമോ ? ലോകം അതിന്റെ എല്ലാഅർത്ഥത്തിലും മാറിക്കഴിഞ്ഞല്ലോ അല്ലേ…
വലൃമ്മച്ചിയിടെ ജീവിതം പരീക്ഷണങ്ങൾ നിറഞ്ഞതായിരുന്നെങ്കിലും പ്രാർത്ഥനആയിരുന്നു വല്ലൃമ്മച്ചിയുടെ കവചം . പാമ്പാക്കുട നമസ്കാരം ചൊല്ലുന്നതും ഏഴുനേരം പ്രാർത്ഥിക്കുന്നതും കണ്ടിട്ടുണ്ട് . എല്ലാ നോയമ്പും ശ്രദ്ധയോടെ അനുഷ്ഠിക്കും. ഞായറാഴ്ച്ചകളിൽ അച്ചനേക്കാൾ മുൻപേ പള്ളിയിൽ വരും . അന്ന് സണ്ഡേ സ്കൂൾ കുർബ്ബാനയ്ക്കു മുൻപാണ് . വല്ലൃമ്മച്ചി നേരത്തേ പള്ളിയിൽ വരുന്നത് എനിക്കുപലപ്പഴും നാണംകേടായി തോന്നിയിട്ടുണ്ട് . മറ്റൊന്നുമല്ല കുട്ടികൾക്കിടയിൽ വല്ലൃമ്മച്ചിവന്നുനിൽക്കുന്നതുകണ്ട് അവർ ചിരിക്കുമായിരുന്നു , പക്ഷേ പുള്ളിക്കാരിക്ക് അതൊന്നും ഒരുവിഷയമേ അല്ലായിരുന്നു.
വല്ലൃമ്മച്ചി സാധാരണ ഒരു അഞ്ചുമണിക്കെഴുന്നേൽക്കും പ്രാർത്ഥനകഴിഞ്ഞ് മകനുമായി ( എന്റെ അപ്പൻ) വർത്തമാനം ആണ് . പാത്താമുട്ടത്തു ബസ്സുവന്ന കാരൃവും , ഇറച്ചിക്കട പലചരക്കുകട പിന്നെ മീൻകാരൻ ഇവയൊക്കെ അൽഭുത അവതരണങ്ങൾ ആണ് . അരി, കടയിൽ വിൽക്കാൻ വച്ചിരിക്കുന്നത് വല്ലൃമ്മച്ചിക്കങ്ങട്ടു അംഗീകരിക്കാൻ പറ്റാത്തപോലെ ( നമുക്കും ഒരുകാലത്ത് കുടിവെള്ളം കുപ്പിയിൽ വാങ്ങുക എന്നത് ചിന്തിക്കാൻ പറ്റാതിരുന്ന ഒന്നായിരുന്നല്ലോ) .. അപ്പോൾ അപ്പൻ കോട്ടയത്ത് ട്രെയിന് വന്നത് വിശദീകരിക്കും അതിന്റെ നീളം ശബ്ദം ഒക്ക ലോകാൽഭുതങ്ങൾ ആയിരുന്നല്ലോ .
എന്നെയും എന്റെ സഹോദരനേയും മാമ്മോദീസാ മുക്കിയത് പള്ളീലപ്പച്ചൻ ആയിരുന്നു എന്റെ പേര് ചെറുപ്പത്തിൽ ” അമ്മിനാമ്മ” എന്നായിരുന്നു , പക്ഷേ പള്ളീലപ്പച്ചൻ ഒരേ നിർബന്ധം ആയിരുന്നു ഏലിയാമ്മ എന്ന പേരുഇടണം എന്നത് , അതായിരുന്നു വല്ലൃമ്മച്ചിയുടെ പേര്. അതേപേരുതന്നെ എന്റെ കൊച്ചുമകൾക്കു കൊടുക്കുവാനുള്ള ഭാഗൃവും എനിക്കുണ്ടായി.
പള്ളീലപ്പച്ചൻ എല്ലാവരോടും വലിയ സ്നേഹത്തോടെആയിരുന്നു പെരുമാറിയിരുന്നത്.
പൊക്കം കുറഞ്ഞ് ഇരുണ്ടനിറമുള്ള ഒരുമനുഷൃൻ . വലൃമ്മച്ചിക്കും പൊക്കക്കുറവായിരുന്നു. അപ്പച്ചന് എന്നോടു വലിയ വാൽസല്യം ആയിരുന്നു . പുതിയ പുസ്തകങ്ങൾഎഴുതി പ്രസിദ്ധീകരിക്കുമ്പോൾ എന്റെ പേരെഴുതി ഒപ്പിട്ട് ഒരുകോപ്പി എന്റെ അപ്പന്റെ വശം കൊടുത്തുവിടുമായിരുന്നു . ബദേലിലെ താമര, പ്രാർത്ഥനായോഗമിത്രം അങ്ങനെ കുറെ പുസ്തകങ്ങൾ . അതിൽ പ്രാർത്ഥനായോഗമിത്രം മാത്രമേ എന്റെ കൈവശം ഇപ്പോൾ ഉള്ളൂ , അതും കാലപ്പഴക്കം കൊണ്ട് ദ്രവിച്ചാണ് ഇരിക്കുന്നത്.
റമ്പാച്ചനെപ്പറ്റി വലൃമ്മച്ചിക്ക് വലിയ അഭിമാനം ആയിരുന്നു വലൃപഠിപ്പുള്ള എഴുത്തുകാരൻ എന്നാണ് വിശേഷിപ്പിക്കുന്നത്. കൊല്ലപ്പരീക്ഷ കഴിഞ്ഞ് ഞാൻ വലൃമ്മച്ചിയുടെ കൂടെ പാത്താമുട്ടത്തിനുപോകുമായിരുന്നു. ഇന്നത്തേതുപോലെ യാത്രാസൗകരൃങ്ങൾ ഒന്നുമില്ല മീനടത്തുനിന്ന് പുതുപ്പള്ളിവരെ നടക്കും . പുതുപ്പള്ളികടവിൽ നിന്നും വാകത്താനം പള്ളിയുടെ കടവുവരെ വള്ളം ഉണ്ട് , അവിടെ നിന്ന് ഇടവഴികളിലൂടെ നടന്ന് പാത്താമുട്ടത്ത് എത്തും . ഇന്നത്തേതുപോലെ വീടുകൾ ഒന്നുമില്ല കാടുമൂടിയ സ്ഥലങ്ങൾ ആയിരുന്നു കൂടുതലും .
ഞാനും വല്ലൃമ്മച്ചിയും മാളികപ്പള്ളിയുടെ കയറ്റം കയറിച്ചെല്ലുന്നതുകാണുമ്പോൾ അപ്പച്ചൻ സഹായി ആയ ചാക്കോച്ചേട്ടനോടുപറയും കുടിക്കാൻ എടുക്കാൻ , വിശന്നും ദാഹിച്ചും ഒരുവിധമായിരിക്കും ഞങ്ങൾരണ്ടുപേരും അപ്പോൾ. ചാക്കോച്ചേട്ടൻ ഒരു ഗ്ലാസ്സിൽ മഞ്ഞനിറമുള്ള പുളിപ്പും മധുരവും ഉള്ള സ്ക്വാഷ് എടുത്തുതരും , ഞാൻ ജീവിതത്തിൽ ആദ്യമായി സ്ക്വാഷ് കുടിക്കുന്നത് അവിടെനിന്നാണ്. അതിന്റെ മധുരവും രുചിയും ഇപ്പഴും നാവിലുണ്ട്. അന്ന് അപ്പച്ചൻ താമസിക്കുന്നത് പള്ളിക്കുവടക്കുപടിഞ്ഞാറുള്ള ചെറിയ ഒരു പാർസനേജിലാണ്. അതിന്ഉയരം തീരെ കുറവാണ് വേനൽക്കാലത്ത്അതിനുളളിൽ നല്ല ചൂടും ആവിയും ആണ്. പാർസനേജിന്റെ അരപ്ലേസ്സിൽ ഇരുന്ന് വല്ലൃമ്മച്ചിയും അപ്പച്ചനും വർത്തമാനം പറഞ്ഞുകൊണ്ടിരിക്കും . മിക്കവാറും ഉച്ചഊണ് അപ്പച്ചന്റെ കൂടെ ആയിരിക്കും . ചാക്കോച്ചേട്ടൻ ഞങ്ങൾക്കുവിളമ്പിത്തരും . ആ കുടുസുമുറിയിൽ ഉള്ള ഒരുകസേരയിൽ അപ്പച്ചൻ കഴിക്കാൻ ഇരിക്കും . വല്ലൃമ്മച്ചി കാലും നീട്ടി നിലത്തിരിക്കും . ഞാനും അവിടെ എവിടെ എങ്കിലും ഇരിക്കും.
ഊണിനിടയിൽ അപ്പച്ചൻ വല്ലൃമ്മച്ചിയോടു ചോദിക്കും ഏലിക്കൊച്ചമ്മേ കറിഒക്കെ നല്ലതാണോ? എന്നോടും ചോദിക്കും നിനക്കിഷ്ടപ്പെട്ടോ മോളേ ..
ഒരു നാലു മണിയാകുമ്പോൾ ഞാനും വല്ലൃമ്മച്ചിയും തറവാട്ടു വീട്ടിലേയ്ക്കുപോകും . എനിക്കവിടെ പോകാൻ വലിയ ഇഷ്ടം ആയിരുന്നു വല്ലൃമ്മച്ചിയുടെ ആങ്ങളമാരുടെ മക്കളുമായി കളിക്കാനും വർത്തമാനം പറയാനും എനിക്ക് വലിയ ഉൽസാഹം ആയിരുന്നു.
മാളികവീടിന്റെ മുൻപിലത്തെമുറിയിൽ നിന്നും ചുറ്റിവളഞ്ഞ കോണിപ്പടികൾ ഒന്നാം നിലയിലേയ്ക്ക് ഉണ്ട് അത് ഓടിക്കയറുന്നതൊക്കെ എന്റെ നിറ ഓർമ്മകൾ ആണ് . ആ വീടിന് അന്ന് ചിമ്മിനിഇല്ലായിരുന്നു അടുപ്പു കത്തിച്ചാൽ മുകൾ നിലയിൽ പുകനിറയും.
പള്ളീലപ്പച്ചനെ പറ്റി മനസ്സിൽ പതിഞ്ഞധാരാളം ഓർമ്മകൾ ഉണ്ട് . അപ്പച്ചൻ പഠിക്കാൻ വലിയ മിടുക്കൻ ആയിരുന്നു. BA യ്ക്കും MA യ്ക്കും ഒന്നാം ക്ലാസ്സ് ഉണ്ടായിരുന്നു എന്നുപറഞ്ഞുകേട്ടിട്ടുണ്ട്. ബാലികാമഠം സ്കൂൾ , വാകത്താനം UP സ്കൂൾ ഇവിട ഒക്കെ അദ്ധ്യാപകനായി ഇരുന്നിട്ടിണ്ട്. അതേ വാകത്താനം UPസ്കൂളിൽ തന്നെ അദ്ധ്യാപിക ആയിഇരിക്കാനുള്ള വലിയ ക്യപ എനിക്കുണ്ടായി.
ആണ്ടിൽ ഒരിക്കലെങ്കിലും പള്ളീലപ്പച്ചൻ മീനടത്തുള്ള എന്റെ വീട്ടിൽ വരുമായിരുന്നു. അപ്പച്ചൻ വന്നു എന്നറിഞ്ഞാൽ അടുത്തുള്ളവർ ഒക്കെ അപ്പച്ചനെ കാണാൻ വരുമായിരുന്നു. എല്ലാവരോടും വലിയ സ്നേഹത്തിൽ സംസാരിക്കും വരുന്നവർക്കൊക്കെ എന്തെങ്കിലും കൊടുക്കണമെന്ന്‌ നിർബന്ധമാണ്. അതുകൊണ്ട് എന്റെ അമ്മ വട്ടയപ്പം ഉണ്ടാക്കി വയ്ക്കും . ഇന്നത്തെ കെയ്ക്കുപോലെ കാണാവുന്ന വിശേഷ പലഹാരം ആയിരുന്നു വട്ടയപ്പം. അത് എല്ലാവർക്കും മുറിച്ചുകൊടുക്കും. കസേരയിട്ട് ഇളംതിണ്ണയിൽ ഇരുന്ന് എല്ലാവരോടുംവർത്തമാനം പറയും . പോകാൻനേരം പ്രാർത്ഥിക്കും എന്നിട്ട് ഉപദേശരൂപേണ പറയും രണ്ടുനേരത്തെ പ്രാർത്ഥനയെങ്കിലും നിർബന്ധമായും മുടക്കരുത് എന്ന്.
അന്ന് എന്റെവീട്ടിൽ കരിമ്പു ക്യഷി ഉണ്ട് . റമ്പാച്ചൻ കുറച്ചുനാൾ പാമ്പാടി തിരുമേനിയുടെ കൂടെ താമസിച്ചിരുന്നു . എന്റെ അവ്യക്ത ഓർമ്മകൾ ആണ് അത്. ആസമയത്ത് വല്യമ്മച്ചി എല്ലാആഴ്ച്ചയും പലഹാരങ്ങൾ ഉണ്ടാക്കി പാമ്പാടിക്കു കൊടുത്തുവിടും റമ്പാച്ചനു ബുദ്ധിമുട്ട് ഒന്നും ഉണ്ടാകരുത് എന്നതായിരുന്നു അതിന്റെ ന്യായം.. വീട്ടിൽ സഹായിച്ചിരുന്ന പാപ്പൻ ചേട്ടനും ഞാനും കൂടി ‘ മുപ്രക്കൊട്ടയിൽ’ അച്ചപ്പം, വട്ടയപ്പം , കുമ്പിൾ മറ്റു എന്തൊക്കെയോ ആയി പൊത്തൻപുറം കുന്ന് നടന്നു കയറുമായിരുന്നു.
പള്ളീലപ്പച്ചൻ അൽഭുത കന്യകയുമായി വലിയ ഒരു ഒരു ഗുരുശിഷൃ ബന്ധം പുലർത്തിയിരുന്നു. “പിതാവ്” എന്നായിരുന്നു അവർ റമ്പാച്ചനെ സംബോധനചെയ്തിരുന്നത്. അവരെ പ്പറ്റി ഒരു ചെറിയ വിവരണം തന്നുകൊള്ളട്ടെ ….
ചെറുപ്രായത്തിൽ തന്നെ പതിമൂന്നാം വയസ്സിൽ പത്തനംതിട്ട മാക്കാംകുന്ന് സെയിന്റ സ്റ്റീഫൻസ് പള്ളിയിൽ ദുഖവെള്ളിയാഴ്ച്ച ശുശ്രൂഷയിൽ അവർ പങ്കെടുത്തുകൊണ്ടിരിക്കുമ്പോൾ ദേഹമാസകലം അതികഠിനമായവേദന ഉണ്ടാവുകയും അൽഭുതകരമായി കർത്താവിന്റെ പഞ്ചഷതങ്ങൾ ഉണ്ടാവുകയും ചെയ്തു. ..പതിനേഴാം വയസ്സിൽ പരിശുദ്ധ ഗീവർഗ്ഗീസ് ദ്വിതീയൻ ബാവാ ” സിസ്റ്റർ സൂസൻ കുരുവിള ” എന്ന നാമത്തിൽ കന്യാസ്ത്രീ ആക്കി. തൊണ്ണൂറ്റി ഒന്നാംവയസ്സിൽ 2018 മെയ് ഇരുപത്തി ഒൻപതിന് കണ്ടനാടുവച്ച് നിത്യതയിൽ ചേർന്നു. ( കടപ്പാട് : മലങ്കര സഭാ മാസിക) അവരുടെ ശരീരത്തിലെ മുറിവുകളിൽ നിന്നു രക്തം പൊടിക്കുന്നത് ഞാൻ നേരിട്ടു കണ്ടിട്ടുള്ളതാണ്.
ഞാനിതു പറഞ്ഞത് അപ്പച്ചന്റെ മരണസമയത്തിന് അവരും സാക്ഷിയായിരുന്നു എന്നതുകൊണ്ടാണ്.
ഇതിനിടയിൽ പള്ളീലപ്പച്ചന് എന്തോ ശാരീരിക സുഖമില്ലായ്മ ആയി ..ഇടയ്ക്കിടയ്ക്ക് വല്ലൃമ്മച്ചി പാത്താമുട്ടത്തിനുപോകും ആങ്ങളെയെ കാണാതെയും വിവരങ്ങൾ അറിയാതെയും വല്ലൃമ്മച്ചിക്ക് ഒരു സമാധാനവും ഇല്ലായിരുന്നു. “കരുണക്കടലേ ഞാൻ നോക്കും “. എന്ന ഗാനം അപ്പച്ചൻ രചിച്ചത് ഈ വേദനകളിൽ ആശ്വാസം കൊള്ളാൻ ആയിരുന്നു.
ഒരു കർക്കിടകം നാലിനാണ് പള്ളീലപ്പച്ചൻ മരിക്കുന്നത് . എനിക്കന്ന് ഒരു പതിനാലു പതിനഞ്ചു വയസ്സ് പ്രായം വരും . അപ്പച്ചന് എന്തോവലിയ വേദന ഉള്ള അസുഖം ആണ് എന്നുമാത്രമേ അറിയാമായിരുന്നുള്ളൂ. ആഅതിവേദനകളിലെല്ലാം നിഴൽ പോലെ വല്ലൃമ്മച്ചി അപ്പച്ചന്റെ കൂടെ ഉണ്ടായിരുന്നു.
സുഖമില്ലാതെ കിടക്കുന്ന അപ്പച്ചനെ കാണുവാൻ ഞാനും എന്റെ അമ്മയും കൂടി ഒരുവ്യാഴാഴ്ച്ച വൈകുന്നേരം ആണ് ചെന്നത്. അപ്പോൾ വേദനകൊണ്ടു കട്ടിലിൽ കിടന്നുരുളുന്ന എന്റെ പള്ളീലപ്പച്ചനെ കണ്ട് എന്റെ ഹ്യദയം തകർന്നു.
എന്നെ കണ്ടപ്പോൾ നിലവിളിച്ചുകൊണ്ടു പറഞ്ഞു …”എന്റെ മോളേ എനിക്കു വലിയ വേദന ആണെടീ”…. നീരുവച്ചകാലുകളിൽ വട്ടം വട്ടം തൊലിപോയി പൊറ്റൻ പോലെ ഇരിക്കുന്നതു ഞാൻ കണ്ടു. അപ്പോൾ വീണ്ടും എന്നോടുപറഞ്ഞു ” മോളേ കാലിൽ ഒന്നു ചോറിഞ്ഞുതരൂ… സഹിപ്പാൻ വയ്യാത്ത ചൊറിച്ചിൽ ആണ് “. ഞാൻ ചൊറിഞ്ഞുകൊടുക്കുമ്പോൾ വടുക്കളിൽ നിന്നും ഉണങ്ങിയ തൊലി ശൽക്കം പോലെ ഇളകി വരുമായിരുന്നു. എന്റെ നഖത്തിനു കീഴെ കറുത്ത തൊലി അടിഞ്ഞുകൂടി.
ഈ അവസാനനാളുകളിൽ ഒക്കെ എന്റെ വല്യമ്മച്ചിയും കുഞ്ഞുമറിയാമ്മ കൊച്ചമ്മയും , പ്ലാപ്പറമ്പു കുടുംബത്തിലെ ബാബു എന്നൊരാളും എപ്പോഴും കൂടെ ഉണ്ടായിരുന്നു.(അദ്ദേഹം പിന്നീട് JMHS ഹൈസ്കൂളിലെ അദ്ധ്യാപകനും MGM സ്കൂളിലെ പ്രിൻസിപ്പാളും ആയി)
അസഹ്യമായ വേദനയിൽ “ബാബൂവേ, ബാബൂവേ” എന്ന് തൊണ്ടപൊട്ടി നീട്ടി വിളിക്കുന്നത്. ഇപ്പഴും എന്റെ കാതുകളിൽ മുഴങ്ങുന്നു.
അപ്പച്ചന്റെ ഹോദരൻമാരുടെ മക്കൾചാക്കോച്ചായനും യാക്കോബുകുട്ടിച്ചായനും മിക്കപ്പോഴുംആ പള്ളിമുറിയിൽ തന്നെ ഉണ്ടായിരുന്നു.
ഞങ്ങൾതിരിച്ചുപോരാൻനേരത്ത് അപ്പച്ചൻ എന്റെ അമ്മയോടു പറഞ്ഞു ” ചിന്നമ്മേ ഞാൻ എന്റെ പിതാവിന്റെ അടുത്തേയ്ക്കുപോകുവാൻ ഇനി അധിക സമയം ഒന്നും ഇല്ല , ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് നിങ്ങൾ എല്ലാവരും ഇവിടെ വരണം അപ്പോഴാണ് എന്റെ മരണസമയം. എന്റെ ഇച്ചായൻ ( അപ്പൻ) മരിച്ചദിവസം തന്നെ ഞാനും മരിക്കും “വളരെ ഹ്യദയ ഭാരത്തോടെ ആണ് ഞാനും അമ്മയും അന്ന് തിരിച്ച് മീനടത്തിനു വന്നത്.
അപ്പച്ചൻ പ്രവചിച്ചതുപോലെ 1958 ജൂലൈമാസം പത്തൊൻപതാംതീയതി ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് രണ്ടുമണി കഴിഞ്ഞനേരത്ത് എന്റെ പള്ളീലപ്പച്ചന്റെ ആത്മാവിനെ ദൈവദൂതൻമാർ ഏറ്റെടുത്തു . ഇപ്പോൾ ഇതുനിങ്ങളുമായി പങ്കുവയ്ക്കുമ്പോൾ ആ നിമിഷങ്ങൾ ഓർത്ത് എന്റെ ചങ്കുപിടയുന്നുണ്ട്. വല്യമ്മച്ചിയാണ് ആത്മധൈര്യത്തോടെ പ്രാർത്ഥിച്ചുകൊണ്ട്. പൊന്നാങ്ങളയുടെ. കണ്ണുകൾ തിരുമ്മി അടച്ചതും , വേദനയിൽ പിടഞ്ഞു നിശ്ചലമായ കാലുകൾ നീട്ടി നേരേ വച്ചതും.
റമ്പാച്ചനെ പിതൃതുല്യനായി സ്നേഹിച്ചിരുന്ന കയ്യാലാത്ത് കെകെ പുന്നൂസ് അച്ചന് മരണ സമയത്തെ പ്രാർത്ഥന മുഴുമിക്കുവാൻസാധിച്ചില്ല,ദുഖഭാരത്താൽ അദ്ദേഹത്തിന്റെ കണ്ഠം ഇടറിയിരുന്നിരിക്കാം.
അപ്പച്ചന്റെ മരണസമയത്ത് വല്ലൃമ്മച്ചിയെ അമ്പരപ്പിച്ചുകൊണ്ട് അൽഭുത കന്യക വല്ലൃമ്മച്ചിയുടെ തോളിൽ പിടിച്ചുകൊണ്ട് പുറകിൽ നിൽപ്പുണ്ടായിരുന്നു. വല്ലൃമ്മച്ചി അൽഭുതത്തോടെ അവരോടുചോദിച്ചു ” എപ്പോൾ വന്നു എന്ന്”. ഉത്തരമായി അവർപറഞ്ഞു. “പിതാവ് മരിക്കാറായി കിടക്കുന്നു എത്രയും പെട്ടന്ന് പാത്താമുട്ടത്തെത്തുക എന്ന് തമ്പുരാൻ എന്റെ മനസ്സിൽ തോന്നിപ്പിച്ചു.അപ്പൾ തന്നെ ഞാനവിടെനിന്നും പോന്നു “. ഈസംഭാഷണത്തിന് എന്റെ അപ്പനും സാക്ഷിആയിരുന്നു. വല്ലൃമ്മച്ചി മരിക്കുന്നതുവരെ വളരെ ആദരവോടെയും അൽഭുതത്തോടെയും ഈ സംഭവം പറയുമായിരുന്നു.
അപ്പച്ചൻ മരിക്കുന്നതിനു വളരെ മുൻപുതന്നെ എന്റെ അപ്പനോടും മറ്റുള്ളവരോടും പറഞ്ഞിരുന്നു പള്ളിയിലേയ്ക്കു കയറിവരുന്നിടത്തുതന്നെ കുഴിയെടുത്ത് കബർ കെട്ടണം എന്ന്… അങ്ങനെ മുൻകൂട്ടി ഉണ്ടാക്കിയ കബറിൽ ആണ് അപ്പച്ചൻ അന്ത്യ വിശ്രമം കൊള്ളുന്നത്.
വീണ്ടും കാലം മുന്നോട്ടുരുണ്ടുകൊണ്ടിരുന്നു. ഞാൻ TTC കഴിഞ്ഞ് അപ്പന്റെ ആഗ്രഹം പോലെ ഒരു റ്റീച്ചർ ആയി … ജീവിതം മുന്നോട്ടുനീങ്ങുന്നതിനിടയിലാണ് എന്റെ അപ്പനെ ക്യാൻസർ കീഴടക്കിയത്് അങ്ങനെ അപ്പൻ നാൽപ്പത്തി എട്ടാം വയസ്സിൽ മരണത്തിലേയ്ക്കു നടന്നു മറഞ്ഞു.
വല്ലൃമ്മച്ചി വാർദ്ധകൃ സഹജമായ അസുഖങ്ങളാൽ. അപ്പോൾ തീർത്തും അവശയായിരുന്നു.. തളത്തിൽ ഇട്ടിരുന്ന കട്ടിലിൽ അങ്ങനെ വല്ലൃമ്മച്ചി കിടപ്പിലായി. രാത്രികളിൽ മിക്കപ്പോഴും ഞാനുംഎന്റെആങ്ങളയും വല്ലൃമ്മച്ചിക്കുകൂട്ടായി കട്ടിലിന്റെ അടുത്തുതന്നെ ഉണ്ടാവും .. ചിലരാത്രികാലങ്ങളിൽ മുഴുവൻ സമയവും ശാസം മുട്ടൽ മൂലം എന്റെ ആങ്ങളയുടെ നെഞ്ചിൽ ചാരിയാണ് വല്ലൃമ്മച്ചി ഉറങ്ങിയിരുന്നത് ..
മരണത്തോടടുത്ത സമയത്തെല്ലാം വല്ലൃമ്മച്ചി റമ്പാച്ചനോടു സംസാരിക്കുന്നതു കേൾക്കാമായിരുന്നു… റമ്പാച്ചൻ ധൂപക്കുറ്റി വീശുന്നു എന്നുപറയും ,അപ്പോൾ കുന്തിരിക്കത്തിന്റെ മണം ആ തളത്തിൽ നിറയും ..
1969 ആഗസ്റ്റ് മാസം പതിനാറാം തീയതി , അന്ന് അപ്പന്റെ നാൽപ്പതാം ദിവസം ആയിരുന്നു , അച്ചൻ വീട്ടിൽ ധൂപപ്രാർത്ഥനയ്ക്കു വന്ന സമയത്ത് വല്ലൃമ്മച്ചി നിത്യതയിലേയ്ക്കു യാത്രയായി.
ജീവിതത്തിൽ ഈ ഓർമ്മതൾ ഒക്കെ എനിക്കു കൂട്ടാണ് …. അപ്പോൾ എന്നെ പ്പോലുള്ള ആരും തനിച്ചാവുന്നില്ലല്ലോ….